Sunday, 8 June 2014

ഒറ്റപ്പെടലുകള്‍

മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം മകന്‍റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ മാധവന്‍നായര്‍ക്ക് തിരികെ ഒന്നു മിണ്ടാന്‍കൂടി കഴിഞ്ഞില്ല. കണ്ണുകള്‍ തുളുമ്പി, ശബ്ദമിടറി.... കുറേ നിമിഷങ്ങള്‍.

ഒറ്റപ്പെടലിന്‍റെ തടവറകളില്‍ കുരുങ്ങിയിരുന്ന മനസ്സിലേക്ക് തന്‍റെ കുടുംബബന്ധങ്ങള്‍ തിരക്കിട്ട് തിരികെ വരുന്നതുപോലെ അയാള്‍ക്ക് തോന്നി.

അദ്ധ്യാപകരായിരുന്ന മാധവന്‍നായരും ഭാര്യയും ഇണപിരിയാത്ത ദമ്പതികളായിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പൊരിടവപ്പാതിയില്‍ സുമതി അയാളെ വിട്ടുവിരിയുമ്പോള്‍ ഗ്രാമത്തിലെ വലിയവീട്ടില്‍ അയാള്‍ ഒറ്റപ്പെടുകയായിരുന്നു. അതിനാലാണ് വൃദ്ധസദനം എന്ന ചിന്തയിലേക്ക് അയാളെക്കൊണ്ടെത്തിച്ചത്. മകനും അതിനെതിരൊന്നും പറഞ്ഞില്ല. കാരണം അതിനേക്കാള്‍ വലിയൊരു പരിഹാരം നിര്‍ദ്ദശിക്കാന്‍ അവനാവുമായിരുന്നില്ല. പട്ടണത്തിലെ കോണ്‍ക്രീറ്റുചുവരുകള്‍ക്കുള്ളില്‍ ചിലമണിക്കൂറുകള്‍ ഉറങ്ങിത്തീര്‍ക്കുകയല്ലാതെ വീടെന്ന സങ്കല്പത്തിന്‍റെ സുഖശീതളിമ അവനും അറിഞ്ഞിരുന്നില്ല.

ചിട്ടയായ ജീവിതതാളങ്ങള്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ച അദ്ധ്യാപകരായ അച്ഛനും അമ്മയും പഠനത്തിന്‍റേയും ജോലിയുടേയും ആവശ്യകത മനസ്സിലാക്കിതന്നപ്പോള്‍ ആ വഴിയിലൂടെ സഞ്ചരിച്ചു. തരക്കേടില്ലാത്ത ജോലി. ഉയര്‍ന്ന ശമ്പളം. തുല്യ നിലയിലുള്ള വിവാഹം. തിരക്കുകളായിരുന്നു, അവള്‍ക്കും. ജോലിസൗകര്യത്തിനുവേണ്ടി പട്ടണത്തിലെ ഫ്ലാറ്റിലേക്ക് കുടിയേറുമ്പോള്‍ നഷ്ടമായത്  കുടുംബത്തിന്‍റെ സ്വച്ഛതയും താളവുമായിരുന്നു. തിരക്കുകളുടെ പട്ടണജീവിതത്തില്‍ തന്‍റെ മക്കള്‍പോലും അവന് നഷ്ടപ്പെടുകയായിരുന്നു.

ബോര്‍ഡിംഗില്‍ നിന്നും വല്ലപ്പോഴും എത്തിപ്പെടുന്ന മക്കള്‍ കംപ്യൂട്ടര്‍ ഗെയിമിലും, സിനിമകളിലും, ഷോപ്പിംഗിലുമായി തിരക്കിട്ടു മാറുന്നു. ഒറ്റപ്പെടല്‍ അവനേയും കാര്‍ന്നുതിന്നുകയായി.

തിരക്കുകളില്‍നിന്നു് ഒന്നു മാറി നില്‍ക്കുക എന്ന ചിന്തയുടെ ഒടുവിലാണ് തന്‍റെ അച്ഛനെ ഫോണില്‍ വിളിക്കാന്‍ അവനെ പ്രേരിപ്പിച്ചത്. ഗ്രാമത്തിലേക്ക് ഒരു തിരിച്ചുപോക്ക്

മാധവന്‍നായര്‍ മകന്‍റെ മകന്‍റെ വരവ് ഒരു ആഘോഷമായിത്തന്നെ മനസ്സില്‍ സൂക്ഷിച്ചു. എങ്കിലും മകനെക്കുറിച്ചുള്ള ആശങ്ക അയാളെ അസ്വസ്ഥനാക്കി.

എന്തിനായിരിക്കും കിരണ്‍ തിരിച്ചുവരുന്നുവെന്നു പറഞ്ഞത്? ജോലിയില്‍ എന്തെങ്കിലും പ്രശ്നം. അതോ അവളുമായി..... പലപല ചിന്തകള്‍ അയാളുടെ മനസ്സിനെ കലുഷമാക്കി.

മരുമകളെ വിളിക്കാന് പലവട്ടം ഫോണ്‍ ഡയല്‍ ചെയ്തതാണ്, ‍. വേണ്ട, അവള്‍ക്കെപ്പോഴും തിരക്കാണ്. മനസ്സു കലക്കണ്ട. അവന്‍ വരികയല്ലേ.... വരട്ടെ,

ബുധനാഴ്ച രാവിലെ എത്തുമെന്നാണ് അവന്‍ പറഞ്ഞത്. തന്‍റെ വര്‍ണ്ണനകളില്‍ക്കൂടിയും അല്ലാതെയും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കെല്ലാം അവന്‍ സുപരിചിതനാണ്. കാരണം അവരില്‍ പലരും തന്നോടൊപ്പം ജോലിചെയ്തിരുന്ന അദ്ധ്യാപകരാണ്. ചിലര്‍ മക്കള്‍ ഭാരമായി തള്ളിയവരും. പാചകത്തിനായി രണ്ടു ചെറുപ്പക്കാരുണ്ട്, അത്ര ചെറുപ്പമല്ല. പിന്നെ ഒരു നഴ്സും. അവള്‍ കേള്‍ക്കണ്ട. പിന്നെ ഒരു ചിണുക്കമാണ്. ഈ വൃദ്ധരെപ്പോലെ അനാഥ. സുമതിയാണ് അവളെ വളര്‍ത്തിയത്.

അടുത്തുള്ള ഓര്‍ഫണേജിലേക്ക് പോകുക എന്നത് സുമതി ടീച്ചറുടെ ഒരു പതിവായിരുന്നു. മാസാദ്യം ശമ്പളം കിട്ടുമ്പോള്‍ ഒരു പങ്ക് അനാഥര്‍ക്ക് മാറ്റിവയ്ക്കുക എന്നത് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. മാധവന്‍നായരുടെ കൈയ്യില്‍നിന്നും ഒരുവിഹിതം വാങ്ങി അനാഥര്‍ക്ക് എല്ലാ മാസവും അവര്‍ സദ്യയൊരുക്കി. ആയിടയ്ക്കാണ് അനാഥാലയത്തില്‍ ഒരു പത്തുവയസ്സുകാരി എത്തിപ്പെട്ടത്. ക്രിസ്റ്റീനസിസ്റ്റര്‍ അവളെ പരിചയപ്പെടുത്തി - സോഫി, ആരോരുമില്ല, പഠിക്കണമെന്നാഗ്രഹമുണ്ട്. സുമതി അവളെ പഠിപ്പിച്ചു. തന്‍റെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് അവള്‍ ഈ വൃദ്ധരെ പരിചരിയ്ക്കുന്നു. വൃദ്ധസദനത്തിന്‍റെ ഇരുളടഞ്ഞ കോണുകളില്‍ ഒരു മാലാഖയെന്നവണ്ണം ശാസിച്ചും സ്നേഹിച്ചും കുറുമ്പുകാട്ടുയും കുസൃതിചിരിയോടെ അവള്‍. വിവാഹത്തിനോട് മുഖം തിരിച്ച് ഏപ്പോഴും ശുശ്രൂഷയുടെ നിലാവെട്ടങ്ങളില്‍ അവള്‍ മുഴുകുന്നു.

ഇന്ന് പേരില്ലാത്ത ഈ വൃദ്ധസദനത്തില്‍ മാധവന്‍നായരേക്കാള്‍ അവകാശവും അധികാരവും അവള്‍ക്കാണ്. അയാളും അതിന് മൗനാനുവാദം നല്‍കുന്നു എന്നുവേണം കരുതാന്‍. സനാഥരായ അനാഥര്‍, ഈ വൃദ്ധര്‍ മകളായി അവളെ അംഗീകരിക്കുന്നു.

മകന്‍റെ വരവ് മനസ്സിലിട്ട മാധവന്‍നായര്‍ക്കൊപ്പം എല്ലാവരും ചേര്‍ന്നു. അതൊരുത്സവമായി. കാത്തിരിപ്പിന്‍റെ സുഖം മനസ്സിലിട്ട്, പുലര്‍കാലെ ഉണര്‍ന്ന് പുതുവസ്ത്രങ്ങളണിഞ്ഞ് ഉമ്മറത്ത് നിരന്നു. ഏറെ നേരത്തെതന്നെ സോഫിയും ഉണര്‍ന്നിരുന്നു. അവള്‍ക്ക് എന്നത്തേതിലും സന്തോഷം ഉണ്ടായിരുന്നു. അവളുടെ മുറിയില്‍ നിന്നും മൂളിപ്പാട്ടിന്‍റെ അലകള്‍ ഉമ്മറത്തേയ്ക്ക് ഒഴുകിയെത്തി. അടുക്കളയില്‍ സദ്യവട്ടങ്ങള്‍ തയ്യാറാകുന്നു. ഇടയ്ക്കിടയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ സോഫിയുടേതയി എത്തുന്നുമുണ്ട്.

സുമതി കൂടിയുണ്ടായിരുന്നുവെങ്കിലെന്ന് മാധവന്‍നായരുടെ മനസ്സുകൊതിച്ചു. അയാല്‍ മുറ്റത്ത് തുളസിത്തറയിലേക്ക് നോക്കി. അവിടെ ഒരു വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. ഇപ്പോള്‍ ആരോ കൊളുത്തിയതാണ്. ഓ സോഫി. ഇവളെന്തേ ഇന്ന് വെളുപ്പിനേ അവിടെ തിരിതെളിച്ചത്. സുമതി പോയ ശേഷം വൈകുന്നേരങ്ങളില്‍ താനാണ് അവിടെ വിളക്ക് തെളിക്കാറ്. ഒരധ്യാപികയുടെ ചിട്ടവട്ടങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. എല്ലാം കൃത്യതയോടെ അടുക്കിവയ്ക്കുക എന്നത് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. വരിതെറ്റാതെ പത്രവും മാസികയും അടുക്കിവയ്ക്കുക, പാത്രങ്ങള്‍ കഴുകി വെയിലത്തുണക്കി വയ്ക്കുക, ചായപ്പൊടിയും മസാലയും കൃത്യസ്ഥാനങ്ങളില്‍ മുറതെറ്റാതെ വയ്ക്കുക, തുണികള്‍ അന്നന്ന് കഴുകി അടുക്കിവയ്ക്കുക ഇങ്ങനെ... സോഫിയും അങ്ങനെതന്നെയാണ്.

ഉമ്മറത്ത് കൊട്ടിയംപടിയുടെ വലതുവശത്തുകൂടി വാഹനങ്ങള്‍ക്ക് മുറ്റത്തേയ്ക്കു വരാനൊരു വഴിയുണ്ട്. സാധാരണ അങ്ങനെയാണ് അവന്‍ വരാറ്. മുറ്റത്ത് വണ്ടി പാര്‍ക്കുചെയ്യാന്‍ അപ്പോള്‍ സൗകര്യമുണ്ട്. അതിരാവിലെ അവനെത്തുമെന്നാണ് പറഞ്ഞത്. മാധവന്‍ നായര്‍ അസ്വസ്ഥനായി.

ഒന്നു വിളിച്ചാലോ?... അയാള്‍ക്ക് മനസ്സിനെ അടക്കാനായില്ല.. പലപ്രാവശ്യം ഫോണെടുക്കുകയും വയ്ക്കുകയും ചെയ്തു.. മറ്റുള്ളവരുടെ കണ്ണിലും ആ ആകാംഷ കാണാമായിരുന്നു. വിളിക്കരുതെന്നു പറഞ്ഞതുകൊണ്ട് വിളിക്കാനുമാകുന്നില്ല...

പുറത്തെ കൈവരിയില്‍ നിരനിരയായി ആ പിതൃമനസ്സുകള്‍ കാത്തിരുന്നു. മാധവന്‍നായര്‍ ചാരുകസാലയില്‍ മലര്‍ന്നുകിടന്നു.

ഒരു നിമിഷത്തിന്‍റെ നിശബ്ദതയില്‍ കൊട്ടിയാപടി തള്ളിത്തുറന്ന് കിരണെത്തി. നെടുനീളന്‍ജൂബ, ജീന്‍സിന്‍റെ പാന്‍റ്, തോളിലൊരു സഞ്ചി. മാധവന്‍നായര്‍ ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ചു. ചുറ്റുംകൂടി മന്ദഹസിക്കുന്ന വൃദ്ധരെ നോക്കി അവനും ചിരിച്ചു. തുളുമ്പുന്ന കണ്ണുകള്‍ തുടച്ച് മകനെ അവര്‍ എതിരേറ്റു. സോഫി ഓടിയെത്തിയെങ്കിലും അടുത്തേയ്ക്ക ചെന്നില്ല. തുളസിത്തറയിലെ ചെരാതില്‍ തിരി നേരെയാക്കുന്നപോലെ അവള്‍ നിന്ന് അവനെ ഒളികണ്ണിട്ടു.

നീയും ഇവിടെക്കൂടിയോ? കിരണിന്‍റെ ചോദ്യം അവളെ കളിയാക്കുന്നതുപോലെ പരിഭവിപ്പിച്ചു. എങ്കിലും ഒരു ചിരി സമ്മാനിച്ച് അവള്‍ തിരക്കി
ചേച്ചിയെവിടെ? മറുപടിയായി അവനൊന്നു ചിരിച്ചതേയുള്ളൂ..

നേരം വെളുത്തുതുടങ്ങിയതല്ലേയുള്ളൂ, ബസ്സുവരാറായില്ലല്ലോ, നീയെങ്ങനെവന്നു.  വണ്ടിയെടുത്തില്ലേ? മാധവന്‍നായരുടെ ചോദ്യത്തിന് ഓട്ടോയിലാണെന്ന ഉത്തരം തൃപ്തിയായിരുന്നുവെങ്കിലും ചില ആശങ്കകള്‍ അയാളെ അസ്വസ്ഥനാക്കി. ഇങ്ങനൊരു വരവ്...? പതിയെ ചോദിക്കാം...

സോഫി എല്ലാവര്‍ക്കും കട്ടന്‍കാപ്പി പകര്‍ന്നു. ഒരു നാളുമില്ലാത്ത ഒരു സന്തോഷം അവളില്‍ തുടിക്കുന്നത് കാണാമായിരുന്നു.

കിരണേട്ടന്‍റെ മുറി അടിച്ചു വാരിയിട്ടുണ്ട്. മുകളിലേയ്ക്ക പൊയ്ക്കോളൂ...

വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുറിയിലേക്ക് ഒരാള്‍ സ്വാഗതം ചെയ്തിരിക്കുന്നു. വല്ലപ്പോഴും വന്നുപോകുമ്പോള്‍ ആ മുറിയിലേക്ക് കയറാറില്ല. അമ്മ മരിച്ചപ്പോഴും സൗകര്യം കുറവായിരുന്നതിനാല്‍ ഉമയും താനും താഴത്തെ മുറിയിലാണ് തങ്ങിയത്. വിവാഹത്തിനുശേഷം ഒന്നോ രണ്ടോ ആഴ്ച മാത്രമാണ് അവിടെ ചിലവഴിച്ചത് ചില ഓര്‍മ്മകള്‍ അവനിലേക്ക് പറന്നെത്തി.

ജനാല തുറന്നിട്ട് അവന്‍ അകലേയ്ക്ക് നോക്കി. കാവില്‍ വിളക്ക് തെളിഞ്ഞിട്ടുണ്ട്, സൂര്യകിരണങ്ങള്‍ അവയുടെ പ്രഭ കുറച്ചിരിക്കുന്നു. ഒരു നനുത്ത ഗ്രാമസംഗീതം മനസ്സിലേക്കിരച്ചു കയറുന്നു. ഫ്ലാറ്റിന്‍റെ കോണ്‍ക്രീറ്റു ചുവരുകളില്ലാത്ത പ്രകൃതിയുടെ ദൃശ്യഭംഗി അയാളെ മത്തുപിടിപ്പിച്ചു.

തൊടിയിലെ കുളത്തില്‍ നല്ല തണുപ്പായിരിക്കും ഒന്നു മുങ്ങിക്കുളിച്ചാലോ? അവനൊരു കൊച്ചു കുഞ്ഞാവുകയായിരുന്നു. ജൂബയും ജീന്‍സും മാറ്റി ഒറ്റമുണ്ടെടുത്തു. അവനാതാണിഷ്ടം, മാധവന്‍ നായരെപ്പോലെ..., കറുത്ത ബോര്‍ഡറുള്ള ഖദര്‍മുണ്ട്. മുണ്ടെപ്പോഴും ഗ്രാമത്തിലേയ്ക്ക് അവന്‍റെ മനസ്സിനെ കൂട്ടിക്കൊണ്ടുവരാറുണ്ട്.

അടയ്ക്കാമരങ്ങള്‍ ഇടതൂര്‍ന്ന തൊടിയില്‍ അച്ചടിപ്പുല്ലുകള്‍ വളര്‍ന്നുകിടക്കുന്നു. കുളത്തിലേയ്ക്കുള്ള വഴി തെളിഞ്ഞിട്ടുണ്ട്. കുളത്തിലെ ജലം കുടിക്കാനൊഴികെ മറ്റെല്ലാറ്റിനും ഉപയോഗിക്കുന്നുണ്ട്. ആവശ്യമായ പച്ചക്കറികളെല്ലാംതന്നെ മാധവന്‍നായര്‍ കൃഷിചെയ്യുന്നുണ്ട്. പിന്നെ പശുവും ആടും, കോഴിയും താറാവുമെന്നുവേണ്ട... കൃഷി അദ്ദേഹത്തിനൊരു ഹരമാണ്.

മുന്‍പ് ഇവിടൊരു നായയുണ്ടായിരുന്നു. കൈസര്‍. അവന്‍റെ മരണം ദയനീയമായിരുന്നു രോഗം ബാധിച്ച് പിന്‍കാലുകള്‍ തളര്‍ന്ന് ഏകദേശം രണ്ടുവര്‍ഷം അവന്‍ മരണത്തോട് മല്ലടിച്ചു അവന്‍റെ മരണം മാധവന്‍നായരെ ഏറെ വിഷമിപ്പിച്ചു. അതിനുശേഷം നായയെ വളര്‍ത്താറില്ല.

കുളമെത്തി. പച്ചനിറത്തിലെ തണുപ്പിലേക്ക് ഊളിയിടുമ്പോള്‍ അവന്‍റെ മനസ്സിലേക്ക് കുട്ടിക്കാലം ഓടിയെത്തി. അമ്മയുടെ കൈതട്ടി കുളത്തിലേക്ക് എടുത്തുചാടുന്ന കുട്ടിക്കാലത്തിലേക്ക്. അവന്‍ പതിയെ കരയില്‍ക്കയറി കുളത്തിലേക്കൊരു കുതിപ്പ്- കുളത്തിലെ ജലം മുത്തുകള്‍ ചിതറിച്ച് അവനെ നെഞ്ചിലേറ്റി. എത്ര നേരമെന്നറിയില്ല.

കുളക്കരയിലെ ചിരികേട്ടാണ് അയാള്‍ ബാല്യത്തില്‍ നിന്നുണര്‍ന്നത്.

കൊച്ചുകുട്ടിയാണെന്നാ വിചാരം... മുതുക്കന്‍.. കേറിവാ... ഞാന്‍ തലതോര്‍ത്തിത്തരാം... പനി വന്നു കിടപ്പിലാകും കുട്ട്യേ...

അമ്മയുടേതുപോലുള്ള അവളുടെ ശാസന അവനനുസരിച്ചു. തലതോര്‍ത്തുമ്പോള്‍ അവള്‍ ചോദിച്ചു-  എന്തേ ഇപ്പോ തിരിച്ചുവരാന്‍ തോന്നി.

അവനൊന്നും പറഞ്ഞില്ല, തോര്‍ത്തു തിരിച്ചുവാങ്ങി പുറംതുടയ്ക്കുമ്പോള്‍ അവല്‍ തിരിഞ്ഞു നടന്നിരുന്നു.

പ്രാതലായിട്ടുണ്ട് പെട്ടെന്നു വാ...

ഇഢലിയും സാമ്പാറും തേങ്ങാചമ്മന്തിയും അവന് വലിയയ ഇഷ്ടമായിരുന്നു. തീന്‍മേശയിലേയ്ക്കെത്തുമ്പോള്‍ എല്ലാവരും അവനെക്കാത്തിരിക്കുകയായിരുന്നു.

നിനക്കെന്താ ഈ തണുപ്പില്‍ കുളത്തില്‍ കുളിക്കാന്‍ തോന്നിയത്..... രാസ്നാദി തിരുമിയോ?-- ഈ ചെറുക്കന്‍..

മാധവന്‍നായര്‍ എഴുന്നേറ്റു രാസ്നാദിയെടുത്ത് അവന്‍റെ തലയില്‍ത്തിരുമി.

കുഴപ്പമില്ലച്ഛാ.... പറഞ്ഞു തീരുന്നതിനുമുമ്പേ ഒരു തുമ്മല്‍ അതു തടഞ്ഞു. ഏല്ലാവരും ഒരുമിച്ചു ചിരിച്ചു.

ചെറുക്കന്‍റെ ഓരോ കുസൃതിയേ... നരവന്നുതുടങ്ങി എന്നിട്ടും... മാധവന്‍നായരും ചിരിയില്‍ പങ്കുചേര്‍ന്നു.

സോഫി എല്ലാവര്‍ക്കും പ്രാതല്‍ വിളമ്പി.

നീയും ഇരിക്കുമോളെ..
വേണ്ടച്ഛാ...
ഇരിക്കടീ പത്രാസുകാണിക്കാതെ - കിരണ്‍ പറഞ്ഞു, അവള്‍ ഇരുന്നു...

നീയെന്താ പെട്ടെന്ന് ഇങ്ങട്ട് പോന്നത്... അവിടെ...

ഒന്നുമില്ലച്ഛാ.. എന്തോ തന്‍റെ ഗ്രാമവിശുദ്ധിയില്‍ ശിഷ്ടകാലം ജീവിക്കണമെന്നൊരു കൊതി.

അപ്പോ ജോലി?

വേണ്ടാന്നു വച്ചു, ആവശ്യത്തിനു സമ്പാദ്യമൊക്കെയുണ്ടല്ലോ?

ഉമയോ?

അവള്‍ പോകുന്നുണ്ട്, ഞാന്‍ വരുന്നുവെന്നു പറഞ്ഞപ്പോള്‍ അവളെതിര്‍ത്തില്ല. ഹോസ്റ്റലിലേയ്ക്ക് മാറട്ടേന്ന് ചോദിച്ചതേയുള്ളൂ. അതാണ് അവള്‍ക്കും സൗകര്യം. ഫ്ലാറ്റിലാകുമ്പോള്‍ രാവിലെ എല്ലാം വച്ചുണ്ടാക്കണം. പിന്നെ തിരക്കോട് തിരക്ക്. ഫ്ലാറ്റ് പൂട്ടിയിട്ടിട്ടാ ഞാനിറങ്ങിയത്. വല്ലപ്പോഴും ഒന്നവിടേയക്ക് പോകണം. മക്കളൊക്കെ വെക്കേഷനേ വരൂ.. അപ്പോള്‍ അവള്‍ ഫ്ലാറ്റിലേക്കെത്തിക്കൊള്ളും.

മാധവന്‍നായര്‍ക്ക് സന്തോഷമായി. അയാള്‍ ഇഢലി മുറിച്ചെടുത്ത് ഒരു കുഞ്ഞിനെന്നപോലെ അവനു നേര്‍ക്കു നീട്ടി. അവനറിയാതെ വായതുറന്നു. കണ്ണമുനീരു ഉരുണ്ടുവരുന്നത് രണ്ടുപേരും മറച്ചു.

അപ്പോള്‍ കിരണേട്ടന്‍ ഇനിയിവിടുണ്ടാകുമോ? വിഷയം മാറ്റാനായി സോഫി ചോദിച്ചു. പക്ഷേ വശ്യമായൊരു സന്തോഷം അവളുടെ ഉള്ളില്‍ നിറയുന്നുണ്ടായിരുന്നു.

ഉം..

കൈകഴുകി ഉമ്മറത്തേക്കിറങ്ങി, അമ്മയുടെ മണംപേറി തുളസ്സിത്തറ. മനസ്സുകൊണ്ട് നമസ്കരിച്ച് ഒരു തുളസിയില പിച്ചി.

എന്താടാ നിനക്ക്.. -അമ്മ ചോദിക്കുന്നതുപോലെ

ഊ..ഉം... കണ്ണുകള്‍ നിറഞ്ഞുതുളുമ്പി

തോളിലെ കൈവിരലുകളില്‍ അയാള്‍ സ്പര്‍ശിച്ചു. സോഫിയാണ് അവളും കരയുന്നു...

ഒറ്റപ്പെടലുകള്‍ നീയറിയുന്നുണ്ടോ? ... ഞാനും..

2 comments:

Unknown said...

നന്നായിട്ടുണ്ട്..

grameenan said...

സ്നേഹം