Thursday, 16 April 2015

ഇടവപാതിയില്‍

ഞാനെന്നും ആ വഴിക്കാണ് നടന്നുപോകാറ്. പട്ടണത്തിലായിട്ടും നടപ്പ് കുറച്ചിട്ടില്ല. രാവിലെ ഒരു ഫര്‍ലോംഗ് നടന്നില്ലെങ്കില്‍ ഒരസ്വസ്തതയാണ്. വിജനമായ പാതയോരത്ത് പലപ്പോഴും നാടോടികള്‍  ചെറു കുടിലുകള്‍ വലിച്ചുകെട്ടി പാര്‍ക്കുന്നുണ്ടാകും. എണ്ണതേയ്ക്കാതെ ചെമ്പിച്ച തലമുടിയും, മൂക്കള ഒലിപ്പിച്ച മുഖവുമായി ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ കരഞ്ഞു നില്‍ക്കുന്നതുകാണാം. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഞാന്‍ പലപ്പോഴും അത് കണ്ടില്ലെന്ന് നടിക്കും. ചിലപ്പോള്‍ പോക്കറ്റില്‍ നിന്നും ചില്ലറയെടുത്ത് നല്‍കും. ഒരാള്‍ക്കു കൊടുത്താല്‍ പിന്നെ ശേലായി. ഈച്ച പൊതിയുന്നതുപോലെ ചുറ്റും കൂടും.

ഇന്നലെ ആ വഴിയില്‍ ഞാനൊരു വൃദ്ധനെകണ്ടു. ഒരു ചാക്കുകഷണത്തില്‍ ചുരുണ്ട് കിടക്കുന്നു. യാദൃശ്ചികമായി ഒന്നു നോക്കുമ്പോഴേക്കും അയാളുടെ മുഖം ഉള്ളിലെവിടെയോ ഒരു പരിചയം ഉറപ്പിക്കുന്നു. അറിയാതെ ചുണ്ടു പരത്തിയ ഒരു പുഞ്ചിരി അയാളുടെ കണ്ണുകളെ ഒന്നു തിളക്കിയോ എന്നു മനസ്സ് പലപ്രാവശ്യം ചോദിച്ചു. ആ തിളക്കം അയാളുടെ അടുത്തേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.

'വഞ്ചിമ' മനസ്സ് ആമുഖത്തിനെ തിരിച്ചറിഞ്ഞു. അതെ വഞ്ചിമ അദ്ദേഹം തന്നെയാണ്. വൃദ്ധനടുത്തേക്ക് കുനിഞ്ഞ് 'എന്താ ഇവിടെ' എന്നു ചോദിക്കുമ്പോഴേക്കും അയാള്‍ വിതുമ്പികരഞ്ഞു.

'എന്തിനാ കരയണേ, വഞ്ചിമ്മാന് എന്താ പറ്റിയേ...'  ഉത്തരം കിട്ടാനായി ബാഗ് തറയില്‍ വച്ച് ഞാനയാളുടെ അടുത്ത് കുത്തിയിരുന്നു.

'സുമിത്ര, ഇന്നവള് ജയിലീന്നിറങ്ങും, പക്ഷേ വേണ്ടാര്‍ന്നു. ഇറങ്ങിയാലും തലചായ്ക്കാനൊരിടംമില്യാ.' വിങ്ങുന്ന സ്വരത്തില്‍ അദ്ദേഹമതു പറഞ്ഞു തീര്‍ക്കുമ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു.

'വഞ്ചിമാ എന്താ ഇതൊക്കെ എനിക്കൊന്നും മനസ്സിലായില്ല. ഞങ്ങളവിടുന്നു പോന്നിട്ട് ഇച്ചിരി നാളായില്ലേ, അമ്മയുംകൂടി മരിച്ചതിനുശേഷം അങ്ങോട്ടേക്കേ വരാറില്ല. അല്ല വന്നിട്ടും എന്തിനാ. ആരുമില്ലല്ലോ ഞങ്ങള്‍ക്കവിടെ. അവിടുണ്ടായിരുന്നതെല്ലാംകൂടി കൂട്ടിപെറുക്കീട്ടാ ഇവിടെ കഷ്ടി ഒരു വീടുണ്ടാക്കിയത്., ങാ.. അതൊക്കെപോട്ടെ.. അങ്ങു വല്ലതും കഴിച്ചോ?' ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം പറഞ്ഞില്ല. എങ്കിലും പതിയെ കൈപിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍  ഒരു കുഞ്ഞെന്നപോലെ അദ്ദേഹം അനുസരിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എന്നു ആലേഖനംചെയ്ത് പഴയ ഒരു എയര്‍ ബാഗില്‍ കുറച്ചു തുണികള്‍ ചുരുട്ടി വച്ചിരിക്കുന്നു. സിബ്ബ് അടര്‍ന്നുപോയ ഭാഗത്ത് പിന്നുകള്‍കൊണ്ട് തുന്നിവച്ചിരിക്കുന്നു. ചാക്ക് മടക്കി കൈയ്യിലെടുക്കുമ്പോള്‍ അരികത്തായി ചാരിവച്ചിരുന്ന ഒരു പങ്കായംകൂടി അദ്ദേഹം കൈയ്യിലെടുത്തു.

'ഇതെന്തിനാ...' അത്ഭുതത്തോടെയുള്ള എന്റെ ചോദ്യത്തിനും ഒരു കണ്ണീര്‍കണമായിരുന്നു മറുപടി. ഒരോട്ടോയ്ക്ക് കൈകാണിച്ചു ഞാനദ്ദേഹത്തെ അതിലേക്കു കൈപിടിച്ചുകയറ്റി.
ഗേറ്റുതുറന്ന് അകത്തേയ്ക്ക് പോകുന്നതിനുമുന്നേ പോര്‍ച്ചിനടുത്തുള്ള മുറി തുറന്ന് സാധനങ്ങള്‍ അവിടെവയ്ക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരം നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാനകത്തേയ്ക്കുപോയി, പിന്നാലെ കാലും മുഖവും കഴുകി വഞ്ചിമ്മാനും.
രാവിലത്തെ ഇടിയപ്പത്തില്‍ നാലഞ്ചെണ്ണം ബാക്കിയുണ്ട്. രമ കഴിച്ചു കാണില്ല. അവളിന്നിറങ്ങിയപ്പോള്‍ നേരം വൈകിയിട്ടുണ്ടാകണം. ഒരു ഗ്ലാസ്സ് കട്ടന്‍കാപ്പി തിളപ്പിച്ച് അത് അദ്ദേഹത്തിനു നല്കി. ആര്‍ത്തിയോടെ കഴിക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാനറിഞ്ഞു.

ഓഫീസിലേക്ക് വിളിച്ച് ഒരവധി പറഞ്ഞു. കൂട്ടത്തില്‍ രമയേയും വിളിച്ചു. അവള്‍ക്കറിയാം അദ്ദേഹത്തിനെ. കൂടുതലൊന്നും എനിക്കറിയാത്തതിനാല്‍ മറ്റൊന്നും പറഞ്ഞില്ല.
കട്ടന്‍കാപ്പി, മുത്തിക്കുടിയ്ക്കുന്ന വിറയ്ക്കുന്ന ചുണ്ടുകളെ ഞാന്‍ നോക്കിയിരുന്നു. രത്‌നാകരകൈമള്‍ എന്ന പ്രമാണിയെ നാട്ടിലെല്ലാവര്‍ക്കും അറിയാം. കാരണം ഇത്രയും സഹൃദയനും സ്‌നേഹ നിധിയുമായ ഒരു ധനികനെ ഒരു നാട്ടിലും കണ്ടു കിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നു ഒരു പുഴ കടന്നാലെ ഠൗണിലെത്താനാകൂ. അന്ന് ആ പുഴ മുറിച്ചു കടക്കാനൊരുപാധിയേയുള്ളൂ. കൈമളദ്ദേഹത്തിന്റെ വഞ്ചി. വഞ്ചിക്കാരനുണ്ടായിട്ടും മിക്കസമയങ്ങളിലും അദ്ദേഹം ഈ വഞ്ചിയില്‍ക്കാണും. പുഴയില്‍ തുഴഞ്ഞു രസിക്കുന്നത് അദ്ദേഹത്തിനൊരു ഹരമാണ്. ഒരു ചില്ലിക്കാശ്ശുപോലും വഞ്ചിക്കാശ്ശായി കൈപറ്റുകയില്ലയെന്നതിനപ്പുറം ഞങ്ങള്‍ക്ക് മിഠായിയും മധുരപലഹാരങ്ങളും വാങ്ങിത്തരുകയും ചെയ്യും. ഞങ്ങള്‍ കുട്ടികള്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ അന്ന് വഞ്ചിമാനെന്നു വിളിക്കും. പുതിയ തലമുറ വളര്‍ന്നപ്പോള്‍ കൈമളെ എല്ലാരും മറന്നു വഞ്ചിമാന്‍ മാത്രമായി.

സുമിത്ര സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഞാനവളെ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ വിവാഹമായിരുന്നു അവളുടേത്. അമ്മയില്ലാത്ത കുട്ടിയായിരുന്നതിനാല്‍ വഞ്ചിമാന്‍ ഏറെ കൊഞ്ചിച്ചാണ് അവളെ വളര്‍ത്തിയിരുന്നത്. ഏതോ ഒരിടവപാതിക്ക് പുഴ കവര്‍ന്നതാണ് അവളുടെ അമ്മയെ. തിരികെ കിട്ടിയിട്ടില്ല. അതാകണം കൈമളിനെ എപ്പോഴും പുഴയിലേക്കെത്തിച്ചതും.

പട്ടണത്തിലെ വലിയൊരു രാഷ്ട്രീയക്കാരനായിരുന്നു സുമിത്രയെ വിവാഹം ചെയ്തത്. സുമിത്ര ഗ്രാമത്തിലെത്തുമ്പോള്‍ അവിടൊരുത്സവമായിരുന്നു. പ്രമാണിത്തവും, രാഷ്ട്രീയ ബന്ധങ്ങളും കൈമളുടെ വീടിനെ അപ്പോള്‍ ഒരുത്സവപറമ്പാക്കും. അപ്പോഴും ആ വീടിനോട് എല്ലാവര്‍ക്കും ബഹുമാനവും സ്‌നേഹവുമായിരുന്നു. പിന്നെങ്ങിനെ ഇത് സംഭവിച്ചു.

'സുമിത്രയ്‌ക്കെന്തുപറ്റി' ആ ചോദ്യം ഞാന്‍ മനസ്സിനോട് ചോദിച്ചതായിരുന്നു. പക്ഷേ ഉച്ചത്തില്‍ അതു പുറത്തുവന്നു. വഞ്ചിമാന്റെ കൈയ്യില്‍ നിന്നും ഗ്ലാസ്സ് തറയില്‍വീണു ചിതറി. അദ്ദേഹം ചാടിയെഴുന്നേറ്റു.

സ്ഥലകാലബോധം തിരിച്ചു വന്ന ഞാന്‍ അദ്ദേഹത്തെ പിടിച്ചിരുത്തി.
'സാരമില്ല,  അറിയാതെ ഒരാകാംഷ മനസ്സില്‍ നിന്നും പുറത്തുവന്നതാണ്. അങ്ങ് വിഷമിക്കണ്ട'
'പറയാം മോനെ... നീ കിഴക്കേലെ ദിവാകരനല്ലേ...' ഞാന്‍ തലയാട്ടി സമ്മതിച്ചു.

'സുമിത്രയുടെ ഭര്‍ത്താവ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു. അറിയാല്ലോ അല്ലേ..., ഏതോ ചില കളികളില്‍ അവന്‍ അകപ്പെട്ടു. രാഷ്ട്രീയത്തിലെ വീഴ്ചകള്‍ മറക്കാന്‍ അയാള്‍ പലപ്പോഴും മദ്യത്തിനെ ആശ്രയിച്ചു. അതു മുതലാക്കാനും ആളുണ്ടായിരുന്നു കേട്ടോ. അയാളെ മുന്‍നിര്‍ത്തി പലകളികളും പലരും പ്ലാന്‍ ചെയ്തു. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതായപ്പോള്‍ പറമ്പുപണയപ്പെടുത്തി. ഇതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല.  പല ആവശ്യങ്ങള്‍ക്കായി കാശുകൊടുത്തവര്‍ വീട്ടില്‍ വന്നപ്പോള്‍ രക്ഷപ്പെടാനായി സുമിത്രയുടെ പേരിലുണ്ടായിരുന്ന ചെക്കുകള്‍ അവളെക്കൊണ്ട് നിര്‍ബന്ധിച്ച് കൊടുപ്പിച്ചു. അവളും ഒരു കാര്യവും എന്നെ അറിയിച്ചില്ല. കൊച്ചുമോള്‍ അനു ഇടയ്ക്ക് വീട്ടില്‍ വന്നപ്പോഴാണ് തീരെ വ്യക്തതയില്ലാത്ത ചില കാര്യങ്ങള്‍ ഞാനറിയുന്നത്. അവിടെയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരാക്‌സിഡെന്റാണ് എന്നാണ് പലരും പറഞ്ഞത്. പക്ഷേ കൂട്ടാളികള്‍ മനപൂര്‍വ്വം കൊന്നതാണെന്ന് പരസ്യമായ രഹസ്യം.'

ഒരു നെടുവീര്‍പ്പിട്ട് വഞ്ചിമാന്‍ തുടര്‍ന്നു
'സുമിത്രയേയും അനൂനേയും ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. അവരുടെ ഠൗണിലെ വീട് ജപ്തിയായി. മാസങ്ങള്‍ പലതു കഴിഞ്ഞു എല്ലാം ഒന്നു ശാന്തമായി എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷെ തുടങ്ങുകയായിരുന്നു. ചെക്കുകേസുകള്‍ തലങ്ങും വിലങ്ങും സുമിത്രയെ ആക്രമിച്ചു. ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി. കേസും കൂട്ടോം. ഒടുവില്‍ എല്ലാം നഷ്ടമായി. വാടകവീട്ടിലേക്ക് പോകുമ്പോള്‍ ഉടുക്കതുണികള്‍ മാത്രമേ ഞങ്ങള്‍ക്കു കൈവശമുണ്ടായിരുന്നുള്ളൂ. അനുവിനെ ഒരോര്‍ഫണേജില്‍ ചേര്‍ത്തു. ചെക്കു കേസിന്റെ വിധിയില്‍ സുമിത്രയ്ക്ക് തടവുശിഷയും.'
തോര്‍ത്തുമുണ്ടുകൊണ്ട് കണ്ണുതുടച്ച് ഒരു ദീര്‍ഘനിശ്വാസത്തിനെന്നോണം അദ്ദേഹം മൗനമായി.

'വാടക നല്കാന്‍ നിവൃത്തിയില്ലാതെ, പുഴവക്കത്തെ വഞ്ചിപ്പുരയിലേക്ക് ഞാന്‍ കുടിയേറി. അവിടെയാണിപ്പോള്‍. ആകെ സ്വന്തമായുള്ളത് ഈ പങ്കായം ഒന്നുമാത്രം. എന്റെ പപ്പകുട്ടീടെ മനസ്സു കടഞ്ഞ ഇതുമാത്രം.' ആ വിതുമ്പലിനെ ആശ്വസിപ്പിക്കാനെനിക്കായില്ല.
സമയം പിനൊന്നായി. സുമിത്രവരുന്നതുംകാത്ത് ജയിലിനുമുന്നില്‍ ഞങ്ങള്‍നിന്നു. വിറയ്ക്കുന്നകൈകള്‍കൊണ്ട് വഞ്ചിമാന്‍ എന്റെ തോളില്‍ പിടിച്ചു...
'മോനേ... അവളെ കാണുന്നില്ലല്ലോ....'
നരച്ച പുരികങ്ങള്‍ക്കുതാഴെ മകളെക്കാണാനുള്ള ആര്‍ത്തി എന്നെയും വേദനിപ്പിച്ചു. ജയിലിന്റെ പടികടന്ന് സുമിത്ര പുറത്തേക്ക് വന്നു. വഞ്ചിമാന്‍ എന്റെ ചുമലില്‍ മുഖമമര്‍ത്തി. അവളെന്നെ നോക്കി അലസമായി മന്ദഹസിച്ചു.

'ദിവാകരേട്ടന്‍ എന്താ ഇവിടെ?' ഒരു ചിരികൊണ്ട് അവള്‍ക്കുത്തരം നല്കി ഞാന്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്തു.
'എനിക്ക് മകളെ ഒന്നു കാണണം വിരോധമില്ലാച്ചാല്‍' വഞ്ചിമാന്‍ വഴി പറഞ്ഞുതന്നു. തനിക്കാറിയാവുന്ന ഓര്‍ഫണേജാണ്. താനും രമയും പലപ്പോഴും അവിടെ വരാറുണ്ട്. ഒരു കുട്ടിയെ ദത്തടുക്കുക എന്നത് പലപ്പോഴും ഞങ്ങള്‍ ചിന്തിച്ചു മടുത്തതാണ്.  ഒടുവില്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആര്‍ത്തി തോന്നുമ്പോള്‍ ഇവിടേയ്ക്കുവരും. കുറേനേരം ഇവിടെ ചെലവഴിച്ച് മടങ്ങും. പക്ഷെ അനു എന്നൊരു കുട്ടിയെ ഞങ്ങള്‍ കണ്ടിട്ടില്ല.

'സീതാലക്ഷ്മിയെ കാണണം'  സുമിത്ര മദറിനോടാവശ്യപ്പെടുമ്പോള്‍ ഞാന്‍ വീണ്ടും അതിശയച്ചു. സീതാലക്ഷ്മി, രമയ്ക്ക് ഏറെ ഇഷ്ടമാണ് അവളെ, വാതോരാതെ സംസാരിക്കുന്ന, തനിക്കുകിട്ടുന്നതെന്തും മറ്റുള്ളവര്‍ക്ക് നല്കാന്‍ ഒരു മടിയുമില്ലാത്ത മിടുക്കി. പലപ്പോഴും രമയും അവളും തമ്മില്‍ സംസാരിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
സീതാലക്ഷമി എത്തുമ്പോഴേക്കും സുമിത്ര വല്ലാത്തൊരു മാനസികാവസ്ഥയിലേക്കെത്തുന്നത് ഞാറിഞ്ഞു. ഉച്ചത്തിലൊരു നിലവിളി, അതു പ്രതീക്ഷിക്കാത്തതാണ്. മകളെ ചേര്‍ത്തുപിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ മോഹാലസ്യപ്പെട്ട് തറയിലേക്ക്..
മദര്‍ ഓടിയെത്തി, മുഖത്ത് വെള്ളം തളിച്ചിട്ടും അനക്കമുണ്ടായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും തികച്ചും അനു അനാഥയാവുകയായിരുന്നു.

'ഒന്നു നിര്‍ത്തൂ, ഇടവപ്പാതി കനത്തൂന്നാ തോന്നുന്നത്.' മുന്‍സീറ്റില്‍ ചുരുണ്ടിരുന്ന വഞ്ചിമാന്‍ എന്നോടു പറഞ്ഞു. ഞാനനുസരിച്ചു. പുതിയ പാലമെത്തുന്നതിനു മുന്നേതന്നെ കാറൊതുക്കിനിര്‍ത്തി.  കനത്തതുള്ളികള്‍ കാറിന്റെ ഗ്ലാസ്സില്‍ വീണു ചിതറുന്നു. തടയാനാകുന്നതിനുമുന്നേ വഞ്ചിമാന്‍ ഡോറു തുറന്നു പുറത്തിറങ്ങി. വിറയ്ക്കുന്ന ശരീരത്തിനെ ഒരിടവപ്പാതിക്കും തടയാനായികില്ലാന്നെനിക്കുതോന്നി. അദ്ദേഹത്തിനരികിലെത്തുമ്പോള്‍ പുതിയപാലത്തിനുതാഴെ പുഴയരികില്‍ അസ്ഥികള്‍മാത്രം അവശേഷിച്ച വഞ്ചിപ്പുര  അവ്യക്തമായി കാണാമായിരുന്നു. തുഴകള്‍ കുത്തിനോവിക്കാതെ ആ പുഴയും.

വഞ്ചിമാനെ ഞാനും, അനുവിനെ രമയും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഇടവപ്പാതിയുടെ നനുത്ത കൈവിരലുകളാല്‍ സുമിത്ര ഞങ്ങളെ നനയിച്ചുകൊണ്ടേയിരുന്നു.