കുഞ്ഞൂട്ടന്‍ വളര്‍ന്ന് ഒരു വലിയ പാമ്പാകുമെന്ന് ഞാനപ്പോള്‍ നീരിച്ചില്ല. ചേനത്തടത്തിലെ കരിയിലകള്‍ക്കടിയിലെ മണ്‍കട്ട ഇളക്കിയപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. ഇത്തിരിപോന്ന ഒരു പാമ്പിന്‍കുഞ്ഞ്. പുറത്ത് ചിത്രപണികളോടുകൂടിയ ആ കുഞ്ഞുദേഹത്തിനെ ഉപദ്രവിക്കാന്‍ തോന്നിയില്ല. മണ്‍വെട്ടികൊണ്ട് കോരി ഇച്ചിരി അപ്പുറത്തേയ്ക്കിട്ടു. അവന്‍ നിവര്‍ന്ന് കരിയിലകള്‍ക്കിടയില്‍ മറഞ്ഞു. ചേന വളര്‍ന്നു കുടനിവര്‍ത്തി.. പിന്നെ പലപ്പോഴും പലയിടത്തും ഞാനവനെ കാണാറുണ്ട്. ചിലപ്പോള്‍ ഇഴഞ്ഞുനീങ്ങുന്ന അവനെ വെറുതെ ഇത്തിരി നേരം നോക്കി നില്‍ക്കാറുമുണ്ട്. അവനെനിക്കോ ഞാനവനോ ഒരു ശല്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
പറമ്പില്‍ വാഴയ്ക്കോ ചേമ്പിനോ തടമെടുത്തുനില്‍ക്കുമ്പോള്‍ അപ്പുവും മാളുവും ദാഹശമിനികളുമായി വരും. പലപ്പോഴും സംഭാരമാണ് കൊണ്ടുവരിക. ഒരുദിവസം മാളു പുറുത്തിമുള്ളുകള്‍ക്കിടയില്‍ച്ചൂണ്ടിചോദിച്ചു.
അച്ഛാ അതെന്താ...
കുഞ്ഞൂട്ടന്‍ തോലുരിച്ചു തൂക്കിയിരിക്കുകയാണ്.. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു... കുഞ്ഞൂട്ടനോ അതാരാ..
ങാ.. ഇവിടൊരു വിരുതനുണ്ട്... ഒരു കുഞ്ഞു പാമ്പ്... അവനാ...
പാമ്പോ...
ഉം..
അവള്‍ക്കതതിശയമായിരുന്നു.
വെയിലും മഴയും പലവുരു വന്നുപോയി കുഞ്ഞൂട്ടന്‍ ഉരിച്ചുതൂക്കിയ തോലിന് നീളവും വ്യാപ്തിയും വര്‍ദ്ധിച്ചു.
മാളുവിന്‍റെ വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് അയലത്തെ ശാരദേച്ചിയുടെ നിലവിളികേട്ട് അങ്ങോട്ടോടിച്ചെന്നു. ഒരു കുഞ്ഞു പാമ്പിനെ തല്ലിക്കൊന്ന് അവളുടെ മകന്‍ കമ്പില്‍ പൊക്കിക്കാണിച്ചു..
മാമാ.. ഒന്നൂല്യ... ഈ അമ്മ വെറുതെ ബഹളം വച്ചതാ.... ഈ ഞാഞ്ഞൂലിനെ കണ്ടിട്ട്...
പിന്നെ ചുറ്റുവട്ടത്ത് പലപ്പോഴായി പലരും കുഞ്ഞുകുഞ്ഞുപാമ്പുകളെ തല്ലിക്കൊന്നു. ഒന്നോ രണ്ടോ പേര്‍ക്ക് കടി കിട്ടിയെന്നും പറഞ്ഞു കേട്ടു. ചിലര്‍ ആയില്യത്തിന് നേര്‍ച്ചകള്‍ നേര്‍ന്നു.
അടുക്കളഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടുമൂന്നെണ്ണത്തിനെ അടുപ്പിച്ച് കണ്ടപ്പോള്‍ മാളുവിന്‍റെ ഭര്‍ത്താവ് അതിലൊന്നിനെ തല്ലിക്കൊന്നിരുന്നു. രണ്ടെണ്ണം കല്ലിടുക്കിലേക്ക് കയറിപ്പോയി.
മാളു പ്രസവിച്ചു ആണ്‍കുഞ്ഞ്. ആദിത്യന്‍ - പേര് നിര്‍ദ്ദേശിച്ചത് ഞാനാണ്. അപ്പൂപ്പനെ എല്ലാവരും അനുകൂലിച്ചു. അവന്‍റെ കുസൃതികള്‍ എന്‍റെ പ്രായത്തിനെ രസിപ്പിക്കുന്നതുകൊണ്ടാകണം പിറന്നാളുകള്‍ അടുപ്പിച്ചടുപ്പിച്ച് വരുന്നെന്ന് എനിക്ക് തോന്നിയത്. ആദിയ്ക്ക് വയസ്സ് മൂന്നായി. പറമ്പിലെ ഒരു കോണില്‍ മാളുവിനൊരു വീടുവയ്ക്കണമെന്ന് ഞാന്‍ ഭഗീരഥിയോട് പറഞ്ഞു. അവള്‍ക്കും അതിഷ്ടായി.
കിഴക്കേത്തറ വൃത്തിയാക്കണം, അവിടെയാകുമ്പോള്‍ നല്ല വെളിച്ചവും കാറ്റും കിട്ടും. കുട്ടനോടു പറഞ്ഞാല്‍ അവന്‍ നല്ലൊരു പ്ലാന്‍ തയ്യാറാക്കും.. അവനാകുമ്പോ അവളുടെ മനസ്സറിഞ്ഞ് തയ്യാറാക്കുമല്ലോ. മാളുവിനും അത് സമ്മതമായി.
കേശവനും രണ്ടുമൂന്ന് പണിക്കാരും കാടുവെട്ടിത്തുടങ്ങി.
ചേട്ടോയ്... ദേ.. ഇത്രടം വന്നേ... ഇവിടൊരുഗ്രന്‍ സാധനമുണ്ട്... ഒരു മുട്ടന്‍ പടംവിരിച്ചിട്ടിരിക്കുന്നു..
ഞാനങ്ങോട്ട് ചെന്നു. ഒരു വലിയ പാമ്പിന്‍പടം പൊഴിച്ച് തൂക്കിയിരിക്കുന്നു. മനസ്സറിയാതെ പറഞ്ഞു കുഞ്ഞൂട്ടന്‍...
പുറുത്തിക്കാട് പറച്ച് കേശവന്‍ വലിയൊരു മാളം കണ്ടെത്തി. പിന്നെ പുകയായി.. വെളുത്തുള്ളി ചതച്ചിടലായി.. വര കുറച്ചിടിച്ച്.. വടിയും കമ്പുമായി അവര്‍ ഒരുങ്ങി നിന്നു.
ടേയ് കേശവ.. വേണ്ട നമുക്ക് ആ കൊച്ചനെ വിളിക്കാം അവനാകുമ്പോ തല്ലിക്കൊല്ലാതെ കൊണ്ടുപൊയ്ക്കൊള്ളും... ഒരു പാമ്പു പിടിത്തക്കാരനെക്കുറിച്ച് നാട്ടിലൊക്കെ വളരെ പ്രചാരമുള്ള കാലമായിരുന്നു. പാമ്പിനെപ്പിടിച്ച് കാട്ടില്‍കൊണ്ടുവിടും.
എന്‍റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. പഞ്ചായത്ത് മെമ്പര്‍ നമ്പരുതപ്പി അയാളെ വിളിച്ചു. ഉച്ചയോടുകൂടി അളെത്തി.
പറമ്പില്‍ ഒരു ചെറുപൂരത്തിനുള്ള ആളുണ്ടായിരുന്നു. അയാള്‍ അനായസം മാളം വലുതാക്കി പാമ്പിനെ പിടികൂടി. എല്ലാവരെയും ഉയര്‍ത്തിക്കാണിച്ചു. വലിയൊരു പാമ്പ്.
ആര്‍ക്കെങ്കിലും തൊടണമെന്നുണ്ടോ?...
എല്ലാവരും പിന്നോക്കം ഒരടി മാറി.. എന്‍റെ ഇടതുകൈയ്യില്‍ ആദിത്യനുണ്ട്. കുഞ്ഞൂട്ടനെ ഒന്നു തൊടണമെന്ന് ഉള്ളിലൊരു മോഹം..
അപ്പൂ... എനിച്ചുതൊടണം.... ആദിത്യന്‍റെ ആവശ്യം എനിക്കും.., ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. എവിടെ... ഒരു ഭയം ഉള്ളിലുണ്ടായിരുന്നിട്ടും... ഞാനൊന്നു തൊട്ടു. ആദിത്യനും. ഒരു തണുപ്പ്.... തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നുകൂടി തൊടണമെന്നു തോന്നി. ആദിത്യനെ മാളുവിനെ ഏല്‍പിച്ച് ഞാന്‍ ചെന്നു.
കുഞ്ഞൂട്ടന്‍റെ പുറത്ത് സ്നേഹത്തോടെ തലോടി. എന്‍റെ കൈയ്യിലേക്കൊന്നു തരുമോ?
അയ്യോ അത് പ്രയാസമായിരിക്കും വിഷമുള്ള ഇനമാ... സൂക്ഷിക്കണം..
സാരല്യ... അവനെ പതിയ കൈയ്യിലേക്ക് വാങ്ങി. അനുസരണയുള്ള മകനെപോലെ. പ്രതികരിക്കാതെ അവന്‍ കൈവെള്ളയില്‍ തലചായ്ച്ചു. എനിക്ക് ഭയം തോന്നിയില്ല.
ചാക്കിനുള്ളിലാക്കി അയാളവനെ കൊണ്ടുപോകുമ്പോള്‍ ഒരു ഹൃദയവേദന ഉള്ളിലനുഭവപ്പെട്ടു.
പിറ്റേന്ന് ആദിത്യന്‍റെ കൈപിടിച്ച് പറമ്പിലൂടെ നടക്കുമ്പോള്‍ ഒരു ചേന പൂത്തു നില്‍ക്കുന്നു. ആദിത്യന് അത് കൗതുകമായി... അവന്‍ ആദ്യമായി കാണുകയാ ചേനപ്പൂവ്.
അമ്മേ ദാ ചേന പൂത്തു നില്‍ക്കുന്നു. അമ്മേന്‍റെ മൊബയിലിങ്ങു തന്നേ ഞാനൊരു ഫോട്ടോ എടുക്കട്ടെ...
അവന്‍ തിരിച്ചുവരുമ്പോഴേക്കും കരിയിലകള്‍ മാറ്റി ചേനത്തടം ഫോട്ടോയ്ക്കായി ഞാനൊരുക്കി. ചേനത്തടത്തില്‍ ഒരു മണ്‍കട്ട... കൗതുകമായി വെറുതെ അതൊന്നു കാലുകൊണ്ട് മറിച്ചിട്ടു.. ഒരു കുഞ്ഞു പാമ്പ്.. കുഞ്ഞൂട്ടന്‍...