Tuesday, 23 June 2015

വരകള്‍ അവസാനിക്കുന്നില്ല

കാലുകളില്‍ വല്ലാത്തൊരു തരിപ്പ്, ഉള്ളിലെവിടെയോ ഒരു തളര്‍ച്ചപോലെ. മൂന്നു നാലാഴ്ചയായി നന്നായി ഒന്നുറങ്ങിയിട്ട്, അയന മച്ചിലെ ഗോവണിക്കുതാഴെ തളര്‍ന്നിരുന്നു.
'നീ ഇവിടിരിക്കയാണോ?'
അച്ഛനാണ്, നാളെ നിന്‍റെ വിവാഹമല്ലേ മോളുപോയിക്കിടന്നുറങ്ങിക്കോയെന്ന് ഇരുട്ടിന്‍റെ അന്ത്യയാമത്തിലെങ്കിലും അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലെന്നവള്‍ ആഗ്രഹിച്ചു.
'ദേഹണ്ണക്കാര്‍ക്ക് ഒരിത്തിരി വെള്ളം തിളപ്പിച്ചുകൊടുക്കാന്‍ പോലും നില്‍ക്കാതെ നീയിവിടെയിരുന്ന് വിശ്രമിക്കയാണോ?' അച്ഛന്‍റെ വാക്കുകള്‍ സങ്കടത്തിനപ്പുറം ഒരു മരവിപ്പ് അവളിലേക്ക് അരച്ചുകയറി.
'ദേ വരണു...'
ഒന്നു നടുനിവര്‍ത്തി, സാരിത്തലപ്പ് ഇടുപ്പില്‍ വലിച്ചുകുത്തി കൂനിപ്പിടിച്ചു കുഴലിലൂടെ തീ നാളങ്ങളെ ശ്വാസഗതിയില്‍ അനുസരിപ്പിച്ച് കട്ടന്‍ചായ തിളപ്പിച്ചു. നാളെമുതലെങ്കിലും ഈ വീര്‍പ്പുമുട്ടലുകളില്‍ നിന്ന് അകന്നുപോകാമല്ലോ എന്നു മനസ്സിലോര്‍ത്തു.
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. രണ്ടുദിവസത്തെ മുഷിഞ്ഞ തുണികളുണ്ട് അതലക്കി കുളിച്ചിട്ടുവേണം കാവിലൊന്നു വിളക്കുവച്ചു തൊഴാന്‍. പുതിയവീട്ടിലേക്ക്, പുതിയ ചുറ്റുപാടുകളിലേക്ക്, പരദേവതകളുടെ അനുഗ്രഹം- അതുമാത്രമാണ് തനിക്കെന്നും ആശ്രയമായിട്ടുള്ളത്.
വിവാഹപന്തലിലേക്ക് കൈപിടിച്ചു കയറുമ്പോള്‍ ഉറക്കച്ച‍ട
വിനാല്‍ കാഴ്ചകള്‍ അവ്യക്തമായിരുന്നു. കനംതൂങ്ങിയ കണ്‍പോളകള്‍ തുറന്നുവയ്ക്കാന്‍ അവള്‍ നന്നേ പരാജയപ്പെട്ടു.
ഉറങ്ങിവീഴാതിരിക്കാന്‍ വീണ്ടും വീണ്ടും മനസ്സിനെ ഓര്‍മ്മപ്പെടുത്തി. മനസ്സറിയാതെ വഴുതിയ മയക്കത്തില്‍ താലിച്ചരട് മുറുക്കി അയാള്‍ അവളുടെ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
അമ്മയക്ക് മനസ്സിളക്കം വന്ന അന്നുമുതല്‍ തുടങ്ങിയതാണ് തന്‍റെ പ്രാരാബ്ദങ്ങള്‍. പന്ത്രണ്ടാം വയസ്സില്‍ സ്വയം ആര്‍ജിച്ച തന്‍റേടത്തില്‍ അവള്‍ ഇന്നത്തെ അയനയിലേക്ക് മാറുകയായിരുന്നു.
അംബാസിഡര്‍ കാറില്‍നിന്ന് ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ അമ്മായിയുടെ സ്ഥാനത്തുനിന്നും വിളക്ക് പകര്‍ന്ന കമലേടത്തി കവിളില്‍ ഒരു നുള്ളു കൊടുത്തു അപ്പോഴാണ് കാറിലെ പിന്‍സീറ്റുറക്കത്തിലെ അവ്യക്തസ്വപ്നങ്ങള്‍ അവളെ വിട്ടുപോയത്.
പുതിയപെണ്ണിനെക്കാണാന്‍ പലരും വന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നു ചിരിവരുത്തി ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചുപറഞ്ഞ് കുശലാന്വേഷകരെ അവള്‍ തൃപ്തിപ്പെടുത്തി.
വാതില്‍ചാരി, അയന അകത്തേയ്ക്കുചെന്നു. 'നീ കിടന്നോ എനിക്കിത്തിരി ജോലിയുണ്ട്' ക്യാന്‍വാസിലെ ചായങ്ങളില്‍ മുഖംകൂര്‍പ്പിച്ച് അയാള്‍ പറഞ്ഞു.
'ഉം'
'പാല്'
'അതവിടെ വച്ചേക്ക്'
നേരത്തെ കട്ടിലില്‍ അഴിച്ചിട്ടിരുന്ന കല്യാണസാരി മടക്കി അയയിലേക്കിട്ടു. പിന്നെ വിരിപ്പ് ശരിയാക്കി ഒരുവശത്തേക്ക് ചരിഞ്ഞ് കിടന്നു. തന്‍റെ ബാല്യത്തിലേക്ക് വെറുതേ ഒന്നോടിപ്പോയി. തൊടിയിലെ ഒതുക്കുകല്ലില്‍ ചവിട്ടിനിന്നാല്‍ പാടത്ത് കന്നു പൂട്ടുന്നത് കാണാം... ഓ ഹോയ് വിളിയും ചേറിന്‍റെ മണവും അയന എന്നും ഇഷ്ടപ്പെട്ടിരുന്നു.
എഴുന്നേല്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ അഴിച്ച നിലയിലായിരുന്നു. എവിടെയൊക്കയോ ഒരു നീറ്റല്‍. ചുണ്ടുപൊട്ടിയിട്ടുണ്ട്. സ്വപ്നത്തിലെ ചെറുഞരക്കങ്ങളും പിറുപിറുക്കലുകളും മനസ്സിന്‍റെ ഇടനാഴിയിലൂടെ കടന്നുപോയി. ഒരു നിശ്വാസത്തിന്‍റെ തണലില്‍ കുളികഴിഞ്ഞ് ഈറന്‍ മാറി അടുക്കളയിലേക്ക് കയറി. കമലേടത്തി ഏതാണ്ടൊക്കെ കാലമാക്കിയിട്ടുണ്ട്.
'രത്നാകരേട്ടനും ഞാനും ഇന്നുപോകും രണ്ടീസമായില്ലെ വന്നിട്ട്.. '
'ഉം..' അവള്‍ ഒന്നു മൂളുകമാത്രം ചെയ്തു.
പകലിന്‍റെ ഒറ്റപ്പെടലുകള്‍ മനസ്സില്‍നിന്നു വിടുവിക്കാന്‍ അവള്‍ പറമ്പിലേക്കിറങ്ങി. പടര്‍ന്നിറങ്ങിയ പറിങ്കിമാവ് മഞ്ഞയും ചുവപ്പും കലര്‍ന്ന പഴങ്ങള്‍ നിറച്ച് ചിരിക്കുന്നു. കാക്കയും അണ്ണാനും കരഞ്ഞും ചിലച്ചും ചില്ലകളിലുടെ തത്തിയും പറന്നും രസിക്കുന്നു. കിളിച്ചുണ്ടന്‍ മാവ് നിറയെ കണ്ണിമാങ്ങ. അവള്‍ ഒരെണ്ണം കൈയെത്തി പറിച്ചെടുത്തു. ഒന്നു കടിച്ചതേയുള്ളൂ..... പുളിപ്പ് സകല ഞരമ്പുകളിലും കുടിയേറി കണ്ണുകളിലെത്തിച്ചു.
ഉച്ചയൂണിനു മുന്നേതന്നെ വിജയനെത്തിയിരുന്നു. കമലേടത്തിയും രത്നാകരേട്ടനും വൈകിട്ടത്തെ വണ്ടിക്ക് പോകും. പിന്നെ അവളും വിജയനും തനിച്ചാവും.
ഇടയ്ക്കെങ്ങാനും ഓടിയെത്താറുള്ള കറണ്ടിനെ കാക്കാതെ റാന്തല്‍ കത്തിച്ചുവച്ച് വിജയനടുത്തേക്ക് ചെല്ലുമ്പോള്‍ അയാള്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
'കിടക്കുന്നില്ലേ.... '
'നീ കിടന്നോ...'
'എന്തിനാ ഉറങ്ങുമ്പോ കവര്‍ന്നെടുക്കാനോ?'
'അയാളൊന്നും മിണ്ടിയില്ല....' അവള്‍ മച്ചിലേക്ക് നോക്കിക്കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. വെറുതെ കണ്ണടച്ചു.
വയറിലേക്ക് അരിച്ചിറങ്ങുന്ന കൈകളില്‍ കടന്നുപിടിച്ച് കണ്ണുതുറക്കുമ്പോള്‍ വിജയനുണ്ട് അടുത്ത്. അയാള്‍ ചിരിച്ചു. അവളും. വിജയന്‍റെ കൈ രണ്ടുകൈകൊണ്ടും കൂട്ടിപ്പിടിച്ചു. ഒരു ചുംബനം നല്കി മാറിലേക്ക് ചേര്‍ത്തമര്‍ത്തി.
അയാള്‍ മറുകൈകൊണ്ട് നെറ്റിയില്‍ ചിത്രങ്ങള്‍ വരച്ചു. കണ്ണുകളടച്ച് അവളാ സുഖം ആസ്വദിച്ചു.
'നീ കമലേട്ടത്തിയെപ്പോലെ സുന്ദരിയാണ്...' അവളൊന്ന് ഞെട്ടി.., കണ്ണുതുറന്ന് അയാളെ നോക്കി. കണ്ണടച്ചിരിക്കുകയാണ് അയാള്‍.
'എന്താ...?'
'കമലേടത്തിയെപോലെ നീ സുന്ദരിയാണ്.... ഞാന്‍ നിന്നെ കമലേന്ന് വിളിക്കട്ടെ... നീ വിളികേള്‍ക്കുമോ?' രണ്ടാമത്തെ രാത്രിയിലെ കിടക്കറയിലേക്ക് അനാവശ്യമായി കടന്നുവന്ന കമലേടത്തിയെ അവളിഷ്ടപ്പെട്ടില്ലെങ്കിലും അയാളുടെ സ്പര്‍ശം, ആ നിവൃതിയ്ക്കായി ഒരു മൂളലില്‍ അവളതനുസരിച്ചു...
ഒരോ വിളിയിലും ഞരക്കങ്ങളിലും കമലയെ ആസ്വദിക്കുകയായിരുന്നു അയാള്‍. അയനയെ എവിടെയോ നഷ്ടമാക്കി അയാള്‍ പുതിയൊരു ലോകം മെനഞ്ഞെടുക്കുകയായിരുന്നു. പിന്നെ ഓരോ രാത്രികളിലും അവളെത്തേടിയെത്തുന്ന വേഷങ്ങള്‍ ആടിത്തീര്‍ക്കാനുള്ള ഒരു ശരീരമായി അവള്‍ മാറുകയായിരുന്നു. ആ വേഷങ്ങളില്‍ ഒന്നുപോലും അവളെ അമ്മയാക്കിയില്ല... കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍... തന്‍റെ സ്വത്വം നഷ്ടപ്പെട്ട്. പകലിന്‍റെ ഇടനാഴിയില്‍ ഒറ്റപ്പെടലിന്‍റെ ഭയാനകമായ നിഴല്‍ചിത്രങ്ങളെ കൂട്ടുപിടിച്ച് അവള്‍ ജീവിച്ചുതുടങ്ങി.
താനായിക്കണ്ട് തന്‍റെ പ്രതിരൂപത്തോട് സംവദിക്കാന്‍, സ്നേഹമായൊന്നു പുണരാന്‍. തന്‍റെ വിഹ്വലതകളുടെ നല്ലൊരു കേള്‍വിക്കാരനാകാന്‍, ഒരു നിമിഷമെങ്കിലും ഉള്ളുരുക്കങ്ങളില്‍ സ്നേഹചുംബനമായി പടര്‍ന്നിറങ്ങാന്‍ തന്‍റിണയെത്തിയെങ്കിലെന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
വിയര്‍പ്പിനൊപ്പം അവളുടെ കണ്ണീര്‍ചാലുകള്‍ സമുദ്രത്തോളം ഒഴുകിയിറങ്ങി. ഒറ്റപ്പെടലുകള്‍ പുസ്തകങ്ങളുടെ താളുകള്‍ കാര്‍ന്നെടുത്ത് നിര്‍വൃതികൊണ്ടു. മനസ്സിലെ കുരുത്തോലക്കൂട്ടില്‍ ഒളിപ്പിച്ചുവച്ച സ്വപ്നങ്ങളുടെ രാജകുമാരിയായി അയന. അക്ഷരങ്ങളുടെ ഇന്ദ്രജാലങ്ങള്‍ സ്വയത്തമാക്കി അവളെഴുതി..
ഓരോ വസ്ത്രാക്ഷേപത്തിലും നായകന്‍ ദുശ്ശാസനന്‍ മാത്രമായിരുന്നു. നഗ്നമാക്കപ്പെട്ടത് പാഞ്ചാലിമാത്രമല്ല... എണ്ണിത്തീര്‍ക്കാനാകാത്ത സ്ത്രീയുടലുകള്‍. ഒരച്ചില്‍ അനേകം സ്ത്രീകളുടെ ഭാവചിത്രങ്ങള്‍.
അക്ഷരങ്ങളുടെ അത്ഭുതലോകത്ത് തന്‍റേതായൊരിടം കോറിവരയ്ക്കാനായപ്പോള്‍ ഇരുട്ടിന്‍റെ നിഴലനക്കങ്ങളില്‍ അവള്‍ പേറിയിരുന്ന ദുഃഖം കുറച്ചലിഞ്ഞില്ലാതായതുപോലെ. ഒറ്റപ്പെടല്‍ കഥാപാത്രങ്ങളുടെ തിരയിളക്കങ്ങളില്‍ മനം നിറച്ചു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചേക്കേറുമ്പോള്‍ മനസ്സും അതേറ്റുവാങ്ങുകയായിരുന്നു.
നഷ്ടബാല്യം സമ്മാനിച്ച തന്‍റേടവും അതിനിടയില്‍ സ്വായത്തമാക്കിയ അറിവും അവളെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. തന്‍റെ ആഗ്രഹങ്ങളെ കഥാപാത്രങ്ങളാക്കി അതിലൂടെ അവള്‍ ജീവിച്ചു. വിങ്ങലുകള്‍ താളബോധമുള്ള എഴുത്തുകളായി.
നവമാധ്യമങ്ങളില്‍ അയന എന്ന എഴുത്തുകാരി നിറഞ്ഞുനിന്നു. തന്‍റെഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍ അവളുടെ ഉറ്റചങ്ങാതികളായി. ദിനംപ്രതി അവളോട് സംസാരിക്കാറുള്ള പേരിറിയാത്ത മുഖങ്ങളില്‍ അവളെത്തിരിച്ചറിഞ്ഞ ശബ്ദങ്ങളെ മാത്രം സ്വീകരിച്ചും അല്ലാത്തവയെ നിരസിച്ചും സൗഹൃദങ്ങളെ അവള്‍ ആവോളം ആസ്വദിച്ചു.
'എഴുത്തുകള്‍ വശ്യമായ ഒരാനന്ദം തരുന്നു.' ആ വാചകത്തില്‍ അവളുടെ കണ്ണുകളുടക്കി. ഇതുവരേയും തന്‍റെഴുത്തുകളില്‍ ഒരഭിപ്രായവും രേഖപ്പെടുത്താത്ത ഒരാള്‍‍. അവള്‍ക്കു കൗതുകമായി. അയാളെക്കുറിച്ചറിയാന്‍ എന്തോ വല്ലാത്തൊരാകാംഷ അവള്‍ക്കുതോന്നി.
"സ്നേഹം" എന്ന മറുവാക്കെഴുതി അവള്‍ കാത്തിരുന്നു.
"സ്വീകരിക്കുന്നു" അല്പസമയത്തിനുശേഷം മറുപടികിട്ടി. അവര്‍ പരസ്പരം പരിചയപ്പെട്ടു. അവന്‍ കൂടുതലൊന്നും പറഞ്ഞില്ല. പേരും സ്ഥലവും മാത്രം.. അവള്‍ കൂടുതലൊന്നും ചോദിച്ചതുമില്ല.
അവനോട് സംസാരിക്കുമ്പോള്‍ അവള്‍ കൂടുതല്‍ വാചാലയാകുന്നതുപോലെ. എല്ലാം കേട്ടിരിക്കുന്ന ഒരു നല്ല കേള്‍വിക്കാരാനായി അവനും മാറുകയായിരുന്നു. ആ സൗഹൃദം ഓരോ ദിവസവും ദൃഢമായിക്കൊണ്ടിരുന്നു.
'താങ്കള്‍ എന്നെക്കാണാന്‍ വരുമോ...?' പെട്ടെന്നായിരുന്നു അയനയോട് അവനാ ചോദ്യം ചോദിച്ചത്. അവള്‍ക്ക് ഉടനൊരു മറുപടിപറയാനായില്ല... എങ്കിലും കാണണം എന്നുതന്നെയായിരുന്നു അവളുടെയും ആഗ്രഹം.
'ഉം..., നോക്കട്ടെ സത്യാ' മനസ്സറിയാതെ അവള്‍ പറഞ്ഞു.
വിജയന്‍ അന്ന് പതിവിലും നേരത്തെയാണ് വന്നത്. അവള്‍ ചായ പകര്‍ന്നുകൊടുത്തു. ഒരിറുക്ക് കുടിച്ച് അയാളൊന്ന് ചിരിച്ചു. എന്നിട്ട് ബാഗ് തുറന്ന് ഒരു കവര്‍ അവള്‍ക്കുവച്ചു നീട്ടി.
ആകാംഷയോടെ അയന അതു വാങ്ങിത്തുറന്നു.
"ജനലഴികളിലെ മഴമേഘങ്ങള്‍ - അയന" അവള്‍ക്കതു വിശ്വസിക്കാനായില്ല. തന്‍റെഴുത്തുകള്‍ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിട്ട് .. ഹോ!... അവളവനെ കെട്ടിപ്പിടിച്ചു.
'അയനാ....' അവളെ നെഞ്ചില്‍നിന്നടര്‍ത്തി അയാള്‍ വിളിച്ചു.... ജീവിതത്തിലാദ്യമായി അയനയായി അയാളവളെത്തൊട്ടു.
ഇന്നത്തെ പ്രഭാതം അവളറിഞ്ഞതിലുമേറെ കുളിരു പകര്‍ന്നു നല്കുന്നു. അലസമായി ജനാലക്കരികില്‍ വെളിയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ തുടുത്ത സൂര്യന്‍ അകലെ എത്തിനോക്കുന്നു. പുതിയപ്രഭാതങ്ങള്‍ പലതവണ ആ ജനലിലൂടെ അവള്‍ കണ്ടിട്ടുണ്ട്. തന്‍റെ നിശ്വാസങ്ങള്‍ പറന്നുയുറന്നൊരു പൂമ്പാറ്റയായി പനനീര്‍ പൂക്കളില്‍ മുത്തമിടുന്നതായി അവള്‍ക്കു തോന്നി. അടുക്കളയില്‍ ഉത്സാഹത്തോടെ ജോലികള്‍തീര്‍ത്തു. വിജയനുള്ള ടിഫിനും പ്രഭാതതഭക്ഷണവുമൊക്കെ എന്നത്തേതിലും നേരത്തെ ടേബിളിലെത്തി.
'നിനക്കെവിടെയോ പോകണമെന്നു പറഞ്ഞു... ഒറ്റയ്ക്കുപോകുമല്ലോ അല്ലേ.. കാറെടുത്തുകൊള്ളൂ.. ഞാന്‍ ഇന്ന് ബൈക്കില്‍ പൊയ്ക്കൊള്ളാം... വിജയന്‍ ചാവി വച്ചുനീട്ടി.
വാങ്ങുമ്പോഴും മനസ്സില്‍ ഒരു തീരുമാനമാനമുണ്ടാക്കാന്‍ അവള്‍ക്കായില്ല. പോര്‍ച്ചില്‍ നിന്നും കാറിറക്കി... സത്യയ്ക്ക് എന്താ വാങ്ങിക്കൊണ്ടുപോകുക.. മനസ്സില്‍ പലതും ആലോചിച്ചു.... ഒന്നിനും ഒരു കൃത്യമായ ഉത്തരം കൊടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. സ്ഥലമെത്തി. പക്ഷെ എവിടെയാകും ആ വീട്.... വഴിയോരത്ത് കാര്‍ ചേര്‍ത്തുനിര്‍ത്തി വഴിയിലെ ഒരാളോട് അഡ്രസ്സ് ചോദിച്ചു...
ഇത് മേരിസിസ്റ്ററിന്‍റെ വീടാണ്... അതാ.. ആ കാണുന്നതാണ് വീട്.... പുറത്ത് കാര്‍ നിര്‍ത്തി ഗേറ്റുതുറന്ന് അയന അകത്തേയ്ക്കുചെന്നു. കോളിംഗ്ബല്ലില്‍ വിരലമര്‍ത്തി. വളരെ പ്രായം ചെന്ന് മെലിഞ്ഞ ഒരു സ്ത്രീ കതകുതുറന്നുവന്നു.
'സത്യാ.... ' അവള്‍ ചോദിച്ചു... 'അകത്തുണ്ട്... വരൂ... ' അവര്‍ അകത്തേയ്ക്ക് ക്ഷണിച്ചു.
മനോഹരമായി അടുക്കിവച്ചിരിക്കുന്ന മുറിക്കുള്ളിലെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു.
'ഇതെല്ലാം സത്യ വരച്ചതാണ്...' അവരുടെ വാക്കുകളില്‍ അവള്‍ക്കത്ഭുതം തോന്നി... ഇതുവരേയും അവളോടിതവന്‍ പറഞ്ഞിട്ടില്ല.. ഇതെന്നല്ല അവനെക്കുറിച്ചൊന്നും. താന്‍ ചോദിച്ചിട്ടുമില്ല.
'കയറിച്ചെന്നോളു.. അവനവിടുണ്ട്...' അയന പതിയെ വാതില്‍ തുറന്ന് അകത്തേയ്ക്കുചെന്നു... അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... വീല്‍ച്ചെയറില്‍ ചിരിച്ചുകൊണ്ട് പത്തോ ഇരുപതോ വയസ്സു പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടി. അവള്‍ക്ക് ബോധം നശിക്കുന്നതുപോലെ തോന്നി....
അമ്മ എന്നെക്കാണാന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു.... ആ സ്നേഹം എനിക്കുപകര്‍ന്നുതരുമെന്നും അറിയാമായിരുന്നു.... അവന്‍റെ വാക്കുകള്‍ അവളെ സ്ഥലകാലബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സത്യാ.. ഉള്ളില്‍‍നിന്നൊരു തേങ്ങലായി.. അവനെ വാരിപ്പുണര്‍ന്നു. അവനും കരയുന്നുണ്ടായിരുന്നു....
'അയനാ...' പിന്നില്‍ നിന്ന് ആരോ അവളുടെ ചുമലില്‍ തൊട്ട് വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കി.... കമലേടത്തി...
അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല....
മോളേ... കമലെയെ ചേര്‍ത്തുനിര്‍ത്തി അവര്‍ വിളിച്ചു.. ആ വിളിയില്‍ ഒരു തേങ്ങലോ.. പതര്‍ച്ചയോ അവളറിഞ്ഞു...
സത്യ.. എന്‍റെ മകനാണ്... ഇത്രയുംനാള്‍ ഞാനെന്‍റെ മനസ്സില്‍ ഒളിപ്പിച്ചൊരു രഹസ്യം... അവനോട് ഞാനൊരിക്കല്‍ എല്ലാം തുറന്നു പറഞ്ഞിരുന്നു.... വിജയനെന്ന അവന്‍റച്ഛനെ അവനറിയുന്നതിനുമുമ്പ് അവന്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത് നിന്നെയാണ്... അമ്മയെന്ന സ്ങ്കല്പഭാവത്തില്‍ നീ മാത്രമാണ് അവന്‍റെയുള്ള് കീഴടക്കിയത്.
'സത്യയെ ഞാന്‍ കൊണ്ടുപോകുന്നു'.... അയന അതിനു മറുപടി പറഞ്ഞത് അതായിരുന്നു...
മുന്‍സീറ്റില്‍ സത്യയെ താങ്ങിയിരുത്തുമ്പോള്‍ തന്നോടൊപ്പം വീട്ടിലേക്ക് വരാന്‍ കമലേടത്തിയോട് അവള്‍ പറഞ്ഞു. കമല ആകെ പരിഭ്രമത്തിലായിരുന്നു. എങ്കിലും അയനയുടെ വാക്കുകള്‍ അവള്‍ക്ക് ധിക്കരിക്കാനായില്ല.
വീട്ടിലെത്തുമ്പോള്‍ നേരം സന്ധ്യയായിക്കഴിഞ്ഞിരുന്നു. കിഴക്കേ മുറി അവനുവേണ്ടി തയ്യാറാക്കി. അയന സാധാരണപോലെ വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായി. കമല അസ്വസ്തതയും ഭയവും ഉള്ളിലൊതുക്കി സത്യയ്ക്കടുത്തുതന്നെ ഇരുന്നു.
വിജയന്‍ പോര്‍ട്ടിക്കോയില്‍ ബൈക്ക് നിര്‍ത്തി അകത്തേയ്ക്ക് വന്നു. 'അയനാ...' 'വിജയേട്ടനെത്തിയോ.. ഫ്രഷ് ആക്... ഞാന്‍ ദാ വരണു...'
ചൂട് പാല്‍പായസം ഒരു ഗ്ലാസ്സില്‍ പകര്‍ന്ന് അവള്‍ മുറിയിലേക്കു ചെന്നു...
'ഇന്നെന്താ വിശേഷം..' അയാള്‍ ചോദിച്ചു...
അവള്‍ മേശവലിപ്പ് തുറന്ന് ഒരു ഡയറി അയാള്‍ക്കുനേരെ വച്ചു നീട്ടി...
'ദാ ഈ നോവല്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു...' "വരകള്‍ അവസാനിക്കുന്നില്ല..."

No comments: