Tuesday, 23 June 2015

മിഴിയുപ്പു ചൂടൂന്ന കടല്‍

തിരകളുടെ സംഗീതം എന്നും അവള്‍ക്കു ഹരമായിരുന്നു. മധുവിനെ പരിചയപ്പെട്ടതും ഈ കടല്‍ത്തീരത്തുവച്ചാണ്. കടല്‍ക്കരയിലേക്ക് സാധാരണ അവള്‍ വരാറില്ല. പക്ഷെ കഴിഞ്ഞ കുറേ മാസങ്ങളായി വൈകുന്നേരം ഈ കടല്‍ക്കരയിലെത്താന്‍ അവള്‍ തത്രപ്പെടാറുണ്ട്. സത്യം പറഞ്ഞാല്‍ മധുവിനെ പരിചയപ്പെട്ടതു മുതല്‍. പരിചയപ്പെട്ടു എന്നുപറയുന്നതിലും അതിശയോക്തിയുണ്ട്. പേരെന്താ.. മധു... പിന്നെ ഒരു ചിരിയും... അതു മാത്രമാണ് അവള്‍ക്ക് അയാളെക്കുറിച്ചറിയുന്നതും...

തന്‍റെ പേര് അയാളോട് പറയണമെന്നും... ആ ശബ്ദത്തില്‍ തന്‍റെ പേര് വിളിച്ചു കേള്‍ക്കണമെന്നും അവള്‍ വിചാരിക്കാറുണ്ട്... അതുറപ്പിച്ചാണ് കടല്‍ക്കരയിലേക്ക് എത്തുന്നത്. സത്യത്തില്‍ അവിടെയെത്തി ആചുണ്ടിലെ സ്വരമാധുരിയില്‍ ലയിക്കുമ്പോള്‍ മറ്റൊന്നും അവളോര്‍ക്കാറില്ല. പലപ്പോഴും ഗോപന്‍റെ തോണ്ടി വിളികളാണ് ആ സ്വപ്നലോകത്തുനിന്നും അവളെ അടര്‍ത്തിക്കൊണ്ടുവരാറ്.

ഒന്നു തോണ്ടിവിളിച്ച് മുല്ലപ്പൂ പൊതി നീട്ടി അവന്‍ പറയും.
"ബാ... കയറ്  ഇന്ന് ....." നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലിന്‍റെ പേര് മൂളി അയാള്‍ ചിരിക്കും.

പൊതിയഴിച്ച് മധുവിന്‍റെ മൂക്കിന്‍തുമ്പിലൊന്ന് മുട്ടിച്ച് അവളത് തലയില്‍ച്ചൂടും... പിന്നെ ഗോപനൊപ്പം ഓട്ടോയില്‍ എവിടേക്കോ...

മധു അപ്പോഴും മനസ്സെഴുതിവച്ച വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരിക്കും.
വളര്‍ന്നിറങ്ങിയ താടിരോമങ്ങള്‍ അലസമായി പറന്ന് കാറ്റിന്‍റെ ഗതിമാറ്റങ്ങള്‍ നിര്‍ണ്ണയിക്കും.. തിരകള്‍ മണല്‍വിരികളില്‍ പുതിയചിത്രങ്ങള്‍ വരയ്ക്കും....

നനവുള്ള കാറ്റേ പറന്നിങ്ങുവായെന്‍റെ
മിഴിയുപ്പു ചൂടി നീ വിടകൊള്ളു കാറ്റേ
കടലലകള്‍ മായ്ക്കുമീ മണല്‍വരകള്‍പോലെ
കനല്‍വരകള്‍ മായ്ക്കുവാന്‍ നീയിങ്ങു‍പോരൂ....

കടല്‍ക്കാറ്റിന്‍റെ ഈണം അലോസരപ്പെടുത്താത്ത ആ സന്ധ്യയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളെത്തിരഞ്ഞുകൊണ്ടേയിരുന്നു. എന്താവും അവള്‍ വരാത്തത്.... മനസ്സില്‍ കുറിച്ചിട്ട പുതിയ വരികള്‍ അവള്‍ക്കായി പാടാന്‍ അയാളുടെ മനസ്സ് കൊതിച്ചു... ഓരോ കാല്‍പ്പെരുമാറ്റവും അയാളുടെ കാത്തിരിപ്പിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു... ക്രമേണ അയാളും കടലും ഒറ്റയ്ക്കായി...

വീണ്ടുമൊരു പകല്‍ വന്നുപോയതും... കടല്‍ ചുവന്നുതുടുത്തതും അയാളറിഞ്ഞില്ല... നിഴലിനെ തന്നിലേയ്ക്കാവാഹിച്ച് ഇരുട്ടയാളെ പുണര്‍ന്നു... ആകാശം ഇരുണ്ടുകൂടി മഴത്തുള്ളികള്‍ പെയ്തുവീഴ്ത്തി...... അയാള്‍ മഴകൊണ്ടു... ഹൃദയത്തിലേയ്ക്കാവാഹിച്ച് അവള്‍ക്കായി മനസ്സില്‍ച്ചേര്‍ത്ത വരികള്‍ അയാളുരുവിട്ടു..

മിഴിയുതിര്‍ത്തഴലുകള്‍ പെയ്യുന്ന മേഘമേ
തേങ്ങലായ്നീയെന്‍റെ കവിതമൂളൂ
വാക്കിന്‍പെരുമ്പറ ചേലിലൊരു പെയ്ത്തായ്
നൂല്‍മഴ തീര്‍ത്തു നീ പെയ്തിറങ്ങ് ..

നനുത്ത ഒരു വിരല്‍സ്പര്‍ശം‍..... മധു തിരിഞ്ഞുനോക്കി. അവ്യക്തമായ ഇരുട്ടില്‍ ഒരു പാവാടക്കാരി മഴനനഞ്ഞ്.... മഴയുടെ ശബ്ദത്തില്‍ കുതിര്‍ന്നുപോയ അവളുടെ വിങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു.....

എന്താ മോളെ.... നീയാരാ....
അമ്മ...... ദേ.. അവിടെ.....
അവള്‍ അയാളുടെ കൈപിടിച്ച് അങ്ങോട്ടേയ്ക്കോടി... അവള്‍ക്കൊപ്പം മണലിലൂടെ ഓടിയെത്താനയാള്‍ക്കായില്ല... എങ്കിലും ഏന്തിവലിഞ്ഞെത്തുമ്പോള്‍   കടലുപേക്ഷിച്ചൊരു ശവം... ഇരുട്ടിലത്രയേ അയാള്‍ക്ക് മനസ്സിലാക്കാനായുള്ളൂ...

അവളുടെ തേങ്ങല്‍ കേട്ടിട്ടെന്നവണ്ണം മഴ ശാന്തമായി..

ആരാ അവിടെ..... ടോര്‍ച്ചുവെളിച്ചും അവരിലേയ്ക്ക് പായിച്ച്.. ദൂരെനിന്ന് ആരോ ചോദിച്ചു... അവളുടെ തേങ്ങല്‍ ഉച്ചസ്ഥായിയിലായി... രാത്രി റോന്തുചുറ്റുന്ന പോലീസുകാരാണ്....

അറിയില്ല.. ഇവിടൊരു ശവം കിടക്കുന്നു.. ഈ കുഞ്ഞുമോളാണ് എന്നെ ഇവിടേയ്ക്ക് പിടിച്ചുകൊണ്ടുവന്നത്....

പോലീസുകാര്‍ ശവത്തിന്‍റെ മുഖത്തേയ്ക്ക് ടോര്‍ച്ചു തെളിച്ചു.... അയാളൊന്നേ നോക്കിയുള്ളൂ... അവള്‍.....

പോലീസുകാര്‍ വയര്‍ലെസിലൂടെ വിവരങ്ങള്‍ കൈമാറി.. അളന്നും കുറിച്ചും അടയാളങ്ങളെഴുതിയും മഹസറെഴുതി അയാളെക്കൊണ്ട് ഒപ്പിടീച്ചു. ആംബുലന്‍സെത്തി.... ശവം അതിലെവിടേയ്ക്കോ കൊണ്ടുപോയി.... അതിനുപിന്നാല കരഞ്ഞോടിയ കുഞ്ഞിനെ അയാള്‍ ചേര്‍ത്തണച്ചു... പോലിസുകാര്‍ അയാളുടെ അഡ്രസ്സ് കുറിച്ചെടുത്തു... രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞ് ദൂരേയ്ക്ക് നടന്നു നീങ്ങി...

അയാളും കുഞ്ഞും കടപ്പുറത്തവശേഷിച്ചു....

തിരകള്‍ നുരഞ്ഞുപൊന്തി അവരെ നനയിച്ചു... ആ തിര ഒരു പൊതി കരയിലവശേഷിപ്പിച്ചു... അയാളെതെടുത്തു തുറന്നു നോക്കി... മുല്ലപ്പൂവ്... തന്‍റെ മൂക്കിന്‍ തുമ്പത്ത് അവള്‍ മുട്ടിച്ചുപോകാറുള്ള അതേ വാസന....

അതാ.. ഇരുട്ടിലൊരാള്‍ മുല്ലപ്പു വച്ചു നീട്ടി ആ കുഞ്ഞിനെ വിളിക്കുന്നു.... ഒരാളല്ല.. പല കൈകള്‍.... കുറേപൊതികള്‍...
അയാള്‍ തന്‍റെ കൈയ്യിലെ മുല്ലപ്പൂ മണലിലേയ്ക്ക് വലിച്ചെറിഞ്ഞു... കുഞ്ഞിനെ കൈകളില്‍ കോരിയെടുത്ത് തിരകളുടെ ചിരിയിലൂടെ കടലാഴങ്ങളിലേയ്ക്ക് പാഞ്ഞു...

ഒന്നുമറിയാത്തപോലെ കടല്‍ തിരക്കൈകളെറിഞ്ഞ് ചിരിച്ചു. കടല്‍ ചുവക്കുന്നതുകാണാന്‍ മുഖങ്ങള്‍ വന്നുപൊയ്ക്കൊണ്ടേയിരുന്നു.... 

No comments: