Saturday, 28 June 2014

ഭ്രൂണം

മൃദുല അയാളുടെ മുഖത്ത് നോക്കിയില്ല. ചായപ്പെന്‍സ്സിലിന്‍റെ നിറംമങ്ങാത്ത വരകളില്‍ വിരലോടിച്ച് സ്വപ്നത്തിലെന്നോണം അവളിരുന്നു. വരയ്ക്കാനറിയില്ലെങ്കിലും ചായപ്പെന്‍സിലുകളും ചിത്രങ്ങളും അവള്‍ക്കിഷ്ടമായിരുന്നു. അയാളുടെ നിഴല്‍ അവളുടെ സാരിത്തുമ്പുംകടന്ന് അകത്തെ പടിവരെ നീണ്ടെത്തിയിരിക്കുന്നു. വാതില്‍ക്കലില്‍ കുന്തിച്ചിരുന്നുതന്നെ അവള്‍ ചോദിച്ചു.
ഉം എന്തുവേണം...
മൃദുലാ..
എന്താ.. അവളുടെ ചുണ്ടുകളില്‍ നീരസത്തിന്‍റെ കനമുണ്ടായിരുന്നു...
നീ.. എന്നോട് ക്ഷമിക്ക്.... അന്നെന്‍റെ സാഹചര്യം....
എന്ത്..... താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ആരെയും ഞാനതിനായി കുറ്റപ്പെടുത്തിയിട്ടുമില്ല.... ഇതൊക്കെ.... , ഒരു നിശ്വാസത്തില്‍ ബാക്കിയെല്ലാം ഒതുക്കി, ചായപ്പെന്‍സിലുകള്‍ നിലത്ത് നിരത്തിവച്ച് വെറുതെ വിരലുകള്‍കൊണ്ടവള്‍ തട്ടിക്കളിച്ചു.

ഞാനൊന്നു ചോദിച്ചോട്ടെ.. അയാളുടെ ചോദ്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നു.

ചോദ്യഭാവത്തില്‍ മുഖമൊന്നുയര്‍ത്തി അവള്‍ ദിനേശിനെ നോക്കി.

ഞാന്‍... ഞാന്‍ നിന്നെ വിവാഹം കഴിക്കട്ടെ......

മൃദുല പല്ലുകള്‍ ഞെരിച്ചമര്‍ത്തി അകത്തേയ്ക്കുപോയി, അവളുടെ മടിയിലുണ്ടായിരുന്ന ചായപ്പെന്‍സിലുകള്‍ മുറ്റത്താകെ ചിതറിവീണു. ദിനേശ് അവ പെറുക്കിയെടുത്തുകൊണ്ടിരിക്കുമ്പോഴേക്കും ഗേറ്റുകടന്ന് രാഘവന്‍നയാരെത്തി.

ങാ.. ദിനേശോ... ഉള്ളിലെവിടെയോ ഒരു വിങ്ങള്‍ മനസ്സിലമര്‍ത്തി അയാള്‍ ദിനേശിനോട് ചോദിച്ചു. കോലായിലെ ഉത്തരത്തില്‍ കാലന്‍കുടതൂക്കി, കിണ്ടിയിലെ വെള്ളത്തില്‍ കാല്‍ കഴുകി രാഘവന്‍നായര്‍ ചാരുകസേരയിലിരുന്നു.

വാ.. ഇരിക്ക്... ഈ വഴിയൊക്കെ തനിക്ക് നിശ്ചയമുണ്ടോ? പരിഹാസരൂപത്തിലെന്നോണം അയാള്‍ ചോദിച്ചു.

ചായപ്പെന്‍സിലുകള്‍ കൈവരിയില്‍വച്ച് ദിനേശ് അകത്തേയ്ക്കുകയറി... ഒന്നും മിണ്ടാതെ കസേരയിലേക്ക് മുന്നോട്ടാഞ്ഞ് കുനിഞ്ഞിരുന്നു.

അവള്‍ക്ക് ലീവു തീര്‍ന്നു. നാളെ തിരിച്ചുപോണം ഠൗണീന്നൊരു വണ്ടി ഏര്‍പ്പാടാക്കാന്‍ പോയതായിരുന്നു .... ദിനേശ് ഇനി എത്ര നാളുണ്ട് നാട്ടില്‍..

മൂന്നു നാലു മാസമുണ്ടാകും... അടുത്തലീവിനു വന്നാപിന്നെ പോണ്ടാന്നാ കരുതുന്നത്. നാട്ടിലേക്ക് കമ്പനി ട്രാന്‍സ്ഫര്‍ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.

അതു നല്ലതുതന്നെ..., ഭഗീരഥീ... ഇച്ചിരി സംഭാരമിങ്ങെടുത്തോ...., വല്ലാത്തചൂടുതന്നെ.... മഴയൊന്നു പെയ്തുകിട്ടീരുന്നെങ്കില്‍...

സംഭാരം ദിനേശിനുനേരെ വച്ചു നീട്ടുമ്പോള്‍ ഭഗീരഥിയമമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ദിനേശെന്നാ എത്തിയെ...,  തൊണ്ടയിടറിക്കൊണ്ടവര്‍ ചോദിച്ചു.

മിനിങ്ങാന്ന്..., മൃദുലയെ ഒന്നു കാണാം എന്നു വിചാരിച്ചാ ഇതുവഴിവന്നത്.

ഇനിയിപ്പോ എന്തിനാ അവളെ കാണണത്... രാഘവന്‍നായരുടെ ചോദ്യത്തില്‍ ദേഷ്യമുണ്ടായിരുന്നു.

അല്ല. അവളെ ഞാന്‍ വിവാഹം കഴിച്ചോട്ടെ....

ദിനേശിപ്പൊ പോ... രാഘവന്‍നായര്‍ അകത്തേയ്ക്ക് പോയി പിന്നാലെ ഭഗീരഥിയമ്മയും.

ദിനേശന്‍ പുഴവക്കിലെ ആല്‍മരച്ചുവട്ടില്‍ കുറച്ചുനേരം ഇരുന്നു. മനസ്സ് പിന്നോക്കം പാഞ്ഞുപോയി. ഡല്‍ഹിയിലെ ഫ്ലാറ്റില്‍ താനും മൃദുലയും.... വിവാഹം കഴിക്കാതെ, ഒരു സ്നേഹക്കൂടിച്ചേരല്‍... പലദിനങ്ങള്‍ സ്നേഹത്തിന്‍റേയും സന്തോഷത്തിന്‍റേയും....ഒടുവിലെപ്പോഴോ ഗര്‍ഭച്ചുഴികളിലൊരു സ്പന്ദനം... നെറ്റിച്ചുളിച്ച് ഞാനിറങ്ങിപ്പോകുമ്പോള്‍ മൃദുല തനിച്ചായിരുന്നിരിക്കണം.... ചില സ്വാര്‍ത്ഥതകള്‍ തന്നിലേക്ക്.. ചില ദുരഭിമാനങ്ങള്‍ ... മനസ്സുറപ്പിച്ച് നീ അതിനെ കളഞ്ഞേക്കൂ എന്നു പറയുമ്പോള്‍ അവള്‍ക്കേറെ വേദനിച്ചിട്ടുണ്ടാകണം... പുഴയില്‍ ഒഴുക്കു കുറവാണ്. തന്‍റെ ജീവിതത്തിനും, ദിനേശ് പതിയെ കല്‍പടവുകള്‍ ചവിട്ടിയിറങ്ങി മുന്താണിപിടിച്ച് പുഴ മുറിച്ചുകടന്നു.

പുഴയിലേയ്ക്ക് തുറന്നിട്ട ജനാലയുടെ അഴികളില്‍ മുഖംചേര്‍ത്ത് മൃദുല ദിനേശിനെ നോക്കിനില്‍ക്കുകയായിരുന്നു. അവളറിയാതെ അവന്‍റെ പിന്നാലെ മനസ്സുപോകുന്നത് തിരിച്ചറിഞ്ഞപ്പോഴേക്കും ഡല്‍ഹിയിലെ ആ നനുത്ത പ്രഭാതം അവളെചൂഴ്ന്ന് കടന്നുപോയി. ദിനേശിന്‍റെ മിഴിപ്പീലികളില്‍ ചുംബനത്തിന്‍റെ മാസ്മരികത നിറച്ച് അവള്‍ പറഞ്ഞു. നീയറിയുന്നുണ്ടോ എന്നിലെ ഗര്‍ഭപാത്രം നിന്‍റെ നോവുകളെ അറിഞ്ഞുതുടങ്ങീത്....

ചുമ്പനത്തിന്‍റെ ചൂട് മനസ്സിലൊരു ഹരംപകര്‍ന്നെങ്കിലും ആ വാക്കുകളില്‍ ദിനേശ് ഒന്നുപിടഞ്ഞു.

എന്താ... എനിക്ക് മനസ്സിലായില്ല...
അതേയ് ദാ ഇവിടെ നീ തന്ന പുളകങ്ങള്‍ കനംവച്ചുതുടങ്ങീന്ന്. നഗ്നമായ വയറിടങ്ങളില്‍ ദിനേശിന്‍റെ കൈചേര്‍ത്ത് അവള്‍ കിണുങ്ങി.

പുതപ്പ് വലിച്ചുമാറ്റി മുണ്ട് നേരേയാക്കി ദിനേശ് ഒരു സിഗരറ്റിന് തിരികൊളുത്തി. ജന്നലഴികള്‍ക്കപ്പുറത്ത് നിരനിരയായ കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ മനസ്സുതട്ടി തിരികെവന്നപോലെ അവന്‍ ദൃഡമായിപ്പറഞ്ഞു.
നമുക്കിതു വേണ്ട...

നിശബ്ദതയുടെ ഇടനാഴികളില്‍ ദിനേശ് പലവട്ടം സിഗരറ്റ് ആഞ്ഞുവലിച്ചു. പിന്നെപ്പോഴോ ഫ്ലാറ്റുവിട്ടിറങ്ങുമ്പോള്‍ അയാള്‍ ഒന്നുകൂടി ബലപ്പിച്ചുപറഞ്ഞിരുന്നു. മൃദുലാ നീയതൊഴിവാക്കുക.. അതാണ് ഇപ്പോള്‍ പ്രായോഗികം.

മൃദുലയ്ക്ക് ഒന്നും പറയാനായില്ല. എപ്പോഴോ മനസ്സിലേക്ക് ഒരമ്മയയുടെ വാത്സല്യം അവള്‍ നിറച്ചിരുന്നു. പെട്ടെന്നൊരു മറുപടിക്കപ്പുറം ഒരു താരാട്ടിന്‍റെ കൊഞ്ചല്‍ അവള്‍ മനസ്സില്‍ ചേര്‍ത്തിരുന്നു.

മൃദുലേ... നീയവിടെ എന്തടുക്കുവാ... നാളേക്ക് ഇനിയെന്തെങ്കിലും പാക്ക് ചെയ്യാനുണ്ടോ?... അമ്മ വിളിക്കുന്നു.

ഇല്ലമ്മേ.. ദിനേശ് എന്താ പറഞ്ഞത്....

ഓ.. അതൊന്നും നീ ഇപ്പോ ചിന്തിക്കണ്ട.. മനസ്സില്‍ ഇനിയൊന്നുംവേണ്ട...

ട്രെയിനില്‍ സൈഡ്ബര്‍ത്തിലേക്ക് ചാഞ്ഞിരിക്കുമ്പോള്‍  പുറത്തതാ സാമച്ചന്‍ നില്‍ക്കുന്നു. കൈകള്‍ മേല്‍പോട്ടുയര്‍ത്തി അഭിവാദ്യംചെയ്ത് അടുത്തേയ്ക്ക് വരികയാണയാള്‍. സത്യത്തില്‍ സാമിനെ ഒന്നു നേരെ നോക്കാന്‍പോലും തനിക്കാവുന്നില്ല. തന്‍റെ ആരാണയാള്‍ എന്നൊന്നു ചിന്തിക്കുമ്പോള്‍... ഭര്‍ത്താവായോ.. അച്ഛനായോ.. സഹോദരനായോ... അതോ താനറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന തന്‍റെ കാമുകനായോ മൃദുലയ്ക്കുതോന്നി.

എന്താടീ.. ഒറ്റയ്ക്കേയുള്ളോ അച്ഛന്‍ കൂടെ വരണന്നുപറഞ്ഞിട്ട്...

ഇല്ല അച്ചായാ.. ഞാന്‍ അപ്പയോട് വരണ്ടാന്നുപറഞ്ഞു.

ഞാനകത്തേയ്ക്ക് വരാം ഇനീ അരമണിക്കൂറുണ്ട്. സാം  പിന്നിലെ വാതലില്‍കൂടി അകത്തേയ്ക്കുവരുമ്പോള്‍ ഒരുതുടം കണ്ണുനീര്‍ മൃദുലയുടെ കവിള്‍ത്തടംകഴിഞ്ഞ് മാറിലേക്കിറ്റു. ചുണ്ടുകളില്‍ തേങ്ങലമര്‍ത്തി മിഴികള്‍തുടച്ചു. സാം എതിര്‍വശത്തെ സീറ്റില്‍ മൃദലയ്ക്കടുത്തായി നിവര്‍ന്നിരുന്നു.

അച്ചായ...
എന്താടീ....
നിങ്ങള്‍ക്ക് എനോട് നീരസ്സമുണ്ടോ?
എന്തിന്...

അതുപിന്നെ...

സാം.. ഒന്നു ചിരിച്ചു.. അതില്‍ വ്യസനവും ദേഷ്യവും സ്നേഹവും ഇടകലര്‍ന്നിരുന്നു എന്നു പറയാം .

ഡല്‍ഹിയില്‍നിന്നും മൃദുലവിളിക്കുമ്പോള്‍ വളരെ ഉത്സാഹത്തോടെയാണ് സാം ഫോണെടുത്തത്. താനേറെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. ജീവിതത്തില്‍ താന്‍ കണ്ടതില്‍വച്ച് ഒരു നല്ല സുഹൃത്ത്. പലപ്പോഴും പരസ്പരം പ്രണയിച്ചിട്ടുണ്ടോ എന്നുതന്നെ രണ്ടുപേരും സംശയിച്ചിട്ടുണ്ട്. എങ്കിലും അങ്ങനൊരു വികാരത്തില്‍ ഇതുവരേയും അവര്‍ സംസാരിച്ചിട്ടില്ല. ഡല്‍ഹിയിലെത്തിയ അവള്‍ക്ക് ഒരു നല്ല പ്രിയനെകിട്ടിയെന്നും അവര്‍തമ്മില്‍ നല്ല ഇഷ്ടത്തിലാണെന്നും പരസ്പരവിശ്വാസത്തില്‍ ഒരുമിച്ചുജീവിക്കുന്നുവെന്നും മുമ്പൊരിക്കല്‍ അവള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ വിളിയിലെ പതര്‍ച്ച സാമിനെ തെല്ലൊന്നമ്പരപ്പെടുത്തി.

എന്താടീ..
അല്ല അച്ചായാ.. എനിക്കൊരു പ്രശ്നംഉണ്ട്..
എന്താ.. നീ കാര്യ പറയ്...
അത്.... ഞാന്‍....
എന്താ.... എന്താടീ...

അതെ.. അച്ചായാ .. ഞാനിപ്പോള്‍.. രണ്ടുമാസം ഗര്‍ഭിണിയാണ്... ദിനേശ് പറയുന്നു അത് നമുക്ക് വേണ്ടാന്ന്.... അതിന്...

പെണ്ണേ... നീ കരുതുംമ്പോലെ അത്ര നിസാരമല്ല അത്... പിന്നെ.. ഇവിടെ...

അതെനിക്കറിയില്ല .. പക്ഷേ... അത് വേണ്ട....

നിനക്കറിയില്ലേ നിന്നെക്കുറിച്ച്... ഇനി ഒരുപക്ഷേ നിനക്കൊരു കുഞ്ഞിനെ ഭാവിയില്‍ കിട്ടിയില്ലാന്നുവരും... അന്ന് ഡോക്ടര്‍ പറഞ്ഞത് ഒര്‍ക്കുന്നുണ്ടോ നീയ്...

അതെന്തായാലും വേണ്ടില്ല എനിക്കിതിനെ വേണ്ട... അച്ചായന്‍ എന്നെ സഹായിക്കണം.

ഫോണ്‍വയ്ക്കുമ്പോള്‍ സാം ആകെ വിയര്‍ത്തിരുന്നു. ഇതുപോലെ ബോള്‍ഡായൊരു പെണ്ണിനെ താന്‍ മുമ്പ് കണ്ടിട്ടില്ല. കാരണം അവളുടെ തീരുമാനങ്ങള്‍ എല്ലാം അത്രയ്ക്ക് ബലവത്താണ്.

ഒരു വയറുവേദനയ്ക്ക് ഡോക്ടറെക്കാണുമ്പോള്‍ അത് ഒരു ഓപ്പറേഷനില്‍ കലാശിക്കുമെന്നറിഞ്ഞിട്ടും അവള്‍ കൂസിയില്ല. മുഴം നീക്കംചെയ്യുമ്പോള്‍ അവളോടൊപ്പം അന്നുമുണ്ടായിരുന്നത് താനാണ്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാമിപ്പോഴും ഓര്‍ക്കുന്നു. മൃദുലയ്ക്ക് കുട്ടികളുണ്ടാകാനുള്ള ചാന്‍സ് വളരെ കുറവാണ്. എങ്കിലും ചിലപ്പോള്‍ ഒരു മിറാക്കിളെന്നപോലെ സംഭവിച്ചുകൂടായ്കയില്ല.

ഡോക്ടര്‍ കാര്‍ത്തായനിയെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങളുടെ ഹോസ്പിറ്റലില്‍ ഇപ്പോള്‍ അബോര്‍ഷന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഡോക്ടറെക്കാണുക. എങ്കിലും സാമിനോടുള്ള അടുപ്പെകൊണ്ട് അവര്‍ വേറൊരു ഡോക്ടറുടെ പേര് നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയില്‍നിന്നും എത്തിയ മൃദുലയെ നേരെകൊണ്ടുപോയത് ആ ഡോക്ടറുടെ അടുത്തേക്കാണ്. അബോര്‍ഷന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച അയാള്‍ പിറ്റേന്നത്തേക്കുതന്നെ അബോര്‍ഷനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ഒരു ലോക്കല്‍ ഗാര്‍ഡിയനായി എല്ലാം കേട്ടും കണ്ടും പരിചരിച്ചും സാമച്ചന്‍ അവള്‍ക്കൊപ്പം നിന്നു. മൂന്നുമാസങ്ങള്‍ക്കുശേഷം തിരികെപ്പോകുമ്പോള്‍ മൃദുലയുടെ കണ്ണുകള്‍ അയാളോട് നന്ദിപറയുകയായിരുന്നു. കടപ്പാടുകളില്ലാതെ ചില തുള്ളികള്‍ അയാള്‍ക്കായി ഇറ്റിക്കുകയായിരുന്നു.

സാമച്ചാ... നിനക്ക്.. എന്നെയൊന്ന് ശകാരിച്ചുകൂടെ..

സാം വീണ്ടും ചിരിച്ചു... അകലെ മുന്നില്‍നിന്നും ട്രയിനിന്‍റെ പുറപ്പാടറിയിച്ച് ഹോണ്‍ മുഴങ്ങി. സാമെഴുന്നേറ്റ് പുറത്തുവന്നു.  പതിയെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്‍റെ ജനലുകള്‍ ഒരോ യാത്രപറച്ചിലുകളേയും അകലത്തിലാക്കി കടന്നുപെയ്ക്കൊണ്ടിരുന്നു.

ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളെ പിടിക്കാനെന്നവണ്ണം സാം ആകാശത്തേക്ക് നോക്കി പുകച്ചുകൊണ്ടിരുന്നു. സാം പലപ്പോഴും തന്‍റെ മനസ്സിനെ കടലാസ്സിലേക്ക് പകര്‍ത്താറുണ്ട്. വായിച്ചുതീര്‍ത്ത പുസ്തകങ്ങളും താന്‍ വായിക്കാത്ത പുസ്തകമായി ചുരുളഴിയുന്ന തന്‍റെ ജീവിതത്തേയും പലപ്പോഴും അയാള്‍ താരതമ്യം ചെയ്തിരുന്നു.

പണ്ടെങ്ങോ തന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളായി താന്‍ ചേര്‍ത്തുവച്ച പ്രണയം വീട്ടുകാരിയായപ്പോള്‍... പലപ്പോഴും മൗനമായ ഒറ്റപ്പെടലുകളായി ജീവിതം തനിക്കുമുന്നില്‍ തരിച്ചു നില്‍ക്കുന്നു... പ്രണയവല്ലരിയിലെ മണിമുത്തായി കരുതിയിരുന്ന മക്കള്‍ തന്‍റെ ജീവിത അലോസരങ്ങളില്‍ ബുദ്ധിമുട്ടുമ്പോള്‍ പലപ്പോഴും അരുതാത്തത് സംഭവിച്ചുപോയി എന്നൊരുതോന്നല്‍ തനിക്കനുഭവപ്പെടുന്നു...

ഞാന്‍ എന്നെ മനസ്സിലാക്കാത്തതോ , അതോ മറുമനസ്സിനെ അറിയാത്തതോ.. പാകപ്പിഴകള്‍ തന്‍റേതെന്നുമാത്രം ഉറപ്പിക്കുന്ന തന്‍റെ സഖിയിലേക്ക് എത്തിപ്പെടാനുള്ള ദൂരം താനോടിതീര്‍ക്കാത്തതോ.. എന്തായാലും.. വിദൂരതയില്‍ താനൊറ്റപ്പെടുകയാണ്... ധ്രുവനക്ഷത്രത്തിലേക്കുള്ള അകലം ... മനസ്സുകള്‍തമ്മില്‍ എപ്പോഴും കാത്തുവയ്ക്കുന്നതുപോലെ....

ഫോണ്‍ പലപ്രാവശ്യം ശബ്ദിച്ചിട്ടും ആരും എടുത്തില്ല. ഗോവണികള്‍ ഇറങ്ങി താഴെ എത്തുമ്പോഴേക്കും അത് നിലച്ചിരുന്നു. തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ വീണ്ടും അത് ശബ്ദിച്ചു...

ഹലോ.. ആരാ...
മനസ്സിലായില്ലേ അച്ചായാ.. ഞാനാ..
ഓ.. മൃദുലയോ... ഞാനല്പം സ്വപ്നത്തിലായിരുന്നു. അതാ സെല്ല് ഓഫ്ചെയ്തിരുന്നത്...

അതാ.. ഞാനെപ്പോഴേ വിളിക്കുന്നു...
എന്താ വിശേഷം...
എന്‍റെ വിവാഹം കഴിഞ്‍ഞു... ഇന്നുരാവിലെയായിരുന്നു...

ഓ.. സര്‍പ്രൈസ്... മംഗളാശംസകള്‍..
നേരത്തേ പറയാത്തതില്‍ അച്ചായന്‍ പിണങ്ങരുതേ... പറയാനൊരു ധൈര്യമില്ലായിരുന്നു.... അതാ...

ഓ.. സാരമില്ല.. പക്ഷേ ചെലവുവേണം..., പോട്ടെ പുള്ളിക്കാരനൊന്നുകൊടുത്തേ....

തീര്‍ച്ചയായും..., ദേ അച്ചായന്‍... ഒന്നിങ്ങുവന്നേ...

ഹലോ.. ശുഭദിനം..
നമ്സ്കാരം... അച്ചായാ... പെട്ടെന്നായിരുന്നു അതാ....

എന്നാലും എന്നെയൊന്നറിയിക്കാമായിരുന്നു. ഞാന്‍ പറന്നെത്തുമായിരുന്നു... സാരമില്ല മംഗളമായില്ലേ... നമുക്കുകാണാം... ആട്ടെ എന്താ പേര്...

ദിനേശ്... ആ ദിനേശുതന്നെ...

സാം പെട്ടെന്ന് ഫോണ്‍ വച്ചു.. എന്തോ ഒരസ്വസ്ഥത...

ജീവിത്തിലെ പാകപ്പിഴപ്പിഴകള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കിത്തുടങ്ങി. സാം വളരെ അസ്വസ്ഥനാണ്. ചിലയാത്രകള്‍ അയാളെ പലതും മറക്കാന്‍ സഹായിച്ചു. വയനാടിന്‍റെ ദൃശ്യഭംഗിയിലേക്ക് മനസ്സാഴ്ത്തി അയാള്‍ കാറോടിച്ചു. ഒരു കഥപറയനായി അയാള്‍ ഒരുങ്ങുകയാണ്. മന്സ്സില്‍ കഥാപാത്രങ്ങള്‍ വെറുതേ സഞ്ചരിക്കുകയാണ് എവിടെത്തുടങ്ങണം എന്നതുമാത്രം ഉറപ്പിക്കാനാവാതെ അയാള്‍ വണ്ടി നിര്‍ത്തി.

പുഴ ഒഴുകുകയാണ്.. വളരെ പതിയെ.. പുഴയ്ക്കരികെ പടര്‍ന്നുപന്തലിച്ച അരയാല്‍ത്തറയിലേക്ക് അയാള്‍ പതിയെ നടന്നു. ചമ്രം പടിഞ്ഞ് ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ പിന്നിലായി കേട്ട പരിചിതശബ്ദം അയാളിലേക്ക് പ്രവഹിക്കുന്നതായിത്തോന്നി. മൃദുല... അവളെ കണ്ടിട്ടു സംസാരിച്ചിട്ടും വര്‍ഷങ്ങളായിരിക്കുന്നു..

ങേ.. സാമച്ചായാന്‍... അച്ചായ... മൃദുല.. ആര്‍ദ്രമായി വിളിച്ചു...

സാം ഒന്നും മിണ്ടിയില്ല.. അവളിലേക്ക് നോക്കി.. നല്ല നേരിയതുചുറ്റിയിരിക്കുന്നു. കൈയ്യില്‍ കൂവയിലയില്‍ പൊതിഞ്ഞ പ്രസാദം, ഒപ്പം ദിനേശും.. ഏതോ ക്ഷേത്രത്തില്‍നിന്നും വരുന്നതാണെന്ന് കണ്ടാലറിയാം..

മൃദുല...

അച്ചായാ.. അവള്‍ സാമിനടുത്തേക്ക് വന്നു.. നേരിയതിന്‍റെ തലപ്പുകൊണ്ട് കണ്ണുനീര്‍തുടച്ചു..

നീ ഇവിടുണ്ടായിരുന്നോ?

ഉം.. ഞാനിപ്പോള്‍ ഇവിടെയാണ്.. എനിക്ക് ജോലിയും ഇവിടെത്തന്നെ... അച്ചായന്‍ വാ.. വീട്ടിലേക്കുപോകാം... ദിനേശ് ഇതാണെന്‍റെ അച്ചായന്‍....

നമ്സകാരം സാര്‍.. ഞാനങ്ങയെ ഒരുപാട് വേദനിപ്പിച്ചൂന്നറിയാം ക്ഷമിക്കുക...

ഏയ് അങ്ങനൊന്നുമില്ല.. എങ്കിലും അന്നെനിക്കിത്തിരി നീരസം തോന്നി.... അതാ...

ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയതാ.. അമ്മയും അച്ഛനും പറയുന്ന വഴിപാടുകളുടെ പട്ടിക തികയ്ക്കാനായി മാത്രം. അല്ലാതെ ഇതില്‍ ഒരു പ്രയോജനവുമില്ലാന്ന് ഞങ്ങള്‍ക്കറിയാം.. അച്ചായന്‍ വാ നമുക്ക് വീട്ടിലേക്ക് പോകാം..

ഇല്ല മൃദുലാ.. എനിക്ക് അത്യാവശ്യമായി ഒരിടം പോകേണ്ടതുണ്ട്... തിരികെ വരുമ്പോഴിറങ്ങാം...

കുറച്ചുവര്‍ത്തമാനങ്ങള്‍ക്കുശേഷം ദിനേശും മൃദുലയും പുഴയ്ക്കരികിലൂടെ വീട്ടിലേക്കുപോയി.

സാം വീണ്ടും പുഴയെ നോക്കിയിരുന്നു.... ഒഴുക്കുകുറവാണ്... ആലിന്‍റെ ഇലയനറക്കങ്ങള്‍ പുഴയുടെ താളത്തിനനുസരിച്ചായിരുന്നു. അയാള്‍ തന്‍റെ കഥയുടെ തുടക്കത്തിനായി അകലേയ്ക്കു നീണ്ടുപോകുന്ന പുഴവഴികളിലേക്ക് കണ്‍പായിച്ച് മനസ്സെറിഞ്ഞു. ദൂരെ നഷ്ടപ്പെട്ടുപോയ ഭ്രൂണത്തിനായി വഴിപാടുനടത്തി നടന്നുപോകുന്ന മൃദുല അയാള്‍ക്കാ തുടക്കം പറഞ്ഞുകൊടുത്തു. ഒരു പേരും 'ഭ്രൂണം'.

ഭ്രൂണം, അയാള്‍ മനസ്സില്‍ പലയാവര്‍ത്തി അതുരുവിട്ടു... ഭ്രൂണം..










Thursday, 12 June 2014

ഒരു ചേക്കേറല്‍

ബസ്സിറങ്ങിയപ്പോഴേയ്ക്കും ശക്തമായ മഴ, വരുണ്‍ കുട നിവര്‍ത്തി, നയന അവനോട് ഒട്ടി നിന്നു, കാറ്റ് ശക്തമായിരുന്നതിനാല്‍ കുടയ്ക്ക് തടുക്കാന്‍ കഴിയാത്ത മഴത്തുള്ളികള്‍ അവരെ നനച്ചുകൊണ്ടിരുന്നു. ഈ യാത്ര അവരെ ഒരു കുടക്കീഴിലാക്കിയതുപോലെ. 

നയനേ.. പിന്നില്‍നിന്ന് ആരോ തന്നെ വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി

എന്തേ... തിരിഞ്ഞുനോക്കുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ അവ്യക്തമായി, ദൂരെ മേശമേല്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങള്‍. മനസ്സിലേക്കു പടര്‍ന്നുവന്ന ഒരു ചിരി ചുണ്ടില്‍ പൊത്തിപ്പിടിച്ച് നീലിമ കിടക്കയില്‍ കമിഴ്ന്നു കിടന്നു. അവളുടെ മനസ്സ് പ്രണയത്തിന്‍റെ മാസ്മരികത നിറഞ്ഞ സുഖമുള്ള ഓര്‍മ്മകളില്‍നിന്ന് പ്രൊഫസര്‍ ജയരാമിലേക്കെത്തി

കോളേജിലെ വിനോദയാത്രയില്‍, പാലക്കാട്ടെ ആ കുഗ്രാമത്തില്‍ ഇറങ്ങാന്‍ പ്രൊഫസര്‍ ജയരാമന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്തിനായിരിക്കണം താന്‍ കൂടി സപ്പോര്‍ട്ട് ചെയ്തത്. അവിടെയെത്തിയപ്പോള്‍ താനറിയാത്ത ചില ചുറ്റുപാടുകള്‍ തനിക്കു സുപരിചിതമെന്നതുപോലെ തോന്നിച്ചതെന്തുകൊണ്ടാകും. 

ഓ.. സമയം വളരെ വൈകിയിരിക്കുന്നു... പല്ലുതേച്ചില്ല, കുളിച്ചില്ല.... ഇന്നുമിനി വെപ്രാളം തന്നെ... ധൃതിയില്‍ അവളെഴുന്നേറ്റ് സാരിചുറ്റി മെസ്സിലേക്ക് ചെന്നു. പതിവ് ഇഡ്ഢലിയും വളിച്ച സാമ്പാറും തന്നെ. ഈ ഹോസ്റ്റല്‍ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. നാട്ടിലേക്കുള്ള യാത്രകളില്‍ താന്‍ സ്വപ്നം കാണുന്നതെപ്പോഴും നല്ല ആഹാരം തന്നെയാണ്. അമ്മ വിളമ്പിത്തരുന്ന കടുമാങ്ങയും, മാമ്പഴ പുളിശ്ശേരിയും.... ഓര്‍ക്കുമ്പോള്‍ത്തനെ....

രണ്ടിഡ്ഢലി കഴിച്ചെന്നു വരുത്തി അവളെഴുന്നേറ്റു. നടക്കായായുള്ള ദൂരമേയുള്ളൂ കോളേജിലേക്ക്... 
ഇന്ന് സമരമായിരിക്കും. ഇന്നലത്തേതിന്‍റെ ബാക്കി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയല്ലേ... എന്നാലും ആ പ്രിന്‍സിപ്പല്‍... മഹാ ചൂടനാ... ഒരോന്നോര്‍ത്തുകൊണ്ടാണ് ഫുട്പാത്തിലൂടെ അവള്‍ നടന്നത്.

നീലിമ ടീച്ചറേ.... ആരോ പിന്നില്‍ നിന്നു വിളിക്കുന്നു. തിരുഞ്ഞുനോക്കാനായ് മുഖംതിരിക്കാനാഞ്ഞപ്പോഴാണ് രാവിലത്തെ സ്വപ്നം അവളിലേക്ക് കടന്നുവന്നത്. ചിരിയടക്കാനായില്ല. ഓ തന്‍റെ തോന്നലായിരിക്കും.

ഏയ്... ടീച്ചറേ... അല്ല ശരിക്കും ആരോ വിളിക്കണുണ്ട്.. അവള്‍ തിരിഞ്ഞുനോക്കി. പ്രൊഫസര്‍ ജയരാമന്‍. പിന്നാലെ ഓടിവരികയാണദ്ദേഹം.

എന്താ... മാഷേ...
അല്ല, ഇന്ന് സ്ട്രൈക്കാണ്... മിക്കവാറും ക്ലാസ്സില്ല... ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് വരണം... ചില കാര്യങ്ങള്‍ താങ്കളോട് പറയാനുണ്ട്.

നീലിമയ്ക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും അവള്‍ അത് സമ്മതിച്ചു. പ്രൊഫ.ജയരാമിനെക്കുറിച്ച് കോളേജില്‍ എല്ലാവര്‍ക്കും നല്ല മതിപ്പാണ്. കുട്ടികള്‍ അദ്ദേഹത്തെ വലിയ ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ക്ലാസ്സ് കട്ടുചെയ്ത് ആരും തന്നെ പുറത്തുപോകാറില്ല. പൊതുവേ അന്തര്‍മുഖനാണെങ്കിലും ക്ലാസ്സില്‍ നല്ല രസകരമായിട്ടാണ് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നത്. ദുശ്ശാഠ്യക്കാരനായ പ്രിന്സിപ്പലിനു പോലും ജയരാമന്‍മാഷിനെ വലിയ ഇഷ്ടമാണ്.

നീലിമ ജയരാമനെക്കുറിച്ചുതന്നെ ചിന്തിച്ചു. പ്രിന്‍സിയുടെ മുറിയിലേക്ക് ചെന്നു കയറുമ്പോഴും മനസ്സില്‍ അതുതന്നെയായിരുന്നു. ഇടയ്ക്കെപ്പഴോ ആ സ്വപ്നത്തിലേക്കവള്‍ എത്തിപ്പെട്ടു. സ്വപ്നത്തിലെ പെണ്‍കുട്ടിക്ക് തന്‍റെ മുഖത്തോട് ഏറെ സാമ്യം. ബസ്സിറങ്ങിയ ചുറ്റുപാട്, വിനോദയാത്രയ്ക്കിടയില്‍ കണ്ട ആ പാലക്കാടന്‍ ഗ്രാമവും... എവിടെയൊക്കെയോ ചില അവ്യക്തതകള്‍...

എന്താ നീലിമേ.. ഇന്നു വലിയ ആലോചനയിലാണല്ലോ.. ഗ്രേസി നുള്ളിക്കൊണ്ട് അടുത്തിരുന്നപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.

ഓ ഒന്നുമില്ലെടീ... പ്രൊഫസര്‍ ജയരാമന്‍സാര്‍ എന്നോട് ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്‍റില്‍ ചെല്ലാന്‍ പറഞ്ഞു.. 
എന്തിനാണാവോ... 
അതാ.. ഫിസിക്സും ഹിസ്റ്ററിയും തമ്മില്‍ ഒരു ബന്ധവുമില്ല... പിന്നെ എന്തോന്നിനാണോ... അവര്‍ ചിരിച്ചു..

എടീ പെണ്ണേ നീയാ വയസ്സനെയെങ്ങും കേറി പ്രേമിച്ചുകളയല്ലേ... നിന്‍റെ പാവം കെട്ടിയോന്‍ അകലെക്കിടന്ന് കഷ്ടപ്പെടുവാ..., ഗ്രേസ്സി തമാശയായി പറഞ്ഞു. രണ്ടുപേരും പൊട്ടിച്ചിരിച്ചു.

ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്‍റിലേക്കുള്ള പടികള്‍ കയറി അകത്തു ചെല്ലുമ്പോള്‍ ജയരാമന്‍സാറിനെ കണ്ടില്ല. ജോഷ്വാമാഷിനോട് സാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂലയ്ക്കല്‍ പുസ്തകങ്ങള്‍ക്ക് നടുക്ക് വലിയൊരു ലെന്‍സുംപിടിച്ച് എന്തോ തെരഞ്ഞുകണ്ടുപിടിക്കുകയായിരുന്നു അദ്ദേഹം.

മാഷേ...

ങാ.. നീലിമ എത്തിയോ... ഇരിക്കു കുട്ടീ.....

ശരിക്കും നിലിമയുടെ സ്ഥലം എവിടെയാ... അതായത് അമ്മവീട്... ലെന്‍സുകൊണ്ട് വലിയൊരു പഴയ മാപ്പില്‍ എന്തോ തിരഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ചോദിച്ചു.

കുറിശ്ശേരി... അവിടെത്തന്നെയാ എന്‍റെ വീടും... കുടുംബക്ഷേത്രവുമെല്ലാം... എന്താ മാഷേ..., അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.

അല്ല.. നീലിമയക്ക് ഈ പുനര്‍ജന്മത്തെക്കുറിച്ച് എന്താ അഭിപ്രായം. 
ആ ചോദ്യം നീലിമ ഒട്ടും പ്രതീക്ഷിക്കാത്തായിരുന്നു.... അമ്മൂമ്മ പറഞ്ഞുതന്ന പഴങ്കഥകളില്‍ പലപ്പോഴും പുനര്‍‍ജന്മങ്ങളുടേയും ഗന്ധര്‍വ്വന്‍റേയും നാഗങ്ങളുടേയും കഥകളുണ്ടായിരുന്നു. കാവിലേക്കുള്ള യാത്രകളില്‍ ഇപ്പോഴും തന്നെ പിന്തുടരാറുമുണ്ട് അത്തരം കഥകള്‍. പക്ഷേ താനൊരു ഫിസിക്സ് ലക്ചററാണ്. അവിടെ ശാസ്ത്രത്തിന്‍റെ യുക്തികള്‍ക്ക് നിരക്കാത്തതാണ് അവയില്‍ പലതും... അതുകൊണ്ടുതന്നെ കൃത്യമായൊരുത്തരമില്ലാതെ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്താമാഷേ...

ശരിക്കും നിങ്ങള്‍ സയന്‍സുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അത്ര ദഹിക്കില്ല. അതിനാലാണ് ഞാനാദ്യമേ ആ ചോദ്യം ചോദിച്ചത്... സാറും ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല ഇതുവരെ... പക്ഷേ മുത്തശ്ശിയുടെ കഥകളിലെ കഥാപാത്രങ്ങള്‍ പലപ്പോഴും എന്‍റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. ചിലപ്പോള്‍ ഭയമായും ചിലപ്പോള്‍ സ്നേഹമായും മറ്റുചിലപ്പോള്‍ അത്ഭുതമായും...

താന്‍ സ്വപ്നം കാണാറുണ്ടോ?

സ്വപ്നം കാണാത്തവരായ് ആരെങ്കിലുമുണ്ടോ മാഷേ‍...

ആ സ്വപ്നത്തില്‍ നീ കാണുന്ന പ്രദേശങ്ങള്‍ പിന്നീടാലോചിക്കുമ്പോള്‍ കണ്ടു മറന്നവയായി അനുഭവപ്പെടാറുണ്ടോ?

ഞാനങ്ങനെ... ഇതുവരെ ശ്രദ്ധിച്ചിട്ടില്ല എങ്കിലും....

എന്താ..

നമ്മളന്നുപോയില്ലേ.. ആ ഗ്രാമം.. അതെന്‍റെ മനസ്സില്‍ വല്ലാത്തൊരു അടുപ്പം തോന്നുന്നതുപോലെ... പിന്നിന്നുരാവിലെ...

ഇന്നുരാവിലെ....
ഞാനൊരു സ്വപ്നം കണ്ടിരുന്നു.... അതില്‍ രണ്ടുപേര്‍... ഒരു വരുണും നയനയും... മഴയത്ത് നനഞ്ഞിറങ്ങി ഒട്ടിച്ചേര്‍ന്ന് പോകുമ്പോള്‍ വല്ലാതെ മഴ നനയ്ക്കുന്നു.. അപ്പോള്‍ നയനയെ ആരോ പിന്നില്‍ നിന്നും വിളിച്ചു.. തിരിഞ്ഞുനോക്കുമ്പോഴേക്കും ഞാന്‍ ഉണര്‍ന്നു..... അതാ രാവിലെ മാഷ് വിളിക്കുമ്പോള്‍ ഞാന്‍.....

ഓ.. ഗോഡ്... പ്രോഫസര്‍ കസേരയിലേക്ക് വീണിരുന്ന് മുകളിലേക്ക് നോക്കി.... കുറച്ചു സമയം അദ്ദേഹം ഒന്നും മിണ്ടിയില്ല.....

ഈ വഴിയിടങ്ങളിലെവിടെയോ അവനുമുണ്ട്.. അയാളെക്കൂടി കണ്ടെത്താനായാല്‍....

മോളേ നീലിമാ... ഞാനിപ്പോള്‍ ഗവേഷണം നടത്തുന്നത് ഇതിനെക്കുറിച്ചാണ്... പുനര്‍ജന്മം... വളരെ യാദൃശ്ചികമായാണ് എന്‍റെ കൈയ്യിലാ ഡയറി കിട്ടിയത്. ഡയറി എന്നു പറയാനാവില്ല. ഒരു നോട്ടുപുസ്തകം... വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ചില വരികള്‍, ചില വരകള്‍... പിന്നെ കവിതകള്‍ പ്രണയാക്ഷരങ്ങള്‍....

നീലിമയ്ക്ക് ജിജ്ഞാസയായി... അവള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. ജയരാമന്‍മാഷ് കുനിഞ്ഞ് തന്‍റെ ബാഗെടുത്ത് അതില്‍ നിന്നും ഒരുകൂട്ടം താക്കോല്‍ പുറത്തെടുത്തു. എഴുന്നേറ്റ് സ്റ്റാഫ് റൂമിനോട് ചേര്‍ന്നുള്ള മുറിതുറന്നു. വരൂ.. നീലിമയെ അദ്ദേഹം അകത്തേക്ക് വിളിച്ചു.... ഒരു കുടുസുമുറി. മുകളിലേക്കുള്ള സ്റ്റെയര്‍‍കെയ്സിന്‍റെ അടിഭാഗം ഒരു മുറിയായി കെട്ടിയടച്ചതാണ്. 

അവിടെയുണ്ടായിരുന്ന ഒരു വലിയ ഇരുമ്പുപെട്ടിതുറന്ന് പ്രൊഫസര്‍ ഒരു ചിത്രം പുറത്തെടുത്ത് നീലിമയ്ക്ക് നേരെ നീട്ടി. അവള്‍ അതിശയിച്ചുപോയി വളരെ പഴക്കമുള്ള ഒരെണ്ണഛായാചിത്രം അതിലെ മുഖത്തിന് തന്‍റെ ഛായ... പക്ഷേ ഒരു ഗ്രാമീണത തുളുമ്പുന്ന വേഷം... മാഷേ ഇത്... 

നയന... നീ പറഞ്ഞില്ലേ ... ആ നയന...
അതെ അവള്‍തന്നെ... താന്‍ കണ്ട സ്വപ്നത്തിലെ... നയന

സാര്‍ അപ്പോള്‍... വരുണ്‍....

അദ്ദേഹം കുനിഞ്ഞ് മറ്റൊരു ചിത്രമെടുത്തു അത് പെന്‍സില്‍ ഡ്രോയിംഗില്‍ വരച്ച ഒരു പുതിയ ചിത്രമായിരുന്നു.
ഇതാ...

അത്ഭുതംകൊണ്ട് കണ്ണുവിടര്‍ന്നുപോയ നീലിമ... ഒരു നിമിഷം ഏതോ ലോകത്തിലെന്നപോലെ നിന്നു..... ഇത് താന്‍ സ്നേഹിച്ചു വിവാഹം കഴിച്ച തന്‍റെ പ്രിയപ്പെട്ടവന്‍... പക്ഷേ... അദ്ദേഹം... ആല്‍ഫ്രഡ് അല്ലേ... പിന്നെങ്ങനെ...

നീലിമയക്ക് അറിയാമോ ഇയാളെ...

മാഷ് കണ്ടിട്ടുണ്ടോ എന്‍റെ ഹസിനെ.. മറിച്ചൊരു ചോദ്യമാണ് നീലിമയ്ക്ക് ചോദിക്കാന്‍ തോന്നിയത്...

ഉം ..എന്താ.... 
കണ്ടിട്ടുണ്ടോ ഇല്ലയോ... നീലിമയ്ക്ക് ദേഷ്യംവന്നു.....
പ്രൊഫസര്‍ ഒന്നും മിണ്ടിയില്ല പകരം അവള്‍ക്ക് കീറിപ്പറിഞ്ഞ പുറംചട്ടയുള്ള ഒരു ബുക്ക് വച്ചുനീട്ടി....
നീലിമ വാങ്ങി തുറക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ വേണ്ട... മുറിയിലെത്തിയിട്ടു മതി... നീലിമ പൊയ്ക്കോളൂ....

തന്‍റെ ബാഗിനുള്ളിലേക്ക് ആ നോട്ട്ബുക്കുവച്ച് അവള്‍ ധൃതിയില്‍ പുറത്തിറങ്ങി... എത്രയും പെട്ടെന്ന് മുറിയിലെത്തണം ആ ഒരു ചിന്തയേ അവള്‍ക്കുണ്ടായിരുന്നുള്ളൂ...

മുറിയിലെത്തി കതകടച്ച്.. അവള്‍ അതു നിവര്‍ത്തി. മഷി പടര്‍ന്നിറങ്ങിയ ആദ്യപേജുകള്‍ അവള്‍ക്ക് വായിക്കാന്‍ നല്ല പ്രയാസം തോന്നി... അകത്തെ പേജുകള്‍ മറിച്ചുനോക്കി.

എന്‍റെ വരുണ്‍, മഴയുടെ നനുത്ത സ്പര്‍ശത്തില്‍ നിന്‍റെ വിരലുകളില്‍ ഞാനെന്‍റെ അഭയം കാണുന്നു. നിന്‍റെ ചുണ്ടുകളില്‍ ജ്വലിച്ചുതുടങ്ങുന്ന തിരിനാളമായി ഞാന്‍ പ്രകാശിക്കുന്നു. മഴവില്ലുകളിലെ ഏഴുനിറങ്ങള്‍ ചാലിച്ച് നിനക്കായി ഞാന്‍ കുറിക്കട്ടെ എന്‍റെ വിരഹനൊമ്പരങ്ങള്‍....

പ്രണയത്തിന്‍റെ നറുനിലാവ് ചുരത്തിനില്‍ക്കുന്ന വരികളിലൂടെ നീലിമ നയനയിലേക്ക് ചേക്കേറുകയായിരുന്നു..... അവള്‍ തന്‍റെ സെല്‍ഫോണെടുത്ത് ആല്‍ഫ്രെഡിനെ വിളിച്ചു.... മറുതലയ്ക്കലുള്ള ഹലോയ്ക്ക് മറുപടിയായി അവള്‍ പാടി...

മനസ്സിലെ മൗനങ്ങള്‍ കുളിരാകുമെന്നില്‍ നീ
മധുരമായൊരു വീണ മീട്ടു...
കനവിന്‍റെ ചോലയില്‍ പനനീര്‍ മുകുളങ്ങള്‍
സ്വരവല്ലരിയായ് ചേര്‍ക്കൂ..
നീയെന്നെ ഒരുമോഹമായങ്ങുണര്‍ത്തൂ..
നാഥാ.. ഒരുമോഹമായങ്ങുണര്‍ത്തൂ....

എന്‍റെ വരുണേ......

ഉം.... സ്നേഹം നിറഞ്ഞ ഒരു മൃദുമൂളലായ് മറുതലയ്ക്കല്‍ അവന്‍ പ്രതികരിച്ചു....

സ്ഥലകാലബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ അവര്‍ സംസാരിച്ചു. പ്രണയത്തിന്‍റെ മാസ്മരലഹരിയില്‍... ഒടുവിലെപ്പോഴോ അവള്‍ ഉറങ്ങി.... 

സെല്‍ഫോണ്‍ നിര്‍ത്താതെ റിംഗുചെയ്യുന്നതുകേട്ടാണ് അവളുണര്‍ന്നത്.... ആല്‍ഫ്രെഡാണ്... അവള്‍ ഫോണെടുത്തു.

എന്താടാ കൊച്ചു വെളുപ്പാന്‍കാലത്തേ... കെട്ടിയോനാണെന്നു വിചാരിച്ച് ഒരു മര്യാദയൊക്കെ വേണ്ടേ.... ഒന്നുറങ്ങാനും സമ്മതിക്കില്ല.... 
നോക്കടീ പൊട്ടീ ആ ക്ലോക്കിലേക്ക്.. സമയമെത്രയായെന്നാ നിന്‍റെ വിചാരം. മണി പത്തു കഴിഞ്ഞു. അതെങ്ങനാ രാത്രി പാട്ടും നാടകോം ശൃംഗാരോമായി, മനുഷ്യനേംകൂടി ഉറങ്ങാന്‍ സമ്മതിക്കൂല അവള്... 

അപ്പോഴാണ് നീലിമ സമയത്തെക്കുറിച്ച് ബോധവതിയാകുന്നത്... ഓ.. ഇനിയിപ്പോ എന്തു ചെയ്യും.. ഇന്നു പോണ്ടാന്നു വയ്ക്കാം .. ആ പ്രിന്‍സിപ്പലിന്‍റെ ... ഓ... ഓര്‍ക്കുമ്പോത്തന്നെ....

എടീ ഒരുത്തനിവിടെ ഫോണുംപിടിച്ചോണ്ടു നിക്കുവാ... എന്തേലും ഒന്നു മൊഴി...
നിക്കു മനുഷ്യനേ... ഞാനീ തുണിയൊന്നുടുത്തോട്ടെ... 
പൊന്നൂ... നീയിന്നലെ എന്നെ എന്താ വിളിച്ചത്....
നീലിമ ചമ്മി..... എന്നിട്ടും അവള്‍ പിടിച്ചു നിന്നു. എനിക്കിഷ്ടമുള്ളത് ഞാന്‍ വിളിക്കും... ഇഷ്ടമുണ്ടേല്‍ വിളികേട്ടാ മതി...
അതല്ലടീ... ആ വിളി കേള്‍ക്കുമ്പോ.. എന്തോ ഒരു സുഖം... ഞാനറിയാതെ.. ആ വിളിക്ക് വീണ്ടും വീണ്ടും കൊതിക്കുന്നതുപോലെ.... നിന്‍റടുത്തേക്ക് ഓടിപ്പിടഞ്ഞെത്താന്‍ തോന്നുന്നതുപോലെ...
വരുണ്‍..... നീലിമ അറിയാതെ വിളിച്ചുപോയി....
നയനാ..... 
അവളറിയാതെ അവനിലേക്ക് ഒഴുകിയെത്തുന്നതുപോലെ
ആരോ മുറിയില്‍ തട്ടിവിളിക്കുന്നു. പിന്നീട് വിളിക്കാം...
നില്‍ക്ക്.... ഞാന്‍ ബുധനാഴ്ച അങ്ങോട്ടേക്കെത്തും... ടിക്കറ്റൊക്കെ ശരിയായിട്ടുണ്ട്... നീ ലീവെടുത്ത് നാട്ടിലേക്ക് പൊയ്ക്കോ... 
ഉം.. ശരി...

ഫോണ്‍ വച്ച്. കതകുതുറക്കുമ്പോള്‍ സുകുയേച്ചി. അവരെ അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്. ഫിസിക്സ് ലാബിലെ അറ്റന്‍ററാണ്. ശരിക്കുള്ളപേര് സുകുമാരി.

ദാ താഴെ നമ്മുടെ ജയരാമന്‍മാഷ് വന്നു നില്‍ക്കുന്നു. കുഞ്ഞിന്ന് കോളേജില്‍ പോകുന്നില്ലേ, ഞാനവധിയിലാ അതാ പോകാത്തത്.

ഇല്ല, ഉറങ്ങിപ്പോയി ചേച്ചി, മാത്രവുമല്ല നാളെമുതല്‍ ഞാന്‍ ലീവിലാ... അദ്ദേഹം വരണൂന്ന്... ങാ ചേച്ചീ മാഷിനോട് ദാ വരണൂന്ന് പറ... പല്ലുപോലും തേച്ചില്ല.

ശരി കുഞ്ഞേ..

സ്വീകരണമുറിയില്‍ ഏതോ പുസ്തകം വായിച്ചിരുന്ന ജയരാമന്‍ മാഷ് നീലിമയെക്കണ്ടതും എഴുന്നേറ്റു.. വാ.. നമുക്കൊരിടം വരെ പോകേണ്ടതുണ്ട്.... ആ ഡയറികൂടി എടുത്തേക്കണം കേട്ടോ....

ജയരാമന്‍ മാഷിന്‍റെ കാറില്‍ അവര്‍ പോയത് ഒരു കടപ്പുറത്തേയ്ക്കാണ്.... അത്ര ആള്‍പാര്‍പ്പില്ലാത്ത ഒരു വിജനമായ സ്ഥലം... 
വഴുക്കലുള്ള പാറകള്‍ നിറഞ്ഞ ഒരു ചെറു തീരം.... അകലെ മുക്കുവക്കുടിലുകള്‍ നിരനിരയായിക്കാണാം.... ആ തീരത്തിന് ഏറെ ഭംഗിയുണ്ടായിരുന്നു.....

നീലിമ.. തിരകളിലേക്ക് നോക്കി.. തന്നോട് അവയ്ക്കൊരു പ്രണയമുള്ളതുപോലെ.... 

നീലിമാ... നീയതു തുറന്നു വായിക്ക് മനസ്സില്‍ വായിച്ചാല്‍ മതീട്ടോ.....

അവള്‍ പതിയെ ഓരോ ഇതളുകള്‍ മറിച്ചു വായിച്ചുതുടങ്ങി..... ഈ തീരം അവളുടെ മനസ്സിലേക്ക് പതിയെ ഇരച്ചു കയറുന്നതുപോലെ..... ഒരു പ്രവാഹമായി തിരകള്‍ തന്നെ വിഴുങ്ങുന്നതുപോലെ... തന്‍റെ ചുറ്റും കുറേ കുട്ടികള്‍... തന്‍റെ അതേതരക്കാരായ കുറേപ്പേര്‍... ചിരിച്ച് തിരയില്‍ക്കളിക്കുന്നു..... അതാ നയന.... അവള്‍ തിരയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഇറങ്ങുകയാണ്..... വരുണ്‍ അങ്ങു ദൂരെ നില്‍ക്കുന്നതുപോലെ അവള്‍ക്കുതോന്നി... വരുണ്‍.....

നീലിമയാണ് ഉറക്കെ വിളിച്ചത്.....

നീലിമാ... ഫ്രൊഫസര്‍.. അവളുടെ തോളില്‍ത്തട്ടി.... വരൂകുഞ്ഞേ... നീലിമ നന്നായ് തളര്‍ന്നിരുന്നു.... കാറില്‍ക്കയറി ഒരീര്‍പ്പിന് കുപ്പിയിലെ വെള്ളം അവള്‍കുടിച്ചു.... 

പ്രോഫസറുടെ മുഖത്തേയ്ക്കുനോക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു. താന്‍ എന്തോ കണ്ടെത്തിയതുപോലെ. 

ആല്‍ഫ്രെഡിനെ എനിക്കറിയില്ലായിരുന്നു കേട്ടോ.... തന്‍റെ ഇന്നലത്തെ പരിഭ്രമവും മറ്റും കണ്ടതുകൊണ്ടാ തന്‍റെ നാട്ടിലേക്ക് ഇന്നലത്തന്നെ ഞാന്‍ പോയത്. താനെന്‍റടുത്തിന്ന് ഇറങ്ങിയപ്പോഴേ.. ഞാനുമിറങ്ങി.. അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു കേട്ടോ. തന്‍റെ കെട്ടിയോനേയും വിളിച്ചു. വിളിച്ചപ്പോഴാണറിയുന്നത് അയാള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണെന്ന്. അതും നന്നായി. 

ഞാന്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞിട്ടുണ്ട് ലീവ് സാങ്ങ്ഷനാക്കിത്തരും. ഇപ്പോള്‍ ചെന്നൊന്ന് എഴുതിക്കൊടുത്താല്‍ മതീട്ടോ...

പിന്നെ വരുണ്‍, അയാള്‍ നയനയുടെ കാമുകനായിരുന്നു. അത് വായിച്ചപ്പോള്‍ മനസ്സിലായിക്കാണുമല്ലോ അല്ലേ. കോളേജ് രാഷ്ട്രീയത്തിലെ പ്രമുഖനായ അയാളെ ഒരുനാള്‍ കാണാതായി... നയന അവനെ അന്വേഷിച്ചു നടന്നു കിട്ടിയില്ല. അന്നീ ഫോണും മറ്റും ഇല്ലാത്തതുകൊണ്ട് കണ്ടെത്താനുള്ള സാധ്യതകള്‍ പലതും ചെന്നെത്തിയത് അവന്‍ മരിച്ചു എന്ന തീരുമാനത്തിലാണ്... ആ ചിന്തയില്‍ ഒടുവിലെപ്പോഴോ തന്‍റെ കൈത്തണ്ടമുറിച്ച് നയന ആത്മഹത്യ ചെയ്തു. കുറേ നാളുകള്‍ക്കൊടുവില്‍ വരുണ്‍ തിരിച്ചെത്തി... ഭ്രാന്തമായ ചിന്തകള്‍ക്കൊടുവില്‍ അയാളും ഈ കടലില്‍ ആത്മഹത്യചെയ്തു. അവരുടെ ഗ്രാമമാണ് അന്ന് നമ്മള്‍കണ്ട ആ പാലക്കാടന്‍ ഗ്രാമം.

നീലിമ തന്‍റെ കൈത്തണ്ടയിലേക്ക് നോക്കി. അവിടെ ഒരു ചോരപ്പാടുപോലെ അവള്‍ക്കുതോന്നി.

ഏയ്.. കുട്ടീ... ഇപ്പോ ഒന്നും ചിന്തിക്കണ്ടാ..... സുഖമായി നാട്ടിലേക്ക് പൊയ്ക്കൊള്ളൂ.... ആ നോട്ബുക്ക് ഇങ്ങ് തന്നേക്ക്...

ബസ്റ്റാന്‍റില്‍ അച്ഛന്‍ കാത്തുനിന്നിരുന്നു...
എന്തിനാ ഇപ്പോ അച്ഛന്‍ വയ്യാണ്ട് എന്നെക്കാത്ത്.. ഞാനിപ്പഴും ഇള്ളക്കുട്ടീന്നാ വിചാരം
തന്നെടീ... കുറുമ്പീ.. നീയെന്‍റെ ഇള്ളക്കുട്ടിതന്യാ...

അമ്മ ഒരുക്കിയ സദ്യവട്ടങ്ങളില്‍ അവള്‍ എല്ലാം മറന്നു... ഉച്ചയൂണും കഴിഞ്ഞ് അമ്മയ്ക്കൊരു മുടിചീകിക്കൊടുക്കലുണ്ട്. നാട്ടില്‍ വന്നാല്‍ അതു പതിവാ.... ആ മടിയില്‍ തലചായ്ച്ച്...... അവളങ്ങനെ കിടന്നു.... നാട്ടുമാവിലൂടെ അണ്ണാറക്കണ്ണന്മാര്‍ ഓടിത്തിമിര്‍ക്കുന്നു..... മുറ്റത്തൊരു കാര്‍ വന്നു നിന്നു... ഓ.. കുട്യേട്ടനും മക്കളും.. അവള്‍ വരണുണ്ടന്നറിഞ്ഞാല്‍ പിന്നെ അദ്ദേഹം അപ്പൊ ഇങ്ങെത്തും.. മക്കള്‍ തറയില്‍ നിര്‍ത്തില്ലാന്നു പറയുന്നതാവും ശരി.

പിന്നെ അവരോടായി... രണ്ടു ദിവസങ്ങള്‍. കാത്തിരിപ്പിനൊടുവില്‍ ആല്‍ഫ്രഡ് എത്തി.

അളിയാ എന്താ.. കെട്ടിയോളെക്കാണാണ്ടിരിക്കപ്പൊറുതിയില്ലേ..... കുട്ടിയേട്ടന്‍റെ കളിയാക്കലില്‍ അയാള്‍ ചിരിച്ചു.

ഒന്നു പോടെ നാട്ടില്‍ക്കിടക്കുന്നവനറിയില്ല മറ്റുള്ളവരുടെ അങ്കലാപ്പ്... പൊട്ടിച്ചിരിച്ച് കൊച്ചുവര്‍ത്തമാനങ്ങളില്‍ കുറേനേരം.

അവള്‍ക്ക് അവനെ ഒറ്റയ്ക്ക് കിട്ടാന്‍ ഏറെ സമയം കാത്തിരിക്കേണ്ടിവന്നു.

കുളികഴിഞ്ഞ് അകത്തേക്കെത്തുമ്പോള്‍ അവള്‍ അവനെ ഒളികണ്ണിട്ട് നോക്കി....
എന്തടീ ഉണ്ടക്കണ്ണീ...
പോടാ....
കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്ന അവളുടെ മൂക്കിലേക്ക് അവനൊരു കടിവച്ചുകൊടുത്തു.

എടാ നമുക്കൊരു യാത്രപോണം.. കാറിലൊന്നുംവേണ്ട ബസ്സില്‍... അവന്‍ സമ്മതിച്ചു...
പാലക്കാട്ടേയ്ക്കുള്ള ബസ്സില്‍ അവര്‍ യാത്രതുടങ്ങി. യാത്രയിലുടനീളം അവള്‍ സംസാരിച്ചത് വരുണിനേയും നയനയേയും കുറിച്ചായിരുന്നു. പാലക്കാട്ടെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് ആ കുഗ്രാമത്തിലേക്ക് ഇനിയൊരു ബസ്സേയുള്ളൂ... രാത്രി ...
അവര്‍ അതിനായികാത്തു നിന്നു.... 

ബസ്സില്‍ തിക്കിത്തിരക്കിക്കയറി സീറ്റു പിടിച്ചു... ഇറങ്ങേണ്ട ഇടമെത്തിയപ്പോഴേക്കും... മഴകനത്തിരുന്നു..... 

ഇറങ്ങിയപ്പോള്‍തന്നെ ആല്‍ഫ്ര‍ഡ് കുട നിവര്‍ത്തി. നീലിമ അവനെ പറ്റിച്ചേര്‍ന്നു നിന്നു. കുടയ്ക്കുതടുക്കാനാവാത്ത മഴത്തുള്ളികള്‍ അവരെ നനച്ചു. 

നീലിമാ.... ആരോ വിളിച്ചു...
അവള്‍ തിരിഞ്ഞു നോക്കി ആരുമില്ല....... അവളവനെ ഒന്നുകൂടി പറ്റിച്ചേര്‍ന്നു നടന്നു...

തട്ടുകടയുടെ മറവില്‍ മറഞ്ഞുനിന്ന് അയാള്‍ അതാസ്വദിക്കുകയായിരുന്നു... പ്രൊഫസര്‍ ജയരാമന്‍. രണ്ടുതലമുറകള്‍ ഒരു കുടക്കീഴില്‍ നനഞ്ഞു നടക്കുന്നതും നോക്കി...

Wednesday, 11 June 2014

അടയാളങ്ങള്‍

തിരമാലകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു ശ്യാം
അമൃത തോളില്‍ തട്ടി വിളിക്കുമ്പോള്‍ എണ്ണം തെറ്റലിന്‍റെ അസ്വസ്ഥതയില്‍ അയാള്‍ കൈതട്ടിമാറ്റി. വീണ്ടുമെണ്ണി... തൊണ്ണൂറ്റൊന്‍പത്... നൂറ്...നൂറ്റി....
ശ്യാം.. നേരം വൈകീട്ടോ... ഇനി നാളെയാകാം....
കണ്ണടച്ചില്ലിനു മുകളിലൂടെ അമൃതയെ നീരസത്തോടെ നോക്കി അയാളെഴുന്നേറ്റു.

അനുസരണയുള്ള കുട്ടിയെപോലെ അവളുടെ കൈപിടിച്ച് അയാള്‍ പതിയെ നടന്നു.

ഇന്ന് സൂര്യന്‍ ചുവന്നിരുന്നു അല്ലേ, മേഘമില്ലാത്തുകൊണ്ട് താഴ്ന്നിറങ്ങുന്നത് കാണാനായി..... നാളെ നീയെന്നെക്കൂട്ടിവരുമോ?...

മണല്‍പ്പരപ്പില്‍ കാലുകൊണ്ട് അമര്‍ത്തിക്കുഴികളുണ്ടാക്കി അയാള്‍ നടന്നു.

കാലിലെ മണല്‍തട്ടിയിട്ട് കയറൂ ശ്യാം... മുന്‍ഡോര്‍ തുറന്നുകൊടുത്തുകൊണ്ട് അമൃത കാര്‍ സ്റ്റാര്‍ട്ടുചെയ്തു.

മുന്‍സീറ്റില്‍ ചാരിയിരുന്ന് റിയര്‍വ്യൂ മിററില്‍ തൂക്കിയിട്ടിരിക്കുന്ന പാവക്കുട്ടിയെനോക്കി അയാളിരുന്നു. അതിന്‍റെ ചാഞ്ചാട്ടത്തില്‍ അയാളുടെ മനസ്സ് താളഗതിയൂര്‍ന്ന് മെല്ലെ പാടി

തങ്കമിരുട്ടില്‍ പരതാതെ ഞാനിനി...
സ്വപ്നത്തിലൊന്നു പുണര്‍ന്നുവയ്ക്കാം
മൗനമായ് നീയെന്‍റെ മിഴിയിണക്കോണിലായ്
മെല്ലേ മയങ്ങെന്‍റെ കുഞ്ഞുവാവേ...

ഗാനം പതിയെ തേങ്ങലിലേക്ക് വഴിമാറി, അമൃത ഇടതുകൊകൊണ്ട് അയാളെ ആശ്വസിപ്പിച്ചു....

പോട്ടെ ശ്യാം... നീയിങ്ങനെയായയാല്‍.... ദാ നോക്കൂ....

അമൃതയുടെ വാക്കുകള്‍ക്ക് അയാളെ, ആശ്വസിപ്പിക്കാനായില്ല. അയാളിങ്ങനെയാണ്,

ശ്യാമിനെ അറിയുന്നവര്‍ക്കേ ആ മനസ്സറിയാനാകൂ. ഡോക്ടര്‍ അമൃതയ്ക്ക് അയാളെ അറിയാം, അവള്‍ ആ മനസ്സില്‍ ഒരിടം നേടിയിരിക്കുന്നു. ആശുപത്രിയിലെ വെളുത്ത ചുവരുകള്‍ക്കുള്ളില്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അമൃതയുടെ വാക്കുകളില്‍ ചെവിയോര്‍ത്ത് അയാളിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.കമ്പനിയിലെ ഒരു പ്രോജക്ട് മാനേജരായിരുന്നു ശ്യാം. പ്രാരാബ്ദങ്ങള്‍ക്കു നടുവില്‍ നിന്നും പഠനത്തിന്‍റെ മികവില്‍ തിരഞ്ഞെടുക്കപ്പെട്ട ബുദ്ധിജീവി. ഗ്രാമത്തിലെ തന്‍റെ കുടുംബത്തിലേക്ക് തിരികെ വരുമ്പോള്‍ അയാള്‍ക്ക് വലിയ മോഹങ്ങളായിരുന്നു. തന്‍റെ കുടുംബത്തിനെ ഒരു വലിയ കൂട്ടുകുടുംബമായി എന്നും മനസ്സില്‍ ചേര്‍ത്തുവയ്ക്കണമെന്നും വിവേചനവും വിദ്വേഷവും ഒഴിവാക്കി ഒരു വലിയകുടുംബമെന്ന സംതൃപ്തിയില്‍ ജീവിക്കണമെന്നുമുള്ള വലിയ മോഹം.

പക്ഷേ, പണത്തിനെ മാത്രം സ്നേഹിച്ച സഹോദരങ്ങള്‍, അയാള്‍ ഒറ്റപ്പെടുകയായിരുന്നു. തന്‍റേടിയെന്നും അധികപ്രസംഗിയെന്നും ഭ്രാന്തനെന്നും മുദ്രകുത്തി അയാളെ ഒറ്റപ്പെടുത്തുകയായിരുന്നു. തന്നിലേക്ക് ഉള്‍വലിഞ്ഞ ശ്യാം വീണ്ടും തിരികെ കമ്പനിയിലേക്കെത്തി. തന്‍റെ ലോകത്ത് താന്‍ മാത്രമെന്ന ഒരു ചിന്ത അയാളെ കുറേക്കാലം നയിച്ചു. സമ്പന്നതയുടെ ലോകത്തെ നല്ലതും ചീത്തയുമായ കാര്യങ്ങളെ പഠിക്കുകയായിരുന്നു പിന്നീടയാളുടെ ലക്ഷ്യം. ഒടുവിലെപ്പോഴോ വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചു. പക്ഷേ തനിക്കായ് തന്‍റെ തനിപകര്‍പ്പായി ഒരു കുഞ്ഞ് അതു മാത്രമായിരുന്നു അയാളുടെ സ്വപ്നം.

തന്‍റെ പദവിക്കും പ്രതാപത്തിനുമനുസരിച്ചുള്ള ഒരു വിവാഹം അയാള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും വന്നുചേര്‍ന്നത് അങ്ങനൊന്നുതന്നെ. അതില്‍ വലിയ പ്രാധാന്യം ഒന്നും അയാള്‍ കല്പിച്ചിരുന്നില്ല. തനിക്കൊരു കുഞ്ഞ്. സ്വപ്നങ്ങളില്‍ അയാള്‍ ആ ഭ്രമം വളര്‍ത്തുകയായിരുന്നു. ആദ്യരാത്രിയുടെ പവിത്രതയില്‍ ആ ഭ്രമം അയാളുടെ ജീവിതസന്ധ്യകളെ തകിടം മറിച്ചു. ഇന്നത്തെ ദിവസം സ്ത്രീയില്‍ അറിയാതെയെങ്ങാനും തന്‍റെ ബീജം ഒരു കുഞ്ഞിനു ജന്മം നല്കിയാല്‍ അതൊരു നല്ല കുട്ടിക്കുള്ള ജനനമാകില്ലാന്ന് പുസ്തകങ്ങളേയും ശാസ്ത്രങ്ങളേയും കൂട്ടിക്കുഴച്ച് അയാള്‍ അവളെ പഠിപ്പിച്ചു.

ലൈംഗികതപോലും കൃത്യമായ കണക്കുകളില്‍ക്കൂടി അയാള്‍ പങ്കുവച്ചു. കുഞ്ഞു ജനിക്കുമ്പോഴും ജനിച്ചതിനുശേഷവും എങ്ങനെയായിരിക്കണമെന്നും അതിന്‍റെ പഠന നിലവാരം ഏതുതരത്തിലാകണമെന്നും തന്‍റെ ഭാര്യ ഗര്‍ഭിണിയാകുന്നതിനുമുമ്പുതന്നെ അയാള്‍ തീരുമാനിച്ചുറ‍ച്ചു. തികച്ചും ഭ്രമാത്മകമായ ഒരവസ്ഥ.

അവള്‍ ഗര്‍ഭിണിയായി. ശ്യാം കണക്കുകൂട്ടിയതുപോലെ തന്നെ. പക്ഷേ പെണ്‍മനമറിയാതുള്ള അയാളുടെ ചെയ്തികള്‍ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.

ഏതോ ഒരിടവേളയില്‍ അമ്മയ്ക്കൊപ്പം പോകാന്‍ അവള്‍ ശാഠ്യം പിടിച്ചു. ഒടുവില്‍ പെണ്ണു ദുഃഖിച്ചാല്‍ തന്‍റെ കുഞ്ഞില്‍ വിഷാദം പടരുമെന്ന് കരുതി അയാള്‍ പോകാനനുവദിച്ചു. പല നിബന്ധനകളും പറഞ്ഞേല്‍പിച്ച്.

പക്ഷേ, ആ യാത്രയില്‍ അറിയാതൊരു കാല്‍ വഴുക്കലില്‍ അവളില്‍ നിന്നും അലസിപ്പോയത് അയാളുടെ മോഹങ്ങളായിരുന്നു. അവള്‍ നിസഹായയായിരുന്നെങ്കിലും അയാള്‍ ഒരു ഭ്രാന്തനാവുകയായിരുന്നു.

ക്രമേണ അയാള്‍ അയാളിലേക്ക് ഉള്‍വലിഞ്ഞു. തന്‍റെ അടുക്കലെത്തുന്നവരെ ആക്രമിക്കുക എന്ന സ്വഭാവത്തിലേക്ക്.. പതിയെ അയാള്‍....
ഇതിനിടയില്‍ ഏപ്പോഴോ അവളെ ഇല്ലാതാക്കി....... ഈ ലോകത്തുനിന്നുതന്നെ......

അമൃത, കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി പുറത്തിറങ്ങി...

വരൂ ശ്യാം...
തേങ്ങലിനൊടുവില്‍ സീറ്റില്‍ തലചായ്ച്ച് മയങ്ങിയ അയാളെ അവള്‍ തട്ടിവിളിച്ചു.

ചെറിയൊരമ്പരപ്പോടെ അയാളിറങ്ങി.

വരൂ നമുക്കൊരു കാപ്പി കുടിക്കാം..., കഫെറ്റ് ഏരിയയിലേക്ക് അയാളുടെ കൈപിടിച്ച് അവള്‍ നടന്നു.

ഡോ.അമൃത ഇപ്പോള്‍ വന്നതാണ് ഈ ആശുപത്രിയിലേക്ക്. വിദേശത്തായിരുന്നു. അവിവാഹിത. തന്‍റെ ജീവിതം മാനസിക രോഗികള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണവള്‍. ഇവിടെ എത്തിയപ്പോള്‍ വളരെ കൗതുകം തോന്നിയ ഒരു കേസായി ശ്യാമിനെ ചികിത്സിക്കാന്‍ അവള്‍ തെരഞ്ഞെടുക്കുകയായിരുന്നു.

അവള്‍ വരുമ്പോള്‍ ശ്വാം ഒറ്റയ്ക്ക് ഒരു മുറിയില്‍ അടച്ചിട്ടനിലയിലായിരുന്നു‍. അടുത്തെത്തുന്ന ആരെയും അയാള്‍ ആക്രമിക്കുമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് അവളയാളെ തന്‍റെ വരുതിയിലുള്ള ഒരു കൊച്ചു കുഞ്ഞാക്കി. ശ്യാമിന്‍റെ മുറിയിപ്പോള്‍ ഒരു ഐ.ടി.പ്രഫഷണലിന്‍റെ സകല സൗകര്യങ്ങളോടുംകൂടിയ ഒരു ബെഡ്റൂമാണ്.

ശ്യാം ഞാനൊരു കാര്യം ചോദിക്കട്ടെ......

ഉം...

നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ?..

കൈയ്യിലിരുന്ന കാപ്പി അവളുടെ മുഖത്തേക്കൊഴിച്ച് കപ്പ് ജനാലചില്ലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ അകത്തേക്കോടി....

ജീവനക്കാരയാളെ പിടിക്കാന്‍ പിന്നാലെ പാഞ്ഞപ്പോള്‍ അമൃത വിലക്കി... വേണ്ട അയാള്‍ പൊയ്ക്കോട്ടെ...

മുഖം തണുത്ത വെള്ളംകൊണ്ട് കഴുകി... പതിയെ അയാളുടെ മുറിയിലേക്ക് അവള്‍ നടന്നു.

മുറിയാകെ അലങ്കോലമായിക്കിടക്കുന്നു... ശ്യാമിനെ അവിടെങ്ങും അവള്‍ കണ്ടില്ല.... അയാള്‍ എവിടെയാണെന്ന് തിരക്കാന്‍ ജീവനക്കാരോട് അവള്‍ പറഞ്ഞു. എവിടെയാണെങ്കിലും അയാളുടെ അടുത്ത് ആരു പോകണ്ട തന്നെ മാത്രം അറിയിച്ചാല്‍ മതിയെന്നും‍ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു. ഒപ്പം ശ്യാമിന്‍റെ മുറി പഴയതുപോലെ ആക്കാനും അവള്‍ ശ്രദ്ധിച്ചു.

മൈതാനത്തിനു നടുക്ക് മലര്‍ന്നുകിടന്നു മയങ്ങുന്ന ശ്യാമിനടുത്തേയ്ക്ക് അവള്‍ പതിയെ നടന്നു.....
ശ്യാം അവള്‍ വന്നതറിഞ്ഞില്ല. അവള്‍ അവനടുത്ത് പതിയെ ഇരുന്നു. അകാശത്ത് കാര്‍മേഘങ്ങള്‍ മഴയ്ക്കായി പന്തല്‍കെട്ടുന്നു. ഒരു മഴ... ചെറുതായി കണ്ണുചിമ്മി... ശ്യാം ഞെട്ടിയുണര്‍ന്നു..

മഴ, തുള്ളികളില്‍ കുളിരുണര്‍ത്തി... ശ്യാം തലചെരിച്ച് അവളെ നോക്കി.... അവള്‍ ചിരിച്ചു.. ശ്യാമും... അവന്‍ പതിയെ എഴുന്നേറ്റ് അവള്‍ക്കരുകിലിരുന്നു...

നീ ഇതിനുമുമ്പ് മഴ നനഞ്ഞിട്ടുണ്ടോ... അവന്‍ ചോദിച്ചു..

ഉം...
ഏപ്പൊ...
കുട്ടിക്കാലത്ത്....

ഞാനൊരുപാട് നനഞ്ഞിട്ടുണ്ട്... മഴ അന്നെനിക്ക് ഭയമായിരുന്നു... എന്‍റെ പുസ്തകങ്ങളും കിടക്കയും നനയ്ക്കുന്ന മഴ... പുരയുടെ കോണില്‍ തന്നെയും ചേച്ചിമാരെയും ഒതുക്കിനിര്‍ത്തി.. പാത്രങ്ങളില്‍ ചോര്‍ച്ചയുടെ സംഗീതം ശ്രവിച്ചിരുന്ന നാളുകള്‍...

അവന്‍ കരുയുന്നുണ്ടാവണം.. മഴ ചാലിച്ചെടുത്ത കണ്ണുനീര്‍ അവള്‍ കണ്ടിരിക്കുന്നു...

ശ്യാം....

അമൃതാ... ഈ മഴയ്ക്ക് എന്തോ... എന്റെ ബാല്യത്തിലെ നോവെനിക്കു സമ്മാനിക്കുന്നു....

അവള്‍ അവനെ നോക്കി... അവന്‍റെ മുഖത്ത് ബാല്യത്തിലെ കുട്ടികളിലെ ഭാവം കണ്ടു..

ശ്യാം ഇങ്ങനിരുന്നാല്‍ പനി പിടിക്കും... ശീലമില്ലാത്തതാ...

അവര്‍ ചിരിച്ചു...

രാത്രി ഒരു പാട് വൈകിയിരിക്കുന്നു... നമുക്ക് അകത്തേയ്ക്ക് പോകാം... നല്ലവണ്ണം തലതോര്‍ത്ത്.... പനിവരരുത് കേട്ടോ? അവള്‍ എഴുന്നേറ്റു

കൈകളില്‍പിടിച്ച് അയാളെ എഴുന്നേല്‍പിച്ച്, മുതുകില്‍ത്തള്ളി അവള്‍ അയാളേ റൂമിലേക്ക് കയറ്റി. ...

ഭക്ഷണം മേശപ്പുറത്തുണ്ട്... കുളിച്ചുവന്ന് കഴിച്ചുറങ്ങിക്കോളൂ... നാളെക്കാണാം..... കെ... റ്റാറ്റാ...

പിറ്റേന്ന് രാവിലെ അവളെത്തുമ്പോള്‍ അയാള്‍ ബഡ്ഡില്‍ക്കിടന്ന് പുസ്തകം വായിക്കുകയായിരുന്നു. കുളിച്ചിരുന്നു. കംപ്യൂട്ടര്‍ ഓണ്‍ചെയ്ത് ഒരു ഇംഗ്ലീഷ് ഗാനം കുറഞ്ഞ ശബ്ദത്തില്‍ വച്ചിരിക്കുന്നു.

ആ മാറ്റം അവള്‍ തിരിച്ചറിഞ്ഞു...

ശ്യാം...

ഓ... വന്നോ... ഞാന്‍ കാത്തിരിക്കുകയായിരുന്നു....

ഉം .. എന്താ...
എന്നോടൊപ്പം ഇന്ന് ഭക്ഷണം കഴിക്കുമോ?....
എന്താ പ്രത്യേകിച്ച്....

ഇന്നെന്‍റെ ജന്മദിനമാണ് നോക്കൂ.... ധനുവിലെ ഉത്രട്ടാതി., കലണ്ടറില്‍ പേനകൊണ്ട് വൃത്തം വരച്ച് അടയാളപ്പെടുത്തിയിരിക്കുന്നു.

എ​ന്‍റെ ശ്യാമിന് എന്‍റെ പിറന്നാള്‍ ആശംസകള്‍.....

അയാള്‍ ചിരിച്ചു... എന്‍റെ ശ്യാമിന്...മനസ്സില്‍ അയാളത് പലവുരു ആവര്‍ത്തിച്ചു....

വൈകുന്നേരം നമുക്കിന്ന് പുറത്തുപോയാലോ?  അയാളുടെ ചോദ്യത്തില്‍ ആകാംഷയുണ്ടായിരുന്നു...
പോകാം പക്ഷേ.... തിരയെണ്ണരുത്..... അവള്‍ ചിരിച്ചു അയാളും...

ഇന്നു കടലില്‍ വേണ്ട... ഏതേലും പാര്‍ക്കുമതി....

ശരി.. അങ്ങനാകട്ടെ... പിറന്നാളല്ലേ ഉച്ചയ്ക്ക് സദ്യതന്നെ ആയിക്കോട്ടെ അല്ലേ...

അമൃത.. ക്യാന്‍റീനില്‍ വിളിച്ച് എല്ലാവര്‍ക്കും ഉച്ചയ്ക്ക് തന്‍റെ വകയായി സദ്യകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു...

പാര്‍ക്കില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ സമയം വളരെ വൈകിയിരുന്നു... ശ്യാം വളരെ സന്തോഷവാനായിരുന്നു. പല മടക്കയാത്രകളിലും തേങ്ങലോടെ തിരിച്ചെത്തുന്ന അയാള്‍ എല്ലാം മറന്ന് സന്തോഷത്തോടെ തന്‍റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നു.

കുളികഴിഞ്ഞ് അത്താഴത്തിനുശേഷം അമൃത പതിയെ കോറിഡോറിലുടെ നടന്നു. ശ്യാമിന്‍റെ മുറിയില്‍ വെട്ടം കാണുന്നുണ്ട്.... അവള്‍ വാതില്‍ മെല്ലെ തുറന്ന് അകത്തേയ്ക്ക് നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം നെഞ്ചില്‍ കമിഴത്തിവച്ച് ശാന്തമായുറങ്ങുന്നു. അവള്‍ അകത്തുകയറി..

Wuthering Heights... പുസ്തകവും, കണ്ണടയും എടുത്തുമാറ്റുന്നതിനുമുമ്പ് അവളതിന്‍റെ ടൈറ്റില്‍ നോക്കി... മനസ്സിലൊന്നു പുഞ്ചിരിച്ച് തിരിയുമ്പോള്‍... ശ്യാമവളുടെ കൈയ്യില്‍ മെല്ലെതൊട്ടു.. അവള്‍ തിരിഞ്ഞുനോക്കി. അയാള്‍ ഉറങ്ങിയിട്ടില്ല...

അമൃതാ...
എന്താ ശ്യാം ...
നീയിവിടെ ഇരിക്ക്...
ഉം എന്താ... ബെഡ്ഡിലിരുന്നുകൊണ്ട് അയാളോട് അവള്‍ ചോദിച്ചു..

ഒന്നുമില്ല...
എന്താ ഉറങ്ങുന്നില്ലേ....
ഉറങ്ങണം.. അയാള്‍ എഴുന്നേറ്റിരുന്ന്.. അവളുടെ കണ്ണുകളിലേക്ക് നോക്കി... പുരികത്തില്‍ ചൂണ്ടാണിവിരലുകൊണ്ട് പതിയെ തലോടി...

നിന്‍റെ കണ്ണുകള്‍ക്ക് എന്നെ അനുസരിപ്പിക്കാനാകും... അവളൊന്നും പറഞ്ഞില്ല... പെട്ടെന്നായിരുന്നു ഒരു ചുംബനം അയാള്‍ അവള്‍ക്ക് പകര്‍ന്നുകൊടുത്തത്...

അവള്‍ക്ക് പ്രതികരിക്കാനായില്ല.... അതോ അവളതിനു വഴങ്ങുകയായിരുന്നോ....... ചില നിമിഷങ്ങളില്‍ അവര്‍ അറിയാതെ മറ്റൊരു ലോകത്തയ്ക്ക് എത്തിപ്പെടുകയായിരുന്നു. പ്രണയത്തിന്‍റെ സീമകളില്‍ അവര്‍ പരസ്പരം അറിയുകയായിരുന്നു..

നിലാവ്, നനുത്ത ലൈലോണ്‍ പാളികള്‍ കടന്ന് ജന്നലിന്‍റെ അടയാളം ബെഡ്ഡിലേക്ക് പകര്‍ന്നു....

അമൃത എഴുന്നേറ്റ് പുതപ്പുപുതച്ച് ജനലിലൂടെ പുറത്തേയക്ക് നോക്കി.....

അയാള്‍ അവളുടെ ചുമലില്‍ തലചേര്‍ത്ത് പിന്നിലായി വന്നു നിന്നു...

ഈ കുഞ്ഞിനെ എന്‍റേതായി... അല്ല... നമ്മുടേതായി.....

മറുപടി ഒരു മൗനമായി പകര്‍ന്ന് അവള്‍ മുഖം ജനലഴികളില്‍ചേര്‍ത്തു.
അവളുടെ കവിളിലുടെ കണ്ണുനീരിന്‍റെ നനുത്ത ചാലുകള്‍ പടരുന്നുണ്ടായിരുന്നു...

Sunday, 8 June 2014

മനസ്സറിയുമ്പോള്‍

കടല്‍ക്കരയിലേക്ക് ഇരുട്ട് പതിയെ പടര്‍ന്നിറങ്ങി, കടലോരം ഏതാണ്ട് വിജനമായിരിക്കുന്നു. ഉത്രജന്‍ കടല്‍ത്തിരകളിലേക്ക് പതിയെ ഇറങ്ങി. മനസ്സില്‍ മരണഭയം ഉപേക്ഷിച്ച് അഴത്തിലേക്കൊരു യാത്ര അയാള്‍ ആഗ്രഹിച്ചിരുന്നു. തിരകള്‍ കാലടിയിലെ മണ്ണ് വലിച്ചുകൊണ്ടുപോകുന്നു. കടല്‍ തന്നെ പുണരുന്നമാതിരി, തിരക്കൈകള്‍ വലിച്ചുമുറുക്കുന്നു.. പെട്ടന്നായിരുന്നു അവനു മുകളിലൂടെ ഒരാള്‍ തിരയിലേക്ക് മറിഞ്ഞത്. ഉത്രജന് ഒരു നിമിഷം ഒന്നും മനസ്സിലായില്ല തിരകള്‍ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ശ്വാസഗതിയൊന്ന് തിരിച്ചാവഹിച്ച് ഉത്രജനൊന്ന് ഉയര്‍ന്നുപൊങ്ങി. നീന്തല്‍ മത്സരങ്ങളില്‍ പലപ്രാവശ്യം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നുവെങ്കിലും കടല്‍ അപരിചിതമാണ്. ഏങ്കിലും ഒന്നു പരിശ്രമിക്കുകതന്നെ. തന്‍റെ വിടവാങ്ങലിനുമുന്‍പ് ഒരാളെ രക്ഷിക്കാനായെങ്കില്‍. എന്തായാലും താന്‍ മരണം ഉറപ്പിച്ചിരിക്കുകയാണല്ലോ.

ഉത്രജന്‍ കടലിലേക്ക് ഒന്നുളിയിട്ടു.. ഒന്നുയര്‍ന്നു പൊങ്ങിയപ്പോള്‍ തന്‍റടുത്ത് ഉയര്‍ന്ന കൈകളിലേക്ക് അവന്‍ ബലമായി പിടിച്ചു. പക്ഷേ ആ പിടി അവനെയുംകൊണ്ട് താണുപോയി... ഒടുവിലെപ്പോഴോ ഒരു മല്‍പിടിത്തത്തില്‍ തലമുടിയിലേക്ക് കടന്നുപിടിച്ച് ഒരു തിരയ്ക്കൊപ്പം ഉത്രജന്‍ കരയിലേക്ക് പാഞ്ഞുകയറി. അടുത്ത തിര പിന്നാലെയുണ്ട്... സര്‍വ്വശക്തിയും മനസ്സിലാവാഹിച്ച് കുറച്ചുകൂടി കടലിനുവെളിയിലേക്കവനെത്തി.

തളര്‍ന്നുപോയിരുന്നു. പിടിവിട്ട് മണലില്‍ കൈകള്‍ പിന്നിലേക്കുകുത്തി അവനിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്കൊടുവില്‍ താന്‍ രക്ഷിച്ചയാള്‍ ജീവനോടുണ്ടോയെന്നൊരു സംശയം അവനിലേക്കുവന്നു. ഇപ്പോള്‍ ഒരു ഭയം അരിച്ചുകയറുന്നതുപോലെ...

ഏതായാലും സ്ത്രീയാണ്, കമിഴ്ന്നുകിടന്ന അവളെ അയാള്‍ മെല്ലെ ചരിച്ചു... കവിളില്‍ തട്ടിവിളിച്ചു.... ലൈറ്റുഹൗസില്‍ നിന്ന് ഇടയ്ക്കിടയ്ക്കുവരുന്ന പ്രകാശത്തില്‍ അയാളാ മുഖം വ്യക്തമായിക്കണ്ടു........ ഖദീജ

ഉഉള്ളിന്‍റെയുള്ളിലൊരു ഞെട്ടല്‍ ..... പിന്നെ എല്ലാം ദ്രുത വേഗത്തിലായിരുന്നു.  അവളെ കമിഴ്ത്തിക്കിടത്തി കടല്‍വെള്ളം അമര്‍ത്തിക്കളഞ്ഞ്, പതിയെ.... പതിയെ... അവളെ ബോധത്തിലേക്കെത്തിച്ചു....

ഖദീജാ... ഖദീജാ... അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു. ഖദീജാ.... ഒരു മൂളല്‍ അവള്‍ പുറപ്പെടുവിച്ചു..

ഖദീജാ..... എന്തുപറ്റി...... കുറേനേരം ഉത്രജന്‍ അവളുടെ അടുക്കല്‍ കാത്തിരുന്നു.... അവളുടെ മറുപടിക്കായി.....

ഉത്രജന്‍റെ കൈത്താങ്ങില്‍ മെല്ലെയുയര്‍ന്ന് കൂമ്പിയ കണ്ണുകള്‍ പതിയെ വിടര്‍ത്തി ദയനീയമായി അവനെ നോക്കി.....

ഞാന്‍ ഉത്രജന്‍ എന്നെ.. നോക്ക് ഖദീജാ........
താടിയും മുടിയും നീട്ടിവളര്‍ത്തിയ അവന്‍റെ രൂപത്തില്‍നിന്ന് അവളുടെ പഴയ ഉത്രജനെ തിരിച്ചറിയാന്‍ ആ ഇരുട്ടില്‍ അവളൊരുപാട് സമയമെടുത്തു. ഒരു ചെറു തേങ്ങലായി കാല്‍മുട്ടുകള്‍ വലിച്ച് കൂനിയവളിരുന്നു. കുറേയേറെ സമയം. നശബ്ദതയുടെ ഇടവേളകളില്‍ കടല്‍ക്കൈകള്‍ തിരകളായി അവരെ തൊട്ടുരുമി തിരിച്ചുപോയി.

മൗനത്തിന് വിരാമമിട്ട് ഉത്രജന്‍ പറഞ്ഞു...

ഖദീജാ.... എത്ര കാലമായി  നമ്മൊളോരുമിച്ചൊന്ന് കണ്ടിട്ട്..... പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെയന്ന് നിന്‍റെ കസവുതട്ടം മറച്ച ചെവികളില്‍ നീയെന്‍റെ മുത്താണെന്ന് ഞാന്‍ പറഞ്ഞത് നിനക്കോര്‍മ്മയുണ്ടോ?

ഒരു മറുപടിക്കുപകരം ചെറിയ തേങ്ങലായി ഖദീജ അവന്‍റെ തോളിലേക്ക് ചാഞ്ഞിരുന്നു. അവളുടെ മനസ്സ് ആ ബാല്യത്തിലേക്കൊന്നു തിരിച്ചുപോയി. സ്കൂള്‍ വരാന്തകളില്‍ തന്‍റെ അയല്‍ക്കാരനും കളിത്തോഴനുമായ ഉത്രജനെ അവള്‍ കണ്ടെത്തി. മനസ്സിലെ സ്നേഹമെന്ന വികാരത്തില്‍ നിഷ്കളങ്കതയുടെ ശലഭങ്ങളെ അവള്‍ മനസ്സില്‍ താലോലിച്ചു. പതിയെ പറന്ന് മനസ്സ് തന്‍റെ വീട്ടിലേക്കെത്തുമ്പോള്‍ ഒരറപ്പ് അവളുടെ ഉള്ളിലേക്ക് അരച്ചുകയറി.

അവസാന പരീക്ഷകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ബാപ്പ മൊല്ലാക്കയുമായി സംസാരിക്കുകയായിരുന്നു. ഉമ്മയുടെ കൈയ്യില്‍ നിന്ന് ചോറും മീന്‍കറിയും വാങ്ങിക്കഴിക്കുമ്പോള്‍ ബാപ്പ ഉറക്കെ പറഞ്ഞു. ഖദീജനെക്കാണാന്‍ നാളെ വെളീന്നൊരു ചെക്കന്‍ വരണുണ്ടെന്ന്. മന്സിലൊരു തീക്കാറ്റടിച്ചപോലെ. തേങ്ങള്‍ മനസ്സലടക്കി. ഉമ്മുമ്മാന്‍റെ മടിയില്‍ ചായുമ്പോള്‍ അറിഞ്ഞിരുന്നില്ല നിക്കാഹ് അടുത്തയാഴ്ചയിലാണെന്ന്.

ഉമ്മുമ്മയുടെ തലോടല്‍ ഖദീജയ്ക്ക് പലപ്പോഴും ഒരു സാന്ത്വനമായിരുന്നു. പണ്ടെങ്ങോ നാടുവിട്ടുപോയ കോയാഹാജീടെ മോന്‍ വലിയ പണക്കാരനായി തിരിച്ചുവന്നിരിക്കുന്നു. ബിസിനെസ്സെല്ലാം അങ്ങ് വെളിനാട്ടിലാണ്. കദീജയ്ക്ക് അയാളുടെ മകളാകാനുള്ള പ്രായമേയുള്ളൂ.

ഗംഭീരമായ നിക്കാഹിന്‍റെ ഒരുക്കങ്ങള്‍, വേലിക്കല്‍ചെന്നു നാണുനായരുടെ വീട്ടിലേക്കെത്തിനോക്കി ഖദീജ വിളിച്ചു...

ജാനുമ്മാ... അവളങ്ങനെയാണ് ഉത്രജന്‍റെ അമ്മയെ വിളിക്കാറ്. ആ ചെക്കനെങ്ങാട്ട് പോയി.... അവനേന്ന് കാണണോയിരുന്നു....

ഇതാരാ ... എന്‍റെ മൊഞ്ചത്തി മണവാട്ടിയോ...... ജാനുമ്മ നിറഞ്ഞ സ്നേഹത്തോടെ വേലിക്കപ്പുറത്തുനിന്ന് ഖദീജയുടെ താടി പിടിച്ചു കുലുക്കി. അവനാ പാടത്തെങ്ങാനും കാണും മോളെ.... ഇന്നലെ മുതല്‍ അവനിങ്ങനാ പിടിതരാതെ എവിടേലും പോയിരിക്കും......

അവള്‍ ഉത്രജനെ കണ്ടില്ല... നിക്കാഹിന്‍റന്ന് വന്നവരുടെ ഇടയിലെല്ലാം ഉത്രജനെ അവള്‍ തിരക്കി.... ആ തിരയല്‍... ഈ കടപ്പുറത്ത്... തന്‍റെ രക്ഷകനായി.... ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം....

ഖദീജ തലയുയര്‍ത്തി ഉത്രജനെ നോക്കി.... നീണ്ട തലമുടി.... നരച്ചുതുടങ്ങിയ താടി..... ആകെ ഒരു ഭ്രാന്തനപ്പോലെ.....

ഉത്രജാ.....

കാല്‍മുട്ടുകളില്‍ പിണച്ചുവച്ചിരുന്ന കൈകള്‍ ആകാശത്തേക്കുയര്‍ത്തി ഉത്രജന്‍ ഒന്നു നെടുവീര്‍പ്പിട്ടു... പിന്നെ പതിയെ ചരിഞ്ഞ് ഖദീജയെ നോക്കി.....

നിനക്കെന്തുപറ്റി...... നീ ഇവിടെങ്ങനെയെത്തി.....

ഉത്രജാ നമുക്ക് ഈ കടപ്പുറത്തുകൂടി പതിയെ ഒന്നു നടന്നാലോ.... മനസ്സിലും ശരീരത്തിലും നല്ല ക്ഷീണം തോന്നുന്നു.

അവര്‍ എഴുന്നേറ്റ് പതിയെ നടന്നു......

ഈ കടല്‍ ശാന്തമൊണെന്ന് ഉത്രജനു തോന്നുന്നുണ്ടോ?

അയാളൊന്നും മിണ്ടിയില്ല....

അല്ല, കുറേ നോവുകള്‍..... സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചെറു തേങ്ങലിലെ തിരകളായി അവളിങ്ങനെ.......

ഖദീജ നിനക്കൊരു മാറ്റവുമില്ല. ആ പഴയ ഉമ്മക്കുട്ടിതന്നെ നീയ്....

അവള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു....... അയാള്‍ക്കൊന്നും മനസ്സിലായില്ല......

നീയെന്താ ഈ വേഷത്തില്‍.... താടിയും മുടിയുമൊക്കെ വളര്‍ത്തി... ഞാന്‍ തിരിച്ചറിഞ്ഞില്ല കേട്ടോ......

ആ ചോദ്യത്തില്‍ നിന്ന് ഉത്രജന്‍ ജയിലഴികളിലെ രാത്രികളിലേക്കൊന്നു പോയിവന്നു. ഒന്നു പുഞ്ചിരിച്ച് അയാള്‍ പറഞ്ഞു.

ഇപ്പോള്‍ ഇരുട്ടാണെനിക്കിഷ്ടം.  മരണത്തിലേക്ക് പതിയെ ഇറങ്ങിയതായിരുന്നു.... അപ്പോഴാണ്.... നീ....

ഉത്രജാ....! ഒരമ്പരപ്പോടെ അവള്‍ ഉത്രജനെ നോക്കി.

ഒന്‍പത് വര്‍ഷം ചെയ്യാത്ത കുറ്റത്തിന് ജയിലഴികളില്‍ നിന്ന് ജയിലഴികളിലേക്ക് പീഢനങ്ങളുടെ പെരുമഴയായിരുന്നു. എന്‍റെ ഒരു സുഹൃത്തിനെത്തിരഞ്ഞ് ബോംബെയിലെത്തിയതായിരുന്നു ഞാന്‍. ഒരു ഭീകരസംഘടനയിലെ കണ്ണിയായിരുന്നു അവനെന്ന്  അറിഞ്ഞ‍ിരുന്നില്ല. വിലാസം കണ്ടത്തി കോളിംഗ്ബെല്ലമര്‍ത്തുമ്പോള്‍ ചുറ്റും പോലീസുകാര്‍ വളഞ്ഞിരുന്നു. അറിയാവുന്ന ഭാക്ഷയില്‍ ഞാന്‍ പറഞ്ഞതൊന്നും അവര്‍ വിശ്വസിച്ചില്ല. പിന്നെ വിചാരണകള്‍, പീഢനങ്ങള്‍ ഒടുവില്‍ നിരപരാധിയായി പുറം തള്ളുമ്പോള്‍ എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. കുടുംബവും അമ്മയും അച്ഛനും... എല്ലാം...

നമുക്ക് എന്‍റെ ഫ്ലാറ്റിലേക്ക് പോകാം... അവള്‍ പറഞ്ഞു.....

ഖദീജാ... നീ.. വഴുതിവീണതോ? .. അല്ല ... കടലിലേക്ക്.....

അവള്‍ ചിരിച്ചു.... ദൂരെ ഒരു കാറു ചൂണ്ടി അവള്‍ പറഞ്ഞു അതെന്‍റെ കാറാണ്.... നമുക്ക് അങ്ങോട്ടുപോകാം.

മുന്‍ഡോറിലെ പകുതിയിലേറെ ഗ്ലാസ് ഉയര്‍ത്തി, ചാവി അതില്‍ത്തന്നെ അവള്‍ വച്ചിരുന്നു.

കാറിലിരിക്കുമ്പോള്‍ അവള്‍ ഒന്നും മിണ്ടിയിരുന്നില്ല... ഉത്രജന്‍ വെറുതേ പുറത്തേക്കു നോക്കിയിരുന്നു......

ലക്ഷ്വോറിയസ് ഫ്ലാറ്റിലെ ഹാളില്‍ ചെന്നെത്തുമ്പോഴേക്കും ഉത്രജന് നന്നേ വിശന്നിരുന്നു. ദാഹവും ക്ഷീണവും കണ്ണുകളെ ചെറുതായി മയക്കികൊണ്ടിരുന്നു. സോഫയില്‍ തലമുകളിലേക്കുയര്‍ത്തി അവന്‍ ചാരിയിരുന്നു.

ഖദീജ.. ഒരിത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.....

ആവശ്യത്തിന് കടലില്‍ നിന്ന് കുടിച്ചില്ലേ.... അവള്‍ വീണ്ടും ഉറക്കെ ചിരിച്ചു.. സ്ഫടിക ഗ്ലാസ്സില്‍ വെള്ളം പകര്‍ന്ന് ഉത്രജനു വച്ചു നീട്ടുമ്പോള്‍ അവള്‍ പറഞ്ഞു...

ഉത്രജാ... നമുക്ക് രണ്ടുപേര്‍ക്കും മരിക്കണം... എന്‍റെ തീരുമാനം ഉറച്ചതാണ്.... നീ ഇപ്പോള്‍ മരണത്തെ ഭയപ്പെടുന്നുണ്ടോ?

ഉം... മനസ്സിനകത്തുനിന്ന് അവന്‍ പറഞ്ഞു...

അതെന്താ....

നിന്നെ കണ്ട നിമിഷം മുതല്‍ മനസ്സിലൊരു ഭയം ... മരണത്തെ അകലത്തിലേക്കാട്ടിപ്പായിക്കാനാണ് തോന്നുന്നത്....

എനിക്കറിയാം... നിന്‍റെ മോഹങ്ങളില്‍ ഞാനെന്നുമുണ്ടാകുമെന്ന്.... പക്ഷേ......

ഖദീജ അകത്തേക്ക് പോയി ഒരു നൈറ്റ് ഗൗണ്‍ എടുത്തുകൊണ്ടുവന്ന് അവന്‍റെ നേര്‍ക്കു നീട്ടി

ഇവിടെ ഇതേയുള്ളൂ.... കുളിച്ച് ഫ്രഷായിവാ... അപ്പോഴേക്കും ഞാനും ഫ്രഷായി എന്തേലും ഉണ്ടാക്കാം.... ഈ രാത്രി നമുക്ക് സ്വന്തമാക്കാം.... പ്രഭാതം, അവള്‍ ഒന്നുനിര്‍ത്തി.

അടുക്കളയിലെ ചെറിയ ടേബിളില്‍ ബ്രഡ്ഡും എഗ്ഗ് ഫ്രൈയ്യും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു.

ഉത്രജാ.... കോയാ ഹാജിയുടെ മകന്‍ നിക്കാഹു കഴിച്ച ഖദീജയയെ നീയറിയൂ.... ഇരുപത്തിയേഴു വര്‍ഷത്തിനുശേഷം നീ കാണുന്ന ഖദീജയിലുണ്ടായ മാറ്റം നീയറിയില്ല. ഞാന്‍ സഞ്ചരിക്കാത്ത നാടുകളില്ല. ഹോട്ടലുകളില്ല, ക്ലബ്ബുകളില്ല.. എന്‍റെ ഭര്‍ത്താവിനു പണമുണ്ട്... ഇത്രയും കാലത്തിനിടയില്‍ ഒന്നോ രണ്ടോ തവണയേ അയാളെന്നെ കിടപ്പറയിലേക്ക് കൂട്ടിയിട്ടുള്ളൂ.... ഏകദേശം ഇരുപത്തിഒന്നു വര്‍ഷങ്ങള്‍ക്കുശേഷം..... ഒരറവുമാടിനോടുള്ള ദയപോലുമില്ലാത്ത ഒരു തരം ഭോഗം. പക്ഷേ അതില്‍ എനിക്കയാള്‍ സമ്മാനിച്ചത് മക്കളെയല്ല... ഒരു വിഷം.... ആരും അറയ്ക്കുന്ന രോഗം... അണുവായുധത്തില്‍ നിന്ന് അണുക്കള്‍ വമിക്കുന്നതുപോലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് രസിക്കുകയാണയാള്‍..... നീ പണ്ടെന്‍റെ കാതിലൊരു മന്ത്രമായ് ചൊല്ലിയത് ഓര്‍ക്കുന്നുഞാന്‍....  "നീയെന്‍റെ മുത്തല്ലേ...." ഇന്ന് ഈ മുഴുത്ത ശരീരത്തിനുള്ളില്‍ ആര്‍ക്കും പങ്കുവയ്ക്കാനാകാത്ത പ്രണയം ഒളിപ്പിച്ച്..., ഒരു നെടുവീര്‍പ്പില്‍..... ഖദീജ നിശബ്ദയായി.

മൗനത്തിന്‍റെ സമയമളന്ന് ചുവരിലെ ക്ലോക്ക് കറങ്ങിക്കൊണ്ടിരുന്നു......

ഇനി...
രണ്ടുപേരും ഒരുമിച്ചാണ് പറഞ്ഞുതുടങ്ങിയത്...... ഉത്രജന്‍ ഖദീജയുടെ കൈകളെ ചേര്‍ത്തുപിടിച്ചു... അവളെഴുന്നേറ്റ് അവനോട് ചേര്‍ന്നുനിന്നു....

ഖദീജാ... എന്‍റെ മനസ്സിലെ ഉമ്മക്കുട്ടിയെ.. ഹൃദയത്തോടു ചേര്‍ക്കുന്നു.... നമുക്കാ കടലിലേക്ക് തിരിച്ചു പോയാലോ.....

ഉത്ര‍ജാ... എന്‍റെ പ്രിയ കൂട്ടുകാരാ..... അരുതായ്കയുടെ ചുവരുകള്‍ക്കുള്ളില്‍ ഞാനൊരു കടം ചോദിച്ചോട്ടെ.....

ഒരു ദിനം... ഒരു പെണ്ണായ്.... നിന്‍റെ നെഞ്ചകത്തിലേക്കെന്നെയൊന്ന്.. താലോലിക്കാമോ?......

ഖദീജാ.....

കടല്‍ക്കരയിലെ വെളുത്ത നുരകള്‍ അവരുടെ കാലടികളെ മായ്ച്ചുകളയുന്നു.... മനസ്സിലെ മുറിവുകളില്‍ ഒരു തിര പതിയെ തഴുകിയിറങ്ങി അവരെ നനയ്ക്കുമ്പോള്‍ ഖദീജ ഉത്രജന്റെ അരയില്‍ കെട്ടിപ്പിടിച്ചു....... അവള്‍ ചിരിക്കുകയായിരുന്നു......... തിരകളെ നോക്കി... അവരുടെ മനസ്സറിഞ്ഞ്..........

മഴകൊള്ളുന്നവര്‍

ഓര്‍മ്മകളില്‍ തട്ടിവീഴുമ്പോഴും മനസ്സ് എവിടേയ്ക്കോ കുതിച്ചു പായുകയായി. നിശബ്ദനായി ചാരുകസേരയില്‍ ഞാനും വായിച്ചുതീര്‍ത്ത അദ്ധ്യായത്തിനു മീതെ എന്‍റെ കറുത്ത കണ്ണടയും വിശ്രമിക്കുന്നു. കൈകള്‍ കോര്‍ത്തുകെട്ടി തലയ്ക്ക് താങ്ങുകൊടുക്കുമ്പോള്‍ ഒരു നിശ്വാസം പാതിചാരിയ പടിപ്പുരകടന്ന് ഉമ്മറത്തിരുന്നു. കൂവളത്തിലനിറഞ്ഞ നാക്കിലത്തുമ്പില്‍ പലവുരു സ്പര്‍ശിച്ചു നിര്‍വൃതികൊണ്ട രുദ്രാക്ഷത്തെ ഇടം കൈകൊണ്ട് പിന്നിലാക്കി അവള്‍ എന്നോടല്ലാതെ പറഞ്ഞു.

ഇന്ന് തിരുവാതിരയാണ്. മഹാദേവന് ഒരു മാലകൊടുക്കണമെന്ന് ഇശ്ശിരിനാളായി കരുതണു...

ഞാനൊന്നും മിണ്ടിയില്ല...  എന്നാല്‍ മനസ്സ് നാലമ്പലം ചുറ്റി അകത്തേക്ക് കടന്നിരിക്കുന്നു.

കുട്ട്യേട്ടന്‍ വന്നിട്ട് പോയില്ലാല്ലോ അല്ലേ? ഈ ചോദ്യം എനിക്കായിത്തന്നെ അവള്‍ എറിഞ്ഞതാണ്

തൊഴുതോണ്ടു നിക്കണു... മനസ്സുപറഞ്ഞത് ഞാനറിഞ്ഞില്ല.

രണ്ടു വര്‍ഷം മുമ്പാണ് ഞാനീ വീടു വാങ്ങിയത്. മീനാക്ഷിയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരണമെന്നു നിരീച്ചതല്ല. പക്ഷേ അവളെക്കണ്ടപ്പോള്‍ കൂടെ വരണുണ്ടോന്ന് ചോദിക്കാനാണു തോന്നിയത്. കണ്ണുകള്‍ വിടര്‍ത്തി എന്നെ നോക്കുമ്പോള്‍ ഹിമകണംപോലെ ഒരു തുള്ളി ആ കൂവള മിഴിയില്‍ പറ്റിച്ചേര്‍ന്നത് ഞാന്‍ കണ്ടു.

ഇത് എന്‍റെ അച്ഛന്‍റെ തറവാടു വീടാണ്. വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച ഒരു നോവിന്‍റെ കടംവീട്ടലാണിത്. കുന്നിക്കുരുവും മഞ്ചാടിയും മനസ്സില്‍ നിറംപിടിപ്പിച്ചിരുന്ന നാളുകള്‍. അച്ഛന്‍റെ ഇരുമ്പുപെട്ടിക്കുമുകളില്‍ ഭംഗിയുള്ള കുപ്പികളില്‍ ഞാന്‍ പെറുക്കി സൂക്ഷിച്ച മുത്തുകള്‍ കൂടെ ഒരു പിടി മയില്‍പീലിയും. അമ്മയുടെ മടിയിലിരുന്നു ഒന്ന്... മൂന്ന്... അഞ്ച്... ഒന്ന് എന്നിങ്ങനെ ആവര്‍ത്തിച്ചെണ്ണുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന മുഖം ഇന്നുമെന്‍റെ കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല.

അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. ഇളയമ്മ ഉണ്ടാക്കിത്തന്ന പ്ലാവില വണ്ടി തുപ്പല്‍ തെറിപ്പിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുമ്പോള്‍ ഉമ്മറത്ത് കണ്ണീര്‍ചാലുകളില്‍ നോവ് വരച്ചിടുകയായിരുന്നു അമ്മ.
എന്തിനാ അമ്മ കരയണേ... പോട്ടെ..ട്ടോ, വാവ നിനക്ക് അമ്മിഞ്ഞ തരാട്ടോ?

കുസൃതി നിറഞ്ഞ എന്‍റെ കൊഞ്ചല്‍ അമ്മയെ പൊട്ടിക്കരയാനേ സഹായിച്ചുള്ളൂ.. എന്നെ ചേര്‍ത്തുപിടിച്ചു അമ്മ വിതുമ്പുമ്പോള്‍ ഞാനും കരഞ്ഞിരുന്നു. മഴത്തുള്ളികള്‍ ഞങ്ങളുടെ മിഴിനീര് ഇറമ്പിലുടെ ചാലിച്ചു.

മഴത്തുള്ളികള്‍ കനംവച്ചുകൊണ്ടേയിരിന്നു. വാഴയില മറക്കുടയാക്കി അച്ഛന്‍ പടികടന്നുവന്നു. ഞാനമ്മയുടെ മടിയില്‍ നിന്നും ഇഴുതിയിറങ്ങി, കാലില്‍ക്കുരുങ്ങിയ പ്ലാവിലവണ്ടി കുനിഞ്ഞെടുത്ത് അച്ചനടുത്തേക്കെത്തുമ്പോള്‍ ഇരുമ്പുപെട്ടിയുമെടുത്ത് അച്ഛന്‍ പുറത്തുവന്നിരുന്നു. ഞാനാ കൈവിരലില്‍ത്തൂങ്ങി...

അച്ഛാ..... മോനൊരു ചക്കരയുമ്മ........

കൈകുടഞ്ഞ് എന്നെ വിടിവിച്ചദ്ദേഹം കടന്നു പോകുമ്പോള്‍.... ഞാന്‍ തേങ്ങലിന്‍റെ വക്കോളം വീണ്ടുമെത്തിയിരുന്നു.... പിണക്കം മനസ്സിലിട്ട് കിടക്കയിലേക്കോടുമ്പോള്‍. മുറിയിലാകെ എന്‍റെ കുന്നിക്കുരുവും മഞ്ചാടിയും ചിതറിക്കിടന്നിരുന്നു. ഭംഗിയുള്ള എന്‍റെ ശേഖരണക്കുപ്പികള്‍ ചില്ലുകളായി കാലിനെ വേദനിപ്പിച്ചു... രക്തവും മഞ്ചാടിയും മനസ്സിനേയും കുഞ്ഞുകാലിനേയും വല്ലാതെ നോവിച്ചു... ഇളയമ്മ ഓടിവന്നെന്നെയെടുത്ത് തോളില്‍ക്കിടത്തി.... കാലില്‍ വെള്ളമൊഴിച്ചു തുടച്ചു... ചെറിയമുറിവ്, എങ്കിലും ചോരകിനിയുന്നു... വാവിട്ടു നിലവിളിക്കുകയല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു.

ആ മുറിവ് ഉണങ്ങിയെങ്കിലും അച്ഛന്‍ പിന്നെ തിരികെ വന്നില്ല. അമ്മയോട് അച്ഛനെവിടെ എന്നു ചോദിച്ചാല്‍ അപ്പൊ കരയും .. അതുകൊണ്ടുതന്നെ ഞാനാ ചോദ്യം മനസ്സിലവശേഷിപ്പിച്ചു.

ഫൈനല്‍ ഇയര്‍ ഡിഗ്രി പരീക്ഷയാണ്. ഇന്നിത്തിരി നേരത്തേ ഇറങ്ങണം, പോകുന്നവഴി പോസ്റ്റുമാനെയും ഒന്നു കാണണം, ഇന്നലെ ഒരു മണിയോര്‍ഡര്‍ ഉണ്ടായിരുന്നുവെന്ന് അമ്മ പറയണ കേട്ടു. ഇളയമ്മ അയച്ചതാണ്. ഉച്ചയ്ക്കാണ് പരീക്ഷ. എന്തായാലും അതുവഴി തന്നെ പോകാം.
മണിയോര്‍ഡര്‍ ഒപ്പിട്ട് കാശുവാങ്ങി തിരിയുമ്പോള്‍, പോസ്റ്റുമാന്‍ വിളിച്ചു...

നില്‍ക്കൂ... ഒരു കത്തുകൂടിയുണ്ട്..
ഓ.. ഇളയമ്മയായിരിക്കും. ............. നോക്കുമ്പോള്‍ അഡ്രസ്സില്‍ എന്‍റെ വീട്ടിലെ ചെല്ലപ്പേരാണ് എഴുതിയിരിക്കുന്നത്. അങ്ങനാരും എനിക്ക് കത്തയയ്ക്കാറില്ല... ഇളയമ്മ... അല്ല ഇതവരുടെ കൈയ്യക്ഷരമല്ല..... കത്തു തിരച്ച് ഫ്രം അഡ്രസ്സ് നോക്കി... അവിടെ ശുഭം എന്നെഴുതി ഒപ്പിട്ടിരിക്കുന്നു.

കത്ത് തുറന്ന് ഞാന്‍ വായിച്ചു...

ശ്രീ.
എന്‍റെ മകന്, അച്ഛന്‍ എഴുതുന്നത്, ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നിനക്കൊരു കത്തെഴുതണമെന്ന് എനിക്കു തോന്നി, തെറ്റുകള്‍ എവിടെയാണെന്നോ, ആരിലാണെന്നോ എനിക്കു പറയാനാവില്ല... എങ്കിലും ഞാന്‍ നിന്നെ കാണാനാഗ്രഹിക്കുന്നു....
എന്‍റെ വിലാസം........ കത്ത് വായിക്കുമ്പോഴേക്കും കണ്ണുകള്‍ നനഞ്ഞുതുടങ്ങിയിരുന്നു. അവ്യക്തമായ നിഴലുകളില്‍ ഒരു മഴ എന്‍റെ ഓര്‍മകളിലേക്ക് പടര്‍ന്നിറങ്ങി.. ചിതറിയ മഞ്ചാടിമണികള്‍ ചുറ്റും ചുവപ്പുവിരിച്ചു, കാലില്‍ നിന്നൊരു വേദന മനസ്സിലേക്കു പടര്‍ന്നുകയറി....

പരീക്ഷ ഒരു വിധം എഴുതിത്തീര്‍ത്ത് വീട്ടിലെത്തുമ്പോള്‍ ആദ്യമായി കള്ളം പറയാന്‍ വാക്കുകള്‍ ഞാന്‍ സ്വരുക്കൂട്ടുകയായിരുന്നു. മുഖത്തേക്ക് നോക്കുമ്പോള്‍ ആ മനസ്സിലേക്കൊരു കള്ളമിറ്റിക്കാന്‍ എനിക്കാവില്ല. എങ്കിലും ഞാന്‍ പറഞ്ഞു. എനിക്കൊരു ക്യാമ്പുണ്ട്, രണ്ടു ദിവസം കഴിഞ്ഞേ വരൂ...

അമ്മ... ഉം.. എന്നു പറയുമ്പോള്‍ മറുചോദ്യം ഞാന്‍ പ്രതീക്ഷിച്ചു.... എവിടെ.. എന്തിന്‍റെ .. ഇങ്ങനെയൊക്കെ... പക്ഷേ അതുണ്ടായില്ല ആ മനസ്സിലും എന്തോ എന്നോടൊളിക്കുന്നതുപോലെ  തോന്നി...

കത്തിലെ അഡ്രസ്സ് കണ്ടെത്താന്‍ എനിക്കൊട്ടും പാടുപെടേണ്ടിവന്നില്ല, ആറ്റിന്‍കരയിലെ വയല്‍ വഴിയില്‍ ആദ്യം കണ്ടവള്‍തന്നെ എനിക്കു വഴികാട്ടിയായി. നടത്തത്തിനിടയില്‍ അവള്‍ എന്നോടേറെ സംസാരിച്ചു. ഒടുവിലത്തെ ചോദ്യം അവളെന്‍റെ മനസ്സിലേക്കും ഒരു ചൂണ്ടയിട്ടു.

മാമനെ എങ്ങനറിയാം?.....

അപ്പോഴാണ് ഞാനവളെ നോക്കിയത്.. മനസ്സിലേക്ക് പെട്ടെന്നു് കണുങ്ങിക്കയറുന്ന മിഴിയഴക്.. മനസ്സുനിറയ്ക്കുന്ന കാര്‍മേഘകുടുക്കുകള്‍പൊലെ തലമുടി.

ഞാന്‍ ചിരിച്ചു. അറിയാം .. ഒരു പത്തിരുപത് വര്‍ഷായി.......

അതെങ്ങനെ... അപ്പൊ എന്നെക്കാളും മുന്പെ അറിയാല്ലേ.... അവളും പൊട്ടിച്ചിരിച്ചു....

പടികടന്നപ്പോള്‍ അവളകത്തേക്കോടി... മാമാ.. അരോ കാണാന്‍ വന്നിരിക്കുന്നു.... അറിയില്ല... ആരാന്ന്.....

പുറത്തേക്ക് വന്ന അച്ഛന്.. പ്രായത്തിന്‍റെതായ ചില്ലറ അടയാളവ്യത്യാസങ്ങളൊഴിച്ചാല്‍ പഴയ രൂപംതന്നെ

ഒറ്റ നോട്ടത്തില്‍ത്തന്നെ അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു..... ചുണ്ടുകള്‍ കൂര്‍പ്പിച്ച്... മിഴികള്‍ തുടച്ച് ചാരുകസേരയിലേക്ക് അദ്ദേഹം മൗനമായി ഇരുന്നു. കൈവരിയില്‍ തൂണോട് ചേര്‍ന്ന് ഞാനും. കുറേനേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?...

എന്താ..... ഞാന്‍ വേറൊരു ലോകത്തായിരുന്നു. അവ്യക്തമായ ചോദ്യം എന്നെയുണര്‍ത്തി.... ശ്ശിരി.....

ഉം... എന്നോട് നിനക്ക്... (ഞാനൊന്നും മിണ്ടിയില്ല) ഒന്നു കാണണമെന്നുതോന്നി അത്രന്നെ....

ആകാശത്തൊരു കര്‍മേഘം ഇരുണ്ടുകൂടുന്നുണ്ടായിരുന്നു.... തുള്ളികളിറ്റിച്ച് ഇലത്തുമ്പുകളെ നനയ്ക്കാന്‍ ആര്‍ത്തികൊള്ളുന്നതുപോലെ...

ഊണുകാലമായീന്നു തോന്നണു... ഒരിച്ചിരി വറ്റ് എന്നോടൊപ്പം കഴിക്കാലോ അല്ലേ.... ഓരോ ചോദ്യവും എന്‍റെ അനുവാദത്തിനെന്നവണ്ണം അച്ഛന്‍ ചോദിച്ചപ്പോള്‍ മനസ്സിലേക്കൊരായിരം മുള്ളു തറയ്ക്കുന്നതുപോലെ എനിക്കു തോന്നി.

കിണ്ടിയിലെ വെള്ളം ചെരിച്ച് കാലും മുഖവും കഴുകുമ്പോഴേക്കും മഴ എത്തിയിരുന്നു. കണ്ണീര്‍ചാലുകളായി ഇറമ്പിലൂടെ അതെന്‍റെ മുതുകു നനച്ചു.

ശ്ശി പുളിശ്ശേരികൂടി...

ഇത് നിന്‍റെ അപ്പച്ചിയാണ്.... എന്‍റെ തൊട്ടു മൂത്ത പെങ്ങള്‍... അവളുടെ മകളാ..നിന്നെ ഇവിടേക്ക് വഴികാട്ടിയത്...

ഞാനൊന്ന് ചിരിച്ചു.... ആ ചിരി വരുത്തുകയാണ് എന്നനിക്കറിയാം കാരണം മനസ്സിലെ തേങ്ങള്‍ വിതുമ്പാലായി എന്നിലേക്കെത്തി നില്‍ക്കുന്നു. ചോറുരുളകളിലെ ഉപ്പുരസം അതിന്‍റേതാണോയെന്ന് ഞാന്‍ പലപ്പോഴും സംശയിച്ചു.

വൈകുന്നേരം പടിയിറങ്ങുമ്പോള്‍... വല്ലപ്പോഴുമൊന്ന് ഇതുവഴി......
ഉം.... ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു...

വയല്‍ വരമ്പിലെ... ഒരു വളകിലുക്കം .. തിരിഞ്ഞുനോക്കുമ്പോള്‍... അവള്‍...

പറയാതെ പോകയാണോ?... വഴി പറഞ്ഞുതന്നതിന് ഒരു നന്ദിയെങ്കിലും വേണ്ടായോ?

സോറി... മനസ്സില്‍ നിന്നൊരു ചെറു കണികയായി ഞാന്‍ പറഞ്ഞു...

എനിക്കുനേരേ അവള്‍ എന്തോ വച്ചു നീട്ടി.... കൈവെള്ളയിലേക്ക് അവള്‍ ചിതറിച്ചത് ഒരുപിടി കുന്നിക്കുരുവായിരുന്നു. ചുവപ്പില്‍ കറുത്ത കണ്ണുകളുള്ള കുന്നിക്കുരു..

ഞാന്‍ ചിരിച്ചു... അവളും....

മനസ്സിന്‍റെ താളഗതിയില്‍ മയക്കത്തിലേക്ക് കടന്നെത്തുമ്പോള്‍ അവള്‍ വീണ്ടും വിളിച്ചു, കുട്ട്യേട്ടാ... ഇയാളു വരണുണ്ടോ.... അമ്പലത്തിലേക്ക്... കൂവളമാല കെട്ടിക്കഴിഞ്ഞു.. ഇനിയിതൊന്നു ചാര്‍ത്തിക്കാണണം.

ഉം.. ഒന്നു കുളിച്ചോട്ടെ...

മുന്നേ അവളും പിന്നാലെ കാലന്‍കുടയുടെ താങ്ങില്‍ ഞാനും നടക്കുമ്പോള്‍ ഒരൊറ്റപ്പെടല്‍ അനുഭവപ്പെട്ടില്ല. പക്ഷേ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ ജീവിതങ്ങളുടെ കാഴ്ചവട്ടങ്ങള്‍ മനസ്സില്‍ കടംകൊണ്ട് നില്‍ക്കുന്നു.

നന്ദിനി മരിക്കുമ്പോള്‍ കുട്ടികളുടെ വിവാഹം കഴിഞ്ഞത് നന്നായീന്ന് പലപ്പോഴും തോന്നീട്ടുണ്ട്. എങ്കിലും മുറികളിലെ ഒറ്റപ്പെടല്‍ വല്ലാതെ നോവിച്ചു. അച്ഛന്‍റെ തറവാട് സ്വന്തമാക്കണമെന്നമോഹം പെന്‍ഷന്‍ പ്രായത്തിലും എന്നെ വല്ലാതെ ഊര്‍ജ്ജസ്വലനാക്കി. വര്‍ഷങ്ങളുടെ കാലക്കണക്കുകളില്‍ പലകൈമറിഞ്ഞ് ഒടുവിലത് നേടിയെടുക്കാന്‍ വലിയൊരു തുകതന്നെ കൊടുക്കേണ്ടിവന്നു.

എങ്കിലും ആ ഉമ്മറത്തെ ചാരു കസേരയിലേക്ക് നിവര്‍ന്നിരിക്കുമ്പോള്‍ ഒരഹംങ്കാരം എന്നില്‍ വളര്‍ന്നു നില്‍ക്കുന്നു എന്നുള്ളത് സത്യമാണ്.

തറവാടും പുരയിടവും വാങ്ങിയതിനുശേഷം, അതൊന്നുകൊത്തിക്കിളയ്ക്കാന്‍ അളെത്തിരക്കിയാണ് ഞാന്‍ ആറ്റിനുമറുകരയിലേക്ക് പോയത്. അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയത് അവളുടെ വീട്ടു പടിക്കലും. വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ അകത്തുനിന്നും ആരോ ജനാലവഴി ചോദിക്കുന്നതുകേട്ടു.. ആരാ.... എന്തുവേണം....

അല്ല.. ഈ.. രാഘവന്‍... പറമ്പു പറയ്ക്കാനൊക്കെ പോകുന്ന ... ആ വീട്......

വാതില്‍ തുറന്ന് പുറത്തിറങ്ങിയ രൂപത്തിന് മനസ്സിലെവിടെയോ.. ഒരു നിഴല്‍...

കുട്ട്യേട്ടന്‍........ അവള്‍ എന്നോട് ചോദിച്ചു.

മനസ്സിലേക്ക് കുപ്പിവളക്കിലുക്കത്തിലെ കുന്നിക്കുരുക്കള്‍ ചിതറി....

നീ....

ഉം ... ഞാനാ.... കയറിയിരിക്കു കുട്ട്യേട്ടാ... ഞാനറിഞ്ഞു... പട്ടണത്തീന്നാരോ വന്ന് വീടൊക്കെ വാങ്ങീന്ന്.. പക്ഷേ ആരാന്ന് ആര്‍ക്കും അറിയില്ല... എനിക്കപ്പോഴെ സംശയമുണ്ടായിരുന്നു... സംഭാരമെടുക്കട്ടേ.....  അവള്‍ അകത്തേക്കുപോയി. മുടി അല്പം നരച്ചു തുടങ്ങിയിരിക്കുന്നു. ഭസ്മക്കുറിയും, രുദ്രാക്ഷവും... വേപ്പിന്‍കരയുള്ള നേരീതും..

സംഭാരത്തിന് പണ്ട് അപ്പച്ചി പകര്‍ന്നുതന്ന അതേ രുചി.. മനസ്സിലേക്ക് അച്ഛന്‍ ഓടിയെത്തി... പലപ്പോഴായ് പലവട്ടം അച്ഛനെക്കാണാന്‍ ഞാനവിടെ വന്നിട്ടുണ്ട്. പിന്നൊരിക്കല്‍ വന്നപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞൂന്നറിഞ്ഞു. അപ്പച്ചിയും അവളുടെ കൂടെപോയന്നും ഒക്കെ.. പിന്നൊരിക്കല്‍കൂടിയെ ഞാനവളെ കണ്ടിട്ടുള്ളു... ദേശാടനത്തിനായി അച്ഛനെ യാത്രയയ്ക്കാന്‍ എത്തുമ്പോള്‍... അച്ഛന്‍ മരിച്ചുവോ ജീവിച്ചിരിക്കുന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും ആവീട്ടില്‍ അച്ഛനെക്കാത്ത്... ഒരു മൗനം അവശേഷിക്കുന്നതുപോലെ...

മക്കള്‍... അദ്ദേഹം.....

എന്‍റെ ചോദ്യത്തിന് മറുപടി ഒരു ചിരിയായിരുന്നു...

കുഞ്ഞുങ്ങളില്ലാത്തതുകൊണ്ട്... അദ്ദേഹത്തിനെന്നെ ആവശ്യമില്ലാന്ന്.. ഒരു ഭാരമാകണ്ടാന്ന് കരുതി ഞാനിങ്ങു പോന്നു... ഒരു ടീച്ചറായതുകൊണ്ടു കുറച്ചു കാലം മുമ്പുവരെ ഒറ്റപ്പെട്ടില്ല. ആവശ്യംപോലെ കുഞ്ഞുങ്ങള്‍... ഇപ്പോഴും ചിലര്‍ വരാറുണ്ട് ടീച്ചറമ്മയെക്കാണാന്‍... അവ വീണ്ടും പണ്ടത്തെപ്പോലെചിരിച്ചു.

വരാനിറങ്ങുമ്പോള്‍ ഞാന്‍ വെറുതെ അവളോട് ചോദിച്ചു... നീ വരണുണ്ടോ?....

കണ്ണുകള്‍ വിടര്‍ത്തി എന്നെ നോക്കുമ്പോള്‍ ഹിമകണംപോലെ ഒരു തുള്ളി ആ കൂവള മിഴിയില്‍ പറ്റിച്ചേര്‍ന്നത് ഞാന്‍ കണ്ടു.

എന്നാല്‍.. വാ...

നാളെ വരാം കുട്യേട്ടാ... ഇന്നിനി വയ്യ....

ആറ്റുകടവത്ത് വഞ്ചിക്കാരനെ നീട്ടിവിളിച്ച് കുറേപ്പേര്‍, അവരിലൊരാളായി ഞാനും കാത്തുനിന്നു... മഴ ആകാശത്തെത്തി.. ചൂരല്‍പ്പിടിയുള്ള വലിയകുട നിവര്‍ത്തി അതിനകത്തേക്ക് ചുരുണ്ടു നില്‍ക്കുമ്പോള്‍ മഴത്തുള്ളികള്‍ മനസ്സിലേക്ക് ഒരു കുളിരു പകര്‍ന്നുകൊണ്ടേയിരുന്നു.

അമ്പലത്തിലെ, നടകല്ലിനുവെളിയില്‍ ചെരുപ്പ് ഊരിവച്ച് ജൂബ ഊരി തോളിലിട്ടു. കാലന്‍കുട കൈത്തണ്ടയില്‍ത്തൂക്കി കൊടിമരത്തിലെ വാഹനത്തിനെ നോക്കി അനുവാദം വാങ്ങി നാലമ്പലത്തിനുള്ളിലേക്ക് കടന്നു. അവള്‍ പതിവിലും സന്തോഷവതിയായിരുന്നു.

രണ്ടര്‍ച്ചന....

രാമഭദ്രന്‍ തിരുവാതിര ... മീനാക്ഷി  മകം

കൂവളമാല എന്നെ ഏല്‍പ്പിച്ച് അര്‍ച്ചന രസീതിന് അവള്‍ കാശുകൊടുത്തു.

സോപാനത്തിനടുത്ത് മഹാദേവനെ മനസ്സില്‍ ധ്യാനിച്ച് കുമ്പിടുമ്പോള്‍ ഞാനവളെ ഒന്നുകൂടി നോക്കി....
ദേവി... സുന്ദരിയായിരിക്കുന്നു....

ഞാനവളെ വിളിച്ചു... മീനാക്ഷീ....

എന്തേ... പതിഞ്ഞ ശബദത്തില്‍ അവള്‍ വിളി കേള്‍ക്കുമ്പോള്‍ കൂവളമാല നിവര്‍ത്തി ഞാനവളുടെ കഴുത്തിലണിയിച്ചിരുന്നു.

അകത്ത് അര്‍ച്ചന പൂജിച്ച മണിയൊച്ച... അഗ്നി പകര്‍ന്ന കര്‍പ്പൂര ചുണ്ടില്‍ ഞാനും അവളും കൈനീട്ടി നെറ്റിയില്‍ വച്ചു..

ആകാശത്തുനിന്ന് അപ്പോഴേക്കും ഒരു മഴ കിനിഞ്ഞു തുടങ്ങിയിരുന്നു. അവളുടെ കണ്ണുകളിലും..

ദേശാടനം

ഡോക്ടര്‍ പറഞ്ഞ അവധി തീരാന്‍ ഇനി രണ്ടു രാത്രികളും രണ്ടു പകലുകളുമുണ്ട്. ഇതെനിക്കും ഡോക്ടര്‍ക്കുമിടയില്‍ മാത്രമറിയുന്ന ഒരു സത്യമാണ്. രോഗചികിത്സയ്ക്കായി അദ്ദേഹത്തിനടുത്തെത്തുന്നത് ഒരു സൗഹൃദസന്ദര്‍ശനം എന്നതുപോലെയാണ്. ഇനിയതിന്‍റെ ആവശ്യമില്ല. ഒരു യാത്ര അവസാന പകലിന്‍റെ അറുതിവരെയുള്ള ഒരു യാത്ര. മരണം എന്നെ ഭയപ്പെട്ടു നില്‍ക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്. ഞാന്‍ കഴിഞ്ഞദിവസത്തേതിനേക്കാളും ഉന്മഷവാനാണ്.

വെള്ളമുണ്ടും കുറുകിയ വെള്ളജൂബയും എനിക്ക് വലിയ ഇഷ്ടമാണ്. ഈ യാത്രയില്‍ അതു മതി. തോള്‍സഞ്ചിയില്‍ ഒരു ജോഡികൂടി കരുതുമ്പോള്‍ പേനയും കടലായും എടുത്തുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തിരിനേരം അമ്മയുടെ അടുത്തിരിക്കണം. കഴിയുമെങ്കില്‍  ആ മടിയിലൊരിത്തിരി തലചായ്ക്കുകയും വേണം. മനസ്സില്‍ ആകെയുള്ള ഒരാഗ്രഹം അതുമാത്രമാണ്.

കറുത്ത വലിയ കണ്ണട, അതിലൂടെ അമ്മയുടെ കണ്ണിലേക്കുനോക്കുമ്പോള്‍ പുരികത്ത് നരച്ചരോമങ്ങള്‍ പൊതിഞ്ഞുവച്ചിരിക്ക്കുന്ന ആ കറുത്ത ഉണ്ണി എന്നോട് സംസാരിക്കാറുണ്ട്. കുഞ്ഞുനാളില്‍ മുലമുത്തി അമ്മയുടെ മടിയില്‍ക്കിടക്കുമ്പോള്‍ മുതല്‍ ഞാന്‍ അതിനെ കൗതുകത്തോടെ നോക്കാറുണ്ടായിരുന്നു. അമ്മ സംസാരിക്കുമ്പോള്‍ അവയുടെ താളം മുലഞെട്ടില്‍ നിന്ന പലപ്പോഴും എന്‍റെ ചുണ്ടുകളെ അമ്പരപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. അമ്മ, മനസ്സിലേക്കോടിയെത്തുന്ന ഒരു കുഞ്ഞുണ്ണി. മെലിഞ്ഞുനീണ്ട അമ്മയുടെ കൈകള്‍, തലമുടി മുക്കാലും പോയ എന്റെ തലയില്‍ പരതി നടന്നപ്പോള്‍ ഞാനറിയാതൊരുറക്കം എന്നിലേക്കു കടന്നുവന്നു. ആ രണ്ടാം നാളിന്‍റെ ഒടുക്കം ഇവിടയായിരുന്നുവെങ്കിലെന്ന് മനസ്സറിയാതെ മന്ത്രിച്ചു.

എവിടേക്കാ അടുത്തു നിന്‍റെ യാത്ര.... ഈ എഴുത്തും.... പുസ്തകപ്രേമോം എന്നാ തീരുക... മക്കളെയെങ്കിലും നിനക്കൊന്നുപോയി കണ്ടൂടെ...  അവള്‍ നീയെന്നു പറഞ്ഞാ ജീവിക്കുന്നത്... അവളെങ്കിലും പിള്ളാരെ കാര്യം നോക്കിയില്ലെങ്കില്‍.. ന്തായേനേ സ്ഥിതി...ഒരു ജോലിയുള്ളതുകൊണ്ട് ആ പാവം ഒന്നും അറിയണില്ല...   ദേശാന്തരിയായി നീ നടന്നോ?.... ഒടുവിലീ തള്ളയ്ക്കൊരു കൊള്ളിവയ്ക്കാനെങ്കിലും......

ഞാനമ്മയുടെ വായ പൊത്തി..... പിന്നേ.. ഒരമ്മാവിയും മരുമോളും... എന്തു പറഞ്ഞാലും അവളുടെ പഷത്താ... ഞാന്‍ വേറെ .. എനിക്കല്ലേലും ഒന്നിനും അവകാശമില്ലല്ലോ... എന്‍റെ വിധി... നശിക്കാനായുണ്ടായത്...ഞാന്‍ പോണു... ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല...

അമ്മയോടൊരിത്തിരി വഴക്കുണ്ടാക്കുക എന്നതു മാത്രമായിരുന്നു. എന്‍റെ ലക്ഷ്യം. തോള്‍സഞ്ചിയുമെടുത്ത് പതിയെ പടികളിറങ്ങി...

നീ എന്‍റൊപ്പം വരണുണ്ടോ? സാവിത്രിയോട് വിളിച്ചു ചോദിക്കുമ്പോഴേക്കും അവളെന്‍റൊപ്പം എത്തിയിരുന്നു.

നിങ്ങള്‍ക്കെന്താ ബൈക്കെടുത്തുകൂടെ.. എത്ര നാളായി അതിന്‍റെ പിന്നിലൊന്നിരുന്നിട്ട്... പോകുന്നവഴി മകന്‍റെ വീട്ടിലതു വച്ചിട്ടു പോയാലെന്താ...

ശരിയാണ്... അവള്‍ക്ക് അങ്ങനൊരാശയുണ്ടെങ്കില്‍ ഇനിയതു നിറവേറ്റാന്‍ എനിക്കായെന്നു വരില്ല. കുറേക്കാലമായി ഞാനതെടുത്തിട്ട്. കഴിഞ്ഞ‍യാഴ്ച മകന്‍ അതെടുത്തൊന്ന് കവലവരെ പോയെന്ന് അവളിന്നലെ പറയുന്നതുകേട്ടു.

ശരി. നില്‍ക്ക്....

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകഴിയുംമുമ്പേ അവള്‍ അതിലേക്ക് ചാടിക്കയറി.... പെന്‍ഷനാകാന്‍ ഇനി നാലോ അഞ്ചോ വര്‍ഷമേയുളളൂവെങ്കിലും അവള്‍ കൂടുതല്‍ ചെറുപ്പമായതുപോലെ. എന്നോട് പരമാവധി ചേര്‍ന്നിരുന്നു.

പണ്ടായിരുന്നുവെങ്കില്‍ ചേര്‍ന്നിരിക്കാമായിരുന്നു. ചുരിദാരല്ലേ അപ്പോ, തിരിഞ്ഞിരിക്കാം. ഇതിപ്പോ സാരി.... നിങ്ങള് വിട്ടോളൂട്ടോ... സാരി ഒതുക്കിപിടിച്ച് അവള്‍ പറഞ്ഞു.

അവളെ സ്റ്റാന്‍റില്‍ ഇറക്കി.

വാ.. ബസ്സുവന്നിട്ട് നിങ്ങള്‍ക്കുപോകാം... പ്രണയകാലത്തേതെന്നപോലെ അവളെന്നോട് കൊഞ്ചി... ഞാനനുസരിച്ചു. ബസില്‍കയറി കൈവീശിക്കാണിക്കുമ്പോള്‍ ഇതവസാന യാത്ര പറച്ചിലാണെന്ന് അവളറിഞ്ഞിരുന്നില്ല.

മകന്‍റെ വീട്ടിലെ പോര്‍ച്ചില്‍ ബൈക്ക് സ്റ്റാന്‍റില്‍ വച്ചു. മകന്‍ കതകു തുറന്നിറങ്ങി... അച്ഛനോ... ഇതെവിടെയാണച്ഛാ .. ഈ യാത്ര... ഇവിടെയോ അവിടെയോ.. എവിടേലും സ്വസ്ഥമായിട്ടച്ഛന് നിന്നൂടെ...

ഞാന്‍ ചിരിച്ചു.... അവനും... എനിക്കറിയാം അച്ചന്‍ എന്‍റെ കുട്ടിക്കാലം ഓര്‍ത്താണ് ചിരിച്ചതെന്ന്. ഞാനവനെ ചേര്‍ത്തുപിടിച്ചു..

കുട്ടാ..
എന്തച്ഛാ...

ഒന്നുമില്ലെടാ....

അമ്മ പോയോ... ഓ ഇന്നമ്മ എന്നെയൊന്ന് വിളിച്ചതുപോലുമില്ല.... തമ്പുരാന്‍ വന്നതല്ലേ... അമ്മ എല്ലാം മറന്നുകാണും... അവളെ വിളിച്ചോ ചേച്ചിയെ... അതെങ്ങനാ അച്ഛനിപ്പോള്‍ ഫോണുമുപേക്ഷിച്ചില്ലേ....

നിനക്കിന്നു പോണ്ടേ....
പോണം...

ശരി ഞാനിറങ്ങുവാ... അത്യാവശ്യമുണ്ട്...

അച്ഛന്‍ വല്ലതും കഴിച്ചോ?..... അതു ചേദിച്ചതുതന്നെ തെറ്റ് പ്രിയതമയോടൊപ്പമല്ലിയോ ഇന്നത്തെ പ്രഭാതം... അവന്‍ ചിരിച്ചു.

അവിടുന്നിറങ്ങുമ്പോള്‍ ചെരുപ്പെടുക്കാന്‍ മറന്നു. സാരമില്ല അതിന്‍റെ ആവശ്യം ഇനിയില്ല.

മനസ്സുറപ്പിച്ച വഴിയിലേക്കെത്താന്‍ ഇനി കാലിനൊരു സംരക്ഷണം ആവശ്യമില്ല. സ്റ്റാന്‍ഡില്‍ നിന്നും ബസ്സു കയറുമ്പോള്‍ തോള്‍സഞ്ചിയിലെ കുഞ്ഞനറയില്‍ നിന്ന് ഗുളികപ്പൊതി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ അമ്മയുടെ മടിത്തട്ടിലാണ്. ആ കൈകള്‍ തന്‍റെ നൊമ്പരങ്ങള്‍ മാറോടടുക്കി തീര്‍ത്തുകൊള്ളും.

ഇനി നടക്കാനുള്ള ദൂരമേയുള്ളൂ... പശ്ചിമഘട്ടത്തിന്‍റെ താഴ്വാരങ്ങളിലാണ് ഞാന്‍.... ഹൃദയത്തിലേക്ക് കുളിര്‍ തെന്നല്‍ കടന്നുവരുന്നുണ്ട്. കാടിന്‍റെ പ്രണയക്കുറിപ്പുപോലെ അവളെന്നെ ആവാഹിച്ച് ഉള്ളിലേക്കാനയിക്കുന്നു. ഞാന്‍ നടന്നു എല്ലാം മറന്ന്. ബിഥോവന്‍റെ സംഗീതംപോലെ കുണുങ്ങിയൊഴുകുന്ന കാട്ടരുവിയിലേക്ക് നഗ്നനായി ഞാനുല്ലസിച്ചു. മരങ്ങളെ നോക്കി കുരവയിട്ടു. എന്‍റെ ശബ്ദത്തിന്‍റെ പ്രതിധ്വനി എനിക്കായി ശ്രുതിചേര്‍ത്തു.

നദിയില്‍ നിന്ന് കൈക്കുമ്പിളില്‍ അമൃ‍തജലം കുടിച്ചു. ഇതുവരെ ലഭിക്കാത്ത ഒരു സുഖം.. മനസ്സിനും ശരീരത്തിനും.. പാറപ്പുറത്ത് മലര്‍ന്നു കിടന്നു... നീലാകാശം എന്‍റെ കണ്ണിലേക്ക് കുഞ്ഞുപുവുകള്‍ വിതറി. ഞാന്‍ കണ്ണുചിമ്മി. ഒരു കുഞ്ഞെന്നവണ്ണം മിഴികള്‍ അടച്ചു തുറന്നു രസിച്ചു. ഇതിനിടയ്ക്കെപ്പോഴോ ഒന്നു മയങ്ങി. കണ്ണുതുറന്നപ്പോള്‍ ചുറ്റും ഇരുട്ട് ആകാശത്ത് കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നു. യഥാര്‍ത്ഥത്തില്‍ അവ ഞെട്ടറ്റുപോയ ആത്മാക്കളായിരിക്കുമോ? എനിക്കു തന്നെ ചിരിവന്നു... പൊട്ടന്‍ ഇത്രയുമൊക്കെ ആയിട്ടും നക്ഷത്രങ്ങള്‍ എന്താണെന്നറിഞ്ഞ‍ിട്ടും....

ഹ....ഹ....ഹ...... ഞാനുറക്കെ ചിരിച്ചു..... വീണ്ടും വീണ്ടും..... ചീവീടുകളും... തവളയും മത്സരിച്ച് ചിരിച്ചു.... ഞാനും വിട്ടുകൊടുത്തില്ല ഉറക്കെയുറക്കെ.... ആകാശത്തെ നക്ഷത്രങ്ങള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു... കാട്ടുപക്ഷികള്‍ ഉണര്‍ന്നു ചിലയ്ക്കുന്നു. ചിറകടിയൊച്ച.... ഇണകളുടെ മറുകൂകലുകള്‍......

ചുറ്റുപാടുകള്‍ വ്യക്തമായിത്തുടങ്ങി.... ഒരു രാവു പുലര്‍ന്നിരിക്കുന്നു.  ഇനി ..... അരുവിയിലേക്കൊന്നിറങ്ങി മുഖം കഴുകി. ഒന്നു മുങ്ങി നിവര്‍ന്നു. നല്ല തണുപ്പുണ്ട് വെള്ളത്തിന്. പാറപ്പുറത്തുനിന്നും മുണ്ടെടുത്ത് ഉടുത്തു. കുപ്പായം തോള്‍സഞ്ചിയില്‍ തിരുകി... പതിയെ മലകയറി..... ഒരോ ഭാഗത്തും ഓരോ തരത്തിലുള്ള പക്ഷികളാണ്.. അവയുടെ ശ്ബ്ദവും വ്യത്യസ്തമാണ്... ഇതിനിടയിലെപ്പോഴോ വീട്ടിലേക്ക് മനസ്സൊന്ന് തിരിച്ചുപോയി.... അടുക്കളയിലെ തിക്കിത്തിരക്കില്‍.... അമ്മയുടെ കറുത്ത ഉണ്ണിയില്‍ മകന്‍റെ കൈത്തണ്ടയില്‍.... മകളുടെ സ്നേഹച്ചിരിയില്‍.... ഇങ്ങനെ.....

മനസ്സിനും ശരീരത്തിനും അല്പം വിശ്രമം വേണമെന്നെനിക്കു തോന്നി. പതിയെ ഒരു മരച്ചുവട്ടില്‍ ഞാനിരുന്നു. ചുറ്റും ചിതറിക്കിടക്കുന്ന മാമ്പഴത്തില്‍ നിന്നൊരെണ്ണം  ഞാന്‍ എടുത്തു ചപ്പി വലിച്ചു. നല്ല സ്വാദ് . കുട്ടിക്കാലത്ത് സ്കൂള്‍ വഴികളില്‍ തല്ലുപിടിച്ചു തിന്നുന്ന മാമ്പഴത്തിന്‍റെ സ്വാദ്. വഴിതെറ്റി മനസ്സ് കുഞ്ഞുനാളിലൂടെ ഒരോട്ട പ്രദക്ഷിണം. മാങ്ങയണ്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞു. ആ എറി മനസ്സിന്‍റെ കൗതുകമുണര്‍ത്തി. ഒന്നു കൂടി കുഞ്ഞായി, ചിതറിയ മാമ്പഴങ്ങള്‍ പെറുക്കി ആകാശത്തേക്ക് വലിച്ചെറിഞ്ഞു. വള്ളിപ്പടര്‍പ്പുകളിലും മരങ്ങളിലും തൂങ്ങിയും ചാഞ്ഞുറങ്ങിയും ഞാന്‍ മുകളിലെത്തി. താഴേക്ക് നോക്കി ഒന്നും കാണാനാകുന്നില്ല വെളുത്ത മേഘങ്ങള്‍ ചുരുളുകളായി എനിക്കു ചുറ്റും. അഗസ്ത്യപര്‍വ്വതത്തിന്‍റെ താഴ്വരകള്‍ അപ്പൂപ്പന്‍താടിപോലെ പറന്നിറങ്ങുന്നു. ഞാന്‍ തോള്‍ സഞ്ചി താഴേക്ക് വലിച്ചെറിഞ്ഞു. കമിഴ്ന്ന് സ്വശ്ചമായി കൂടത്തിന്‍റെ നെറുകയില്‍ ഞാന്‍കിടന്നു.

മഞ്ഞുപാളികള്‍ എന്നിലേക്ക് തണുവിറ്റിച്ചു. ഒന്നിനുമീതെ ഒന്നായി പുതപ്പിച്ച് അവരെന്നെ ഉറക്കി. ഞാന്‍ മയങ്ങിത്തുടങ്ങി മനസ്സാഗ്രഹിച്ച ഉറക്കത്തിലേക്ക്.. വഴുതിത്തുടങ്ങി. ആകാശത്ത് ചന്ദ്രബിംബം പൂര്‍ണ്ണസ്ഥിതിയിലായിരുന്നു. ചുറ്റും കാല്‍പെരുമാറ്റവും വെളിച്ചവും ഒന്നു നിവര്‍ന്നു നോക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. എന്നെ തൊട്ട വിരലുകള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ മകന്‍...

അച്ഛാ....

എന്‍റെ ശ്വാസഗതി... കുറഞ്ഞിരുന്നു..... അവനെന്നെ മടിയിലേക്കു കിടത്തി...

ആകാശത്ത് വട്ടക്കണ്ണട... അതിനിടയിലൂടെ നരച്ചരോമങ്ങള്‍ ചുറ്റിവളഞ്ഞ കറുത്തയുണ്ണി.... അവ്യക്തതയില്‍ അവയെന്നോട് സംസാരിക്കുന്നു...

നിന്‍റെയൊരു ദേശാടനം....

മുടികള്‍ കുറഞ്ഞ എന്‍റെ തലയില്‍ കൈവിരലുകള്‍ ഓടുന്നുണ്ടായിരുന്നു... ദൃഡമായ സ്നേഹത്തിന്‍റെ .... ഞാന്‍ പകര്‍ന്ന എന്‍റെ ജനിയുടെ.... ചെറിയ താളങ്ങള്‍.....