Friday, 3 June 2016

രക്തബീജങ്ങള്‍


രാമേട്ടനെ കാണുമ്പോള്‍ അമ്മയ്ക്ക് വല്ലാത്തൊരുത്സാഹമാണ്. കണങ്കാലിനുമേല്‍ കയറ്റിക്കുത്തിയ ഒറ്റമുണ്ടിന്‍റെ ഒരു കോന്തലപിടിച്ച് രാമേട്ടന്‍ കടന്നുവരുമ്പോള്‍ അമ്മ ഓടി ഉമ്മറത്തെത്തും. വലിയ ഇറക്കമില്ലാത്ത ഖദര്‍ജൂബയയുടെ പോക്കറ്റില്‍ ഗാന്ധിത്തലയുള്ള നോട്ട് തെളിഞ്ഞുകാണാം. മുന്നോട്ടാഞ്ഞ് ഞാനും ഒരിക്കല്‍ രാമേട്ടനെ നോക്കാനൊരുങ്ങി. പക്ഷേ അമ്മ ഇടതുകൈകൊണ്ട് പിന്നിലേക്കെന്നെ ഒളിപ്പിച്ചു. രാമേട്ടനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ് ആ ഇഷ്ടം എന്നിലേക്കും കടന്നുകൂടിയ നാളില്‍ ഒരു ദിവസം എന്നെ ഉറക്കിക്കിടത്തിയിട്ട് അമ്മ പുറത്തേക്കിറങ്ങി. വാതിലിന്‍റെ ഞരക്കമോ സ്വപ്നമോ എന്തോ ഉറക്കത്തില്‍നിന്നെന്നെയുണര്‍ത്തി. കട്ടിലിന്‍റെ കാല് വശം ചേര്‍ന്ന് പതിയ ഞാനിഴഞ്ഞിറങ്ങി. ഞങ്ങളുടെ വീടിന്‍റെ തെക്കേ മുറിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാപ്പീസിലേയ്ക്ക് കതകു തള്ളിത്തുറന്ന് കയറുന്ന അമ്മയ്ക്കുപിന്നാലെ കരഞ്ഞുകൊണ്ട് ഞാനോടിച്ചെന്നു.
അയ്യയ്യാ... എന്നടാ ഇത്.. പിള്ള കേഴണല്ലാ ചെല്ലം....
എന്നെ വാരിയെടുത്ത് രാമേട്ടന്‍ കൊഞ്ചിച്ചു... ഞാന്‍ രാമേട്ടന്‍റെ മുഖത്തേക്കു നോക്കി. മീശയിലും പറ്റെവെട്ടിയ താടിയിലും അങ്ങിങ്ങ് നരകയറിയ വെളുത്ത മുഖം. വാത്സല്യവും പുഞ്ചിരിയും ആവോളം നിറച്ചുവച്ചിരിക്കുന്ന ആ മുഖത്ത് ഞാനെന്‍റെ കുഞ്ഞുവിരലുകള്‍കൊണ്ട് തലോടി.
അയ്യാട ചെല്ലം..., കണ്ണട വീണുപോകുമേ...
എന്‍റെ കൈതട്ടി താഴേയ്ക്കിളകിത്തൂങ്ങിയ കണ്ണട പെട്ടന്ന് തോളുകാണ്ടു തടുത്ത് രാമേട്ടന്‍ എന്നെ താഴെനിറുത്തി. എന്നിട്ട് പോക്കറ്റില്‍നിന്ന് ഒരു ചുവന്ന നോട്ടെടുത്ത് എനിക്കുനേരെ നീട്ടി.
ഞാന്‍‌ നോട്ടിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി... വാങ്ങിക്കോളാന്‍ കണ്ണുകൊണ്ട് ആംഗ്യംകാട്ടി അമ്മ ചിരിച്ചു...
ഒറ്റക്കാലില്‍ നാണംകുണുങ്ങി നോട്ടു വാങ്ങുമ്പോള്‍ അയാളെന്‍റെ കൈയ്യില്‍ ഒരു മുത്തം തരാനും മറന്നില്ല.
പിള്ളെയ്ക്കെന്താ പേരു വച്ചിരിക്കണത്...
അങ്ങനെയൊന്നുമില്ല... രാമേട്ടന്‍ ശൊന്നാ പോതും.. ഐച്വര്യ ലച്മി എന്നാകും ഊരമ്പെട്ടും അവളെ വിളിക്കണത്..
എന്‍റെ മുഖം തുടുത്തു.. എനിക്ക് വളരെ ഇഷ്ടാണ് ആ പേര്... ഫ്രോക്കില്‍ ചന്തത്തിന് തൂക്കിയിട്ടിരുന്ന വള്ളിയില്‍ നോട്ട് മടക്കി കുരുക്കി ഞാന്‍ ചിരിച്ചു.
പിറ്റേന്ന് ഉണരുമ്പോള്‍ അമ്മയുടെ വെളുത്തകവിള്‍തടത്തില്‍ ചുവന്നു നീലിച്ച വിരല്‍പ്പാടുകള്‍. എന്‍റെ കൈയില്‍ രാമേട്ടന്‍ തന്ന നോട്ട് കണ്ണുനീര്‍വീണ് കുതിര്‍ന്നിരിക്കുന്നു.
രാമേട്ടനും അമ്മയും തമ്മിലുള്ള ബന്ധം ഞാനറിഞ്ഞുതുടങ്ങുമ്പോഴേക്കും ബറ്റിക്കോട്ട് ഇറുക്കിത്തച്ച് എന്‍റെ നെഞ്ചിന്‍കൂമ്പാരത്തെ അമ്മെ പിന്നിലെക്ക് മറച്ചുവയ്ക്കാന്‍ ഏറെ പ്രയാസപ്പെട്ടുതുടങ്ങിയിരുന്നു.
രാമേട്ടന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉരള്‍പ്പുരയിലോ, അപ്പൂപ്പന്‍റെ കിടക്കയ്ക്കരികിലോ എന്നെ ഒളിപ്പിച്ച് ഉച്ചത്തില്‍ നാമം ജപിച്ച് വിളക്ക്കൊളുത്തി അമ്മ ഉമ്മറത്തേയ്ക്ക് വരും. പിന്നെ എല്ലാരും പറേണതുപോലെ രാമേട്ടന്‍ പാര്‍ട്ടിയാപ്പീസ്സീന്ന് പോകണവരെ..,
ഞാന്‍ വയസറിയിച്ച നാളില്‍ അമ്മ എന്നോട് പറഞ്ഞു... നീ ഇന്ന് ചത്തുപോയിരുന്നുവെങ്കില്‍ ഞാനിതിലേറെ സന്തോഷിച്ചേനെ...
സ്കൂളില്‍ വയസ്സറിയിച്ച കൂട്ടുകാരികള്‍ പട്ടുപാവാടയും ജിമിക്കിയും മറ്റുമിട്ടു വരുമ്പോള്‍ ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ അമ്മ....
കവിള്‍ത്തടത്തിലൂടെ ഇഴഞ്ഞിറങ്ങിയ നീര്‍ത്തുള്ളികളുടെ വേഗം വര്‍ദ്ധിപ്പിച്ച് വയറിനുള്ളില്‍നിന്നൊരു കാന്തല്‍.. അമ്മ മടക്കി ഒതുക്കത്തില്‍ തിരുകിവച്ചുതന്ന തുണിപ്പാഡിനരികിലൂടെ കറുത്ത രക്തത്തുള്ളികള്‍ തുടയിലൊട്ടിപ്പിടിച്ചു. ഉരല്‍പുരയിലെ തണുത്തതറയില്‍ എന്നെ ചേര്‍ത്തുപിടിച്ച് അമ്മ തേങ്ങി.. ആ തേങ്ങലിന്‍റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. എങ്കിലും ഇടറിയ സ്വരത്തില്‍ അമ്മ എന്‍റെ കാതില്‍ മന്ത്രിച്ചത് ഒരു വെള്ളിടിപോലെ എന്നെ നോവിച്ചുപോയി..
''രാമേട്ടന്‍ നിന്‍റെ അച്ഛനാണ്. പക്ഷേ അയാളറിയരുത് നീ വയസറിയിച്ചുവെന്ന്... നീയറിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍റെ മുഖത്തിനുമപ്പുറത്ത് നീയറിയാത്ത ഒരു മുഖമുണ്ടയാള്‍ക്ക് ...... അതറിയുന്നത് ..... ഞാന്‍.... ഞാന്‍.... മാത്രമാണ്."
സ്കൂളിലേയ്ക്കുള്ള വഴിയിടങ്ങളില്‍ ഞാന്‍ രാമേട്ടനെ പരതി. അമ്മ പറഞ്ഞ അച്ഛനെന്ന ആ മുഖത്തിനുവേണ്ടി....
എനിക്ക് അയാളോടുള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.. ഇത്രയുംനാള്‍ പലരും അടക്കംപറഞ്ഞിരുന്ന തന്‍റെ പിതൃത്വത്തെ അമ്മ വെളിപ്പെടുത്തിയപ്പോള്‍ അതംഗീകരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ഞാന്‍ ആശിച്ചു.
ചിലപ്പോള്‍ അമ്മ പറയുന്നതിനുമപ്പുറം അച്ഛന്‍ എന്നെ സ്വീകരിച്ചാലോ... പലതുമാലോചിച്ച് വീടിന്‍റെ ഉമ്മറത്തേക്കുകയറുമ്പോള്‍ പാര്‍ട്ടിയാപ്പീസിനുമുന്നില്‍ അതാ രാമേട്ടന്‍.
പിള്ളേ... നിന്‍റെ അമ്മ എവിടെപ്പോയി, ഒരു നല്ല ചായ വേണമായിരുന്നു... നിനക്ക് ചമയ്ക്കാനറിയുമോ...
ഇല്ലെന്നാണോ അറിയുമെന്നാണോ തലകുലുക്കിയതെന്നറിയില്ല.
അടുക്കളയില്‍ കയറി ചായയുണ്ടാക്കി പാര്‍ട്ടിയാപ്പീസിലേക്ക് ചെല്ലുമ്പോള്‍ അച്ഛാ എന്നൊന്നു പതുക്കെ വിളിക്കണമെന്ന് ഞാനുറപ്പിച്ചിരുന്നു.
ചായ മേശപ്പുറത്തുവച്ച് തിരിഞ്ഞുനടക്കുന്നതിനിടയില്‍ ഞാനയാളെ നോക്കി പതിയ ചുണ്ടു ചലിപ്പിച്ചു....
അച്ഛാ...
പത്രത്താളില്‍ നിന്ന് മുഖമുയര്‍ത്തി അയാളെന്നെ രൂക്ഷമായൊന്നു നോക്കി. പിന്നെ ചിരിച്ചു...
ഒരോട്ടത്തില്‍ അപ്പൂപ്പന്‍റടുത്ത് ചെന്ന് കിതച്ചിരുന്നു. ഒരു ശ്വാസം മാത്രം അവശേഷിക്കുന്ന ആ ഉടലില്‍ ആകാംക്ഷയുടെ കണ്ണുകള്‍ തിളങ്ങുന്നത് എനിക്കു കാണാമായിരുന്നു.
പിറ്റേന്ന് സ്കൂളിലേക്ക് പോകാനിറങ്ങുമ്പോള്‍ ചോറ്റുപാത്രം നീട്ടിയ അമ്മയുടെ കവിളത്ത് നീലിച്ച വിരല്‍പ്പാടുകള്‍ പണ്ടത്തേതിന്‍റെ ഓര്‍മ്മപുതുക്കലായി വീണ്ടും തിണര്‍ത്തുപൊന്തിനില്ക്കുന്നത് ഞാനറിഞ്ഞു.
എന്‍റെ മിഴിയറിയാതെ ഒന്നോ രണ്ടോ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ട് നെഞ്ചിനെ പൊള്ളിച്ചു.
അവശേഷിച്ചിരുന്ന ശ്വാസഗതികൂടി ഉപേക്ഷിച്ച് അപ്പൂപ്പന്‍ പോയി.. രാമേട്ടനായിരുന്നു എല്ലാ കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കിയത്... പിള്ളേ എന്നു വിളിക്കുമ്പോള്‍ ഒരച്ഛനില്‍ നിന്നുള്ള വിളിയായി ഞാനേറെ അതിനെ അസ്വദിച്ചു... ആ വിളിക്കെന്നോണം പല അവസരങ്ങളും ഞാന്‍തന്നെ സൃഷ്ടിച്ചുകൊണ്ടുമിരുന്നു.
അമ്മയില്ലാത്ത അവസരങ്ങളില്‍ ആവശ്യപ്പെടാതെതന്നെ ചായയുമായി പാര്‍ട്ടിയാപ്പീസിലേക്കു ഞാന്‍ പലതവണ കടന്നുചെന്നു. അപ്പോഴൊക്കെയും അച്ഛായെന്നു വിളിക്കാനും ഞാന്‍ മറന്നില്ല. അമ്മയുടെ കവിളില്‍ ഒരു തവണകൂടി ആ അടി പതിയുമോ എന്നെനിക്കറിയണമായിരുന്നു. പക്ഷേ ഒരിക്കല്‍പോലും അതാവര്‍ത്തിച്ചില്ല. പകരം കല്ലിടംപോലെയുള്ള ഉള്ളത്തില്‍ അല്പാല്‍പം വിള്ളല്‍ വീഴുന്നത് ഞാനറിഞ്ഞു.
പാര്‍ട്ടിയിലും എവിടെയൊക്കെയോ രാമേട്ടന് ശത്രുക്കള്‍ മുളച്ചുതുടങ്ങി. നരയ്ക്കൊപ്പം തിമിരവും കണ്ണുകളിലേക്ക് പടര്‍ന്നിറങ്ങി. പലപ്പോഴും വളരെ പ്രക്ഷുബ്ധനായി രാമേട്ടന്‍ പാര്‍ട്ടീയാപ്പീസിനുള്ളില്‍ തലങ്ങും വിലങ്ങും നടന്നു.
തുലാവര്‍ഷം പെയ്തിറങ്ങിയ ഒരു രാവില്‍ ജനലഴികളില്‍ പിടിച്ച് മഴകാണുകയായിരുന്നു ഞാന്‍. ആരോ രണ്ടുപേര്‍ പാര്‍ട്ടിയാപ്പീസിലേക്ക് ഓടിക്കയറി. പലതും മറിച്ചിടുന്ന ശബ്ദം. അമ്മയെയുണര്‍ത്തി ഞാനങ്ങോട്ടേയ്ക്കയയ്ച്ചു. അമ്മയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ഞാനോടിച്ചെന്നത്. തലങ്ങും വിലങ്ങും വെട്ടുകൊണ്ട് രാമേട്ടന്‍ പിടയ്ക്കുന്നത് പാര്‍ട്ടിയാപ്പീസിന്‍റെ കോണില്‍ കത്തിക്കയറുന്ന പുസ്തകങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അമ്മയെവിടെയെന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഉടല്‍വേര്‍പെട്ട അമ്മയുടെ ശിരസ്സ്.... കണ്ണുകളില്‍ ഇരുട്ടുകയറി പിന്നെനിക്കൊന്നുമോര്‍മ്മയുണ്ടായില്ല.....
കണ്ണുതുറക്കുമ്പോള്‍ ചുറ്റുമാരൊക്കയോ നില്‍ക്കുന്നതായി ഒരു അവ്യക്തകാഴ്ച... ക്രമേണ അതൊരു ആശുപത്രിയാണെന്ന് എനിക്കു മനസ്സിലായി.
ഡോക്ടര്‍‍... ഈ കുട്ടി കണ്ണു തുറന്നു...
അതൊരശരീരിപോലെ.. പുറത്തേക്കൊഴുകിപ്പോകുന്നതും, ഒരിരമ്പല്‍ തന്‍റടുത്തേക്ക് പാഞ്ഞുവരുന്നതും ഞാനറിഞ്ഞു... ഫ്ലാഷും ചോദ്യങ്ങളും പലവുരു എന്‍റെ മുഖത്തേയ്ക്ക് പതിഞ്ഞുകൊണ്ടിരുന്നു. ഞാനേറെ നിശബ്ദയായി പതിയെ കണ്ണുകളടച്ച് മയക്കത്തിലേക്കുവീണു.
പിന്നെ കണ്ണുതുറക്കുമ്പോള്‍ എനിക്കുചുറ്റും പോലീസുണ്ടായിരുന്നു. അവര്‍ എന്തൊക്കയോ ചോദിച്ചു. എനിക്കൊന്നുമോര്‍മ്മയുണ്ടായില്ല. മറുപടിപറയാനും കഴിഞ്ഞില്ല.
പെട്ടെന്നേതോ ചോദ്യത്തില്‍ അമ്മയെന്ന വാക്ക് എന്നിലേക്കു തറഞ്ഞു കയറി... വായിലൂടെ നുരവന്നു.. കണ്ണുകള്‍ ഇരുണ്ടു...
ആഴ്ചകള്‍ക്കുശേഷം ഓര്‍മ്മ കണ്ണുകളെയുണര്‍ത്തുമ്പോള്‍ ചുറ്റും ശാന്തമായിരുന്നു. ദൂരെ വാതില്‍ക്കല്‍ അവ്യക്തമായി ഒരു കാക്കി ഞാന്‍ തിരിച്ചറിഞ്ഞു. അടുത്തിരുന്ന് മയങ്ങുന്ന നേഴ്സ് എന്‍റെ കൈ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഞാനൊന്നു ഞരങ്ങിയപ്പോള്‍ അവളുണര്‍ന്നു. എന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ വിളിച്ചു ,
കുഞ്ഞേ...
രാമേട്ടന്‍ മരിച്ചിട്ടില്ലായെന്നും, അമ്മയുടെ അടക്കം കഴിഞ്ഞുവെന്നും  ഞാനിവിടെ ഈ കിടക്കയിലെത്തീട്ട് മൂന്നുമാസംവരെയായീന്നും... പിന്നെ... പിന്നെ.. ഞാന്‍... അക്രമികളാല്‍ .. പലതവണ.... പിച്ചിയെറിപ്പെട്ടെന്നുമൊക്കെ
വയസ്സറിയിച്ചനാള്‍ അമ്മ പറഞ്ഞത് ഇപ്പോഴും തന്‍റെ കാതില്‍ മുഴങ്ങുന്നതുപോലെ....
നേരം വെളുത്തപ്പോള്‍ ചോദ്യങ്ങള്‍, വിരലൊപ്പുവാങ്ങല്‍, അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ക്യാമറകള്‍ പലതവണ എന്നെ കവര്‍ന്നെടുത്ത് വീണ്ടും വിറങ്ങലിപ്പിച്ചു. ആദ്യമായി എനിക്കെന്‍റെയുടലിനോട് പുച്ഛം തോന്നി.....
ഐശ്വര്യ ലക്ഷ്മി......
പത്രങ്ങളും സമൂഹവും പുതിയ വാര്‍ത്തകള്‍തേടിപ്പോയി, രാമേട്ടന്‍ അപ്പൂപ്പന്‍റെ കിടക്കയില്‍ ഇടംതേടി... ഒറ്റയ്ക്ക് എഴുന്നേറ്റിരിക്കും... നടക്കാന്‍ ആരുടെയെങ്കിലും സഹായം വേണം... ഇടയ്ക്ക് പാര്‍ട്ടിക്കാരില്‍ ചിലരെത്തും... പാര്‍ട്ടി പിരിച്ചുതന്ന ഫണ്ട് രാമേട്ടന്‍ എന്‍റെ കൈയ്യിലേല്പിച്ചു.
പിള്ളേ..., ഞാന്‍ തിരിഞ്ഞുനിന്നു. ദൈന്യതപേറുന്ന കണ്ണുകളില്‍ വാത്സല്യം തുളുമ്പുന്നത് എനിക്കു കാണാമായിരുന്നു.
ഞാനടുത്തേക്ക് നീങ്ങി നിന്നു. ഇടതുകൈകൊണ്ട് എന്നെ ചേര്‍ത്ത് അദ്യമായി രാമേട്ടന്‍ വിളിച്ചു...
എന്‍റെ മോളേ....
അച്ഛാ.. ഞാന്‍ വിതുമ്പിപ്പോയി...
അടുക്കളയില്‍ അരിക്കലത്തില്‍ നോട്ടിന്‍റെ പൊതി വച്ച് തിരിയുമ്പോള്‍ ... വായില്‍ നുരനിറയുമ്പോലെ... പിന്നെ അതോരോക്കാനമായി.... പുറത്തേയ്ക്കോടി.... ഛര്‍ദ്ദിച്ചു.. തലചുറ്റുന്നു.. തൂണുപിടിച്ച് പതിയെ കൈവരിചാരിയിരുന്നു.
വിരലുകള്‍ അടിവയറിലേക്കിഴഞ്ഞിറങ്ങി... അവള്‍ക്കു മനസ്സിലായി...... ഉറക്കെ നിലവിളിച്ച് എഴുന്നേറ്റോടി... രാമേട്ടന്‍റെ കാല്‍ക്കലേയ്ക്ക് കുഴഞ്ഞുവീണു.
ഉണരുമ്പോള്‍ ചുണ്ടുകടിച്ചമര്‍ത്തിയിരിക്കുന്ന രാമേട്ടനെന്ന അച്ഛന്‍റെ നിസ്സഹായാവസ്ഥയില്‍ ഞാനുരുകിപ്പോയി.
കതകുതുറക്കാതെ വെളിയിലേക്കിറങ്ങാതെ അച്ഛന്‍റെ പാര്‍ട്ടിക്കാരെത്തിക്കുന്ന ഭക്ഷണത്തിന്‍റെ പങ്കുപറ്റി ഉരല്‍പ്പുരയിലെ തണുത്തത്തറയില്‍ തേങ്ങിയമര്‍ന്നു.
വീര്‍ത്ത വയറിലെ ഞരക്കങ്ങള്‍ വേദനയായി തുടയെല്ലുകളെ വരിഞ്ഞുമുറുക്കി.. പുറത്തേയ്ക്ക് തള്ളിവരാനൊരുങ്ങുന്ന വിധിയുടെ ഞരക്കങ്ങള്‍ ചുണ്ടുകളില്‍ പ്രാണവേദനയായി.... സകല അസ്ഥികളും തകരുമാറൊരുവേദന സമ്മാനിച്ച് അതു പുറത്തുവന്നു. അരയ്ക്കുമുകളിലേയ്ക്കു പടര്‍ന്നുകയറുന്ന രക്തനനവിലേയ്ക്ക് വിരലോടിച്ച് ഞാനതിനെ വാരിയെടുത്തു.
അവ്യക്തമായ കാഴ്ച സമ്മാനിക്കുന്ന ആ വേദനയിലും ഏറെ ഗൗരവമോടെ സൂക്ഷ്മതയോടെ കുഞ്ഞിനെ നോക്കി..
ഹൊ... പെണ്ണ്.. വീണ്ടുമൊരൈശ്വര്യ ലച്മി..... എന്‍റെ വിറയാര്‍ന്ന ശരീരത്തില്‍നിന്നൊരു മുരള്‍ച്ചപോലെ അത് ഉരല്‍പ്പുരയിലാകെ മുഴങ്ങി.
കുഞ്ഞ് കരയുന്നു.. വിരലറിയാതെ മുലഞെട്ടുപുറത്തെടുത്ത് കുഞ്ഞിനെ നെഞ്ചോരം ചേര്‍ത്തു......
പെട്ടെന്നെന്തോ ഓര്‍ത്തപോലെ കരഞ്ഞ കുഞ്ഞിന്‍റെ വായ്പൊത്തിപ്പിടിച്ച് ഒരു നിമിഷത്തേയ്ക്ക് മൗനമായി.
വേണ്ട..... വേണ്ട ... ത്രസിച്ച മുലഞെട്ടിലേക്കും കരയുന്ന കുഞ്ഞിലേക്കും മാറിമാറി നോക്കി...
കൈവിരലുകള്‍ ഉരല്‍പ്പുരയിലെവിടെയോ കിടന്ന വാക്കത്തി തേടിപ്പിടിച്ചു...
പാല്‍ത്തുള്ളികള്‍ വീര്‍പ്പുമുട്ടിയ മുലഞെട്ടിലൊന്നിനെ ഛേദിച്ചു..
പ്രാണനുരുകിയൊലിക്കുന്നതുപൊലെ അസഹനീയ വേദനയില്‍ കരയുന്ന കുഞ്ഞിനെ മുറിവായിലേയ്ക്ക് ചേര്‍ത്തുപിടിച്ചു.
കുഞ്ഞുവായ് നിറഞ്ഞ് രക്തം മടിയിലേക്കൊലിച്ചിറങ്ങി. ശ്വാസഗതിതെറ്റിയ കുഞ്ഞൊന്നു പിടഞ്ഞു....
നക്ഷത്രങ്ങളുടെ തിളക്കമാര്‍ന്ന കുഞ്ഞുകണ്ണുകളെ പതിയെ വിരല്‍കൊണ്ട് മൂടി ഞാനട്ടഹസിച്ചു... അതൊരു മുഴക്കമായി... ഞരക്കമായി തണുത്തുറങ്ങി....
ഉരല്‍പ്പുരനിറയെ ഞാനെന്ന ഐശ്വര്യ ലക്ഷ്മിയുടെ രക്തബീജങ്ങള്‍ കളമെഴുതിക്കൊണ്ടേയിരുന്നു.

Thursday, 16 July 2015

കുഞ്ഞൂട്ടന്‍


കുഞ്ഞൂട്ടന്‍ വളര്‍ന്ന് ഒരു വലിയ പാമ്പാകുമെന്ന് ഞാനപ്പോള്‍ നീരിച്ചില്ല. ചേനത്തടത്തിലെ കരിയിലകള്‍ക്കടിയിലെ മണ്‍കട്ട ഇളക്കിയപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. ഇത്തിരിപോന്ന ഒരു പാമ്പിന്‍കുഞ്ഞ്. പുറത്ത് ചിത്രപണികളോടുകൂടിയ ആ കുഞ്ഞുദേഹത്തിനെ ഉപദ്രവിക്കാന്‍ തോന്നിയില്ല. മണ്‍വെട്ടികൊണ്ട് കോരി ഇച്ചിരി അപ്പുറത്തേയ്ക്കിട്ടു. അവന്‍ നിവര്‍ന്ന് കരിയിലകള്‍ക്കിടയില്‍ മറഞ്ഞു. ചേന വളര്‍ന്നു കുടനിവര്‍ത്തി.. പിന്നെ പലപ്പോഴും പലയിടത്തും ഞാനവനെ കാണാറുണ്ട്. ചിലപ്പോള്‍ ഇഴഞ്ഞുനീങ്ങുന്ന അവനെ വെറുതെ ഇത്തിരി നേരം നോക്കി നില്‍ക്കാറുമുണ്ട്. അവനെനിക്കോ ഞാനവനോ ഒരു ശല്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.

പറമ്പില്‍ വാഴയ്ക്കോ ചേമ്പിനോ തടമെടുത്തുനില്‍ക്കുമ്പോള്‍ അപ്പുവും മാളുവും ദാഹശമിനികളുമായി വരും. പലപ്പോഴും സംഭാരമാണ് കൊണ്ടുവരിക. ഒരുദിവസം മാളു പുറുത്തിമുള്ളുകള്‍ക്കിടയില്‍ച്ചൂണ്ടിചോദിച്ചു.
അച്ഛാ അതെന്താ...
കുഞ്ഞൂട്ടന്‍ തോലുരിച്ചു തൂക്കിയിരിക്കുകയാണ്.. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു... കുഞ്ഞൂട്ടനോ അതാരാ..
ങാ.. ഇവിടൊരു വിരുതനുണ്ട്... ഒരു കുഞ്ഞു പാമ്പ്... അവനാ...
പാമ്പോ...
ഉം..
അവള്‍ക്കതതിശയമായിരുന്നു.
വെയിലും മഴയും പലവുരു വന്നുപോയി കുഞ്ഞൂട്ടന്‍ ഉരിച്ചുതൂക്കിയ തോലിന് നീളവും വ്യാപ്തിയും വര്‍ദ്ധിച്ചു.

മാളുവിന്‍റെ വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് അയലത്തെ ശാരദേച്ചിയുടെ നിലവിളികേട്ട് അങ്ങോട്ടോടിച്ചെന്നു. ഒരു കുഞ്ഞു പാമ്പിനെ തല്ലിക്കൊന്ന് അവളുടെ മകന്‍ കമ്പില്‍ പൊക്കിക്കാണിച്ചു..

മാമാ.. ഒന്നൂല്യ... ഈ അമ്മ വെറുതെ ബഹളം വച്ചതാ.... ഈ ഞാഞ്ഞൂലിനെ കണ്ടിട്ട്...
പിന്നെ ചുറ്റുവട്ടത്ത് പലപ്പോഴായി പലരും കുഞ്ഞുകുഞ്ഞുപാമ്പുകളെ തല്ലിക്കൊന്നു. ഒന്നോ രണ്ടോ പേര്‍ക്ക് കടി കിട്ടിയെന്നും പറഞ്ഞു കേട്ടു. ചിലര്‍ ആയില്യത്തിന് നേര്‍ച്ചകള്‍ നേര്‍ന്നു.

അടുക്കളഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടുമൂന്നെണ്ണത്തിനെ അടുപ്പിച്ച് കണ്ടപ്പോള്‍ മാളുവിന്‍റെ ഭര്‍ത്താവ് അതിലൊന്നിനെ തല്ലിക്കൊന്നിരുന്നു. രണ്ടെണ്ണം കല്ലിടുക്കിലേക്ക് കയറിപ്പോയി.

മാളു പ്രസവിച്ചു ആണ്‍കുഞ്ഞ്. ആദിത്യന്‍ - പേര് നിര്‍ദ്ദേശിച്ചത് ഞാനാണ്. അപ്പൂപ്പനെ എല്ലാവരും അനുകൂലിച്ചു. അവന്‍റെ കുസൃതികള്‍ എന്‍റെ പ്രായത്തിനെ രസിപ്പിക്കുന്നതുകൊണ്ടാകണം പിറന്നാളുകള്‍ അടുപ്പിച്ചടുപ്പിച്ച് വരുന്നെന്ന് എനിക്ക് തോന്നിയത്. ആദിയ്ക്ക് വയസ്സ് മൂന്നായി. പറമ്പിലെ ഒരു കോണില്‍ മാളുവിനൊരു വീടുവയ്ക്കണമെന്ന് ഞാന്‍ ഭഗീരഥിയോട് പറഞ്ഞു. അവള്‍ക്കും അതിഷ്ടായി.

കിഴക്കേത്തറ വൃത്തിയാക്കണം, അവിടെയാകുമ്പോള്‍ നല്ല വെളിച്ചവും കാറ്റും കിട്ടും.  കുട്ടനോടു പറഞ്ഞാല്‍ അവന്‍ നല്ലൊരു പ്ലാന്‍ തയ്യാറാക്കും.. അവനാകുമ്പോ അവളുടെ മനസ്സറിഞ്ഞ് തയ്യാറാക്കുമല്ലോ. മാളുവിനും അത് സമ്മതമായി.

കേശവനും രണ്ടുമൂന്ന് പണിക്കാരും കാടുവെട്ടിത്തുടങ്ങി.
ചേട്ടോയ്... ദേ.. ഇത്രടം വന്നേ... ഇവിടൊരുഗ്രന്‍ സാധനമുണ്ട്... ഒരു മുട്ടന്‍ പടംവിരിച്ചിട്ടിരിക്കുന്നു..
ഞാനങ്ങോട്ട് ചെന്നു. ഒരു വലിയ പാമ്പിന്‍പടം പൊഴിച്ച് തൂക്കിയിരിക്കുന്നു. മനസ്സറിയാതെ പറഞ്ഞു കുഞ്ഞൂട്ടന്‍...

പുറുത്തിക്കാട് പറച്ച് കേശവന്‍ വലിയൊരു മാളം കണ്ടെത്തി. പിന്നെ പുകയായി.. വെളുത്തുള്ളി ചതച്ചിടലായി.. വര കുറച്ചിടിച്ച്.. വടിയും കമ്പുമായി അവര്‍ ഒരുങ്ങി നിന്നു.

ടേയ് കേശവ.. വേണ്ട നമുക്ക് ആ കൊച്ചനെ വിളിക്കാം അവനാകുമ്പോ തല്ലിക്കൊല്ലാതെ കൊണ്ടുപൊയ്ക്കൊള്ളും... ഒരു പാമ്പു പിടിത്തക്കാരനെക്കുറിച്ച് നാട്ടിലൊക്കെ വളരെ പ്രചാരമുള്ള കാലമായിരുന്നു. പാമ്പിനെപ്പിടിച്ച് കാട്ടില്‍കൊണ്ടുവിടും.

എന്‍റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. പഞ്ചായത്ത് മെമ്പര്‍ നമ്പരുതപ്പി അയാളെ വിളിച്ചു. ഉച്ചയോടുകൂടി അളെത്തി.

പറമ്പില്‍ ഒരു ചെറുപൂരത്തിനുള്ള ആളുണ്ടായിരുന്നു. അയാള്‍ അനായസം മാളം​ വലുതാക്കി പാമ്പിനെ പിടികൂടി. എല്ലാവരെയും ഉയര്‍ത്തിക്കാണിച്ചു. വലിയൊരു പാമ്പ്.

ആര്‍ക്കെങ്കിലും തൊടണമെന്നുണ്ടോ?...
എല്ലാവരും പിന്നോക്കം ഒരടി മാറി.. എന്‍റെ ഇടതുകൈയ്യില്‍ ആദിത്യനുണ്ട്. കുഞ്ഞൂട്ടനെ ഒന്നു തൊടണമെന്ന് ഉള്ളിലൊരു മോഹം..

അപ്പൂ... എനിച്ചുതൊടണം.... ആദിത്യന്‍റെ ആവശ്യം എനിക്കും.., ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. എവിടെ... ഒരു ഭയം ഉള്ളിലുണ്ടായിരുന്നിട്ടും... ഞാനൊന്നു തൊട്ടു. ആദിത്യനും. ഒരു തണുപ്പ്.... തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നുകൂടി തൊടണമെന്നു തോന്നി. ആദിത്യനെ മാളുവിനെ ഏല്‍പിച്ച് ഞാന്‍ ചെന്നു.

കുഞ്ഞൂട്ടന്‍റെ പുറത്ത് സ്നേഹത്തോടെ തലോടി. എന്‍റെ കൈയ്യിലേക്കൊന്നു തരുമോ?
അയ്യോ അത് പ്രയാസമായിരിക്കും വിഷമുള്ള ഇനമാ... സൂക്ഷിക്കണം..
സാരല്യ...  അവനെ പതിയ കൈയ്യിലേക്ക് വാങ്ങി. അനുസരണയുള്ള മകനെപോലെ. പ്രതികരിക്കാതെ അവന്‍ കൈവെള്ളയില്‍ തലചായ്ച്ചു. എനിക്ക് ഭയം തോന്നിയില്ല.

ചാക്കിനുള്ളിലാക്കി അയാളവനെ കൊണ്ടുപോകുമ്പോള്‍ ഒരു ഹൃദയവേദന ഉള്ളിലനുഭവപ്പെട്ടു.

പിറ്റേന്ന് ആദിത്യന്‍റെ കൈപിടിച്ച് പറമ്പിലൂടെ നടക്കുമ്പോള്‍ ഒരു ചേന പൂത്തു നില്‍ക്കുന്നു. ആദിത്യന് അത് കൗതുകമായി... അവന്‍ ആദ്യമായി കാണുകയാ ചേനപ്പൂവ്.

അമ്മേ ദാ ചേന പൂത്തു നില്‍ക്കുന്നു. അമ്മേന്‍റെ മൊബയിലിങ്ങു തന്നേ ഞാനൊരു ഫോട്ടോ എടുക്കട്ടെ...

അവന്‍ തിരിച്ചുവരുമ്പോഴേക്കും കരിയിലകള്‍ മാറ്റി ചേനത്തടം ഫോട്ടോയ്ക്കായി ഞാനൊരുക്കി. ചേനത്തടത്തില്‍ ഒരു മണ്‍കട്ട... കൗതുകമായി വെറുതെ അതൊന്നു കാലുകൊണ്ട് മറിച്ചിട്ടു.. ഒരു കുഞ്ഞു പാമ്പ്.. കുഞ്ഞൂട്ടന്‍...

Tuesday, 23 June 2015

മിഴിയുപ്പു ചൂടൂന്ന കടല്‍

തിരകളുടെ സംഗീതം എന്നും അവള്‍ക്കു ഹരമായിരുന്നു. മധുവിനെ പരിചയപ്പെട്ടതും ഈ കടല്‍ത്തീരത്തുവച്ചാണ്. കടല്‍ക്കരയിലേക്ക് സാധാരണ അവള്‍ വരാറില്ല. പക്ഷെ കഴിഞ്ഞ കുറേ മാസങ്ങളായി വൈകുന്നേരം ഈ കടല്‍ക്കരയിലെത്താന്‍ അവള്‍ തത്രപ്പെടാറുണ്ട്. സത്യം പറഞ്ഞാല്‍ മധുവിനെ പരിചയപ്പെട്ടതു മുതല്‍. പരിചയപ്പെട്ടു എന്നുപറയുന്നതിലും അതിശയോക്തിയുണ്ട്. പേരെന്താ.. മധു... പിന്നെ ഒരു ചിരിയും... അതു മാത്രമാണ് അവള്‍ക്ക് അയാളെക്കുറിച്ചറിയുന്നതും...

തന്‍റെ പേര് അയാളോട് പറയണമെന്നും... ആ ശബ്ദത്തില്‍ തന്‍റെ പേര് വിളിച്ചു കേള്‍ക്കണമെന്നും അവള്‍ വിചാരിക്കാറുണ്ട്... അതുറപ്പിച്ചാണ് കടല്‍ക്കരയിലേക്ക് എത്തുന്നത്. സത്യത്തില്‍ അവിടെയെത്തി ആചുണ്ടിലെ സ്വരമാധുരിയില്‍ ലയിക്കുമ്പോള്‍ മറ്റൊന്നും അവളോര്‍ക്കാറില്ല. പലപ്പോഴും ഗോപന്‍റെ തോണ്ടി വിളികളാണ് ആ സ്വപ്നലോകത്തുനിന്നും അവളെ അടര്‍ത്തിക്കൊണ്ടുവരാറ്.

ഒന്നു തോണ്ടിവിളിച്ച് മുല്ലപ്പൂ പൊതി നീട്ടി അവന്‍ പറയും.
"ബാ... കയറ്  ഇന്ന് ....." നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലിന്‍റെ പേര് മൂളി അയാള്‍ ചിരിക്കും.

പൊതിയഴിച്ച് മധുവിന്‍റെ മൂക്കിന്‍തുമ്പിലൊന്ന് മുട്ടിച്ച് അവളത് തലയില്‍ച്ചൂടും... പിന്നെ ഗോപനൊപ്പം ഓട്ടോയില്‍ എവിടേക്കോ...

മധു അപ്പോഴും മനസ്സെഴുതിവച്ച വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരിക്കും.
വളര്‍ന്നിറങ്ങിയ താടിരോമങ്ങള്‍ അലസമായി പറന്ന് കാറ്റിന്‍റെ ഗതിമാറ്റങ്ങള്‍ നിര്‍ണ്ണയിക്കും.. തിരകള്‍ മണല്‍വിരികളില്‍ പുതിയചിത്രങ്ങള്‍ വരയ്ക്കും....

നനവുള്ള കാറ്റേ പറന്നിങ്ങുവായെന്‍റെ
മിഴിയുപ്പു ചൂടി നീ വിടകൊള്ളു കാറ്റേ
കടലലകള്‍ മായ്ക്കുമീ മണല്‍വരകള്‍പോലെ
കനല്‍വരകള്‍ മായ്ക്കുവാന്‍ നീയിങ്ങു‍പോരൂ....

കടല്‍ക്കാറ്റിന്‍റെ ഈണം അലോസരപ്പെടുത്താത്ത ആ സന്ധ്യയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളെത്തിരഞ്ഞുകൊണ്ടേയിരുന്നു. എന്താവും അവള്‍ വരാത്തത്.... മനസ്സില്‍ കുറിച്ചിട്ട പുതിയ വരികള്‍ അവള്‍ക്കായി പാടാന്‍ അയാളുടെ മനസ്സ് കൊതിച്ചു... ഓരോ കാല്‍പ്പെരുമാറ്റവും അയാളുടെ കാത്തിരിപ്പിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു... ക്രമേണ അയാളും കടലും ഒറ്റയ്ക്കായി...

വീണ്ടുമൊരു പകല്‍ വന്നുപോയതും... കടല്‍ ചുവന്നുതുടുത്തതും അയാളറിഞ്ഞില്ല... നിഴലിനെ തന്നിലേയ്ക്കാവാഹിച്ച് ഇരുട്ടയാളെ പുണര്‍ന്നു... ആകാശം ഇരുണ്ടുകൂടി മഴത്തുള്ളികള്‍ പെയ്തുവീഴ്ത്തി...... അയാള്‍ മഴകൊണ്ടു... ഹൃദയത്തിലേയ്ക്കാവാഹിച്ച് അവള്‍ക്കായി മനസ്സില്‍ച്ചേര്‍ത്ത വരികള്‍ അയാളുരുവിട്ടു..

മിഴിയുതിര്‍ത്തഴലുകള്‍ പെയ്യുന്ന മേഘമേ
തേങ്ങലായ്നീയെന്‍റെ കവിതമൂളൂ
വാക്കിന്‍പെരുമ്പറ ചേലിലൊരു പെയ്ത്തായ്
നൂല്‍മഴ തീര്‍ത്തു നീ പെയ്തിറങ്ങ് ..

നനുത്ത ഒരു വിരല്‍സ്പര്‍ശം‍..... മധു തിരിഞ്ഞുനോക്കി. അവ്യക്തമായ ഇരുട്ടില്‍ ഒരു പാവാടക്കാരി മഴനനഞ്ഞ്.... മഴയുടെ ശബ്ദത്തില്‍ കുതിര്‍ന്നുപോയ അവളുടെ വിങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു.....

എന്താ മോളെ.... നീയാരാ....
അമ്മ...... ദേ.. അവിടെ.....
അവള്‍ അയാളുടെ കൈപിടിച്ച് അങ്ങോട്ടേയ്ക്കോടി... അവള്‍ക്കൊപ്പം മണലിലൂടെ ഓടിയെത്താനയാള്‍ക്കായില്ല... എങ്കിലും ഏന്തിവലിഞ്ഞെത്തുമ്പോള്‍   കടലുപേക്ഷിച്ചൊരു ശവം... ഇരുട്ടിലത്രയേ അയാള്‍ക്ക് മനസ്സിലാക്കാനായുള്ളൂ...

അവളുടെ തേങ്ങല്‍ കേട്ടിട്ടെന്നവണ്ണം മഴ ശാന്തമായി..

ആരാ അവിടെ..... ടോര്‍ച്ചുവെളിച്ചും അവരിലേയ്ക്ക് പായിച്ച്.. ദൂരെനിന്ന് ആരോ ചോദിച്ചു... അവളുടെ തേങ്ങല്‍ ഉച്ചസ്ഥായിയിലായി... രാത്രി റോന്തുചുറ്റുന്ന പോലീസുകാരാണ്....

അറിയില്ല.. ഇവിടൊരു ശവം കിടക്കുന്നു.. ഈ കുഞ്ഞുമോളാണ് എന്നെ ഇവിടേയ്ക്ക് പിടിച്ചുകൊണ്ടുവന്നത്....

പോലീസുകാര്‍ ശവത്തിന്‍റെ മുഖത്തേയ്ക്ക് ടോര്‍ച്ചു തെളിച്ചു.... അയാളൊന്നേ നോക്കിയുള്ളൂ... അവള്‍.....

പോലീസുകാര്‍ വയര്‍ലെസിലൂടെ വിവരങ്ങള്‍ കൈമാറി.. അളന്നും കുറിച്ചും അടയാളങ്ങളെഴുതിയും മഹസറെഴുതി അയാളെക്കൊണ്ട് ഒപ്പിടീച്ചു. ആംബുലന്‍സെത്തി.... ശവം അതിലെവിടേയ്ക്കോ കൊണ്ടുപോയി.... അതിനുപിന്നാല കരഞ്ഞോടിയ കുഞ്ഞിനെ അയാള്‍ ചേര്‍ത്തണച്ചു... പോലിസുകാര്‍ അയാളുടെ അഡ്രസ്സ് കുറിച്ചെടുത്തു... രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞ് ദൂരേയ്ക്ക് നടന്നു നീങ്ങി...

അയാളും കുഞ്ഞും കടപ്പുറത്തവശേഷിച്ചു....

തിരകള്‍ നുരഞ്ഞുപൊന്തി അവരെ നനയിച്ചു... ആ തിര ഒരു പൊതി കരയിലവശേഷിപ്പിച്ചു... അയാളെതെടുത്തു തുറന്നു നോക്കി... മുല്ലപ്പൂവ്... തന്‍റെ മൂക്കിന്‍ തുമ്പത്ത് അവള്‍ മുട്ടിച്ചുപോകാറുള്ള അതേ വാസന....

അതാ.. ഇരുട്ടിലൊരാള്‍ മുല്ലപ്പു വച്ചു നീട്ടി ആ കുഞ്ഞിനെ വിളിക്കുന്നു.... ഒരാളല്ല.. പല കൈകള്‍.... കുറേപൊതികള്‍...
അയാള്‍ തന്‍റെ കൈയ്യിലെ മുല്ലപ്പൂ മണലിലേയ്ക്ക് വലിച്ചെറിഞ്ഞു... കുഞ്ഞിനെ കൈകളില്‍ കോരിയെടുത്ത് തിരകളുടെ ചിരിയിലൂടെ കടലാഴങ്ങളിലേയ്ക്ക് പാഞ്ഞു...

ഒന്നുമറിയാത്തപോലെ കടല്‍ തിരക്കൈകളെറിഞ്ഞ് ചിരിച്ചു. കടല്‍ ചുവക്കുന്നതുകാണാന്‍ മുഖങ്ങള്‍ വന്നുപൊയ്ക്കൊണ്ടേയിരുന്നു.... 

വരകള്‍ അവസാനിക്കുന്നില്ല

കാലുകളില്‍ വല്ലാത്തൊരു തരിപ്പ്, ഉള്ളിലെവിടെയോ ഒരു തളര്‍ച്ചപോലെ. മൂന്നു നാലാഴ്ചയായി നന്നായി ഒന്നുറങ്ങിയിട്ട്, അയന മച്ചിലെ ഗോവണിക്കുതാഴെ തളര്‍ന്നിരുന്നു.
'നീ ഇവിടിരിക്കയാണോ?'
അച്ഛനാണ്, നാളെ നിന്‍റെ വിവാഹമല്ലേ മോളുപോയിക്കിടന്നുറങ്ങിക്കോയെന്ന് ഇരുട്ടിന്‍റെ അന്ത്യയാമത്തിലെങ്കിലും അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലെന്നവള്‍ ആഗ്രഹിച്ചു.
'ദേഹണ്ണക്കാര്‍ക്ക് ഒരിത്തിരി വെള്ളം തിളപ്പിച്ചുകൊടുക്കാന്‍ പോലും നില്‍ക്കാതെ നീയിവിടെയിരുന്ന് വിശ്രമിക്കയാണോ?' അച്ഛന്‍റെ വാക്കുകള്‍ സങ്കടത്തിനപ്പുറം ഒരു മരവിപ്പ് അവളിലേക്ക് അരച്ചുകയറി.
'ദേ വരണു...'
ഒന്നു നടുനിവര്‍ത്തി, സാരിത്തലപ്പ് ഇടുപ്പില്‍ വലിച്ചുകുത്തി കൂനിപ്പിടിച്ചു കുഴലിലൂടെ തീ നാളങ്ങളെ ശ്വാസഗതിയില്‍ അനുസരിപ്പിച്ച് കട്ടന്‍ചായ തിളപ്പിച്ചു. നാളെമുതലെങ്കിലും ഈ വീര്‍പ്പുമുട്ടലുകളില്‍ നിന്ന് അകന്നുപോകാമല്ലോ എന്നു മനസ്സിലോര്‍ത്തു.
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. രണ്ടുദിവസത്തെ മുഷിഞ്ഞ തുണികളുണ്ട് അതലക്കി കുളിച്ചിട്ടുവേണം കാവിലൊന്നു വിളക്കുവച്ചു തൊഴാന്‍. പുതിയവീട്ടിലേക്ക്, പുതിയ ചുറ്റുപാടുകളിലേക്ക്, പരദേവതകളുടെ അനുഗ്രഹം- അതുമാത്രമാണ് തനിക്കെന്നും ആശ്രയമായിട്ടുള്ളത്.
വിവാഹപന്തലിലേക്ക് കൈപിടിച്ചു കയറുമ്പോള്‍ ഉറക്കച്ച‍ട
വിനാല്‍ കാഴ്ചകള്‍ അവ്യക്തമായിരുന്നു. കനംതൂങ്ങിയ കണ്‍പോളകള്‍ തുറന്നുവയ്ക്കാന്‍ അവള്‍ നന്നേ പരാജയപ്പെട്ടു.
ഉറങ്ങിവീഴാതിരിക്കാന്‍ വീണ്ടും വീണ്ടും മനസ്സിനെ ഓര്‍മ്മപ്പെടുത്തി. മനസ്സറിയാതെ വഴുതിയ മയക്കത്തില്‍ താലിച്ചരട് മുറുക്കി അയാള്‍ അവളുടെ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
അമ്മയക്ക് മനസ്സിളക്കം വന്ന അന്നുമുതല്‍ തുടങ്ങിയതാണ് തന്‍റെ പ്രാരാബ്ദങ്ങള്‍. പന്ത്രണ്ടാം വയസ്സില്‍ സ്വയം ആര്‍ജിച്ച തന്‍റേടത്തില്‍ അവള്‍ ഇന്നത്തെ അയനയിലേക്ക് മാറുകയായിരുന്നു.
അംബാസിഡര്‍ കാറില്‍നിന്ന് ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ അമ്മായിയുടെ സ്ഥാനത്തുനിന്നും വിളക്ക് പകര്‍ന്ന കമലേടത്തി കവിളില്‍ ഒരു നുള്ളു കൊടുത്തു അപ്പോഴാണ് കാറിലെ പിന്‍സീറ്റുറക്കത്തിലെ അവ്യക്തസ്വപ്നങ്ങള്‍ അവളെ വിട്ടുപോയത്.
പുതിയപെണ്ണിനെക്കാണാന്‍ പലരും വന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നു ചിരിവരുത്തി ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചുപറഞ്ഞ് കുശലാന്വേഷകരെ അവള്‍ തൃപ്തിപ്പെടുത്തി.
വാതില്‍ചാരി, അയന അകത്തേയ്ക്കുചെന്നു. 'നീ കിടന്നോ എനിക്കിത്തിരി ജോലിയുണ്ട്' ക്യാന്‍വാസിലെ ചായങ്ങളില്‍ മുഖംകൂര്‍പ്പിച്ച് അയാള്‍ പറഞ്ഞു.
'ഉം'
'പാല്'
'അതവിടെ വച്ചേക്ക്'
നേരത്തെ കട്ടിലില്‍ അഴിച്ചിട്ടിരുന്ന കല്യാണസാരി മടക്കി അയയിലേക്കിട്ടു. പിന്നെ വിരിപ്പ് ശരിയാക്കി ഒരുവശത്തേക്ക് ചരിഞ്ഞ് കിടന്നു. തന്‍റെ ബാല്യത്തിലേക്ക് വെറുതേ ഒന്നോടിപ്പോയി. തൊടിയിലെ ഒതുക്കുകല്ലില്‍ ചവിട്ടിനിന്നാല്‍ പാടത്ത് കന്നു പൂട്ടുന്നത് കാണാം... ഓ ഹോയ് വിളിയും ചേറിന്‍റെ മണവും അയന എന്നും ഇഷ്ടപ്പെട്ടിരുന്നു.
എഴുന്നേല്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ അഴിച്ച നിലയിലായിരുന്നു. എവിടെയൊക്കയോ ഒരു നീറ്റല്‍. ചുണ്ടുപൊട്ടിയിട്ടുണ്ട്. സ്വപ്നത്തിലെ ചെറുഞരക്കങ്ങളും പിറുപിറുക്കലുകളും മനസ്സിന്‍റെ ഇടനാഴിയിലൂടെ കടന്നുപോയി. ഒരു നിശ്വാസത്തിന്‍റെ തണലില്‍ കുളികഴിഞ്ഞ് ഈറന്‍ മാറി അടുക്കളയിലേക്ക് കയറി. കമലേടത്തി ഏതാണ്ടൊക്കെ കാലമാക്കിയിട്ടുണ്ട്.
'രത്നാകരേട്ടനും ഞാനും ഇന്നുപോകും രണ്ടീസമായില്ലെ വന്നിട്ട്.. '
'ഉം..' അവള്‍ ഒന്നു മൂളുകമാത്രം ചെയ്തു.
പകലിന്‍റെ ഒറ്റപ്പെടലുകള്‍ മനസ്സില്‍നിന്നു വിടുവിക്കാന്‍ അവള്‍ പറമ്പിലേക്കിറങ്ങി. പടര്‍ന്നിറങ്ങിയ പറിങ്കിമാവ് മഞ്ഞയും ചുവപ്പും കലര്‍ന്ന പഴങ്ങള്‍ നിറച്ച് ചിരിക്കുന്നു. കാക്കയും അണ്ണാനും കരഞ്ഞും ചിലച്ചും ചില്ലകളിലുടെ തത്തിയും പറന്നും രസിക്കുന്നു. കിളിച്ചുണ്ടന്‍ മാവ് നിറയെ കണ്ണിമാങ്ങ. അവള്‍ ഒരെണ്ണം കൈയെത്തി പറിച്ചെടുത്തു. ഒന്നു കടിച്ചതേയുള്ളൂ..... പുളിപ്പ് സകല ഞരമ്പുകളിലും കുടിയേറി കണ്ണുകളിലെത്തിച്ചു.
ഉച്ചയൂണിനു മുന്നേതന്നെ വിജയനെത്തിയിരുന്നു. കമലേടത്തിയും രത്നാകരേട്ടനും വൈകിട്ടത്തെ വണ്ടിക്ക് പോകും. പിന്നെ അവളും വിജയനും തനിച്ചാവും.
ഇടയ്ക്കെങ്ങാനും ഓടിയെത്താറുള്ള കറണ്ടിനെ കാക്കാതെ റാന്തല്‍ കത്തിച്ചുവച്ച് വിജയനടുത്തേക്ക് ചെല്ലുമ്പോള്‍ അയാള്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
'കിടക്കുന്നില്ലേ.... '
'നീ കിടന്നോ...'
'എന്തിനാ ഉറങ്ങുമ്പോ കവര്‍ന്നെടുക്കാനോ?'
'അയാളൊന്നും മിണ്ടിയില്ല....' അവള്‍ മച്ചിലേക്ക് നോക്കിക്കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. വെറുതെ കണ്ണടച്ചു.
വയറിലേക്ക് അരിച്ചിറങ്ങുന്ന കൈകളില്‍ കടന്നുപിടിച്ച് കണ്ണുതുറക്കുമ്പോള്‍ വിജയനുണ്ട് അടുത്ത്. അയാള്‍ ചിരിച്ചു. അവളും. വിജയന്‍റെ കൈ രണ്ടുകൈകൊണ്ടും കൂട്ടിപ്പിടിച്ചു. ഒരു ചുംബനം നല്കി മാറിലേക്ക് ചേര്‍ത്തമര്‍ത്തി.
അയാള്‍ മറുകൈകൊണ്ട് നെറ്റിയില്‍ ചിത്രങ്ങള്‍ വരച്ചു. കണ്ണുകളടച്ച് അവളാ സുഖം ആസ്വദിച്ചു.
'നീ കമലേട്ടത്തിയെപ്പോലെ സുന്ദരിയാണ്...' അവളൊന്ന് ഞെട്ടി.., കണ്ണുതുറന്ന് അയാളെ നോക്കി. കണ്ണടച്ചിരിക്കുകയാണ് അയാള്‍.
'എന്താ...?'
'കമലേടത്തിയെപോലെ നീ സുന്ദരിയാണ്.... ഞാന്‍ നിന്നെ കമലേന്ന് വിളിക്കട്ടെ... നീ വിളികേള്‍ക്കുമോ?' രണ്ടാമത്തെ രാത്രിയിലെ കിടക്കറയിലേക്ക് അനാവശ്യമായി കടന്നുവന്ന കമലേടത്തിയെ അവളിഷ്ടപ്പെട്ടില്ലെങ്കിലും അയാളുടെ സ്പര്‍ശം, ആ നിവൃതിയ്ക്കായി ഒരു മൂളലില്‍ അവളതനുസരിച്ചു...
ഒരോ വിളിയിലും ഞരക്കങ്ങളിലും കമലയെ ആസ്വദിക്കുകയായിരുന്നു അയാള്‍. അയനയെ എവിടെയോ നഷ്ടമാക്കി അയാള്‍ പുതിയൊരു ലോകം മെനഞ്ഞെടുക്കുകയായിരുന്നു. പിന്നെ ഓരോ രാത്രികളിലും അവളെത്തേടിയെത്തുന്ന വേഷങ്ങള്‍ ആടിത്തീര്‍ക്കാനുള്ള ഒരു ശരീരമായി അവള്‍ മാറുകയായിരുന്നു. ആ വേഷങ്ങളില്‍ ഒന്നുപോലും അവളെ അമ്മയാക്കിയില്ല... കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍... തന്‍റെ സ്വത്വം നഷ്ടപ്പെട്ട്. പകലിന്‍റെ ഇടനാഴിയില്‍ ഒറ്റപ്പെടലിന്‍റെ ഭയാനകമായ നിഴല്‍ചിത്രങ്ങളെ കൂട്ടുപിടിച്ച് അവള്‍ ജീവിച്ചുതുടങ്ങി.
താനായിക്കണ്ട് തന്‍റെ പ്രതിരൂപത്തോട് സംവദിക്കാന്‍, സ്നേഹമായൊന്നു പുണരാന്‍. തന്‍റെ വിഹ്വലതകളുടെ നല്ലൊരു കേള്‍വിക്കാരനാകാന്‍, ഒരു നിമിഷമെങ്കിലും ഉള്ളുരുക്കങ്ങളില്‍ സ്നേഹചുംബനമായി പടര്‍ന്നിറങ്ങാന്‍ തന്‍റിണയെത്തിയെങ്കിലെന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
വിയര്‍പ്പിനൊപ്പം അവളുടെ കണ്ണീര്‍ചാലുകള്‍ സമുദ്രത്തോളം ഒഴുകിയിറങ്ങി. ഒറ്റപ്പെടലുകള്‍ പുസ്തകങ്ങളുടെ താളുകള്‍ കാര്‍ന്നെടുത്ത് നിര്‍വൃതികൊണ്ടു. മനസ്സിലെ കുരുത്തോലക്കൂട്ടില്‍ ഒളിപ്പിച്ചുവച്ച സ്വപ്നങ്ങളുടെ രാജകുമാരിയായി അയന. അക്ഷരങ്ങളുടെ ഇന്ദ്രജാലങ്ങള്‍ സ്വയത്തമാക്കി അവളെഴുതി..
ഓരോ വസ്ത്രാക്ഷേപത്തിലും നായകന്‍ ദുശ്ശാസനന്‍ മാത്രമായിരുന്നു. നഗ്നമാക്കപ്പെട്ടത് പാഞ്ചാലിമാത്രമല്ല... എണ്ണിത്തീര്‍ക്കാനാകാത്ത സ്ത്രീയുടലുകള്‍. ഒരച്ചില്‍ അനേകം സ്ത്രീകളുടെ ഭാവചിത്രങ്ങള്‍.
അക്ഷരങ്ങളുടെ അത്ഭുതലോകത്ത് തന്‍റേതായൊരിടം കോറിവരയ്ക്കാനായപ്പോള്‍ ഇരുട്ടിന്‍റെ നിഴലനക്കങ്ങളില്‍ അവള്‍ പേറിയിരുന്ന ദുഃഖം കുറച്ചലിഞ്ഞില്ലാതായതുപോലെ. ഒറ്റപ്പെടല്‍ കഥാപാത്രങ്ങളുടെ തിരയിളക്കങ്ങളില്‍ മനം നിറച്ചു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചേക്കേറുമ്പോള്‍ മനസ്സും അതേറ്റുവാങ്ങുകയായിരുന്നു.
നഷ്ടബാല്യം സമ്മാനിച്ച തന്‍റേടവും അതിനിടയില്‍ സ്വായത്തമാക്കിയ അറിവും അവളെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. തന്‍റെ ആഗ്രഹങ്ങളെ കഥാപാത്രങ്ങളാക്കി അതിലൂടെ അവള്‍ ജീവിച്ചു. വിങ്ങലുകള്‍ താളബോധമുള്ള എഴുത്തുകളായി.
നവമാധ്യമങ്ങളില്‍ അയന എന്ന എഴുത്തുകാരി നിറഞ്ഞുനിന്നു. തന്‍റെഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍ അവളുടെ ഉറ്റചങ്ങാതികളായി. ദിനംപ്രതി അവളോട് സംസാരിക്കാറുള്ള പേരിറിയാത്ത മുഖങ്ങളില്‍ അവളെത്തിരിച്ചറിഞ്ഞ ശബ്ദങ്ങളെ മാത്രം സ്വീകരിച്ചും അല്ലാത്തവയെ നിരസിച്ചും സൗഹൃദങ്ങളെ അവള്‍ ആവോളം ആസ്വദിച്ചു.
'എഴുത്തുകള്‍ വശ്യമായ ഒരാനന്ദം തരുന്നു.' ആ വാചകത്തില്‍ അവളുടെ കണ്ണുകളുടക്കി. ഇതുവരേയും തന്‍റെഴുത്തുകളില്‍ ഒരഭിപ്രായവും രേഖപ്പെടുത്താത്ത ഒരാള്‍‍. അവള്‍ക്കു കൗതുകമായി. അയാളെക്കുറിച്ചറിയാന്‍ എന്തോ വല്ലാത്തൊരാകാംഷ അവള്‍ക്കുതോന്നി.
"സ്നേഹം" എന്ന മറുവാക്കെഴുതി അവള്‍ കാത്തിരുന്നു.
"സ്വീകരിക്കുന്നു" അല്പസമയത്തിനുശേഷം മറുപടികിട്ടി. അവര്‍ പരസ്പരം പരിചയപ്പെട്ടു. അവന്‍ കൂടുതലൊന്നും പറഞ്ഞില്ല. പേരും സ്ഥലവും മാത്രം.. അവള്‍ കൂടുതലൊന്നും ചോദിച്ചതുമില്ല.
അവനോട് സംസാരിക്കുമ്പോള്‍ അവള്‍ കൂടുതല്‍ വാചാലയാകുന്നതുപോലെ. എല്ലാം കേട്ടിരിക്കുന്ന ഒരു നല്ല കേള്‍വിക്കാരാനായി അവനും മാറുകയായിരുന്നു. ആ സൗഹൃദം ഓരോ ദിവസവും ദൃഢമായിക്കൊണ്ടിരുന്നു.
'താങ്കള്‍ എന്നെക്കാണാന്‍ വരുമോ...?' പെട്ടെന്നായിരുന്നു അയനയോട് അവനാ ചോദ്യം ചോദിച്ചത്. അവള്‍ക്ക് ഉടനൊരു മറുപടിപറയാനായില്ല... എങ്കിലും കാണണം എന്നുതന്നെയായിരുന്നു അവളുടെയും ആഗ്രഹം.
'ഉം..., നോക്കട്ടെ സത്യാ' മനസ്സറിയാതെ അവള്‍ പറഞ്ഞു.
വിജയന്‍ അന്ന് പതിവിലും നേരത്തെയാണ് വന്നത്. അവള്‍ ചായ പകര്‍ന്നുകൊടുത്തു. ഒരിറുക്ക് കുടിച്ച് അയാളൊന്ന് ചിരിച്ചു. എന്നിട്ട് ബാഗ് തുറന്ന് ഒരു കവര്‍ അവള്‍ക്കുവച്ചു നീട്ടി.
ആകാംഷയോടെ അയന അതു വാങ്ങിത്തുറന്നു.
"ജനലഴികളിലെ മഴമേഘങ്ങള്‍ - അയന" അവള്‍ക്കതു വിശ്വസിക്കാനായില്ല. തന്‍റെഴുത്തുകള്‍ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിട്ട് .. ഹോ!... അവളവനെ കെട്ടിപ്പിടിച്ചു.
'അയനാ....' അവളെ നെഞ്ചില്‍നിന്നടര്‍ത്തി അയാള്‍ വിളിച്ചു.... ജീവിതത്തിലാദ്യമായി അയനയായി അയാളവളെത്തൊട്ടു.
ഇന്നത്തെ പ്രഭാതം അവളറിഞ്ഞതിലുമേറെ കുളിരു പകര്‍ന്നു നല്കുന്നു. അലസമായി ജനാലക്കരികില്‍ വെളിയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ തുടുത്ത സൂര്യന്‍ അകലെ എത്തിനോക്കുന്നു. പുതിയപ്രഭാതങ്ങള്‍ പലതവണ ആ ജനലിലൂടെ അവള്‍ കണ്ടിട്ടുണ്ട്. തന്‍റെ നിശ്വാസങ്ങള്‍ പറന്നുയുറന്നൊരു പൂമ്പാറ്റയായി പനനീര്‍ പൂക്കളില്‍ മുത്തമിടുന്നതായി അവള്‍ക്കു തോന്നി. അടുക്കളയില്‍ ഉത്സാഹത്തോടെ ജോലികള്‍തീര്‍ത്തു. വിജയനുള്ള ടിഫിനും പ്രഭാതതഭക്ഷണവുമൊക്കെ എന്നത്തേതിലും നേരത്തെ ടേബിളിലെത്തി.
'നിനക്കെവിടെയോ പോകണമെന്നു പറഞ്ഞു... ഒറ്റയ്ക്കുപോകുമല്ലോ അല്ലേ.. കാറെടുത്തുകൊള്ളൂ.. ഞാന്‍ ഇന്ന് ബൈക്കില്‍ പൊയ്ക്കൊള്ളാം... വിജയന്‍ ചാവി വച്ചുനീട്ടി.
വാങ്ങുമ്പോഴും മനസ്സില്‍ ഒരു തീരുമാനമാനമുണ്ടാക്കാന്‍ അവള്‍ക്കായില്ല. പോര്‍ച്ചില്‍ നിന്നും കാറിറക്കി... സത്യയ്ക്ക് എന്താ വാങ്ങിക്കൊണ്ടുപോകുക.. മനസ്സില്‍ പലതും ആലോചിച്ചു.... ഒന്നിനും ഒരു കൃത്യമായ ഉത്തരം കൊടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. സ്ഥലമെത്തി. പക്ഷെ എവിടെയാകും ആ വീട്.... വഴിയോരത്ത് കാര്‍ ചേര്‍ത്തുനിര്‍ത്തി വഴിയിലെ ഒരാളോട് അഡ്രസ്സ് ചോദിച്ചു...
ഇത് മേരിസിസ്റ്ററിന്‍റെ വീടാണ്... അതാ.. ആ കാണുന്നതാണ് വീട്.... പുറത്ത് കാര്‍ നിര്‍ത്തി ഗേറ്റുതുറന്ന് അയന അകത്തേയ്ക്കുചെന്നു. കോളിംഗ്ബല്ലില്‍ വിരലമര്‍ത്തി. വളരെ പ്രായം ചെന്ന് മെലിഞ്ഞ ഒരു സ്ത്രീ കതകുതുറന്നുവന്നു.
'സത്യാ.... ' അവള്‍ ചോദിച്ചു... 'അകത്തുണ്ട്... വരൂ... ' അവര്‍ അകത്തേയ്ക്ക് ക്ഷണിച്ചു.
മനോഹരമായി അടുക്കിവച്ചിരിക്കുന്ന മുറിക്കുള്ളിലെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു.
'ഇതെല്ലാം സത്യ വരച്ചതാണ്...' അവരുടെ വാക്കുകളില്‍ അവള്‍ക്കത്ഭുതം തോന്നി... ഇതുവരേയും അവളോടിതവന്‍ പറഞ്ഞിട്ടില്ല.. ഇതെന്നല്ല അവനെക്കുറിച്ചൊന്നും. താന്‍ ചോദിച്ചിട്ടുമില്ല.
'കയറിച്ചെന്നോളു.. അവനവിടുണ്ട്...' അയന പതിയെ വാതില്‍ തുറന്ന് അകത്തേയ്ക്കുചെന്നു... അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... വീല്‍ച്ചെയറില്‍ ചിരിച്ചുകൊണ്ട് പത്തോ ഇരുപതോ വയസ്സു പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടി. അവള്‍ക്ക് ബോധം നശിക്കുന്നതുപോലെ തോന്നി....
അമ്മ എന്നെക്കാണാന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു.... ആ സ്നേഹം എനിക്കുപകര്‍ന്നുതരുമെന്നും അറിയാമായിരുന്നു.... അവന്‍റെ വാക്കുകള്‍ അവളെ സ്ഥലകാലബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സത്യാ.. ഉള്ളില്‍‍നിന്നൊരു തേങ്ങലായി.. അവനെ വാരിപ്പുണര്‍ന്നു. അവനും കരയുന്നുണ്ടായിരുന്നു....
'അയനാ...' പിന്നില്‍ നിന്ന് ആരോ അവളുടെ ചുമലില്‍ തൊട്ട് വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കി.... കമലേടത്തി...
അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല....
മോളേ... കമലെയെ ചേര്‍ത്തുനിര്‍ത്തി അവര്‍ വിളിച്ചു.. ആ വിളിയില്‍ ഒരു തേങ്ങലോ.. പതര്‍ച്ചയോ അവളറിഞ്ഞു...
സത്യ.. എന്‍റെ മകനാണ്... ഇത്രയുംനാള്‍ ഞാനെന്‍റെ മനസ്സില്‍ ഒളിപ്പിച്ചൊരു രഹസ്യം... അവനോട് ഞാനൊരിക്കല്‍ എല്ലാം തുറന്നു പറഞ്ഞിരുന്നു.... വിജയനെന്ന അവന്‍റച്ഛനെ അവനറിയുന്നതിനുമുമ്പ് അവന്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത് നിന്നെയാണ്... അമ്മയെന്ന സ്ങ്കല്പഭാവത്തില്‍ നീ മാത്രമാണ് അവന്‍റെയുള്ള് കീഴടക്കിയത്.
'സത്യയെ ഞാന്‍ കൊണ്ടുപോകുന്നു'.... അയന അതിനു മറുപടി പറഞ്ഞത് അതായിരുന്നു...
മുന്‍സീറ്റില്‍ സത്യയെ താങ്ങിയിരുത്തുമ്പോള്‍ തന്നോടൊപ്പം വീട്ടിലേക്ക് വരാന്‍ കമലേടത്തിയോട് അവള്‍ പറഞ്ഞു. കമല ആകെ പരിഭ്രമത്തിലായിരുന്നു. എങ്കിലും അയനയുടെ വാക്കുകള്‍ അവള്‍ക്ക് ധിക്കരിക്കാനായില്ല.
വീട്ടിലെത്തുമ്പോള്‍ നേരം സന്ധ്യയായിക്കഴിഞ്ഞിരുന്നു. കിഴക്കേ മുറി അവനുവേണ്ടി തയ്യാറാക്കി. അയന സാധാരണപോലെ വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായി. കമല അസ്വസ്തതയും ഭയവും ഉള്ളിലൊതുക്കി സത്യയ്ക്കടുത്തുതന്നെ ഇരുന്നു.
വിജയന്‍ പോര്‍ട്ടിക്കോയില്‍ ബൈക്ക് നിര്‍ത്തി അകത്തേയ്ക്ക് വന്നു. 'അയനാ...' 'വിജയേട്ടനെത്തിയോ.. ഫ്രഷ് ആക്... ഞാന്‍ ദാ വരണു...'
ചൂട് പാല്‍പായസം ഒരു ഗ്ലാസ്സില്‍ പകര്‍ന്ന് അവള്‍ മുറിയിലേക്കു ചെന്നു...
'ഇന്നെന്താ വിശേഷം..' അയാള്‍ ചോദിച്ചു...
അവള്‍ മേശവലിപ്പ് തുറന്ന് ഒരു ഡയറി അയാള്‍ക്കുനേരെ വച്ചു നീട്ടി...
'ദാ ഈ നോവല്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു...' "വരകള്‍ അവസാനിക്കുന്നില്ല..."

Wednesday, 10 June 2015

ഹെലീന

സ്നേഹതാഴ്വാരത്തിലെ ധ്യാന മണ്ഡപത്തില്‍ ഹെലീന കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കി. വര്‍ണ്ണപ്പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ ചുറ്റും നൃത്തം വയ്ക്കുന്നു. ചിലത് വെളുത്ത സുന്ദരന്മാരാണ്. ഏകാഗ്രമായ മനസ്സ് ആ വര്‍ണ്ണങ്ങളിലൂടെ ഇഴഞ്ഞ്  ബാല്യത്തിലെ പാടവരമ്പിലേക്കും മുള്ളിക്കായും മുക്കുറ്റിയും നിറഞ്ഞ പറമ്പിലേക്കും അലസ്സമായി നടന്നു. കൂമ്പാരംകൂട്ടിയ മണ്ണിന്‍ പാളികളിലൂടെ മുട്ടയുമായി വരിവച്ചുപോകുന്ന കട്ടുറുമ്പിനെ നോക്കി അവള്‍ ഇത്തിരിനേരം നിന്നു. പിന്നെ കുളത്തിലെ പളുങ്കുവെള്ളത്തില്‍ പാവാട പൊന്തിച്ച് കാല്പാദംകൊണ്ട് പതിയെത്തൊട്ടു. ചില്ലോളങ്ങള്‍ വളയങ്ങളായി അകന്നുപോകുന്നതിനെ നോക്കി അവള്‍ ചിരിച്ചു. ആ ചിരി നിശബ്ദതയിലെ വളകിലുക്കങ്ങളായി...  കുപ്പിവളകള്‍ വെറുതെ കിലുക്കിനോക്കി.... വീണ്ടും ചിരിച്ചു.. കൈതനാമ്പുവലിച്ചൂരി അതിന്‍റെ ചുവട് കടിച്ചുതിന്നു. അയണിപ്ലാവിന്‍ ചുവട്ടില്‍ നിന്ന് കുന്നോളം കുരുപെറുക്കി വട്ടയിലയില്‍ പൊതിഞ്ഞ് കുന്തിച്ചുചാടി തറവാട്ടിലേക്കോടി...

വലിയതറവാടിന്‍റെ ഉമ്മറക്കോലായില്‍ അമ്മായിയുടെ ഭര്‍ത്താവ് ഇരിക്കുന്നു. ഹെലീനയുടെ മനസ്സൊന്നു പിടഞ്ഞു... അവള്‍ അടുക്കളവരാന്തവഴി അകത്തേക്ക് കയറി... 'എടീ പെണ്ണേ......' അയാള്‍ അങ്ങനെയാണ് എപ്പോഴും... കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളേയും അയാള്‍ ഉപദ്രവിക്കും. പലപ്പോഴും പലരും വഴങ്ങിക്കൊടുക്കാറുണ്ട്... അവള്‍ ഉഴറി ഒളിക്കാറാണ് പതിവ്. തറവാട്ടിലാണേല്‍ ആരുമില്ല. അല്ലേലും ആരാണിവിടെ ഉള്ളത്.. വയസായ അപ്പൂപ്പനും അമ്മൂമ്മയും. ആ സാന്നിദ്ധ്യംപോലും അവള്‍ക്കൊരു ധൈര്യമാണ്. ഇന്നാണേല്‍ ആരുമില്ല. ഹെലീന പതിയ പുറത്തേക്കിറങ്ങാന്‍ ഭാവിച്ചു.

എടീ പെണ്ണേ ഒരു ചായയിട്... അവള്‍ കുടുങ്ങി.. അടുപ്പില്‍ തീകൂട്ടുമ്പോള്‍ അവിടെ നിന്നും എങ്ങനെ രക്ഷനേടാം എന്നതുമാത്രമായിരുന്നു ഹെലീനയുടെ ചിന്ത... ഒരുവിധം ചായ ശരിയാക്കി ഉമ്മറക്കൈവരിയില്‍ വച്ച് തിരിഞ്ഞോടുമ്പോഴേക്കും അയാള്‍ കൈയ്യില്‍ പിടുത്തമിട്ടിരുന്നു. വലിച്ചുപിടിച്ച് തട്ടുകൂടത്തിന്‍റെ മുകളിലേയ്ക്കയാളെത്തിച്ചു. ഉറക്കെ വിളിച്ചും പിച്ചിയും അവള്‍ പ്രതികരിച്ചുകൊണ്ടേയിരുന്നു. പിഞ്ചിത്തുടങ്ങിയ പുള്ളിപ്പാവാടയുടെ തുമ്പുതെറുത്തുകയറ്റി അയാള്‍ അക്രമണത്തിനു മുതിര്‍ന്നുകൊണ്ടേയിരുന്നു. ഹെലീന സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞൊരു തള്ളുകൊടുത്തു. അയാള്‍ മലര്‍ന്ന് പുറേക്ക് മറിഞ്ഞു ആ തക്കത്തിന് പുറത്തേക്കോടി.. ഓട്ടത്തില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളും അവിടെയും ഇവിടെയുമൊക്കെ മുട്ടി. ഒന്നും സാരമാക്കിയില്ല. പടിഞ്ഞാറെക്കോലായില്‍ കരീലയും ചവറും കൂട്ടിയുടുന്ന ഒരു വലിയ കുഴിയുണ്ട്. അവള്‍ അതിലേക്ക് ചാടി. കരിയിലകൊണ്ട് പുതച്ചു. ശ്വസമടക്കി.. കിതപ്പിനെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു.

അയാള്‍ തറവാടിനുചുറ്റും പേരുവിളിച്ച് കലികൊണ്ട് നടന്നു. ക്രമേണ ആ ശബ്ദം അകലേക്ക് അകലേക്ക് പോകുന്നത് അവളറിഞ്ഞു. ചിലരുടെ കുശലങ്ങള്‍ക്ക് മറുപടിപറയുന്നതിന്‍റെ ഏറ്റിറക്കങ്ങള്‍ വഴിയിലേക്കയാള്‍ പോയിക്കഴിഞ്ഞു എന്നതവള്‍ ഉറപ്പിച്ചു. പതിയെ എഴുന്നേറ്റ് കുഴിയില്‍ നിന്നും വലിഞ്ഞുകയറി അടുക്കളവരാന്തയില്‍  തൂണുചാരിയിരുന്നു. ശരീരത്തിന്‍റെ പലഭാഗത്തും വേദന തോന്നുന്നുണ്ട് .. തുടയില്‍ ഒരു നീറ്റല്‍. പാവാട പൊക്കി അവളത് പരിശോധിച്ചു. പാവാടയുടെ കുറേഭാഗം കീറിയിരിക്കുന്നു. നല്ലൊരുമുറിവ്.. ഓട്ടത്തില്‍ വാതിലിലെ ഓടാമ്പല്‍കൊളുത്ത് കൊണ്ടതാണ്.

തേങ്ങലുകള്‍ ഒറ്റപ്പെടല്‍.... ഹെലീന കണ്ണുതുറന്നു. ചുറ്റും ആരുമില്ല...  മുറിയിലെ ദിവാന്‍കോട്ടില്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന ആചാര്യന്‍റെ എണ്ണഛായാചിത്രം. ചമ്രം പടിഞ്ഞിരുന്ന കാലിളക്കി പിന്നോട്ട് മടക്കി അതിലേയ്ക്ക് ചാഞ്ഞിരുന്ന് അവള്‍ ആ ചിത്രത്തെ കൗതുകത്തോടെ നോക്കി. കൗപീന ധാരിയായി എല്ലാമറിയുന്നവനായി നിര്‍വ്വികാരഭാവത്തോടെ ഇരിക്കുന്ന ആ പുണ്യാത്മാവിനെ നമ്സ്കരിച്ച്. വീണ്ടുമവള്‍ കണ്ണുകളടച്ചു.

എന്തിനാണ്... യാത്രകളിലൂടെ താനിവിടെ എത്തിയത്.. സഞ്ചാരപഥങ്ങളിലൊക്കെയും താന്‍ തേടിയത് എന്തായിരുന്നു... പ്രണയത്തിന്‍റെ പൂക്കള്‍ വാരിയെടുത്ത് വിവേക് തന്നെ അണിയിക്കുമ്പോഴും മനസ്സ് കൊതിച്ചത് ഒരഭയമായിരുന്നു. അവന്‍റെ തോളോട് ചേര്‍ന്നിരുന്ന ട്രെയിന്‍യാത്രയില്‍ താന്‍ സ്വപ്നംകണ്ടതും അതുമാത്രമായിരുന്നു. ഒടുവിലതൊരു മഹാഭയമായി നിര്‍വ്വികാരതയായി ഉടല്‍ പങ്കുവയ്ക്കുമ്പോള്‍ മാറി മാറിഭോഗിക്കുന്ന ലിംഗങ്ങളുടെ പ്രായവ്യത്യസങ്ങളും കിതപ്പുമായി അതവശേഷിച്ചു.

മഹാപട്ടണത്തിന്‍റെ ഉള്ളുരുക്കങ്ങളെ ഉടലിലാവിഹിച്ച തുടക്കോണുകളിലൊരുവളായി തെരുവിലേയ്ക്കെറിയപ്പെട്ടപ്പോള്‍..ഭയമൊടുങ്ങി. പുതിയ യാത്രയ്ക്കായി അവള്‍ ഒരുങ്ങുകയായിരുന്നു. യാത്ര... വേശ്യാത്തെരുവിലെ ഹെലീനയെന്ന രാജ്ഞിയിലേക്കുള്ള...., മറുവാക്കുകളില്ലാതെ തെരുവുസന്തതികളെ വിലയ്ക്കുവാങ്ങി ഉടല്‍കണക്കുപറഞ്ഞ് വില്‍ക്കാന്‍ പഠിച്ച, ഹെലീനയിലേയ്ക്കുള്ള യാത്ര. പക്ഷെ അവിടെയും അവളെ ഭയപ്പെടുത്തിക്കൊണ്ട് സിതാര ചിരിച്ചു. സിതാര, പലവട്ടം കരുവറുത്തുകളഞ്ഞ ഗര്‍ഭച്ചുഴിയില്‍ ഉരുക്കിയെടുത്തതാണവളെ. ഹെലീനയുടെ ഹൃദയപൂങ്കാവനത്തിലെ മാലാഖ. പുറംലോകം കാണാതെ തന്‍റന്തപ്പുരത്തിലെ ഉള്ളറകളില്‍ ഹെലീന അവളെ വളര്‍ത്തി.

ഹോളിയുടെ പിറ്റേന്ന് ഇരുപത്തിയൊന്നാം തെരുവിന്‍റെ മുന്നില്‍ ഒരു ജീപ്പുവന്നുനിന്നു. ആരാണ് ഹെലീന....
അവള്‍ പുറത്തേയ്ക്കുവന്നു.... എന്താ...
ഞങ്ങളോടൊപ്പം വരണം.....
എന്തിന് ഒന്നൊരു മറുചോദ്യം അവള്‍ ചോദിച്ചില്ല...
ഇത് പതിവാണ്.. പുതിയ ഏമാന്മാര്‍ പട്ടണത്തിലെത്തുമ്പോള്‍.... തേടി ജീപ്പെത്തുക പതിവാണ്..

സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിക്കുമുന്നിലെത്തുമ്പോള്‍ ഹെലീന അമ്പരന്നു...
ഇവിടെ!.......?
ആ ചോദ്യത്തിന് മറുപടി ആരും പറഞ്ഞില്ല..
ചീഞ്ഞഴുകിയ ശരീരങ്ങളുടെ ഗന്ധം മൂക്കിലേക്കിരച്ചുകയറുന്നുണ്ട്. ഹെലീന വാതില്‍തുറന്ന് അകത്തേക്ക് നോക്കി. ഒന്നേ നോക്കിയുള്ളൂ... ഒരു ഭയം അതവളുടെ ശിരോമണ്ഡലത്തിലൂടെ അരിച്ചിറങ്ങി ഹൃദയത്തെ മരവിപ്പിച്ചു.... സിതാരാ....... ആ വിളിയില്‍ എല്ലാം നിശ്ചലമായതുപോലെ.... പിച്ചിചീന്തിയ ഉടലുമായി അവള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ...
ഇതു നിങ്ങളുടെ... മകള്‍..., പേര്... സിതാര..., വയസ്സ്.. പതിനാല്...,  ഹെലീന അലസമായി മറുപടി പറഞ്ഞു.
ആ വസ്ത്രങ്ങള്‍ ഒന്നഴിക്കൂ... ഹെലീന സിതാരയുടെ വസ്ത്രങ്ങള്‍ അഴിച്ചു. ഉടല്‍ മുഴുവന്‍ നീലിച്ചതും മുറിഞ്ഞതുമായ പാടുകള്‍. തുടകള്‍ക്കിടയില്‍ രക്തം വാര്‍ന്ന്..ചുണ്ടുപൊട്ടി... അവള്‍ക്ക് തന്നെത്തന്നെ അടക്കാനായില്ല.. ഉറക്കെ അലറി...  സിതാരയുടെ വസ്ത്രത്തില്‍ മുഖം ചേര്‍ത്ത് തേങ്ങി. പോലീസുകാര്‍ അവളുടെ ശരീരത്തിന്‍റെ അളവുകള്‍ കുറിച്ചു. മുടിയിഴകളുടെ നീളമെഴുതി. മഹസറിനുവേണ്ടി ക്യാമറ പലതവണ മിന്നി.

ഇനി പുറത്തുപോകൂ... ആ വസ്ത്രങ്ങള്‍ ഈ കവറിലേക്കിടൂ... ഫോട്ടോയ്ക്കും മറ്റുമുള്ള ഫീസ് അയാളെ ഏല്‍പിക്കൂ.. യാന്ത്രികമായെന്നോണം ഹെലീന എല്ലാം അനുസരിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞായിരുന്നിട്ടുകൂടി ചിതകൂട്ടി അതിലേയ്ക്ക് സിതാരയെക്കിടത്തി തീയുതിര്‍ക്കുമ്പോള്‍ അത് ഹെലീനയിലേക്ക് നിര്‍ഭയത്തിന്‍റെ നാളങ്ങള്‍ ഉയര്‍ത്തിവിടുകയായിരുന്നു.

ആചാര്യന്‍റെ മുന്നിലെ കെടാവിളക്കിലേക്ക് അവള്‍ കൈകള്‍നീട്ടി. ആ നാളത്തിലെ ചെറിയ ചൂട് ഹൃദയത്തിലേക്കാവാഹിച്ചപ്പോള്‍ ഒരു കനല്‍തുള്ളി കടഞ്ഞ് മിഴി ഉള്ളിലേക്കടഞ്ഞു.

ഹെലീന എഴുന്നേറ്റു. പുറത്ത് നല്ല തണുപ്പ്‍... മരങ്ങള്‍ നിറഞ്ഞ കുന്നിന്‍മുകളിലേക്കുള്ള ഊടുവഴിയിലേക്ക് മെല്ലെ നടന്നു. വെളുത്ത കോട്ടണ്‍ ടോപ്പിനെ കാറ്റ് പുറകേയ്ക്ക് വലിച്ചു. ഉടല്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കുളിര് അവളെ പൊതിഞ്ഞു. ബീമ നാനിയാണ് ഹെലീനയെ ഇവിടെ എത്തിച്ചത്. കാശിയുടെ തണുപ്പില്‍ തനിക്ക് കാപ്പി പകര്‍ന്നുതന്ന ബീമ നാനി.

മകളേ... നീ എന്തിനാണ് ഇവിടെ വന്നത്... അവളുടെ വേഷവും അപരിചിതത്വവുമാകാം അവരെക്കൊണ്ടത് ചോദിപ്പിച്ചത്... കഥ പറഞ്ഞു തീരുമ്പോള്‍ ആ മുഖത്തെ നിസംഗ്ഗഭാവം അവളെ വല്ലാതെ അതിശയിപ്പിച്ചു. ചിരിച്ചുകൊണ്ട് മാറോട് ചേര്‍ത്ത് തഴുകി നാനിയവളെ ആശ്വസിപ്പിച്ചു. ഇനിയെങ്ങോട്ടാണ് നിന്‍റെ യാത്ര.... അപ്പോഴാണ് അവളും അതോര്‍ത്തത്... ഇനി എങ്ങോട്ട്...

നാനിയുടെ കൂടെ ഇവിടെത്തുമ്പോള്‍ ഒരു പാട് ചോദ്യങ്ങളും ഉത്തരങ്ങളും വ്യാഖ്യാനങ്ങളും അവള്‍ കേട്ടു. ഇതിനിടയിലെപ്പോഴോ നാനിയുടെ ഒരു ചോദ്യം അവളെ വല്ലാതെ ഉലച്ചു. അതിന്‍റെ ഉത്തരം അത് വന്നവഴികളിലെവിടെയും അവളറിഞ്ഞിരുന്നില്ല. അതെന്താണ്... ആ ഉത്തരം.. അതിവിടെക്കിട്ടുമെന്ന് അവള്‍ക്കുതോന്നി... തുടര്‍ യാത്രയ്ക്കായി നാനി വിളിച്ചിട്ടും ഈ താഴ്വരയില്‍ അവള്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.

താന്‍ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. അതിന്‍റെ ഉറവതേടി അവള്‍ ഉള്‍ക്കാട്ടിലേക്ക് നടന്നു. ഉള്‍വനത്തില്‍ വന്യമൃഗങ്ങളുണ്ട് എന്നതിന്‍റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവള്‍ ശ്രദ്ധിച്ചില്ല. ആ ശബ്ദം,  ആ കൂകിവിളി അത് മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്നു. പ്രണയാതുരയായ ഒരു പെണ്‍മനസ്സായി  ആ ശബ്ദത്തിനു പിന്നാലെ ...... ഏതു കിളിയായിരിക്കും ഇങ്ങനെ ചിലയ്ക്കുക... ബാല്യത്തിലെ പാവടക്കാരിയായി അവള്‍ മറുകൂവല്‍ നല്‍കി....

ആ കൂകല്‍ കാട്ടരുവിയുടെ ഇരമ്പലില്‍ ഇഴുകിച്ചേരുന്നതുപോലെ... ദാ.. അവിടെ... പാറകള്‍ക്കിടയിലൂടെ ചിന്നിച്ചിതറി.. മുത്തുകള്‍പോലെ അരുവി... അതിലേക്കൊന്നിറങ്ങി നീന്താനവള്‍ക്കുതോന്നി... തോള്‍സഞ്ചി ഒരു പാറയിലേക്കുവച്ച് അവള്‍ പതിയെ അതിലേക്കിറങ്ങി.... അവളിതുവരെ അനുഭവിച്ചിട്ടില്ലാത്ത.... മാസ്മരികമായ ഒരു തലോടല്‍ തന്നിലനുഭവപ്പെടുന്നതുപോലെ... അവളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഓളങ്ങള്‍ നൃത്തമാടി. കുഞ്ഞുമീനുകള്‍ അവളെ ഇക്കിളിപ്പെടുത്തി... ആ തണുപ്പില്‍ മധുരമുള്ള സംഗീതത്തില്‍.. അവള്‍ ലയിച്ചു. എത്രനേരമെന്നറിയില്ല ആ നവ്യാനുരാഗത്തില്‍ അവള്‍ നീന്തിത്തുടിച്ചത്.

ഹെലീന കരയ്ക്കുകയറി.. വള്ളിപ്പടര്‍പ്പുകള്‍ കൂടൊരുക്കിയ അരുവിയോടുചേര്‍ന്ന പാറപ്പുറത്ത് അവള്‍ ധ്യാനനിരതയായി. മനസ്സ് പലയിടത്തും ചുറ്റിത്തിരിഞ്ഞ് ഒടുവിലവളിലേക്കുതന്നെ മടങ്ങി. മനസ്സ് ശൂന്യമായിരിക്കുന്നു. കാട്ടുവള്ളികളില്‍ക്കൂടി ഒരു പാമ്പിഴഞ്ഞ് അവളിലേക്കിറങ്ങി. നനവില്‍ ഉടലോടുചേര്‍ന്ന വസ്ത്രത്തിനുമുകളിലൂടെ അത് തലങ്ങും വിലങ്ങും ഇഴഞ്ഞുനീങ്ങി. ഹെലീന ഒന്നുമറിഞ്ഞില്ല. അവള്‍ ധ്യാനത്തിലാണ്.

ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന പ്രണയം അവളില്‍ പൂക്കുന്നതുപോലെ. മുഖമറിയൊത്തൊരു കാമുകന്‍ അവളോട് സംസാരിച്ചുകൊണ്ടേയിരുന്നു. നല്ലൊരു കേള്‍വിക്കാരനായി, മടിയിലേക്ക് തന്നെ കിടത്തി താലോലിച്ചുകൊണ്ട് അവന്‍ ചിരിച്ചു. അതവളുടെ കണ്ണുകളെ വിടര്‍ത്തി. മനസ്സിനെ പുളകം കൊള്ളിച്ചു. തേങ്ങലുകളില്‍ അടര്‍ന്നുവീണ കണ്ണീര്‍ക്കണങ്ങളെ അയാള്‍ ചുണ്ടുകൊണ്ടുമുത്തി. ഉയര്‍ന്നുപൊന്തിയ നിശ്വാസങ്ങളെ അവന്‍റെ കരവലയങ്ങള്‍ കോള്‍മയിര്‍കൊള്ളിച്ചു. പ്രണയം...., അതിന്‍റെ അനിര്‍വചനീയമായ രതിസങ്കല്പങ്ങളിലേക്ക്...... അവള്‍ പതിയെ  അതിലേക്ക് ഊര്‍ന്നുവീണുകൊണ്ടേയിരുന്നു. ചുണ്ടുകള്‍കൂമ്പി അവന്‍റെ അധരങ്ങള്‍ക്കായി വെമ്പല്‍കൊണ്ടു. മുഴിപൂട്ടി വ്രീളാവിവശയായി അവളവനെ ആസ്വദിച്ചു. ഇതുവരെയും ചൂടാന്‍കഴിയാത്ത സുഷ്പ്തിയിലേക്ക്...... മനസ്സും ശരീരവും പാകപ്പെടുത്തിയ രതിസങ്കല്പങ്ങളില്‍ അവളുറഞ്ഞാടി. സുഷുപ്തിയുടെ മൂര്‍ദ്ധന്യത്തില്‍ അവളൊന്നുപിടഞ്ഞു. ഇണയേയും ചുറ്റുപാടുകളേയും തിരിച്ചറിയാനാകാത്ത ആനിമിഷത്തില്‍.....  ആ പിടച്ചില്‍ നിശ്ചലമായിരുന്ന ഹെലീനയുടെ ബാഹ്യശരീരത്തെയുണര്‍ത്തി. ശരീരത്തിലിഴഞ്ഞുനീങ്ങിയ പാമ്പ് ഭയന്നു. അത് അവളുടെ മൂര്‍ദ്ധാവില്‍ ആഞ്ഞുകൊത്തി.

ഹെലീന ധ്യാനത്തിലാണ്. ഒന്നുമറിയാതെ.. നാനിയുടെ ചോദ്യത്തിനുത്തരമറിഞ്ഞ്.....  സുഷുപ്തിയുടെ അനിര്‍വചനീയ സുഖത്തില്‍... കാട്ടരുവി മുത്തുകള്‍ ചിന്നിച്ചിതറി താഴേയ്ക്കൊഴുകിക്കൊണ്ടിരുന്നു...  

Friday, 5 June 2015

അവസ്ഥാന്തരം

വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ നേരം പരാപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

'ആരാ... എന്താ.... അഡ്മിഷനാണെങ്കില്‍ കുറച്ചുകൂടി കഴിഞ്ഞുവരൂ......' മുട്ടുകേട്ട് പ്രഭാതകര്‍മ്മങ്ങളിലായിരുന്ന സെക്യൂരിറ്റി ഓടിവന്നു. 'ഓഫീസു തുറക്കുമ്പോള്‍ എട്ടു മണിയെങ്കിലുമാകും.... അല്ലേലും ഇന്ന് ഞായറാഴ്ചയാ.... അമ്മ കുറച്ചു വൈകിയെ എത്തുകയുള്ളൂ... ഇന്ന് ക്ഷേത്രദര്‍ശനമുള്ള ദിവസമാണ്'

ഒന്നു മന്ദഹസിച്ച് തോളിലെ തുണിസഞ്ചി നെഞ്ചിലമര്‍ത്തി പടികളിറങ്ങി ഞാന്‍ താഴേക്കുവന്നു. "അല്ല വിരോധമില്ലാച്ചാല്‍ ഞാനിവിടെ ഇരുന്നോട്ടെ"

"അതിനെന്താ... എവിടെയാ സ്ഥലം... കണ്ടിട്ട് വളരെ ദൂരെനിന്നാണെന്നു തോന്നുന്നു?"  അതിനും അതെ എന്നര്‍ത്ഥം വരുന്ന ഒരു ചിരി സമ്മാനിച്ച് പുറത്തെ ചാരുബഞ്ചിലിരുന്നു.

"ചായ വേണേച്ചാല്‍ .... ഞാന്‍കൊണ്ടരാം... ദാ അവിടുണ്ട് പൈപ്പും ടോയിലെറ്റുമൊക്കെ...."

കണ്ണുകളിലെ ക്ഷീണം അറിഞ്ഞിട്ടെന്നപോലെ അയാളതുപറയുമ്പോള്‍ തലകുലുക്കലില്‍ ഒരുചിരികലര്‍ത്തി ഞാനതിനു ശരിവച്ചു.

മഞ്ഞടര്‍ന്നുവീണ തടിബഞ്ചില്‍ നനവകന്നിട്ടില്ല. ചെറുതായി തണുപ്പ് മുണ്ടിലൂടെ അരിച്ചുകയറുന്നു. മുന്‍വാതില്‍ തുറന്ന് തന്നോളം പ്രായമുളള ഒരാള്‍ ആവിപറക്കുന്ന രണ്ടു കപ്പുകളുമായി വന്നു.

"ദാ ചായകുടിക്കൂ.... ഞങ്ങളോടൊപ്പം കൂടുന്നുണ്ടോ?"  ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. ഒരിറുക്കിന് ചായ കുടിക്കുമ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു.

"എവിടുന്നാ..."
കുറച്ചകലെയാണ്...
പിന്നെങ്ങനെ ഇവിടെയെത്തി .. ചായ മുത്തിക്കുടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. എന്നിട്ട് അയാള്‍തന്നെ ഉത്തരവും പറഞ്ഞു... അതിന് ചോദിക്കാനെന്തിരിക്കുന്നു അല്ലെ.. പ്രായം നമ്മളെ.. ഇവിടെ എത്തിക്കും... അതാരുടെയും തെറ്റല്ല...

ശരിയാണ് മകന്‍റെ ഫ്ലാറ്റില്‍ നിന്നും മീനാക്ഷിയുടെ ചിതാഭസ്മവുമെടുത്ത് പടിയിറങ്ങുമ്പോള്‍ ആ ഒറ്റപ്പെടല്‍, ആ അവഗണന താന്‍ അറിഞ്ഞിരിക്കുന്നു.

അവിടത്തെ അന്തേവാസികള്‍ ഓരോരുത്തരായി അടുത്തെത്തി കുശലാന്വേഷണം ആരംഭിക്കുമ്പോള്‍ എന്തോ ഒരു കുറ്റബോധം ഉള്ളില്‍ ആളിപടരുന്നതുപോലെ എനിക്കുതോന്നി.
വൃദ്ധരായ കറേപ്പേര്‍... അതിലമ്മമാരേണേറെ.... കണ്ണടകള്‍ക്കുള്ളിലെ സ്നേഹ നൊമ്പരങ്ങള്‍ അളന്നെടുക്കാനാവുന്നതുപോലെ മക്കളെന്നുള്ള വാത്സല്യത്തില്‍ പലരുടേയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

പോര്‍ച്ചില്‍ ഒരു കറുത്ത അമ്പാസഡര്‍ കാര്‍ വന്നു നിന്നു. അതില്‍നിന്നും ഇറങ്ങിയ ആളെ എനിക്ക് പെട്ടെന്നു മനസ്സിലായില്ല... എങ്കിലും ഓര്‍മ്മയിലെ പഴയരൂപത്തില്‍ കാലത്തിന്‍റെ അടയാളങ്ങള്‍ ചേര്‍ത്തു വായിച്ചപ്പോള്‍ അതുതന്നെയെന്നുറപ്പുവരുത്തി... ദേവകിയേടത്തി.....
നമസ്കാരം മാഡം.... എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു....
ഭക്ഷണം കഴിഞ്ഞോ.....
ഇല്ല..
അതെന്താ.. ഞാന്‍ പറഞ്ഞിട്ടില്ലേ എനിക്കുവേണ്ടി കാത്തിരിക്കരുതെന്ന്... പലപല അസുഖങ്ങളുള്ളവരാ.... സമയത്തിനു മെഡിസിന്‍ കഴിക്കണം... ങാ...  വരൂ.. ഇനി അതു കഴിയട്ടെ.....

തിരിഞ്ഞുനടക്കുമ്പോഴേക്കാണ് എന്നിലേക്ക് ശ്രദ്ധ പതിഞ്ഞത്..... പെട്ടെന്ന് അടുത്തേക്കുവന്നു.... കണ്ണട ഒന്നു ശരിയാക്കിവച്ച് സൂക്ഷിച്ചുനോക്കി....
"മാധവന്‍കുട്ടി.....!"
ഞാന്‍ ചിരിച്ചു.... ഏടത്തീ... അറിയാതെ മനസ്സില്‍ നിന്നു പുറപ്പെട്ട ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു...

എല്ലാരും വരൂ... പ്രാതല്‍ കഴിക്കാം.... കണ്ണടെയെടുത്ത് നേര്യതുകൊണ്ട് കണ്ണൊന്നുതുടച്ച്... ദേവകിയേടത്തി ഹാളിലേക്കുപോയി.......

വരൂ.. ഒരാള്‍ എന്‍റെ കൈക്കുപിടിച്ച് കൂടെക്കൂട്ടി....

പരസ്പരം തമാശപറഞ്ഞും വഴക്കുകൂടിയും.. പ്രാതല്‍കഴിക്കുന്ന വൃദ്ധര്‍.... അവരോടൊപ്പമുള്ള ആ ഇരിപ്പിനുതന്നെ ഒരു കുളിര്‍മ്മയുള്ളതുപോലെ....

മാധവന്‍കുട്ടി മുറിയിലേയ്ക്കു വാ...
കൈകഴുകിക്കൊണ്ടിരിക്കുമ്പോള്‍ ദേവകിയേടത്തി പറഞ്ഞു.

ചാരു കസേരയില്‍ പത്രം നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ദേവകിയേടത്തിക്കുമുന്നില്‍ ഒരു കുട്ടിയെപ്പോലെ ഞാന്‍ നിന്നു.

ഇരിക്ക്.... എന്താ വിശേഷം.... അനിയത്തിയെവിടെ...... മീനാക്ഷിയെ അങ്ങനാണ് ഏടത്തിവിളിക്കാറ്.....

ഏട്ടന്‍ മരിക്കുമ്പോള്‍ ഏടത്തി വളരെ ചെറുപ്പമാണ്. പട്ടാളക്കാരനായിരുന്ന ഏട്ടന്‍റെ ശരീരം സകല ബഹുമതികളോടും കൂടി ഏറ്റുവാങ്ങുമ്പോള്‍  ഒരു തുള്ളി കണ്ണുനീരുപോലും ആ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചിട്ടില്ല. ഒരു വീര സൈനികന്‍റെ ഭാര്യയാണ് താനെന്ന് തെളിയിക്കുമാറ്... അത്രയും  ശക്തയായിരുന്നു ഏടത്തി... ആരു നിര്‍ബന്ധിച്ചിട്ടും ഒരു പുതിയ ബന്ധത്തിനോ... തന്‍റെ വീട്ടിലേക്കൊരു തിരിച്ചുപോക്കിനോ... ഏട്ടത്തി തയ്യാറായതുമില്ല... വിവാഹത്തിനുശേഷം പുതിയ വീട്ടുവച്ച് ഞാന്‍ താമസംമാറുമ്പോള്‍ അമ്മയേയും കൂടെക്കൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പലപ്പോഴും മീനാക്ഷിയുടെ മുഖം കറുപ്പിക്കലില്‍നിന്ന് ഒഴിഞ്ഞ് അമ്മ ഏടത്തിയോടൊപ്പം കഴിഞ്ഞിരുന്നു..

മക്കളുടെ പഠിപ്പിനും, പിന്നെ മീനാക്ഷിയുടെ സ്വകാര്യ നിര്‍ബന്ധവും ഫ്ലാറ്റിലേക്കുള്ള പറിച്ചു നടലിനായി എന്‍റെ വിഹിതം വിറ്റു. അമ്മയുടെ കണ്ണുനീരിനു ഇത്രയും ആഴമുണ്ടായിരുന്നുവെന്ന് ഞാനന്നറിഞ്ഞിരുന്നില്ല. ഒറ്റമുറിയിലെ വീര്‍പ്പുമുട്ടലുകള്‍ അമ്മയെ ഏറെ ക്ഷീണിപ്പിച്ചു.... അമ്മയുടെ മൗനമായ പ്രതികരണവും ഓര്‍മ്മക്കുറവും ഫ്ലാറ്റിലെ ഞങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമായി. വല്ലപ്പോഴും കാണാനെത്താറുള്ള ഏടത്തി... ആ ഭാരം വലിച്ചുകൊണ്ട് പോകുകയായിരുന്നു. പിന്നെ വന്നിട്ടില്ല....
അമ്മയുടെ മരണമറിയിച്ചാണ് ഏടത്തി അവസാനമായി വിളിച്ചത്. അത്  പക്ഷേ ഞാനറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.

ഒരു ഫോണ്‍കോളില്‍..... കഴിഞ്ഞു... എന്നു ഏടത്തി പറഞ്ഞപ്പോള്‍ ഞാന്‍ ഫോണ്‍ വയ്ക്കുകയായിരുന്നു....

മാധവന്‍കുട്ടീ... എന്താ..... ചോദ്യം കേട്ടില്ലാന്നുണ്ടോ?

നെഞ്ചില്‍ ചേര്‍ത്തുവച്ചിരുന്ന സഞ്ചിയില്‍നിന്നും പട്ടില്‍പൊതിഞ്ഞ ചിതാഭസ്മം ഞാന്‍ സെറ്റിയിലേക്കു വച്ചു.....

ഓ.. ഗോഡ്... ഏടത്തി ചാടി എഴുന്നേറ്റ്... എന്നെ പിടിച്ചെഴുന്നേല്‍പിച്ചു....
ഞാന്‍..... എനിക്കു പറഞ്ഞു മുഴുപ്പിക്കാനായില്ല,

അനിയാ....
ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം.... സ്നേഹമുള്ള ആ പഴയവിളി.. ഏട്ടത്തിയുടെ നാവില്‍ നിന്നു വന്നു...
എന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി....

വരൂ... അടുത്തമുറിയുടെ വാതില്‍ തുറന്ന് എന്നെ ക്ഷണിച്ചു... അവിടെ എന്‍റമ്മയുടെ ചിത്രത്തിനുമുന്നില്‍ പട്ടില്‍പൊതിഞ്ഞ ഒരു മണ്‍കുടം... തിരികെടാതൊരു വിളക്കും...

ഞാന്‍ വിതുമ്പിപ്പോയി.... നരകയറിയ കണ്ണുകളും ജരകയറിയമനസ്സും എന്നില്‍ നിന്നകന്ന് ഏടത്തിയുടെ കാല്‍ക്കലേക്കുവീണു. ഏടത്തീ....

അനിയാ എഴുന്നേല്‍ക്ക് എനിക്കറിയാമായിരുന്നു... എന്നെങ്കിലും നീ തിരിച്ചിവിടേക്കെത്തുമെന്ന്...... ഏടത്തിയും വിതുമ്പുന്നുണ്ടായിരുന്നു..
അമ്മേ..... മാപ്പ്....
ഒരായിരംവട്ടം മനസ്സാവര്‍ത്തിച്ചാലും പകരമാകാത്ത കടമായി അതവശേഷിക്കുന്നു.
ഞാനും വൃദ്ധനായിരിക്കുന്നു... ഒറ്റപ്പെടലുകള്‍... എന്‍റെ ശരീരത്തിലേക്കും ഇഴഞ്ഞു കയറുന്നുണ്ട്.... നനുത്തൊരു മരവിപ്പ്.

Thursday, 28 May 2015

മയില്‍പ്പീലിത്തുണ്ട്


വെളുത്ത വിരികളുള്ള കിടക്കയില്‍ പാദസരം മാത്രം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. ജനാലയിലെ കര്‍ട്ടന്‍ ഞൊറിവിലൂടെ ചെറു നിഴലനക്കങ്ങള്‍ അവളെ പരിഹസിക്കുന്നതുപോലെ. കവിള്‍ കനര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന നോവിന്‍റെ ലായനി ചുണ്ടുകളില്‍ തേങ്ങലിന്‍റെ വിങ്ങല്‍ തീര്‍ക്കുന്നുണ്ട്.

കണക്കുപുസ്തകത്തിന്‍റെ കള്ളികളില്‍ വരഞ്ഞുവയ്ക്കുന്ന അക്കങ്ങള്‍പോലെ കൂട്ടിക്കുറച്ച് മനസ്സിലേക്ക് വകഞ്ഞെടുക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊഞ്ഞനം കുത്തുന്നതുപോലെ.

അമ്മേ ദാ നോക്ക് ഞാന്‍ വരച്ചതാ.. കുഞ്ഞുവാവ... കൊള്ളാമോ?
ശ്വേതയ്ക്ക് സങ്കടം സഹിക്കാനായില്ല, അവള്‍ പാറുവിനെ നെഞ്ചോട്ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

അവളെവിടെ തന്‍റെ തോന്നലായിരുന്നോ? ഇല്ല അവളെന്‍റടുത്തുതന്നെയുണ്ടായിരുന്നു. നന്ദൂ... മോളേ....

ശ്വേത തലയിണയും കിടക്കവിരികളും വലിച്ചെറിഞ്ഞു. തെറിച്ചുവീണ തലയിണയിലൊന്ന് നന്ദുവാണെന്നവള്‍ക്കുതോന്നി. ഓടിച്ചെന്ന് വാരിയെടുക്കുമ്പോഴേക്കും ചെറിയ മയക്കത്തിലേക്കവള്‍ വഴുതിവീണു.

റോസ് നിറത്തിലുള്ള വെള്ള കിന്നരികള്‍ വച്ചുപിടിപ്പിച്ച ഒരു കുഞ്ഞുടുപ്പ്. അതില്‍ ഞാത്തിയിട്ടിരിക്കുന്ന സ്വര്‍ണ്ണനൂലുകള്‍. കുറേ വളപ്പൊട്ടുകള്‍ മഞ്ചാടി മണികള്‍... ശ്വേതയുടെ മനസ്സിലൂടെ പലചിത്രങ്ങളും കടന്നുവന്നു.

നിറയെ മയില്‍പ്പീലികള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു കാവ് അതിന്‍റെ കിഴക്കേ കോണില്‍ കുളമാവില്‍ നിന്നും ഞാന്നുകിടക്കുന്ന വള്ളിയില്‍ നന്ദു, ഒപ്പമൊരു കണ്ണനും...

മഴ ശക്തമാകുന്നുണ്ട് ഈശ്വരവാര്യര്‍ ശ്വേത കിടന്നിരുന്ന മുറിക്കുപുറത്തെ ബഞ്ചില്‍ കാല്‍ കയറ്റിവച്ചിരുന്നു.  അയാള്‍ വളരെ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം ഇന്നൊന്നും കഴിച്ചിട്ടില്ലായെന്ന്.

വാര്യരെ ഇങ്ങനിരുന്നാലെന്താ ചെയ്ക... വല്ലതും കഴിക്കൂ... കുട്ടി ഉറങ്ങുകയല്ലേ....
ഒരു വിളര്‍ത്ത ചിരിമാത്രം സമ്മാനിച്ചു വീണ്ടും തറയിലേക്ക് ദൃഷ്ടിപതിപ്പിച്ച് അയാളിരുന്നു.
കേശവേട്ടന്‍ അയാളുടെ അടുത്ത് ചെന്നിരുന്നു. കാവിലെ വെളിച്ചപ്പാടാണ് കേശവേട്ടന്‍. പ്രതാപമുണ്ടായിരുന്ന കാലത്ത് ദൈവത്തിനു സമം എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇന്ന് കാലം മാറി. കാവ് ഉത്സവത്തിനുമാത്രം ആളുകൂടുന്നിടമായി. അതും രാത്രി ഗാനമേളയോ മിമിക്രിയോ ഉണ്ടാച്ചാല്‍  മാത്രം.

കേശവേട്ടന്‍ വാര്യരുടെ തോളത്ത് തട്ടി സമാധാനിപ്പിച്ചു... എന്താ ചെയ്ക.. സുകൃതക്ഷയം.. കാവിലമ്മേ.....

വാര്യരുടെ കണ്ണുകളില്‍ നിന്നും ചിലതുള്ളികള്‍ ഉരുണ്ട് താഴേയ്ക്ക് പതിച്ചു.

നന്ദൂ...... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.

കൈകള്‍ തോര്‍ത്തുമുണ്ടുകൊണ്ട് ബന്ധിച്ചിരിക്കാ എന്‍റെ കുട്ടീടെ..... ആരാ സഹിക്ക അല്ലേ കേശവേട്ടാ.... ഉം...

കേശവേട്ടന്‍ ചുമരിലേക്ക് ചാരി മലര്‍ന്നിരുന്നു... ഓര്‍മ്മകള്‍ ദേവൂന്‍റെ കുടിലിനകത്തേയ്ക്ക് ഇഴഞ്ഞു നീങ്ങി. കാവിലെ വെളിച്ചപ്പാടാണു താനെങ്കിലും പലപ്പോഴും ദേവു തനിക്കൊരു ഹരമായിരുന്നു. അവളുടെ പിന്നാമ്പുറങ്ങലില്‍ നിന്ന് ദൃഷ്ടിയെടുക്കാതെ കോരന്‍റെ ചായപ്പീടികയിലെ തടിബഞ്ചില്‍ പലപ്പോഴും താനിരുന്നിട്ടുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദേവുവിന്‍റെ ഉടല്‍ മിടുക്ക്. അതൊട്ടനുഭവിക്കാന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അവള്‍....

വാര്യര്‍ കഴിഞ്ഞദിവസം പറയുന്നതുവരെ തനിക്കാ കഥ അറിയില്ലായിരുന്നു. പക്ഷേ അറിഞ്ഞപ്പോള്‍ മനസ്സേറെ വേദനിച്ചു. രക്ത്സ്രാവംമൂലം മരിച്ചതാണെന്നാണ് താനും നാട്ടുകാരും കരുതീത്. അവളുടെ വകയിലൊരമ്മാവന്‍ രത്നാകരനും അതങ്ങുറപ്പിച്ചുപറഞ്ഞു. കേള്‍പ്പോരും കേഴ്വിയുമില്ലാത്തതിനാല്‍ ദേവുവിന്‍റെ മരണത്തെ ആരും ചിക്കിചികഞ്ഞതുമില്ല.

അവള്‍ മരിച്ചിട്ട് ഈ കര്‍ക്കിടകത്തില്‍ അഞ്ചുകൊല്ലമാവുന്നു. ശ്വേതയും രവിയും വാര്യരുടെ വീട്ടില്‍ തിരിച്ചെത്തീട്ടുമായി അത്രേംകൊല്ലം. വരുമ്പോള്‍ നന്ദു കൈക്കുഞ്ഞായിരുന്നു. പെറ്റെണീറ്റ് നേരെ ഇങ്ങുപോന്നൂന്നാണ് വാര്യര് തന്നോട് പറഞ്ഞത്.

ദേവൂന്‍റെ ചാക്കാലച്ചിലവ് മുഴുവന്‍ കൊടുത്തത് രവിയായിരുന്നു. ഇപ്പോഴാണ് അതിന്‍റെയൊക്കെ അര്‍ത്ഥം തനിക്കു മനസ്സിലാകുന്നത്. സത്യത്തില്‍ ദേവു കത്തെഴുതിയിട്ടാണ് രവി എത്തിയത്. അവള്‍ ഗര്‍ഭിണിയായിരുന്നു. ശ്വേതയ്ക്കാണെങ്കില്‍ ഇതുവരെയും കുട്ടികളുമില്ല. ദേവുവും രവിയുമായി ഇത്തരത്തിലൊരു ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടിലാര്‍ക്കുമറിയില്ല. താന്‍പോലും വാര്യരിന്നലെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അങ്ങനൊന്നൂഹിക്കകൂടി ചെയ്യില്ല. വാര്യരുടെ വലിയമ്മാവന്‍ ദേവുവിന്‍റെ അമ്മൂമ്മയ്ക്കു കൊടുത്തതാണ് പടിഞ്ഞാറെക്കോലായിലെ പത്തുസെന്‍റ് തെങ്ങുംപണ.

ദേവൂന് വയറ്റിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. മരിക്കുന്നതിന് ഏറെക്കാലം മുമ്പുതന്നെ അങ്ങോട്ടേയ്ക്ക് ഒരു മനുഷ്യരേം ദേവു അടുപ്പിച്ചിരുന്നുമില്ല. താനാ തൊഴിലൊക്കെ നിര്‍ത്തീന്ന് അന്നത്തെ ഉത്സവത്തിന് അവളുതന്നോട് പറഞ്ഞതും കേശവേട്ടനോര്‍ത്തു.

ഒറ്റാന്തടിയായ എനിക്ക് എന്തോ വേണം. തട്ടിനുംമുട്ടിനുമൊക്കെ ആരേലും തരണുണ്ട്. പിന്നെ പറമ്പിലെ തേങ്ങേംകൂടിയാകുമ്പം കുശാല്‍.... കേശവേട്ടന്‍റെ മനസ്സില്‍ ആ വാചകം ഒന്നു വന്നു പോയി. സത്യത്തില്‍ രവിയുമായി അടുത്തതിനുശേഷം ദേവു മറ്റൊരാളിന് പാ വിരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാലും ഇതെങ്ങനെ ഇത്ര രഹസ്യമായി സാധിച്ചു.

നന്ദൂ.. നീ എവിടെയാ..... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.
കഴിഞ്ഞമാസം ആയില്യത്തിന്‍റന്ന് വൈകിട്ട് കാവിലെ വെളക്കു കൊളുത്താന്‍ പോയതായിരുന്നു രവി. താനും വരുന്നെന്ന് ശാഠ്യംപിടിച്ച് കൂടെപ്പോകുമ്പോള്‍ മരണത്തില്‍ അച്ഛനൊപ്പം കൂട്ടുപോകുകയായിരുന്നു അവളെന്നാരുമറിഞ്ഞിരുന്നില്ല. കാവിനടുത്തെത്തിയപ്പോള്‍ ഒരിടി.. രണ്ടു തീഗോളങ്ങളാക്കി അവരെ എരിച്ചുകളഞ്ഞു. തിരിച്ചറിയാനാകാത്ത രണ്ടു കരിക്കട്ട തുണ്ടുകളായി..... ആ കാഴ്ച താളംതെറ്റിച്ച ശ്വേതയുടെ മനസ്സിനെ ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ കൈകാലുകള്‍ ബന്ധിച്ച്...

വാര്യരുടെ മുതുകില്‍ ഒന്നു തലോടി കേശവേട്ടന്‍ എഴുന്നേറ്റു... ഇടനാഴിയിലെ അങ്ങേത്തലയ്ക്കല്‍ ചില്ലുവാതിലിലൂടെ പുറത്തേയ്ക്കു നോക്കി.. മഴ കനക്കുന്നുണ്ട്.... മഴത്തുള്ളികള്‍ കുത്തിവരയ്ക്കുന്ന ചിത്രങ്ങളില്‍ ദേവുവിന്‍റെ മുഖം അയാള്‍ കണ്ടു... അവള്‍ ചിരിച്ചു... കള്ളന്‍... എന്നെ പലപ്പോഴും നിങ്ങള് ഒളികണ്ണിട്ട് നോക്കീട്ടുണ്ടല്ലേ.... പക്ഷേ എന്‍റെ തമ്പ്രാനു ഈയുടല്‍ പകുത്തുവച്ചതിനുശേഷം ആര്‍ക്കും പായവിരിച്ചിട്ടില്ല ഈ ദേവു.... കണ്ടോ അവരിപ്പഴും എന്‍റൊപ്പമാ.... ഏന്‍റെ തമ്പ്രാനും മോളും.

ഒരു വെള്ളിടി ചില്ലു ജാലകത്തില്‍ പതിച്ചു. ആ പ്രകാശത്തില്‍ രവിയും ദേവുവും നന്ദുവിന്‍റെ കൈപിടിച്ച് അകലേയ്ക്കുപോയി...

എങ്ങും ഇരുട്ട് അയാള്‍ വിരല്‍ പരതിനോക്കി ഒരു നനവ് തനിക്കു ചുറ്റും അരിച്ചു കയറുന്നു. കൊഴുത്ത എന്തോ ഒരു ദ്രാവകം കൈയ്യില്‍ പറ്റി. മണത്തുനോക്കി.... രക്തം... ഒരു ഞരക്കം.. ഒപ്പമൊരു കുഞ്ഞിന്‍റെ കരച്ചില്‍... ആ ഇരുട്ടില്‍ അയാളതിനെ വാരിയെടുത്ത് പുറത്തേയ്ക്കോടി.... വാര്യത്തെ തിണ്ണയില്‍ ആച്ചലച്ച് നിലംപതിക്കുമ്പോള്‍ മഴ ഇടിച്ചുകുത്തി പെയ്യുകയായിരുന്നു.