Thursday, 16 July 2015

കുഞ്ഞൂട്ടന്‍


കുഞ്ഞൂട്ടന്‍ വളര്‍ന്ന് ഒരു വലിയ പാമ്പാകുമെന്ന് ഞാനപ്പോള്‍ നീരിച്ചില്ല. ചേനത്തടത്തിലെ കരിയിലകള്‍ക്കടിയിലെ മണ്‍കട്ട ഇളക്കിയപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. ഇത്തിരിപോന്ന ഒരു പാമ്പിന്‍കുഞ്ഞ്. പുറത്ത് ചിത്രപണികളോടുകൂടിയ ആ കുഞ്ഞുദേഹത്തിനെ ഉപദ്രവിക്കാന്‍ തോന്നിയില്ല. മണ്‍വെട്ടികൊണ്ട് കോരി ഇച്ചിരി അപ്പുറത്തേയ്ക്കിട്ടു. അവന്‍ നിവര്‍ന്ന് കരിയിലകള്‍ക്കിടയില്‍ മറഞ്ഞു. ചേന വളര്‍ന്നു കുടനിവര്‍ത്തി.. പിന്നെ പലപ്പോഴും പലയിടത്തും ഞാനവനെ കാണാറുണ്ട്. ചിലപ്പോള്‍ ഇഴഞ്ഞുനീങ്ങുന്ന അവനെ വെറുതെ ഇത്തിരി നേരം നോക്കി നില്‍ക്കാറുമുണ്ട്. അവനെനിക്കോ ഞാനവനോ ഒരു ശല്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.

പറമ്പില്‍ വാഴയ്ക്കോ ചേമ്പിനോ തടമെടുത്തുനില്‍ക്കുമ്പോള്‍ അപ്പുവും മാളുവും ദാഹശമിനികളുമായി വരും. പലപ്പോഴും സംഭാരമാണ് കൊണ്ടുവരിക. ഒരുദിവസം മാളു പുറുത്തിമുള്ളുകള്‍ക്കിടയില്‍ച്ചൂണ്ടിചോദിച്ചു.
അച്ഛാ അതെന്താ...
കുഞ്ഞൂട്ടന്‍ തോലുരിച്ചു തൂക്കിയിരിക്കുകയാണ്.. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു... കുഞ്ഞൂട്ടനോ അതാരാ..
ങാ.. ഇവിടൊരു വിരുതനുണ്ട്... ഒരു കുഞ്ഞു പാമ്പ്... അവനാ...
പാമ്പോ...
ഉം..
അവള്‍ക്കതതിശയമായിരുന്നു.
വെയിലും മഴയും പലവുരു വന്നുപോയി കുഞ്ഞൂട്ടന്‍ ഉരിച്ചുതൂക്കിയ തോലിന് നീളവും വ്യാപ്തിയും വര്‍ദ്ധിച്ചു.

മാളുവിന്‍റെ വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് അയലത്തെ ശാരദേച്ചിയുടെ നിലവിളികേട്ട് അങ്ങോട്ടോടിച്ചെന്നു. ഒരു കുഞ്ഞു പാമ്പിനെ തല്ലിക്കൊന്ന് അവളുടെ മകന്‍ കമ്പില്‍ പൊക്കിക്കാണിച്ചു..

മാമാ.. ഒന്നൂല്യ... ഈ അമ്മ വെറുതെ ബഹളം വച്ചതാ.... ഈ ഞാഞ്ഞൂലിനെ കണ്ടിട്ട്...
പിന്നെ ചുറ്റുവട്ടത്ത് പലപ്പോഴായി പലരും കുഞ്ഞുകുഞ്ഞുപാമ്പുകളെ തല്ലിക്കൊന്നു. ഒന്നോ രണ്ടോ പേര്‍ക്ക് കടി കിട്ടിയെന്നും പറഞ്ഞു കേട്ടു. ചിലര്‍ ആയില്യത്തിന് നേര്‍ച്ചകള്‍ നേര്‍ന്നു.

അടുക്കളഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടുമൂന്നെണ്ണത്തിനെ അടുപ്പിച്ച് കണ്ടപ്പോള്‍ മാളുവിന്‍റെ ഭര്‍ത്താവ് അതിലൊന്നിനെ തല്ലിക്കൊന്നിരുന്നു. രണ്ടെണ്ണം കല്ലിടുക്കിലേക്ക് കയറിപ്പോയി.

മാളു പ്രസവിച്ചു ആണ്‍കുഞ്ഞ്. ആദിത്യന്‍ - പേര് നിര്‍ദ്ദേശിച്ചത് ഞാനാണ്. അപ്പൂപ്പനെ എല്ലാവരും അനുകൂലിച്ചു. അവന്‍റെ കുസൃതികള്‍ എന്‍റെ പ്രായത്തിനെ രസിപ്പിക്കുന്നതുകൊണ്ടാകണം പിറന്നാളുകള്‍ അടുപ്പിച്ചടുപ്പിച്ച് വരുന്നെന്ന് എനിക്ക് തോന്നിയത്. ആദിയ്ക്ക് വയസ്സ് മൂന്നായി. പറമ്പിലെ ഒരു കോണില്‍ മാളുവിനൊരു വീടുവയ്ക്കണമെന്ന് ഞാന്‍ ഭഗീരഥിയോട് പറഞ്ഞു. അവള്‍ക്കും അതിഷ്ടായി.

കിഴക്കേത്തറ വൃത്തിയാക്കണം, അവിടെയാകുമ്പോള്‍ നല്ല വെളിച്ചവും കാറ്റും കിട്ടും.  കുട്ടനോടു പറഞ്ഞാല്‍ അവന്‍ നല്ലൊരു പ്ലാന്‍ തയ്യാറാക്കും.. അവനാകുമ്പോ അവളുടെ മനസ്സറിഞ്ഞ് തയ്യാറാക്കുമല്ലോ. മാളുവിനും അത് സമ്മതമായി.

കേശവനും രണ്ടുമൂന്ന് പണിക്കാരും കാടുവെട്ടിത്തുടങ്ങി.
ചേട്ടോയ്... ദേ.. ഇത്രടം വന്നേ... ഇവിടൊരുഗ്രന്‍ സാധനമുണ്ട്... ഒരു മുട്ടന്‍ പടംവിരിച്ചിട്ടിരിക്കുന്നു..
ഞാനങ്ങോട്ട് ചെന്നു. ഒരു വലിയ പാമ്പിന്‍പടം പൊഴിച്ച് തൂക്കിയിരിക്കുന്നു. മനസ്സറിയാതെ പറഞ്ഞു കുഞ്ഞൂട്ടന്‍...

പുറുത്തിക്കാട് പറച്ച് കേശവന്‍ വലിയൊരു മാളം കണ്ടെത്തി. പിന്നെ പുകയായി.. വെളുത്തുള്ളി ചതച്ചിടലായി.. വര കുറച്ചിടിച്ച്.. വടിയും കമ്പുമായി അവര്‍ ഒരുങ്ങി നിന്നു.

ടേയ് കേശവ.. വേണ്ട നമുക്ക് ആ കൊച്ചനെ വിളിക്കാം അവനാകുമ്പോ തല്ലിക്കൊല്ലാതെ കൊണ്ടുപൊയ്ക്കൊള്ളും... ഒരു പാമ്പു പിടിത്തക്കാരനെക്കുറിച്ച് നാട്ടിലൊക്കെ വളരെ പ്രചാരമുള്ള കാലമായിരുന്നു. പാമ്പിനെപ്പിടിച്ച് കാട്ടില്‍കൊണ്ടുവിടും.

എന്‍റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. പഞ്ചായത്ത് മെമ്പര്‍ നമ്പരുതപ്പി അയാളെ വിളിച്ചു. ഉച്ചയോടുകൂടി അളെത്തി.

പറമ്പില്‍ ഒരു ചെറുപൂരത്തിനുള്ള ആളുണ്ടായിരുന്നു. അയാള്‍ അനായസം മാളം​ വലുതാക്കി പാമ്പിനെ പിടികൂടി. എല്ലാവരെയും ഉയര്‍ത്തിക്കാണിച്ചു. വലിയൊരു പാമ്പ്.

ആര്‍ക്കെങ്കിലും തൊടണമെന്നുണ്ടോ?...
എല്ലാവരും പിന്നോക്കം ഒരടി മാറി.. എന്‍റെ ഇടതുകൈയ്യില്‍ ആദിത്യനുണ്ട്. കുഞ്ഞൂട്ടനെ ഒന്നു തൊടണമെന്ന് ഉള്ളിലൊരു മോഹം..

അപ്പൂ... എനിച്ചുതൊടണം.... ആദിത്യന്‍റെ ആവശ്യം എനിക്കും.., ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. എവിടെ... ഒരു ഭയം ഉള്ളിലുണ്ടായിരുന്നിട്ടും... ഞാനൊന്നു തൊട്ടു. ആദിത്യനും. ഒരു തണുപ്പ്.... തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നുകൂടി തൊടണമെന്നു തോന്നി. ആദിത്യനെ മാളുവിനെ ഏല്‍പിച്ച് ഞാന്‍ ചെന്നു.

കുഞ്ഞൂട്ടന്‍റെ പുറത്ത് സ്നേഹത്തോടെ തലോടി. എന്‍റെ കൈയ്യിലേക്കൊന്നു തരുമോ?
അയ്യോ അത് പ്രയാസമായിരിക്കും വിഷമുള്ള ഇനമാ... സൂക്ഷിക്കണം..
സാരല്യ...  അവനെ പതിയ കൈയ്യിലേക്ക് വാങ്ങി. അനുസരണയുള്ള മകനെപോലെ. പ്രതികരിക്കാതെ അവന്‍ കൈവെള്ളയില്‍ തലചായ്ച്ചു. എനിക്ക് ഭയം തോന്നിയില്ല.

ചാക്കിനുള്ളിലാക്കി അയാളവനെ കൊണ്ടുപോകുമ്പോള്‍ ഒരു ഹൃദയവേദന ഉള്ളിലനുഭവപ്പെട്ടു.

പിറ്റേന്ന് ആദിത്യന്‍റെ കൈപിടിച്ച് പറമ്പിലൂടെ നടക്കുമ്പോള്‍ ഒരു ചേന പൂത്തു നില്‍ക്കുന്നു. ആദിത്യന് അത് കൗതുകമായി... അവന്‍ ആദ്യമായി കാണുകയാ ചേനപ്പൂവ്.

അമ്മേ ദാ ചേന പൂത്തു നില്‍ക്കുന്നു. അമ്മേന്‍റെ മൊബയിലിങ്ങു തന്നേ ഞാനൊരു ഫോട്ടോ എടുക്കട്ടെ...

അവന്‍ തിരിച്ചുവരുമ്പോഴേക്കും കരിയിലകള്‍ മാറ്റി ചേനത്തടം ഫോട്ടോയ്ക്കായി ഞാനൊരുക്കി. ചേനത്തടത്തില്‍ ഒരു മണ്‍കട്ട... കൗതുകമായി വെറുതെ അതൊന്നു കാലുകൊണ്ട് മറിച്ചിട്ടു.. ഒരു കുഞ്ഞു പാമ്പ്.. കുഞ്ഞൂട്ടന്‍...

Tuesday, 23 June 2015

മിഴിയുപ്പു ചൂടൂന്ന കടല്‍

തിരകളുടെ സംഗീതം എന്നും അവള്‍ക്കു ഹരമായിരുന്നു. മധുവിനെ പരിചയപ്പെട്ടതും ഈ കടല്‍ത്തീരത്തുവച്ചാണ്. കടല്‍ക്കരയിലേക്ക് സാധാരണ അവള്‍ വരാറില്ല. പക്ഷെ കഴിഞ്ഞ കുറേ മാസങ്ങളായി വൈകുന്നേരം ഈ കടല്‍ക്കരയിലെത്താന്‍ അവള്‍ തത്രപ്പെടാറുണ്ട്. സത്യം പറഞ്ഞാല്‍ മധുവിനെ പരിചയപ്പെട്ടതു മുതല്‍. പരിചയപ്പെട്ടു എന്നുപറയുന്നതിലും അതിശയോക്തിയുണ്ട്. പേരെന്താ.. മധു... പിന്നെ ഒരു ചിരിയും... അതു മാത്രമാണ് അവള്‍ക്ക് അയാളെക്കുറിച്ചറിയുന്നതും...

തന്‍റെ പേര് അയാളോട് പറയണമെന്നും... ആ ശബ്ദത്തില്‍ തന്‍റെ പേര് വിളിച്ചു കേള്‍ക്കണമെന്നും അവള്‍ വിചാരിക്കാറുണ്ട്... അതുറപ്പിച്ചാണ് കടല്‍ക്കരയിലേക്ക് എത്തുന്നത്. സത്യത്തില്‍ അവിടെയെത്തി ആചുണ്ടിലെ സ്വരമാധുരിയില്‍ ലയിക്കുമ്പോള്‍ മറ്റൊന്നും അവളോര്‍ക്കാറില്ല. പലപ്പോഴും ഗോപന്‍റെ തോണ്ടി വിളികളാണ് ആ സ്വപ്നലോകത്തുനിന്നും അവളെ അടര്‍ത്തിക്കൊണ്ടുവരാറ്.

ഒന്നു തോണ്ടിവിളിച്ച് മുല്ലപ്പൂ പൊതി നീട്ടി അവന്‍ പറയും.
"ബാ... കയറ്  ഇന്ന് ....." നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലിന്‍റെ പേര് മൂളി അയാള്‍ ചിരിക്കും.

പൊതിയഴിച്ച് മധുവിന്‍റെ മൂക്കിന്‍തുമ്പിലൊന്ന് മുട്ടിച്ച് അവളത് തലയില്‍ച്ചൂടും... പിന്നെ ഗോപനൊപ്പം ഓട്ടോയില്‍ എവിടേക്കോ...

മധു അപ്പോഴും മനസ്സെഴുതിവച്ച വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരിക്കും.
വളര്‍ന്നിറങ്ങിയ താടിരോമങ്ങള്‍ അലസമായി പറന്ന് കാറ്റിന്‍റെ ഗതിമാറ്റങ്ങള്‍ നിര്‍ണ്ണയിക്കും.. തിരകള്‍ മണല്‍വിരികളില്‍ പുതിയചിത്രങ്ങള്‍ വരയ്ക്കും....

നനവുള്ള കാറ്റേ പറന്നിങ്ങുവായെന്‍റെ
മിഴിയുപ്പു ചൂടി നീ വിടകൊള്ളു കാറ്റേ
കടലലകള്‍ മായ്ക്കുമീ മണല്‍വരകള്‍പോലെ
കനല്‍വരകള്‍ മായ്ക്കുവാന്‍ നീയിങ്ങു‍പോരൂ....

കടല്‍ക്കാറ്റിന്‍റെ ഈണം അലോസരപ്പെടുത്താത്ത ആ സന്ധ്യയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളെത്തിരഞ്ഞുകൊണ്ടേയിരുന്നു. എന്താവും അവള്‍ വരാത്തത്.... മനസ്സില്‍ കുറിച്ചിട്ട പുതിയ വരികള്‍ അവള്‍ക്കായി പാടാന്‍ അയാളുടെ മനസ്സ് കൊതിച്ചു... ഓരോ കാല്‍പ്പെരുമാറ്റവും അയാളുടെ കാത്തിരിപ്പിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു... ക്രമേണ അയാളും കടലും ഒറ്റയ്ക്കായി...

വീണ്ടുമൊരു പകല്‍ വന്നുപോയതും... കടല്‍ ചുവന്നുതുടുത്തതും അയാളറിഞ്ഞില്ല... നിഴലിനെ തന്നിലേയ്ക്കാവാഹിച്ച് ഇരുട്ടയാളെ പുണര്‍ന്നു... ആകാശം ഇരുണ്ടുകൂടി മഴത്തുള്ളികള്‍ പെയ്തുവീഴ്ത്തി...... അയാള്‍ മഴകൊണ്ടു... ഹൃദയത്തിലേയ്ക്കാവാഹിച്ച് അവള്‍ക്കായി മനസ്സില്‍ച്ചേര്‍ത്ത വരികള്‍ അയാളുരുവിട്ടു..

മിഴിയുതിര്‍ത്തഴലുകള്‍ പെയ്യുന്ന മേഘമേ
തേങ്ങലായ്നീയെന്‍റെ കവിതമൂളൂ
വാക്കിന്‍പെരുമ്പറ ചേലിലൊരു പെയ്ത്തായ്
നൂല്‍മഴ തീര്‍ത്തു നീ പെയ്തിറങ്ങ് ..

നനുത്ത ഒരു വിരല്‍സ്പര്‍ശം‍..... മധു തിരിഞ്ഞുനോക്കി. അവ്യക്തമായ ഇരുട്ടില്‍ ഒരു പാവാടക്കാരി മഴനനഞ്ഞ്.... മഴയുടെ ശബ്ദത്തില്‍ കുതിര്‍ന്നുപോയ അവളുടെ വിങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു.....

എന്താ മോളെ.... നീയാരാ....
അമ്മ...... ദേ.. അവിടെ.....
അവള്‍ അയാളുടെ കൈപിടിച്ച് അങ്ങോട്ടേയ്ക്കോടി... അവള്‍ക്കൊപ്പം മണലിലൂടെ ഓടിയെത്താനയാള്‍ക്കായില്ല... എങ്കിലും ഏന്തിവലിഞ്ഞെത്തുമ്പോള്‍   കടലുപേക്ഷിച്ചൊരു ശവം... ഇരുട്ടിലത്രയേ അയാള്‍ക്ക് മനസ്സിലാക്കാനായുള്ളൂ...

അവളുടെ തേങ്ങല്‍ കേട്ടിട്ടെന്നവണ്ണം മഴ ശാന്തമായി..

ആരാ അവിടെ..... ടോര്‍ച്ചുവെളിച്ചും അവരിലേയ്ക്ക് പായിച്ച്.. ദൂരെനിന്ന് ആരോ ചോദിച്ചു... അവളുടെ തേങ്ങല്‍ ഉച്ചസ്ഥായിയിലായി... രാത്രി റോന്തുചുറ്റുന്ന പോലീസുകാരാണ്....

അറിയില്ല.. ഇവിടൊരു ശവം കിടക്കുന്നു.. ഈ കുഞ്ഞുമോളാണ് എന്നെ ഇവിടേയ്ക്ക് പിടിച്ചുകൊണ്ടുവന്നത്....

പോലീസുകാര്‍ ശവത്തിന്‍റെ മുഖത്തേയ്ക്ക് ടോര്‍ച്ചു തെളിച്ചു.... അയാളൊന്നേ നോക്കിയുള്ളൂ... അവള്‍.....

പോലീസുകാര്‍ വയര്‍ലെസിലൂടെ വിവരങ്ങള്‍ കൈമാറി.. അളന്നും കുറിച്ചും അടയാളങ്ങളെഴുതിയും മഹസറെഴുതി അയാളെക്കൊണ്ട് ഒപ്പിടീച്ചു. ആംബുലന്‍സെത്തി.... ശവം അതിലെവിടേയ്ക്കോ കൊണ്ടുപോയി.... അതിനുപിന്നാല കരഞ്ഞോടിയ കുഞ്ഞിനെ അയാള്‍ ചേര്‍ത്തണച്ചു... പോലിസുകാര്‍ അയാളുടെ അഡ്രസ്സ് കുറിച്ചെടുത്തു... രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞ് ദൂരേയ്ക്ക് നടന്നു നീങ്ങി...

അയാളും കുഞ്ഞും കടപ്പുറത്തവശേഷിച്ചു....

തിരകള്‍ നുരഞ്ഞുപൊന്തി അവരെ നനയിച്ചു... ആ തിര ഒരു പൊതി കരയിലവശേഷിപ്പിച്ചു... അയാളെതെടുത്തു തുറന്നു നോക്കി... മുല്ലപ്പൂവ്... തന്‍റെ മൂക്കിന്‍ തുമ്പത്ത് അവള്‍ മുട്ടിച്ചുപോകാറുള്ള അതേ വാസന....

അതാ.. ഇരുട്ടിലൊരാള്‍ മുല്ലപ്പു വച്ചു നീട്ടി ആ കുഞ്ഞിനെ വിളിക്കുന്നു.... ഒരാളല്ല.. പല കൈകള്‍.... കുറേപൊതികള്‍...
അയാള്‍ തന്‍റെ കൈയ്യിലെ മുല്ലപ്പൂ മണലിലേയ്ക്ക് വലിച്ചെറിഞ്ഞു... കുഞ്ഞിനെ കൈകളില്‍ കോരിയെടുത്ത് തിരകളുടെ ചിരിയിലൂടെ കടലാഴങ്ങളിലേയ്ക്ക് പാഞ്ഞു...

ഒന്നുമറിയാത്തപോലെ കടല്‍ തിരക്കൈകളെറിഞ്ഞ് ചിരിച്ചു. കടല്‍ ചുവക്കുന്നതുകാണാന്‍ മുഖങ്ങള്‍ വന്നുപൊയ്ക്കൊണ്ടേയിരുന്നു.... 

വരകള്‍ അവസാനിക്കുന്നില്ല

കാലുകളില്‍ വല്ലാത്തൊരു തരിപ്പ്, ഉള്ളിലെവിടെയോ ഒരു തളര്‍ച്ചപോലെ. മൂന്നു നാലാഴ്ചയായി നന്നായി ഒന്നുറങ്ങിയിട്ട്, അയന മച്ചിലെ ഗോവണിക്കുതാഴെ തളര്‍ന്നിരുന്നു.
'നീ ഇവിടിരിക്കയാണോ?'
അച്ഛനാണ്, നാളെ നിന്‍റെ വിവാഹമല്ലേ മോളുപോയിക്കിടന്നുറങ്ങിക്കോയെന്ന് ഇരുട്ടിന്‍റെ അന്ത്യയാമത്തിലെങ്കിലും അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലെന്നവള്‍ ആഗ്രഹിച്ചു.
'ദേഹണ്ണക്കാര്‍ക്ക് ഒരിത്തിരി വെള്ളം തിളപ്പിച്ചുകൊടുക്കാന്‍ പോലും നില്‍ക്കാതെ നീയിവിടെയിരുന്ന് വിശ്രമിക്കയാണോ?' അച്ഛന്‍റെ വാക്കുകള്‍ സങ്കടത്തിനപ്പുറം ഒരു മരവിപ്പ് അവളിലേക്ക് അരച്ചുകയറി.
'ദേ വരണു...'
ഒന്നു നടുനിവര്‍ത്തി, സാരിത്തലപ്പ് ഇടുപ്പില്‍ വലിച്ചുകുത്തി കൂനിപ്പിടിച്ചു കുഴലിലൂടെ തീ നാളങ്ങളെ ശ്വാസഗതിയില്‍ അനുസരിപ്പിച്ച് കട്ടന്‍ചായ തിളപ്പിച്ചു. നാളെമുതലെങ്കിലും ഈ വീര്‍പ്പുമുട്ടലുകളില്‍ നിന്ന് അകന്നുപോകാമല്ലോ എന്നു മനസ്സിലോര്‍ത്തു.
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. രണ്ടുദിവസത്തെ മുഷിഞ്ഞ തുണികളുണ്ട് അതലക്കി കുളിച്ചിട്ടുവേണം കാവിലൊന്നു വിളക്കുവച്ചു തൊഴാന്‍. പുതിയവീട്ടിലേക്ക്, പുതിയ ചുറ്റുപാടുകളിലേക്ക്, പരദേവതകളുടെ അനുഗ്രഹം- അതുമാത്രമാണ് തനിക്കെന്നും ആശ്രയമായിട്ടുള്ളത്.
വിവാഹപന്തലിലേക്ക് കൈപിടിച്ചു കയറുമ്പോള്‍ ഉറക്കച്ച‍ട
വിനാല്‍ കാഴ്ചകള്‍ അവ്യക്തമായിരുന്നു. കനംതൂങ്ങിയ കണ്‍പോളകള്‍ തുറന്നുവയ്ക്കാന്‍ അവള്‍ നന്നേ പരാജയപ്പെട്ടു.
ഉറങ്ങിവീഴാതിരിക്കാന്‍ വീണ്ടും വീണ്ടും മനസ്സിനെ ഓര്‍മ്മപ്പെടുത്തി. മനസ്സറിയാതെ വഴുതിയ മയക്കത്തില്‍ താലിച്ചരട് മുറുക്കി അയാള്‍ അവളുടെ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
അമ്മയക്ക് മനസ്സിളക്കം വന്ന അന്നുമുതല്‍ തുടങ്ങിയതാണ് തന്‍റെ പ്രാരാബ്ദങ്ങള്‍. പന്ത്രണ്ടാം വയസ്സില്‍ സ്വയം ആര്‍ജിച്ച തന്‍റേടത്തില്‍ അവള്‍ ഇന്നത്തെ അയനയിലേക്ക് മാറുകയായിരുന്നു.
അംബാസിഡര്‍ കാറില്‍നിന്ന് ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ അമ്മായിയുടെ സ്ഥാനത്തുനിന്നും വിളക്ക് പകര്‍ന്ന കമലേടത്തി കവിളില്‍ ഒരു നുള്ളു കൊടുത്തു അപ്പോഴാണ് കാറിലെ പിന്‍സീറ്റുറക്കത്തിലെ അവ്യക്തസ്വപ്നങ്ങള്‍ അവളെ വിട്ടുപോയത്.
പുതിയപെണ്ണിനെക്കാണാന്‍ പലരും വന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നു ചിരിവരുത്തി ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചുപറഞ്ഞ് കുശലാന്വേഷകരെ അവള്‍ തൃപ്തിപ്പെടുത്തി.
വാതില്‍ചാരി, അയന അകത്തേയ്ക്കുചെന്നു. 'നീ കിടന്നോ എനിക്കിത്തിരി ജോലിയുണ്ട്' ക്യാന്‍വാസിലെ ചായങ്ങളില്‍ മുഖംകൂര്‍പ്പിച്ച് അയാള്‍ പറഞ്ഞു.
'ഉം'
'പാല്'
'അതവിടെ വച്ചേക്ക്'
നേരത്തെ കട്ടിലില്‍ അഴിച്ചിട്ടിരുന്ന കല്യാണസാരി മടക്കി അയയിലേക്കിട്ടു. പിന്നെ വിരിപ്പ് ശരിയാക്കി ഒരുവശത്തേക്ക് ചരിഞ്ഞ് കിടന്നു. തന്‍റെ ബാല്യത്തിലേക്ക് വെറുതേ ഒന്നോടിപ്പോയി. തൊടിയിലെ ഒതുക്കുകല്ലില്‍ ചവിട്ടിനിന്നാല്‍ പാടത്ത് കന്നു പൂട്ടുന്നത് കാണാം... ഓ ഹോയ് വിളിയും ചേറിന്‍റെ മണവും അയന എന്നും ഇഷ്ടപ്പെട്ടിരുന്നു.
എഴുന്നേല്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ അഴിച്ച നിലയിലായിരുന്നു. എവിടെയൊക്കയോ ഒരു നീറ്റല്‍. ചുണ്ടുപൊട്ടിയിട്ടുണ്ട്. സ്വപ്നത്തിലെ ചെറുഞരക്കങ്ങളും പിറുപിറുക്കലുകളും മനസ്സിന്‍റെ ഇടനാഴിയിലൂടെ കടന്നുപോയി. ഒരു നിശ്വാസത്തിന്‍റെ തണലില്‍ കുളികഴിഞ്ഞ് ഈറന്‍ മാറി അടുക്കളയിലേക്ക് കയറി. കമലേടത്തി ഏതാണ്ടൊക്കെ കാലമാക്കിയിട്ടുണ്ട്.
'രത്നാകരേട്ടനും ഞാനും ഇന്നുപോകും രണ്ടീസമായില്ലെ വന്നിട്ട്.. '
'ഉം..' അവള്‍ ഒന്നു മൂളുകമാത്രം ചെയ്തു.
പകലിന്‍റെ ഒറ്റപ്പെടലുകള്‍ മനസ്സില്‍നിന്നു വിടുവിക്കാന്‍ അവള്‍ പറമ്പിലേക്കിറങ്ങി. പടര്‍ന്നിറങ്ങിയ പറിങ്കിമാവ് മഞ്ഞയും ചുവപ്പും കലര്‍ന്ന പഴങ്ങള്‍ നിറച്ച് ചിരിക്കുന്നു. കാക്കയും അണ്ണാനും കരഞ്ഞും ചിലച്ചും ചില്ലകളിലുടെ തത്തിയും പറന്നും രസിക്കുന്നു. കിളിച്ചുണ്ടന്‍ മാവ് നിറയെ കണ്ണിമാങ്ങ. അവള്‍ ഒരെണ്ണം കൈയെത്തി പറിച്ചെടുത്തു. ഒന്നു കടിച്ചതേയുള്ളൂ..... പുളിപ്പ് സകല ഞരമ്പുകളിലും കുടിയേറി കണ്ണുകളിലെത്തിച്ചു.
ഉച്ചയൂണിനു മുന്നേതന്നെ വിജയനെത്തിയിരുന്നു. കമലേടത്തിയും രത്നാകരേട്ടനും വൈകിട്ടത്തെ വണ്ടിക്ക് പോകും. പിന്നെ അവളും വിജയനും തനിച്ചാവും.
ഇടയ്ക്കെങ്ങാനും ഓടിയെത്താറുള്ള കറണ്ടിനെ കാക്കാതെ റാന്തല്‍ കത്തിച്ചുവച്ച് വിജയനടുത്തേക്ക് ചെല്ലുമ്പോള്‍ അയാള്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
'കിടക്കുന്നില്ലേ.... '
'നീ കിടന്നോ...'
'എന്തിനാ ഉറങ്ങുമ്പോ കവര്‍ന്നെടുക്കാനോ?'
'അയാളൊന്നും മിണ്ടിയില്ല....' അവള്‍ മച്ചിലേക്ക് നോക്കിക്കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. വെറുതെ കണ്ണടച്ചു.
വയറിലേക്ക് അരിച്ചിറങ്ങുന്ന കൈകളില്‍ കടന്നുപിടിച്ച് കണ്ണുതുറക്കുമ്പോള്‍ വിജയനുണ്ട് അടുത്ത്. അയാള്‍ ചിരിച്ചു. അവളും. വിജയന്‍റെ കൈ രണ്ടുകൈകൊണ്ടും കൂട്ടിപ്പിടിച്ചു. ഒരു ചുംബനം നല്കി മാറിലേക്ക് ചേര്‍ത്തമര്‍ത്തി.
അയാള്‍ മറുകൈകൊണ്ട് നെറ്റിയില്‍ ചിത്രങ്ങള്‍ വരച്ചു. കണ്ണുകളടച്ച് അവളാ സുഖം ആസ്വദിച്ചു.
'നീ കമലേട്ടത്തിയെപ്പോലെ സുന്ദരിയാണ്...' അവളൊന്ന് ഞെട്ടി.., കണ്ണുതുറന്ന് അയാളെ നോക്കി. കണ്ണടച്ചിരിക്കുകയാണ് അയാള്‍.
'എന്താ...?'
'കമലേടത്തിയെപോലെ നീ സുന്ദരിയാണ്.... ഞാന്‍ നിന്നെ കമലേന്ന് വിളിക്കട്ടെ... നീ വിളികേള്‍ക്കുമോ?' രണ്ടാമത്തെ രാത്രിയിലെ കിടക്കറയിലേക്ക് അനാവശ്യമായി കടന്നുവന്ന കമലേടത്തിയെ അവളിഷ്ടപ്പെട്ടില്ലെങ്കിലും അയാളുടെ സ്പര്‍ശം, ആ നിവൃതിയ്ക്കായി ഒരു മൂളലില്‍ അവളതനുസരിച്ചു...
ഒരോ വിളിയിലും ഞരക്കങ്ങളിലും കമലയെ ആസ്വദിക്കുകയായിരുന്നു അയാള്‍. അയനയെ എവിടെയോ നഷ്ടമാക്കി അയാള്‍ പുതിയൊരു ലോകം മെനഞ്ഞെടുക്കുകയായിരുന്നു. പിന്നെ ഓരോ രാത്രികളിലും അവളെത്തേടിയെത്തുന്ന വേഷങ്ങള്‍ ആടിത്തീര്‍ക്കാനുള്ള ഒരു ശരീരമായി അവള്‍ മാറുകയായിരുന്നു. ആ വേഷങ്ങളില്‍ ഒന്നുപോലും അവളെ അമ്മയാക്കിയില്ല... കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍... തന്‍റെ സ്വത്വം നഷ്ടപ്പെട്ട്. പകലിന്‍റെ ഇടനാഴിയില്‍ ഒറ്റപ്പെടലിന്‍റെ ഭയാനകമായ നിഴല്‍ചിത്രങ്ങളെ കൂട്ടുപിടിച്ച് അവള്‍ ജീവിച്ചുതുടങ്ങി.
താനായിക്കണ്ട് തന്‍റെ പ്രതിരൂപത്തോട് സംവദിക്കാന്‍, സ്നേഹമായൊന്നു പുണരാന്‍. തന്‍റെ വിഹ്വലതകളുടെ നല്ലൊരു കേള്‍വിക്കാരനാകാന്‍, ഒരു നിമിഷമെങ്കിലും ഉള്ളുരുക്കങ്ങളില്‍ സ്നേഹചുംബനമായി പടര്‍ന്നിറങ്ങാന്‍ തന്‍റിണയെത്തിയെങ്കിലെന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
വിയര്‍പ്പിനൊപ്പം അവളുടെ കണ്ണീര്‍ചാലുകള്‍ സമുദ്രത്തോളം ഒഴുകിയിറങ്ങി. ഒറ്റപ്പെടലുകള്‍ പുസ്തകങ്ങളുടെ താളുകള്‍ കാര്‍ന്നെടുത്ത് നിര്‍വൃതികൊണ്ടു. മനസ്സിലെ കുരുത്തോലക്കൂട്ടില്‍ ഒളിപ്പിച്ചുവച്ച സ്വപ്നങ്ങളുടെ രാജകുമാരിയായി അയന. അക്ഷരങ്ങളുടെ ഇന്ദ്രജാലങ്ങള്‍ സ്വയത്തമാക്കി അവളെഴുതി..
ഓരോ വസ്ത്രാക്ഷേപത്തിലും നായകന്‍ ദുശ്ശാസനന്‍ മാത്രമായിരുന്നു. നഗ്നമാക്കപ്പെട്ടത് പാഞ്ചാലിമാത്രമല്ല... എണ്ണിത്തീര്‍ക്കാനാകാത്ത സ്ത്രീയുടലുകള്‍. ഒരച്ചില്‍ അനേകം സ്ത്രീകളുടെ ഭാവചിത്രങ്ങള്‍.
അക്ഷരങ്ങളുടെ അത്ഭുതലോകത്ത് തന്‍റേതായൊരിടം കോറിവരയ്ക്കാനായപ്പോള്‍ ഇരുട്ടിന്‍റെ നിഴലനക്കങ്ങളില്‍ അവള്‍ പേറിയിരുന്ന ദുഃഖം കുറച്ചലിഞ്ഞില്ലാതായതുപോലെ. ഒറ്റപ്പെടല്‍ കഥാപാത്രങ്ങളുടെ തിരയിളക്കങ്ങളില്‍ മനം നിറച്ചു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചേക്കേറുമ്പോള്‍ മനസ്സും അതേറ്റുവാങ്ങുകയായിരുന്നു.
നഷ്ടബാല്യം സമ്മാനിച്ച തന്‍റേടവും അതിനിടയില്‍ സ്വായത്തമാക്കിയ അറിവും അവളെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. തന്‍റെ ആഗ്രഹങ്ങളെ കഥാപാത്രങ്ങളാക്കി അതിലൂടെ അവള്‍ ജീവിച്ചു. വിങ്ങലുകള്‍ താളബോധമുള്ള എഴുത്തുകളായി.
നവമാധ്യമങ്ങളില്‍ അയന എന്ന എഴുത്തുകാരി നിറഞ്ഞുനിന്നു. തന്‍റെഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍ അവളുടെ ഉറ്റചങ്ങാതികളായി. ദിനംപ്രതി അവളോട് സംസാരിക്കാറുള്ള പേരിറിയാത്ത മുഖങ്ങളില്‍ അവളെത്തിരിച്ചറിഞ്ഞ ശബ്ദങ്ങളെ മാത്രം സ്വീകരിച്ചും അല്ലാത്തവയെ നിരസിച്ചും സൗഹൃദങ്ങളെ അവള്‍ ആവോളം ആസ്വദിച്ചു.
'എഴുത്തുകള്‍ വശ്യമായ ഒരാനന്ദം തരുന്നു.' ആ വാചകത്തില്‍ അവളുടെ കണ്ണുകളുടക്കി. ഇതുവരേയും തന്‍റെഴുത്തുകളില്‍ ഒരഭിപ്രായവും രേഖപ്പെടുത്താത്ത ഒരാള്‍‍. അവള്‍ക്കു കൗതുകമായി. അയാളെക്കുറിച്ചറിയാന്‍ എന്തോ വല്ലാത്തൊരാകാംഷ അവള്‍ക്കുതോന്നി.
"സ്നേഹം" എന്ന മറുവാക്കെഴുതി അവള്‍ കാത്തിരുന്നു.
"സ്വീകരിക്കുന്നു" അല്പസമയത്തിനുശേഷം മറുപടികിട്ടി. അവര്‍ പരസ്പരം പരിചയപ്പെട്ടു. അവന്‍ കൂടുതലൊന്നും പറഞ്ഞില്ല. പേരും സ്ഥലവും മാത്രം.. അവള്‍ കൂടുതലൊന്നും ചോദിച്ചതുമില്ല.
അവനോട് സംസാരിക്കുമ്പോള്‍ അവള്‍ കൂടുതല്‍ വാചാലയാകുന്നതുപോലെ. എല്ലാം കേട്ടിരിക്കുന്ന ഒരു നല്ല കേള്‍വിക്കാരാനായി അവനും മാറുകയായിരുന്നു. ആ സൗഹൃദം ഓരോ ദിവസവും ദൃഢമായിക്കൊണ്ടിരുന്നു.
'താങ്കള്‍ എന്നെക്കാണാന്‍ വരുമോ...?' പെട്ടെന്നായിരുന്നു അയനയോട് അവനാ ചോദ്യം ചോദിച്ചത്. അവള്‍ക്ക് ഉടനൊരു മറുപടിപറയാനായില്ല... എങ്കിലും കാണണം എന്നുതന്നെയായിരുന്നു അവളുടെയും ആഗ്രഹം.
'ഉം..., നോക്കട്ടെ സത്യാ' മനസ്സറിയാതെ അവള്‍ പറഞ്ഞു.
വിജയന്‍ അന്ന് പതിവിലും നേരത്തെയാണ് വന്നത്. അവള്‍ ചായ പകര്‍ന്നുകൊടുത്തു. ഒരിറുക്ക് കുടിച്ച് അയാളൊന്ന് ചിരിച്ചു. എന്നിട്ട് ബാഗ് തുറന്ന് ഒരു കവര്‍ അവള്‍ക്കുവച്ചു നീട്ടി.
ആകാംഷയോടെ അയന അതു വാങ്ങിത്തുറന്നു.
"ജനലഴികളിലെ മഴമേഘങ്ങള്‍ - അയന" അവള്‍ക്കതു വിശ്വസിക്കാനായില്ല. തന്‍റെഴുത്തുകള്‍ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിട്ട് .. ഹോ!... അവളവനെ കെട്ടിപ്പിടിച്ചു.
'അയനാ....' അവളെ നെഞ്ചില്‍നിന്നടര്‍ത്തി അയാള്‍ വിളിച്ചു.... ജീവിതത്തിലാദ്യമായി അയനയായി അയാളവളെത്തൊട്ടു.
ഇന്നത്തെ പ്രഭാതം അവളറിഞ്ഞതിലുമേറെ കുളിരു പകര്‍ന്നു നല്കുന്നു. അലസമായി ജനാലക്കരികില്‍ വെളിയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ തുടുത്ത സൂര്യന്‍ അകലെ എത്തിനോക്കുന്നു. പുതിയപ്രഭാതങ്ങള്‍ പലതവണ ആ ജനലിലൂടെ അവള്‍ കണ്ടിട്ടുണ്ട്. തന്‍റെ നിശ്വാസങ്ങള്‍ പറന്നുയുറന്നൊരു പൂമ്പാറ്റയായി പനനീര്‍ പൂക്കളില്‍ മുത്തമിടുന്നതായി അവള്‍ക്കു തോന്നി. അടുക്കളയില്‍ ഉത്സാഹത്തോടെ ജോലികള്‍തീര്‍ത്തു. വിജയനുള്ള ടിഫിനും പ്രഭാതതഭക്ഷണവുമൊക്കെ എന്നത്തേതിലും നേരത്തെ ടേബിളിലെത്തി.
'നിനക്കെവിടെയോ പോകണമെന്നു പറഞ്ഞു... ഒറ്റയ്ക്കുപോകുമല്ലോ അല്ലേ.. കാറെടുത്തുകൊള്ളൂ.. ഞാന്‍ ഇന്ന് ബൈക്കില്‍ പൊയ്ക്കൊള്ളാം... വിജയന്‍ ചാവി വച്ചുനീട്ടി.
വാങ്ങുമ്പോഴും മനസ്സില്‍ ഒരു തീരുമാനമാനമുണ്ടാക്കാന്‍ അവള്‍ക്കായില്ല. പോര്‍ച്ചില്‍ നിന്നും കാറിറക്കി... സത്യയ്ക്ക് എന്താ വാങ്ങിക്കൊണ്ടുപോകുക.. മനസ്സില്‍ പലതും ആലോചിച്ചു.... ഒന്നിനും ഒരു കൃത്യമായ ഉത്തരം കൊടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. സ്ഥലമെത്തി. പക്ഷെ എവിടെയാകും ആ വീട്.... വഴിയോരത്ത് കാര്‍ ചേര്‍ത്തുനിര്‍ത്തി വഴിയിലെ ഒരാളോട് അഡ്രസ്സ് ചോദിച്ചു...
ഇത് മേരിസിസ്റ്ററിന്‍റെ വീടാണ്... അതാ.. ആ കാണുന്നതാണ് വീട്.... പുറത്ത് കാര്‍ നിര്‍ത്തി ഗേറ്റുതുറന്ന് അയന അകത്തേയ്ക്കുചെന്നു. കോളിംഗ്ബല്ലില്‍ വിരലമര്‍ത്തി. വളരെ പ്രായം ചെന്ന് മെലിഞ്ഞ ഒരു സ്ത്രീ കതകുതുറന്നുവന്നു.
'സത്യാ.... ' അവള്‍ ചോദിച്ചു... 'അകത്തുണ്ട്... വരൂ... ' അവര്‍ അകത്തേയ്ക്ക് ക്ഷണിച്ചു.
മനോഹരമായി അടുക്കിവച്ചിരിക്കുന്ന മുറിക്കുള്ളിലെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു.
'ഇതെല്ലാം സത്യ വരച്ചതാണ്...' അവരുടെ വാക്കുകളില്‍ അവള്‍ക്കത്ഭുതം തോന്നി... ഇതുവരേയും അവളോടിതവന്‍ പറഞ്ഞിട്ടില്ല.. ഇതെന്നല്ല അവനെക്കുറിച്ചൊന്നും. താന്‍ ചോദിച്ചിട്ടുമില്ല.
'കയറിച്ചെന്നോളു.. അവനവിടുണ്ട്...' അയന പതിയെ വാതില്‍ തുറന്ന് അകത്തേയ്ക്കുചെന്നു... അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... വീല്‍ച്ചെയറില്‍ ചിരിച്ചുകൊണ്ട് പത്തോ ഇരുപതോ വയസ്സു പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടി. അവള്‍ക്ക് ബോധം നശിക്കുന്നതുപോലെ തോന്നി....
അമ്മ എന്നെക്കാണാന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു.... ആ സ്നേഹം എനിക്കുപകര്‍ന്നുതരുമെന്നും അറിയാമായിരുന്നു.... അവന്‍റെ വാക്കുകള്‍ അവളെ സ്ഥലകാലബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
സത്യാ.. ഉള്ളില്‍‍നിന്നൊരു തേങ്ങലായി.. അവനെ വാരിപ്പുണര്‍ന്നു. അവനും കരയുന്നുണ്ടായിരുന്നു....
'അയനാ...' പിന്നില്‍ നിന്ന് ആരോ അവളുടെ ചുമലില്‍ തൊട്ട് വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കി.... കമലേടത്തി...
അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല....
മോളേ... കമലെയെ ചേര്‍ത്തുനിര്‍ത്തി അവര്‍ വിളിച്ചു.. ആ വിളിയില്‍ ഒരു തേങ്ങലോ.. പതര്‍ച്ചയോ അവളറിഞ്ഞു...
സത്യ.. എന്‍റെ മകനാണ്... ഇത്രയുംനാള്‍ ഞാനെന്‍റെ മനസ്സില്‍ ഒളിപ്പിച്ചൊരു രഹസ്യം... അവനോട് ഞാനൊരിക്കല്‍ എല്ലാം തുറന്നു പറഞ്ഞിരുന്നു.... വിജയനെന്ന അവന്‍റച്ഛനെ അവനറിയുന്നതിനുമുമ്പ് അവന്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത് നിന്നെയാണ്... അമ്മയെന്ന സ്ങ്കല്പഭാവത്തില്‍ നീ മാത്രമാണ് അവന്‍റെയുള്ള് കീഴടക്കിയത്.
'സത്യയെ ഞാന്‍ കൊണ്ടുപോകുന്നു'.... അയന അതിനു മറുപടി പറഞ്ഞത് അതായിരുന്നു...
മുന്‍സീറ്റില്‍ സത്യയെ താങ്ങിയിരുത്തുമ്പോള്‍ തന്നോടൊപ്പം വീട്ടിലേക്ക് വരാന്‍ കമലേടത്തിയോട് അവള്‍ പറഞ്ഞു. കമല ആകെ പരിഭ്രമത്തിലായിരുന്നു. എങ്കിലും അയനയുടെ വാക്കുകള്‍ അവള്‍ക്ക് ധിക്കരിക്കാനായില്ല.
വീട്ടിലെത്തുമ്പോള്‍ നേരം സന്ധ്യയായിക്കഴിഞ്ഞിരുന്നു. കിഴക്കേ മുറി അവനുവേണ്ടി തയ്യാറാക്കി. അയന സാധാരണപോലെ വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായി. കമല അസ്വസ്തതയും ഭയവും ഉള്ളിലൊതുക്കി സത്യയ്ക്കടുത്തുതന്നെ ഇരുന്നു.
വിജയന്‍ പോര്‍ട്ടിക്കോയില്‍ ബൈക്ക് നിര്‍ത്തി അകത്തേയ്ക്ക് വന്നു. 'അയനാ...' 'വിജയേട്ടനെത്തിയോ.. ഫ്രഷ് ആക്... ഞാന്‍ ദാ വരണു...'
ചൂട് പാല്‍പായസം ഒരു ഗ്ലാസ്സില്‍ പകര്‍ന്ന് അവള്‍ മുറിയിലേക്കു ചെന്നു...
'ഇന്നെന്താ വിശേഷം..' അയാള്‍ ചോദിച്ചു...
അവള്‍ മേശവലിപ്പ് തുറന്ന് ഒരു ഡയറി അയാള്‍ക്കുനേരെ വച്ചു നീട്ടി...
'ദാ ഈ നോവല്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു...' "വരകള്‍ അവസാനിക്കുന്നില്ല..."

Wednesday, 10 June 2015

ഹെലീന

സ്നേഹതാഴ്വാരത്തിലെ ധ്യാന മണ്ഡപത്തില്‍ ഹെലീന കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കി. വര്‍ണ്ണപ്പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ ചുറ്റും നൃത്തം വയ്ക്കുന്നു. ചിലത് വെളുത്ത സുന്ദരന്മാരാണ്. ഏകാഗ്രമായ മനസ്സ് ആ വര്‍ണ്ണങ്ങളിലൂടെ ഇഴഞ്ഞ്  ബാല്യത്തിലെ പാടവരമ്പിലേക്കും മുള്ളിക്കായും മുക്കുറ്റിയും നിറഞ്ഞ പറമ്പിലേക്കും അലസ്സമായി നടന്നു. കൂമ്പാരംകൂട്ടിയ മണ്ണിന്‍ പാളികളിലൂടെ മുട്ടയുമായി വരിവച്ചുപോകുന്ന കട്ടുറുമ്പിനെ നോക്കി അവള്‍ ഇത്തിരിനേരം നിന്നു. പിന്നെ കുളത്തിലെ പളുങ്കുവെള്ളത്തില്‍ പാവാട പൊന്തിച്ച് കാല്പാദംകൊണ്ട് പതിയെത്തൊട്ടു. ചില്ലോളങ്ങള്‍ വളയങ്ങളായി അകന്നുപോകുന്നതിനെ നോക്കി അവള്‍ ചിരിച്ചു. ആ ചിരി നിശബ്ദതയിലെ വളകിലുക്കങ്ങളായി...  കുപ്പിവളകള്‍ വെറുതെ കിലുക്കിനോക്കി.... വീണ്ടും ചിരിച്ചു.. കൈതനാമ്പുവലിച്ചൂരി അതിന്‍റെ ചുവട് കടിച്ചുതിന്നു. അയണിപ്ലാവിന്‍ ചുവട്ടില്‍ നിന്ന് കുന്നോളം കുരുപെറുക്കി വട്ടയിലയില്‍ പൊതിഞ്ഞ് കുന്തിച്ചുചാടി തറവാട്ടിലേക്കോടി...

വലിയതറവാടിന്‍റെ ഉമ്മറക്കോലായില്‍ അമ്മായിയുടെ ഭര്‍ത്താവ് ഇരിക്കുന്നു. ഹെലീനയുടെ മനസ്സൊന്നു പിടഞ്ഞു... അവള്‍ അടുക്കളവരാന്തവഴി അകത്തേക്ക് കയറി... 'എടീ പെണ്ണേ......' അയാള്‍ അങ്ങനെയാണ് എപ്പോഴും... കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളേയും അയാള്‍ ഉപദ്രവിക്കും. പലപ്പോഴും പലരും വഴങ്ങിക്കൊടുക്കാറുണ്ട്... അവള്‍ ഉഴറി ഒളിക്കാറാണ് പതിവ്. തറവാട്ടിലാണേല്‍ ആരുമില്ല. അല്ലേലും ആരാണിവിടെ ഉള്ളത്.. വയസായ അപ്പൂപ്പനും അമ്മൂമ്മയും. ആ സാന്നിദ്ധ്യംപോലും അവള്‍ക്കൊരു ധൈര്യമാണ്. ഇന്നാണേല്‍ ആരുമില്ല. ഹെലീന പതിയ പുറത്തേക്കിറങ്ങാന്‍ ഭാവിച്ചു.

എടീ പെണ്ണേ ഒരു ചായയിട്... അവള്‍ കുടുങ്ങി.. അടുപ്പില്‍ തീകൂട്ടുമ്പോള്‍ അവിടെ നിന്നും എങ്ങനെ രക്ഷനേടാം എന്നതുമാത്രമായിരുന്നു ഹെലീനയുടെ ചിന്ത... ഒരുവിധം ചായ ശരിയാക്കി ഉമ്മറക്കൈവരിയില്‍ വച്ച് തിരിഞ്ഞോടുമ്പോഴേക്കും അയാള്‍ കൈയ്യില്‍ പിടുത്തമിട്ടിരുന്നു. വലിച്ചുപിടിച്ച് തട്ടുകൂടത്തിന്‍റെ മുകളിലേയ്ക്കയാളെത്തിച്ചു. ഉറക്കെ വിളിച്ചും പിച്ചിയും അവള്‍ പ്രതികരിച്ചുകൊണ്ടേയിരുന്നു. പിഞ്ചിത്തുടങ്ങിയ പുള്ളിപ്പാവാടയുടെ തുമ്പുതെറുത്തുകയറ്റി അയാള്‍ അക്രമണത്തിനു മുതിര്‍ന്നുകൊണ്ടേയിരുന്നു. ഹെലീന സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞൊരു തള്ളുകൊടുത്തു. അയാള്‍ മലര്‍ന്ന് പുറേക്ക് മറിഞ്ഞു ആ തക്കത്തിന് പുറത്തേക്കോടി.. ഓട്ടത്തില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളും അവിടെയും ഇവിടെയുമൊക്കെ മുട്ടി. ഒന്നും സാരമാക്കിയില്ല. പടിഞ്ഞാറെക്കോലായില്‍ കരീലയും ചവറും കൂട്ടിയുടുന്ന ഒരു വലിയ കുഴിയുണ്ട്. അവള്‍ അതിലേക്ക് ചാടി. കരിയിലകൊണ്ട് പുതച്ചു. ശ്വസമടക്കി.. കിതപ്പിനെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു.

അയാള്‍ തറവാടിനുചുറ്റും പേരുവിളിച്ച് കലികൊണ്ട് നടന്നു. ക്രമേണ ആ ശബ്ദം അകലേക്ക് അകലേക്ക് പോകുന്നത് അവളറിഞ്ഞു. ചിലരുടെ കുശലങ്ങള്‍ക്ക് മറുപടിപറയുന്നതിന്‍റെ ഏറ്റിറക്കങ്ങള്‍ വഴിയിലേക്കയാള്‍ പോയിക്കഴിഞ്ഞു എന്നതവള്‍ ഉറപ്പിച്ചു. പതിയെ എഴുന്നേറ്റ് കുഴിയില്‍ നിന്നും വലിഞ്ഞുകയറി അടുക്കളവരാന്തയില്‍  തൂണുചാരിയിരുന്നു. ശരീരത്തിന്‍റെ പലഭാഗത്തും വേദന തോന്നുന്നുണ്ട് .. തുടയില്‍ ഒരു നീറ്റല്‍. പാവാട പൊക്കി അവളത് പരിശോധിച്ചു. പാവാടയുടെ കുറേഭാഗം കീറിയിരിക്കുന്നു. നല്ലൊരുമുറിവ്.. ഓട്ടത്തില്‍ വാതിലിലെ ഓടാമ്പല്‍കൊളുത്ത് കൊണ്ടതാണ്.

തേങ്ങലുകള്‍ ഒറ്റപ്പെടല്‍.... ഹെലീന കണ്ണുതുറന്നു. ചുറ്റും ആരുമില്ല...  മുറിയിലെ ദിവാന്‍കോട്ടില്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന ആചാര്യന്‍റെ എണ്ണഛായാചിത്രം. ചമ്രം പടിഞ്ഞിരുന്ന കാലിളക്കി പിന്നോട്ട് മടക്കി അതിലേയ്ക്ക് ചാഞ്ഞിരുന്ന് അവള്‍ ആ ചിത്രത്തെ കൗതുകത്തോടെ നോക്കി. കൗപീന ധാരിയായി എല്ലാമറിയുന്നവനായി നിര്‍വ്വികാരഭാവത്തോടെ ഇരിക്കുന്ന ആ പുണ്യാത്മാവിനെ നമ്സ്കരിച്ച്. വീണ്ടുമവള്‍ കണ്ണുകളടച്ചു.

എന്തിനാണ്... യാത്രകളിലൂടെ താനിവിടെ എത്തിയത്.. സഞ്ചാരപഥങ്ങളിലൊക്കെയും താന്‍ തേടിയത് എന്തായിരുന്നു... പ്രണയത്തിന്‍റെ പൂക്കള്‍ വാരിയെടുത്ത് വിവേക് തന്നെ അണിയിക്കുമ്പോഴും മനസ്സ് കൊതിച്ചത് ഒരഭയമായിരുന്നു. അവന്‍റെ തോളോട് ചേര്‍ന്നിരുന്ന ട്രെയിന്‍യാത്രയില്‍ താന്‍ സ്വപ്നംകണ്ടതും അതുമാത്രമായിരുന്നു. ഒടുവിലതൊരു മഹാഭയമായി നിര്‍വ്വികാരതയായി ഉടല്‍ പങ്കുവയ്ക്കുമ്പോള്‍ മാറി മാറിഭോഗിക്കുന്ന ലിംഗങ്ങളുടെ പ്രായവ്യത്യസങ്ങളും കിതപ്പുമായി അതവശേഷിച്ചു.

മഹാപട്ടണത്തിന്‍റെ ഉള്ളുരുക്കങ്ങളെ ഉടലിലാവിഹിച്ച തുടക്കോണുകളിലൊരുവളായി തെരുവിലേയ്ക്കെറിയപ്പെട്ടപ്പോള്‍..ഭയമൊടുങ്ങി. പുതിയ യാത്രയ്ക്കായി അവള്‍ ഒരുങ്ങുകയായിരുന്നു. യാത്ര... വേശ്യാത്തെരുവിലെ ഹെലീനയെന്ന രാജ്ഞിയിലേക്കുള്ള...., മറുവാക്കുകളില്ലാതെ തെരുവുസന്തതികളെ വിലയ്ക്കുവാങ്ങി ഉടല്‍കണക്കുപറഞ്ഞ് വില്‍ക്കാന്‍ പഠിച്ച, ഹെലീനയിലേയ്ക്കുള്ള യാത്ര. പക്ഷെ അവിടെയും അവളെ ഭയപ്പെടുത്തിക്കൊണ്ട് സിതാര ചിരിച്ചു. സിതാര, പലവട്ടം കരുവറുത്തുകളഞ്ഞ ഗര്‍ഭച്ചുഴിയില്‍ ഉരുക്കിയെടുത്തതാണവളെ. ഹെലീനയുടെ ഹൃദയപൂങ്കാവനത്തിലെ മാലാഖ. പുറംലോകം കാണാതെ തന്‍റന്തപ്പുരത്തിലെ ഉള്ളറകളില്‍ ഹെലീന അവളെ വളര്‍ത്തി.

ഹോളിയുടെ പിറ്റേന്ന് ഇരുപത്തിയൊന്നാം തെരുവിന്‍റെ മുന്നില്‍ ഒരു ജീപ്പുവന്നുനിന്നു. ആരാണ് ഹെലീന....
അവള്‍ പുറത്തേയ്ക്കുവന്നു.... എന്താ...
ഞങ്ങളോടൊപ്പം വരണം.....
എന്തിന് ഒന്നൊരു മറുചോദ്യം അവള്‍ ചോദിച്ചില്ല...
ഇത് പതിവാണ്.. പുതിയ ഏമാന്മാര്‍ പട്ടണത്തിലെത്തുമ്പോള്‍.... തേടി ജീപ്പെത്തുക പതിവാണ്..

സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിക്കുമുന്നിലെത്തുമ്പോള്‍ ഹെലീന അമ്പരന്നു...
ഇവിടെ!.......?
ആ ചോദ്യത്തിന് മറുപടി ആരും പറഞ്ഞില്ല..
ചീഞ്ഞഴുകിയ ശരീരങ്ങളുടെ ഗന്ധം മൂക്കിലേക്കിരച്ചുകയറുന്നുണ്ട്. ഹെലീന വാതില്‍തുറന്ന് അകത്തേക്ക് നോക്കി. ഒന്നേ നോക്കിയുള്ളൂ... ഒരു ഭയം അതവളുടെ ശിരോമണ്ഡലത്തിലൂടെ അരിച്ചിറങ്ങി ഹൃദയത്തെ മരവിപ്പിച്ചു.... സിതാരാ....... ആ വിളിയില്‍ എല്ലാം നിശ്ചലമായതുപോലെ.... പിച്ചിചീന്തിയ ഉടലുമായി അവള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ...
ഇതു നിങ്ങളുടെ... മകള്‍..., പേര്... സിതാര..., വയസ്സ്.. പതിനാല്...,  ഹെലീന അലസമായി മറുപടി പറഞ്ഞു.
ആ വസ്ത്രങ്ങള്‍ ഒന്നഴിക്കൂ... ഹെലീന സിതാരയുടെ വസ്ത്രങ്ങള്‍ അഴിച്ചു. ഉടല്‍ മുഴുവന്‍ നീലിച്ചതും മുറിഞ്ഞതുമായ പാടുകള്‍. തുടകള്‍ക്കിടയില്‍ രക്തം വാര്‍ന്ന്..ചുണ്ടുപൊട്ടി... അവള്‍ക്ക് തന്നെത്തന്നെ അടക്കാനായില്ല.. ഉറക്കെ അലറി...  സിതാരയുടെ വസ്ത്രത്തില്‍ മുഖം ചേര്‍ത്ത് തേങ്ങി. പോലീസുകാര്‍ അവളുടെ ശരീരത്തിന്‍റെ അളവുകള്‍ കുറിച്ചു. മുടിയിഴകളുടെ നീളമെഴുതി. മഹസറിനുവേണ്ടി ക്യാമറ പലതവണ മിന്നി.

ഇനി പുറത്തുപോകൂ... ആ വസ്ത്രങ്ങള്‍ ഈ കവറിലേക്കിടൂ... ഫോട്ടോയ്ക്കും മറ്റുമുള്ള ഫീസ് അയാളെ ഏല്‍പിക്കൂ.. യാന്ത്രികമായെന്നോണം ഹെലീന എല്ലാം അനുസരിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞായിരുന്നിട്ടുകൂടി ചിതകൂട്ടി അതിലേയ്ക്ക് സിതാരയെക്കിടത്തി തീയുതിര്‍ക്കുമ്പോള്‍ അത് ഹെലീനയിലേക്ക് നിര്‍ഭയത്തിന്‍റെ നാളങ്ങള്‍ ഉയര്‍ത്തിവിടുകയായിരുന്നു.

ആചാര്യന്‍റെ മുന്നിലെ കെടാവിളക്കിലേക്ക് അവള്‍ കൈകള്‍നീട്ടി. ആ നാളത്തിലെ ചെറിയ ചൂട് ഹൃദയത്തിലേക്കാവാഹിച്ചപ്പോള്‍ ഒരു കനല്‍തുള്ളി കടഞ്ഞ് മിഴി ഉള്ളിലേക്കടഞ്ഞു.

ഹെലീന എഴുന്നേറ്റു. പുറത്ത് നല്ല തണുപ്പ്‍... മരങ്ങള്‍ നിറഞ്ഞ കുന്നിന്‍മുകളിലേക്കുള്ള ഊടുവഴിയിലേക്ക് മെല്ലെ നടന്നു. വെളുത്ത കോട്ടണ്‍ ടോപ്പിനെ കാറ്റ് പുറകേയ്ക്ക് വലിച്ചു. ഉടല്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കുളിര് അവളെ പൊതിഞ്ഞു. ബീമ നാനിയാണ് ഹെലീനയെ ഇവിടെ എത്തിച്ചത്. കാശിയുടെ തണുപ്പില്‍ തനിക്ക് കാപ്പി പകര്‍ന്നുതന്ന ബീമ നാനി.

മകളേ... നീ എന്തിനാണ് ഇവിടെ വന്നത്... അവളുടെ വേഷവും അപരിചിതത്വവുമാകാം അവരെക്കൊണ്ടത് ചോദിപ്പിച്ചത്... കഥ പറഞ്ഞു തീരുമ്പോള്‍ ആ മുഖത്തെ നിസംഗ്ഗഭാവം അവളെ വല്ലാതെ അതിശയിപ്പിച്ചു. ചിരിച്ചുകൊണ്ട് മാറോട് ചേര്‍ത്ത് തഴുകി നാനിയവളെ ആശ്വസിപ്പിച്ചു. ഇനിയെങ്ങോട്ടാണ് നിന്‍റെ യാത്ര.... അപ്പോഴാണ് അവളും അതോര്‍ത്തത്... ഇനി എങ്ങോട്ട്...

നാനിയുടെ കൂടെ ഇവിടെത്തുമ്പോള്‍ ഒരു പാട് ചോദ്യങ്ങളും ഉത്തരങ്ങളും വ്യാഖ്യാനങ്ങളും അവള്‍ കേട്ടു. ഇതിനിടയിലെപ്പോഴോ നാനിയുടെ ഒരു ചോദ്യം അവളെ വല്ലാതെ ഉലച്ചു. അതിന്‍റെ ഉത്തരം അത് വന്നവഴികളിലെവിടെയും അവളറിഞ്ഞിരുന്നില്ല. അതെന്താണ്... ആ ഉത്തരം.. അതിവിടെക്കിട്ടുമെന്ന് അവള്‍ക്കുതോന്നി... തുടര്‍ യാത്രയ്ക്കായി നാനി വിളിച്ചിട്ടും ഈ താഴ്വരയില്‍ അവള്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.

താന്‍ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. അതിന്‍റെ ഉറവതേടി അവള്‍ ഉള്‍ക്കാട്ടിലേക്ക് നടന്നു. ഉള്‍വനത്തില്‍ വന്യമൃഗങ്ങളുണ്ട് എന്നതിന്‍റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവള്‍ ശ്രദ്ധിച്ചില്ല. ആ ശബ്ദം,  ആ കൂകിവിളി അത് മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്നു. പ്രണയാതുരയായ ഒരു പെണ്‍മനസ്സായി  ആ ശബ്ദത്തിനു പിന്നാലെ ...... ഏതു കിളിയായിരിക്കും ഇങ്ങനെ ചിലയ്ക്കുക... ബാല്യത്തിലെ പാവടക്കാരിയായി അവള്‍ മറുകൂവല്‍ നല്‍കി....

ആ കൂകല്‍ കാട്ടരുവിയുടെ ഇരമ്പലില്‍ ഇഴുകിച്ചേരുന്നതുപോലെ... ദാ.. അവിടെ... പാറകള്‍ക്കിടയിലൂടെ ചിന്നിച്ചിതറി.. മുത്തുകള്‍പോലെ അരുവി... അതിലേക്കൊന്നിറങ്ങി നീന്താനവള്‍ക്കുതോന്നി... തോള്‍സഞ്ചി ഒരു പാറയിലേക്കുവച്ച് അവള്‍ പതിയെ അതിലേക്കിറങ്ങി.... അവളിതുവരെ അനുഭവിച്ചിട്ടില്ലാത്ത.... മാസ്മരികമായ ഒരു തലോടല്‍ തന്നിലനുഭവപ്പെടുന്നതുപോലെ... അവളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഓളങ്ങള്‍ നൃത്തമാടി. കുഞ്ഞുമീനുകള്‍ അവളെ ഇക്കിളിപ്പെടുത്തി... ആ തണുപ്പില്‍ മധുരമുള്ള സംഗീതത്തില്‍.. അവള്‍ ലയിച്ചു. എത്രനേരമെന്നറിയില്ല ആ നവ്യാനുരാഗത്തില്‍ അവള്‍ നീന്തിത്തുടിച്ചത്.

ഹെലീന കരയ്ക്കുകയറി.. വള്ളിപ്പടര്‍പ്പുകള്‍ കൂടൊരുക്കിയ അരുവിയോടുചേര്‍ന്ന പാറപ്പുറത്ത് അവള്‍ ധ്യാനനിരതയായി. മനസ്സ് പലയിടത്തും ചുറ്റിത്തിരിഞ്ഞ് ഒടുവിലവളിലേക്കുതന്നെ മടങ്ങി. മനസ്സ് ശൂന്യമായിരിക്കുന്നു. കാട്ടുവള്ളികളില്‍ക്കൂടി ഒരു പാമ്പിഴഞ്ഞ് അവളിലേക്കിറങ്ങി. നനവില്‍ ഉടലോടുചേര്‍ന്ന വസ്ത്രത്തിനുമുകളിലൂടെ അത് തലങ്ങും വിലങ്ങും ഇഴഞ്ഞുനീങ്ങി. ഹെലീന ഒന്നുമറിഞ്ഞില്ല. അവള്‍ ധ്യാനത്തിലാണ്.

ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന പ്രണയം അവളില്‍ പൂക്കുന്നതുപോലെ. മുഖമറിയൊത്തൊരു കാമുകന്‍ അവളോട് സംസാരിച്ചുകൊണ്ടേയിരുന്നു. നല്ലൊരു കേള്‍വിക്കാരനായി, മടിയിലേക്ക് തന്നെ കിടത്തി താലോലിച്ചുകൊണ്ട് അവന്‍ ചിരിച്ചു. അതവളുടെ കണ്ണുകളെ വിടര്‍ത്തി. മനസ്സിനെ പുളകം കൊള്ളിച്ചു. തേങ്ങലുകളില്‍ അടര്‍ന്നുവീണ കണ്ണീര്‍ക്കണങ്ങളെ അയാള്‍ ചുണ്ടുകൊണ്ടുമുത്തി. ഉയര്‍ന്നുപൊന്തിയ നിശ്വാസങ്ങളെ അവന്‍റെ കരവലയങ്ങള്‍ കോള്‍മയിര്‍കൊള്ളിച്ചു. പ്രണയം...., അതിന്‍റെ അനിര്‍വചനീയമായ രതിസങ്കല്പങ്ങളിലേക്ക്...... അവള്‍ പതിയെ  അതിലേക്ക് ഊര്‍ന്നുവീണുകൊണ്ടേയിരുന്നു. ചുണ്ടുകള്‍കൂമ്പി അവന്‍റെ അധരങ്ങള്‍ക്കായി വെമ്പല്‍കൊണ്ടു. മുഴിപൂട്ടി വ്രീളാവിവശയായി അവളവനെ ആസ്വദിച്ചു. ഇതുവരെയും ചൂടാന്‍കഴിയാത്ത സുഷ്പ്തിയിലേക്ക്...... മനസ്സും ശരീരവും പാകപ്പെടുത്തിയ രതിസങ്കല്പങ്ങളില്‍ അവളുറഞ്ഞാടി. സുഷുപ്തിയുടെ മൂര്‍ദ്ധന്യത്തില്‍ അവളൊന്നുപിടഞ്ഞു. ഇണയേയും ചുറ്റുപാടുകളേയും തിരിച്ചറിയാനാകാത്ത ആനിമിഷത്തില്‍.....  ആ പിടച്ചില്‍ നിശ്ചലമായിരുന്ന ഹെലീനയുടെ ബാഹ്യശരീരത്തെയുണര്‍ത്തി. ശരീരത്തിലിഴഞ്ഞുനീങ്ങിയ പാമ്പ് ഭയന്നു. അത് അവളുടെ മൂര്‍ദ്ധാവില്‍ ആഞ്ഞുകൊത്തി.

ഹെലീന ധ്യാനത്തിലാണ്. ഒന്നുമറിയാതെ.. നാനിയുടെ ചോദ്യത്തിനുത്തരമറിഞ്ഞ്.....  സുഷുപ്തിയുടെ അനിര്‍വചനീയ സുഖത്തില്‍... കാട്ടരുവി മുത്തുകള്‍ ചിന്നിച്ചിതറി താഴേയ്ക്കൊഴുകിക്കൊണ്ടിരുന്നു...  

Friday, 5 June 2015

അവസ്ഥാന്തരം

വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ നേരം പരാപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

'ആരാ... എന്താ.... അഡ്മിഷനാണെങ്കില്‍ കുറച്ചുകൂടി കഴിഞ്ഞുവരൂ......' മുട്ടുകേട്ട് പ്രഭാതകര്‍മ്മങ്ങളിലായിരുന്ന സെക്യൂരിറ്റി ഓടിവന്നു. 'ഓഫീസു തുറക്കുമ്പോള്‍ എട്ടു മണിയെങ്കിലുമാകും.... അല്ലേലും ഇന്ന് ഞായറാഴ്ചയാ.... അമ്മ കുറച്ചു വൈകിയെ എത്തുകയുള്ളൂ... ഇന്ന് ക്ഷേത്രദര്‍ശനമുള്ള ദിവസമാണ്'

ഒന്നു മന്ദഹസിച്ച് തോളിലെ തുണിസഞ്ചി നെഞ്ചിലമര്‍ത്തി പടികളിറങ്ങി ഞാന്‍ താഴേക്കുവന്നു. "അല്ല വിരോധമില്ലാച്ചാല്‍ ഞാനിവിടെ ഇരുന്നോട്ടെ"

"അതിനെന്താ... എവിടെയാ സ്ഥലം... കണ്ടിട്ട് വളരെ ദൂരെനിന്നാണെന്നു തോന്നുന്നു?"  അതിനും അതെ എന്നര്‍ത്ഥം വരുന്ന ഒരു ചിരി സമ്മാനിച്ച് പുറത്തെ ചാരുബഞ്ചിലിരുന്നു.

"ചായ വേണേച്ചാല്‍ .... ഞാന്‍കൊണ്ടരാം... ദാ അവിടുണ്ട് പൈപ്പും ടോയിലെറ്റുമൊക്കെ...."

കണ്ണുകളിലെ ക്ഷീണം അറിഞ്ഞിട്ടെന്നപോലെ അയാളതുപറയുമ്പോള്‍ തലകുലുക്കലില്‍ ഒരുചിരികലര്‍ത്തി ഞാനതിനു ശരിവച്ചു.

മഞ്ഞടര്‍ന്നുവീണ തടിബഞ്ചില്‍ നനവകന്നിട്ടില്ല. ചെറുതായി തണുപ്പ് മുണ്ടിലൂടെ അരിച്ചുകയറുന്നു. മുന്‍വാതില്‍ തുറന്ന് തന്നോളം പ്രായമുളള ഒരാള്‍ ആവിപറക്കുന്ന രണ്ടു കപ്പുകളുമായി വന്നു.

"ദാ ചായകുടിക്കൂ.... ഞങ്ങളോടൊപ്പം കൂടുന്നുണ്ടോ?"  ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. ഒരിറുക്കിന് ചായ കുടിക്കുമ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു.

"എവിടുന്നാ..."
കുറച്ചകലെയാണ്...
പിന്നെങ്ങനെ ഇവിടെയെത്തി .. ചായ മുത്തിക്കുടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. എന്നിട്ട് അയാള്‍തന്നെ ഉത്തരവും പറഞ്ഞു... അതിന് ചോദിക്കാനെന്തിരിക്കുന്നു അല്ലെ.. പ്രായം നമ്മളെ.. ഇവിടെ എത്തിക്കും... അതാരുടെയും തെറ്റല്ല...

ശരിയാണ് മകന്‍റെ ഫ്ലാറ്റില്‍ നിന്നും മീനാക്ഷിയുടെ ചിതാഭസ്മവുമെടുത്ത് പടിയിറങ്ങുമ്പോള്‍ ആ ഒറ്റപ്പെടല്‍, ആ അവഗണന താന്‍ അറിഞ്ഞിരിക്കുന്നു.

അവിടത്തെ അന്തേവാസികള്‍ ഓരോരുത്തരായി അടുത്തെത്തി കുശലാന്വേഷണം ആരംഭിക്കുമ്പോള്‍ എന്തോ ഒരു കുറ്റബോധം ഉള്ളില്‍ ആളിപടരുന്നതുപോലെ എനിക്കുതോന്നി.
വൃദ്ധരായ കറേപ്പേര്‍... അതിലമ്മമാരേണേറെ.... കണ്ണടകള്‍ക്കുള്ളിലെ സ്നേഹ നൊമ്പരങ്ങള്‍ അളന്നെടുക്കാനാവുന്നതുപോലെ മക്കളെന്നുള്ള വാത്സല്യത്തില്‍ പലരുടേയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

പോര്‍ച്ചില്‍ ഒരു കറുത്ത അമ്പാസഡര്‍ കാര്‍ വന്നു നിന്നു. അതില്‍നിന്നും ഇറങ്ങിയ ആളെ എനിക്ക് പെട്ടെന്നു മനസ്സിലായില്ല... എങ്കിലും ഓര്‍മ്മയിലെ പഴയരൂപത്തില്‍ കാലത്തിന്‍റെ അടയാളങ്ങള്‍ ചേര്‍ത്തു വായിച്ചപ്പോള്‍ അതുതന്നെയെന്നുറപ്പുവരുത്തി... ദേവകിയേടത്തി.....
നമസ്കാരം മാഡം.... എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു....
ഭക്ഷണം കഴിഞ്ഞോ.....
ഇല്ല..
അതെന്താ.. ഞാന്‍ പറഞ്ഞിട്ടില്ലേ എനിക്കുവേണ്ടി കാത്തിരിക്കരുതെന്ന്... പലപല അസുഖങ്ങളുള്ളവരാ.... സമയത്തിനു മെഡിസിന്‍ കഴിക്കണം... ങാ...  വരൂ.. ഇനി അതു കഴിയട്ടെ.....

തിരിഞ്ഞുനടക്കുമ്പോഴേക്കാണ് എന്നിലേക്ക് ശ്രദ്ധ പതിഞ്ഞത്..... പെട്ടെന്ന് അടുത്തേക്കുവന്നു.... കണ്ണട ഒന്നു ശരിയാക്കിവച്ച് സൂക്ഷിച്ചുനോക്കി....
"മാധവന്‍കുട്ടി.....!"
ഞാന്‍ ചിരിച്ചു.... ഏടത്തീ... അറിയാതെ മനസ്സില്‍ നിന്നു പുറപ്പെട്ട ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു...

എല്ലാരും വരൂ... പ്രാതല്‍ കഴിക്കാം.... കണ്ണടെയെടുത്ത് നേര്യതുകൊണ്ട് കണ്ണൊന്നുതുടച്ച്... ദേവകിയേടത്തി ഹാളിലേക്കുപോയി.......

വരൂ.. ഒരാള്‍ എന്‍റെ കൈക്കുപിടിച്ച് കൂടെക്കൂട്ടി....

പരസ്പരം തമാശപറഞ്ഞും വഴക്കുകൂടിയും.. പ്രാതല്‍കഴിക്കുന്ന വൃദ്ധര്‍.... അവരോടൊപ്പമുള്ള ആ ഇരിപ്പിനുതന്നെ ഒരു കുളിര്‍മ്മയുള്ളതുപോലെ....

മാധവന്‍കുട്ടി മുറിയിലേയ്ക്കു വാ...
കൈകഴുകിക്കൊണ്ടിരിക്കുമ്പോള്‍ ദേവകിയേടത്തി പറഞ്ഞു.

ചാരു കസേരയില്‍ പത്രം നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ദേവകിയേടത്തിക്കുമുന്നില്‍ ഒരു കുട്ടിയെപ്പോലെ ഞാന്‍ നിന്നു.

ഇരിക്ക്.... എന്താ വിശേഷം.... അനിയത്തിയെവിടെ...... മീനാക്ഷിയെ അങ്ങനാണ് ഏടത്തിവിളിക്കാറ്.....

ഏട്ടന്‍ മരിക്കുമ്പോള്‍ ഏടത്തി വളരെ ചെറുപ്പമാണ്. പട്ടാളക്കാരനായിരുന്ന ഏട്ടന്‍റെ ശരീരം സകല ബഹുമതികളോടും കൂടി ഏറ്റുവാങ്ങുമ്പോള്‍  ഒരു തുള്ളി കണ്ണുനീരുപോലും ആ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചിട്ടില്ല. ഒരു വീര സൈനികന്‍റെ ഭാര്യയാണ് താനെന്ന് തെളിയിക്കുമാറ്... അത്രയും  ശക്തയായിരുന്നു ഏടത്തി... ആരു നിര്‍ബന്ധിച്ചിട്ടും ഒരു പുതിയ ബന്ധത്തിനോ... തന്‍റെ വീട്ടിലേക്കൊരു തിരിച്ചുപോക്കിനോ... ഏട്ടത്തി തയ്യാറായതുമില്ല... വിവാഹത്തിനുശേഷം പുതിയ വീട്ടുവച്ച് ഞാന്‍ താമസംമാറുമ്പോള്‍ അമ്മയേയും കൂടെക്കൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പലപ്പോഴും മീനാക്ഷിയുടെ മുഖം കറുപ്പിക്കലില്‍നിന്ന് ഒഴിഞ്ഞ് അമ്മ ഏടത്തിയോടൊപ്പം കഴിഞ്ഞിരുന്നു..

മക്കളുടെ പഠിപ്പിനും, പിന്നെ മീനാക്ഷിയുടെ സ്വകാര്യ നിര്‍ബന്ധവും ഫ്ലാറ്റിലേക്കുള്ള പറിച്ചു നടലിനായി എന്‍റെ വിഹിതം വിറ്റു. അമ്മയുടെ കണ്ണുനീരിനു ഇത്രയും ആഴമുണ്ടായിരുന്നുവെന്ന് ഞാനന്നറിഞ്ഞിരുന്നില്ല. ഒറ്റമുറിയിലെ വീര്‍പ്പുമുട്ടലുകള്‍ അമ്മയെ ഏറെ ക്ഷീണിപ്പിച്ചു.... അമ്മയുടെ മൗനമായ പ്രതികരണവും ഓര്‍മ്മക്കുറവും ഫ്ലാറ്റിലെ ഞങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സമായി. വല്ലപ്പോഴും കാണാനെത്താറുള്ള ഏടത്തി... ആ ഭാരം വലിച്ചുകൊണ്ട് പോകുകയായിരുന്നു. പിന്നെ വന്നിട്ടില്ല....
അമ്മയുടെ മരണമറിയിച്ചാണ് ഏടത്തി അവസാനമായി വിളിച്ചത്. അത്  പക്ഷേ ഞാനറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.

ഒരു ഫോണ്‍കോളില്‍..... കഴിഞ്ഞു... എന്നു ഏടത്തി പറഞ്ഞപ്പോള്‍ ഞാന്‍ ഫോണ്‍ വയ്ക്കുകയായിരുന്നു....

മാധവന്‍കുട്ടീ... എന്താ..... ചോദ്യം കേട്ടില്ലാന്നുണ്ടോ?

നെഞ്ചില്‍ ചേര്‍ത്തുവച്ചിരുന്ന സഞ്ചിയില്‍നിന്നും പട്ടില്‍പൊതിഞ്ഞ ചിതാഭസ്മം ഞാന്‍ സെറ്റിയിലേക്കു വച്ചു.....

ഓ.. ഗോഡ്... ഏടത്തി ചാടി എഴുന്നേറ്റ്... എന്നെ പിടിച്ചെഴുന്നേല്‍പിച്ചു....
ഞാന്‍..... എനിക്കു പറഞ്ഞു മുഴുപ്പിക്കാനായില്ല,

അനിയാ....
ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം.... സ്നേഹമുള്ള ആ പഴയവിളി.. ഏട്ടത്തിയുടെ നാവില്‍ നിന്നു വന്നു...
എന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി....

വരൂ... അടുത്തമുറിയുടെ വാതില്‍ തുറന്ന് എന്നെ ക്ഷണിച്ചു... അവിടെ എന്‍റമ്മയുടെ ചിത്രത്തിനുമുന്നില്‍ പട്ടില്‍പൊതിഞ്ഞ ഒരു മണ്‍കുടം... തിരികെടാതൊരു വിളക്കും...

ഞാന്‍ വിതുമ്പിപ്പോയി.... നരകയറിയ കണ്ണുകളും ജരകയറിയമനസ്സും എന്നില്‍ നിന്നകന്ന് ഏടത്തിയുടെ കാല്‍ക്കലേക്കുവീണു. ഏടത്തീ....

അനിയാ എഴുന്നേല്‍ക്ക് എനിക്കറിയാമായിരുന്നു... എന്നെങ്കിലും നീ തിരിച്ചിവിടേക്കെത്തുമെന്ന്...... ഏടത്തിയും വിതുമ്പുന്നുണ്ടായിരുന്നു..
അമ്മേ..... മാപ്പ്....
ഒരായിരംവട്ടം മനസ്സാവര്‍ത്തിച്ചാലും പകരമാകാത്ത കടമായി അതവശേഷിക്കുന്നു.
ഞാനും വൃദ്ധനായിരിക്കുന്നു... ഒറ്റപ്പെടലുകള്‍... എന്‍റെ ശരീരത്തിലേക്കും ഇഴഞ്ഞു കയറുന്നുണ്ട്.... നനുത്തൊരു മരവിപ്പ്.

Thursday, 28 May 2015

മയില്‍പ്പീലിത്തുണ്ട്


വെളുത്ത വിരികളുള്ള കിടക്കയില്‍ പാദസരം മാത്രം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. ജനാലയിലെ കര്‍ട്ടന്‍ ഞൊറിവിലൂടെ ചെറു നിഴലനക്കങ്ങള്‍ അവളെ പരിഹസിക്കുന്നതുപോലെ. കവിള്‍ കനര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന നോവിന്‍റെ ലായനി ചുണ്ടുകളില്‍ തേങ്ങലിന്‍റെ വിങ്ങല്‍ തീര്‍ക്കുന്നുണ്ട്.

കണക്കുപുസ്തകത്തിന്‍റെ കള്ളികളില്‍ വരഞ്ഞുവയ്ക്കുന്ന അക്കങ്ങള്‍പോലെ കൂട്ടിക്കുറച്ച് മനസ്സിലേക്ക് വകഞ്ഞെടുക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊഞ്ഞനം കുത്തുന്നതുപോലെ.

അമ്മേ ദാ നോക്ക് ഞാന്‍ വരച്ചതാ.. കുഞ്ഞുവാവ... കൊള്ളാമോ?
ശ്വേതയ്ക്ക് സങ്കടം സഹിക്കാനായില്ല, അവള്‍ പാറുവിനെ നെഞ്ചോട്ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

അവളെവിടെ തന്‍റെ തോന്നലായിരുന്നോ? ഇല്ല അവളെന്‍റടുത്തുതന്നെയുണ്ടായിരുന്നു. നന്ദൂ... മോളേ....

ശ്വേത തലയിണയും കിടക്കവിരികളും വലിച്ചെറിഞ്ഞു. തെറിച്ചുവീണ തലയിണയിലൊന്ന് നന്ദുവാണെന്നവള്‍ക്കുതോന്നി. ഓടിച്ചെന്ന് വാരിയെടുക്കുമ്പോഴേക്കും ചെറിയ മയക്കത്തിലേക്കവള്‍ വഴുതിവീണു.

റോസ് നിറത്തിലുള്ള വെള്ള കിന്നരികള്‍ വച്ചുപിടിപ്പിച്ച ഒരു കുഞ്ഞുടുപ്പ്. അതില്‍ ഞാത്തിയിട്ടിരിക്കുന്ന സ്വര്‍ണ്ണനൂലുകള്‍. കുറേ വളപ്പൊട്ടുകള്‍ മഞ്ചാടി മണികള്‍... ശ്വേതയുടെ മനസ്സിലൂടെ പലചിത്രങ്ങളും കടന്നുവന്നു.

നിറയെ മയില്‍പ്പീലികള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു കാവ് അതിന്‍റെ കിഴക്കേ കോണില്‍ കുളമാവില്‍ നിന്നും ഞാന്നുകിടക്കുന്ന വള്ളിയില്‍ നന്ദു, ഒപ്പമൊരു കണ്ണനും...

മഴ ശക്തമാകുന്നുണ്ട് ഈശ്വരവാര്യര്‍ ശ്വേത കിടന്നിരുന്ന മുറിക്കുപുറത്തെ ബഞ്ചില്‍ കാല്‍ കയറ്റിവച്ചിരുന്നു.  അയാള്‍ വളരെ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം ഇന്നൊന്നും കഴിച്ചിട്ടില്ലായെന്ന്.

വാര്യരെ ഇങ്ങനിരുന്നാലെന്താ ചെയ്ക... വല്ലതും കഴിക്കൂ... കുട്ടി ഉറങ്ങുകയല്ലേ....
ഒരു വിളര്‍ത്ത ചിരിമാത്രം സമ്മാനിച്ചു വീണ്ടും തറയിലേക്ക് ദൃഷ്ടിപതിപ്പിച്ച് അയാളിരുന്നു.
കേശവേട്ടന്‍ അയാളുടെ അടുത്ത് ചെന്നിരുന്നു. കാവിലെ വെളിച്ചപ്പാടാണ് കേശവേട്ടന്‍. പ്രതാപമുണ്ടായിരുന്ന കാലത്ത് ദൈവത്തിനു സമം എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇന്ന് കാലം മാറി. കാവ് ഉത്സവത്തിനുമാത്രം ആളുകൂടുന്നിടമായി. അതും രാത്രി ഗാനമേളയോ മിമിക്രിയോ ഉണ്ടാച്ചാല്‍  മാത്രം.

കേശവേട്ടന്‍ വാര്യരുടെ തോളത്ത് തട്ടി സമാധാനിപ്പിച്ചു... എന്താ ചെയ്ക.. സുകൃതക്ഷയം.. കാവിലമ്മേ.....

വാര്യരുടെ കണ്ണുകളില്‍ നിന്നും ചിലതുള്ളികള്‍ ഉരുണ്ട് താഴേയ്ക്ക് പതിച്ചു.

നന്ദൂ...... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.

കൈകള്‍ തോര്‍ത്തുമുണ്ടുകൊണ്ട് ബന്ധിച്ചിരിക്കാ എന്‍റെ കുട്ടീടെ..... ആരാ സഹിക്ക അല്ലേ കേശവേട്ടാ.... ഉം...

കേശവേട്ടന്‍ ചുമരിലേക്ക് ചാരി മലര്‍ന്നിരുന്നു... ഓര്‍മ്മകള്‍ ദേവൂന്‍റെ കുടിലിനകത്തേയ്ക്ക് ഇഴഞ്ഞു നീങ്ങി. കാവിലെ വെളിച്ചപ്പാടാണു താനെങ്കിലും പലപ്പോഴും ദേവു തനിക്കൊരു ഹരമായിരുന്നു. അവളുടെ പിന്നാമ്പുറങ്ങലില്‍ നിന്ന് ദൃഷ്ടിയെടുക്കാതെ കോരന്‍റെ ചായപ്പീടികയിലെ തടിബഞ്ചില്‍ പലപ്പോഴും താനിരുന്നിട്ടുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദേവുവിന്‍റെ ഉടല്‍ മിടുക്ക്. അതൊട്ടനുഭവിക്കാന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അവള്‍....

വാര്യര്‍ കഴിഞ്ഞദിവസം പറയുന്നതുവരെ തനിക്കാ കഥ അറിയില്ലായിരുന്നു. പക്ഷേ അറിഞ്ഞപ്പോള്‍ മനസ്സേറെ വേദനിച്ചു. രക്ത്സ്രാവംമൂലം മരിച്ചതാണെന്നാണ് താനും നാട്ടുകാരും കരുതീത്. അവളുടെ വകയിലൊരമ്മാവന്‍ രത്നാകരനും അതങ്ങുറപ്പിച്ചുപറഞ്ഞു. കേള്‍പ്പോരും കേഴ്വിയുമില്ലാത്തതിനാല്‍ ദേവുവിന്‍റെ മരണത്തെ ആരും ചിക്കിചികഞ്ഞതുമില്ല.

അവള്‍ മരിച്ചിട്ട് ഈ കര്‍ക്കിടകത്തില്‍ അഞ്ചുകൊല്ലമാവുന്നു. ശ്വേതയും രവിയും വാര്യരുടെ വീട്ടില്‍ തിരിച്ചെത്തീട്ടുമായി അത്രേംകൊല്ലം. വരുമ്പോള്‍ നന്ദു കൈക്കുഞ്ഞായിരുന്നു. പെറ്റെണീറ്റ് നേരെ ഇങ്ങുപോന്നൂന്നാണ് വാര്യര് തന്നോട് പറഞ്ഞത്.

ദേവൂന്‍റെ ചാക്കാലച്ചിലവ് മുഴുവന്‍ കൊടുത്തത് രവിയായിരുന്നു. ഇപ്പോഴാണ് അതിന്‍റെയൊക്കെ അര്‍ത്ഥം തനിക്കു മനസ്സിലാകുന്നത്. സത്യത്തില്‍ ദേവു കത്തെഴുതിയിട്ടാണ് രവി എത്തിയത്. അവള്‍ ഗര്‍ഭിണിയായിരുന്നു. ശ്വേതയ്ക്കാണെങ്കില്‍ ഇതുവരെയും കുട്ടികളുമില്ല. ദേവുവും രവിയുമായി ഇത്തരത്തിലൊരു ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടിലാര്‍ക്കുമറിയില്ല. താന്‍പോലും വാര്യരിന്നലെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അങ്ങനൊന്നൂഹിക്കകൂടി ചെയ്യില്ല. വാര്യരുടെ വലിയമ്മാവന്‍ ദേവുവിന്‍റെ അമ്മൂമ്മയ്ക്കു കൊടുത്തതാണ് പടിഞ്ഞാറെക്കോലായിലെ പത്തുസെന്‍റ് തെങ്ങുംപണ.

ദേവൂന് വയറ്റിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. മരിക്കുന്നതിന് ഏറെക്കാലം മുമ്പുതന്നെ അങ്ങോട്ടേയ്ക്ക് ഒരു മനുഷ്യരേം ദേവു അടുപ്പിച്ചിരുന്നുമില്ല. താനാ തൊഴിലൊക്കെ നിര്‍ത്തീന്ന് അന്നത്തെ ഉത്സവത്തിന് അവളുതന്നോട് പറഞ്ഞതും കേശവേട്ടനോര്‍ത്തു.

ഒറ്റാന്തടിയായ എനിക്ക് എന്തോ വേണം. തട്ടിനുംമുട്ടിനുമൊക്കെ ആരേലും തരണുണ്ട്. പിന്നെ പറമ്പിലെ തേങ്ങേംകൂടിയാകുമ്പം കുശാല്‍.... കേശവേട്ടന്‍റെ മനസ്സില്‍ ആ വാചകം ഒന്നു വന്നു പോയി. സത്യത്തില്‍ രവിയുമായി അടുത്തതിനുശേഷം ദേവു മറ്റൊരാളിന് പാ വിരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാലും ഇതെങ്ങനെ ഇത്ര രഹസ്യമായി സാധിച്ചു.

നന്ദൂ.. നീ എവിടെയാ..... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.
കഴിഞ്ഞമാസം ആയില്യത്തിന്‍റന്ന് വൈകിട്ട് കാവിലെ വെളക്കു കൊളുത്താന്‍ പോയതായിരുന്നു രവി. താനും വരുന്നെന്ന് ശാഠ്യംപിടിച്ച് കൂടെപ്പോകുമ്പോള്‍ മരണത്തില്‍ അച്ഛനൊപ്പം കൂട്ടുപോകുകയായിരുന്നു അവളെന്നാരുമറിഞ്ഞിരുന്നില്ല. കാവിനടുത്തെത്തിയപ്പോള്‍ ഒരിടി.. രണ്ടു തീഗോളങ്ങളാക്കി അവരെ എരിച്ചുകളഞ്ഞു. തിരിച്ചറിയാനാകാത്ത രണ്ടു കരിക്കട്ട തുണ്ടുകളായി..... ആ കാഴ്ച താളംതെറ്റിച്ച ശ്വേതയുടെ മനസ്സിനെ ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ കൈകാലുകള്‍ ബന്ധിച്ച്...

വാര്യരുടെ മുതുകില്‍ ഒന്നു തലോടി കേശവേട്ടന്‍ എഴുന്നേറ്റു... ഇടനാഴിയിലെ അങ്ങേത്തലയ്ക്കല്‍ ചില്ലുവാതിലിലൂടെ പുറത്തേയ്ക്കു നോക്കി.. മഴ കനക്കുന്നുണ്ട്.... മഴത്തുള്ളികള്‍ കുത്തിവരയ്ക്കുന്ന ചിത്രങ്ങളില്‍ ദേവുവിന്‍റെ മുഖം അയാള്‍ കണ്ടു... അവള്‍ ചിരിച്ചു... കള്ളന്‍... എന്നെ പലപ്പോഴും നിങ്ങള് ഒളികണ്ണിട്ട് നോക്കീട്ടുണ്ടല്ലേ.... പക്ഷേ എന്‍റെ തമ്പ്രാനു ഈയുടല്‍ പകുത്തുവച്ചതിനുശേഷം ആര്‍ക്കും പായവിരിച്ചിട്ടില്ല ഈ ദേവു.... കണ്ടോ അവരിപ്പഴും എന്‍റൊപ്പമാ.... ഏന്‍റെ തമ്പ്രാനും മോളും.

ഒരു വെള്ളിടി ചില്ലു ജാലകത്തില്‍ പതിച്ചു. ആ പ്രകാശത്തില്‍ രവിയും ദേവുവും നന്ദുവിന്‍റെ കൈപിടിച്ച് അകലേയ്ക്കുപോയി...

എങ്ങും ഇരുട്ട് അയാള്‍ വിരല്‍ പരതിനോക്കി ഒരു നനവ് തനിക്കു ചുറ്റും അരിച്ചു കയറുന്നു. കൊഴുത്ത എന്തോ ഒരു ദ്രാവകം കൈയ്യില്‍ പറ്റി. മണത്തുനോക്കി.... രക്തം... ഒരു ഞരക്കം.. ഒപ്പമൊരു കുഞ്ഞിന്‍റെ കരച്ചില്‍... ആ ഇരുട്ടില്‍ അയാളതിനെ വാരിയെടുത്ത് പുറത്തേയ്ക്കോടി.... വാര്യത്തെ തിണ്ണയില്‍ ആച്ചലച്ച് നിലംപതിക്കുമ്പോള്‍ മഴ ഇടിച്ചുകുത്തി പെയ്യുകയായിരുന്നു.



Wednesday, 20 May 2015

ദേഹിയറിയാതെ

ആ യാത്ര അവസാനിക്കുന്നിടത്ത് ഇത്തരത്തിലൊരു കണ്ടുമുട്ടല്‍ ഉണ്ടാകുമെന്ന് സ്വാമി ദത്താത്രയന്‍ കരുതിയതേയില്ല. കുടജാദ്രിയിലെ ചിത്രമൂലയില്‍ പന്ത്രണ്ടുകൊല്ലം തപസ്സിരുന്നു. പഞ്ചാക്ഷരിമാത്രം ഉരുവിട്ട് സര്‍വ്വേശ്വരന്‍റെ കാല്‍ക്കല്‍ സര്‍വ്വതും സമര്‍പ്പിച്ച് എല്ലാ ബന്ധങ്ങളും ത്യജിച്ച് നിര്‍വ്വികാരനായി.
ഒടുവില്‍ മുഷിഞ്ഞൊരു കൗപീനവുമായി ശുഷ്കിച്ച ശരീരത്തില്‍ യാത്ര തുടങ്ങുമ്പോള്‍ ഒന്നുമാത്രമേ അയാള്‍ മനസ്സിലവശേഷിപ്പിച്ചിരുന്നുള്ളു. കാശീനാഥന്‍റെ തിരുവുടലു‍കൊണ്ട് പവിത്രമായ കാശീതീര്‍ത്ഥത്തില്‍ ഒന്നു മുങ്ങിനിവര്‍ന്ന് ആ പാദാരവിന്ദങ്ങളില്‍ വിലയംപ്രാപിക്കണമെന്ന്.
മനസ്സറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഒരു നേരത്തെ ഭിക്ഷയില്‍ സംതൃപ്തനായി കാല്‍നടയായി കാശിയിലേക്കു തിരിക്കുമ്പോള്‍ തുണയായി കുടജാദ്രിയിലെ ഒരു കാട്ടുകമ്പും ഒരിക്കലും നീരുനിലയ്ക്കാത്ത കുറേവ്രണങ്ങളും അയാളോടൊപ്പം കൂടിയിരുന്നു.
നീണ്ടുവളര്‍ന്ന താടിരോമങ്ങളും മുഴുവനായും കഷണ്ടികയറിയ തലയും നീണ്ടുവളര്‍ന്ന നഖങ്ങളും അയാളെ ഒരു തരത്തിലും അസ്വസ്ഥനാക്കിയില്ല. വഴിയോരങ്ങളിലെ കാണാക്കാഴ്ചകളില്‍ അയാളുടെ മനസ്സ് ഒരിക്കല്‍പോലും ഉടക്കിനിന്നില്ല. ഒരാളോടുപോലും കൈനീട്ടാതെ തന്‍റെ ലക്ഷ്യത്തിലേക്കു നടന്നുപോകുന്നു അയാള്‍.
വിശപ്പും ദാഹവും അയാളറിഞ്ഞില്ല. തന്നെ കടന്നുപോകുന്ന ഒരാളെയും അയാള്‍ ശ്രദ്ധിച്ചില്ല. ലക്ഷ്യം ഒന്നു മാത്രം കാശി.
വിശ്വനാഥ ഗല്ലിയിലെ ഊടുവഴികളില്‍കൂടി അയാള്‍ ധൃതിയില്‍ നടന്നു. ചാണകവും മൂത്രവും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തൊരുക്കിയ സുഗന്ധത്തിനപ്പുറത്ത് ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗമായിരുന്നു അയാളുടെ മനസ്സുനിറയെ.
ശവങ്ങള്‍കൊണ്ട് സമൃദ്ധമായ ഗംഗാതീരത്ത് ക്ഷേത്രങ്ങളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. ഗംഗയിലൊന്നു മുങ്ങിനിവര്‍ന്ന് പഞ്ചാക്ഷരി ഉരുവിടുമ്പോള്‍ മനസ്സിനെന്തന്നില്ലാത്ത ആനന്ദമായിരുന്നു അയാള്‍ക്ക്. കല്പടവുകളില്‍ വലിഞ്ഞുപിടിച്ച് കയറി ഗല്ലിയിലെ ഊടുവഴികളിലേക്ക് തിരിഞ്ഞുനടക്കുമ്പോള്‍ അയാളുടെ കാല്‍ക്കലേക്ക് ആരോ നമസ്കരിച്ചുവീണു.
ശിവശങ്കരനെ മാത്രം ധ്യാനിച്ച് അദ്ദേഹത്തിന്‍റെ പാദാരവിന്ദങ്ങളില്‍ എത്തിച്ചേരുന്നതിനുമുന്‍പ് ആരാണിത്. സൗമ്യനായി അയാള്‍ തലമുണ്ഡനംചെയ്ത ആ ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു.
നിര്‍വ്വികാരനായി തിരിഞ്ഞുനടക്കുമ്പോള്‍ കൈകളില്‍ ബലമായൊരു പിടി. അതു വിടിച്ചുപോകാനയാള്‍ക്കു കഴിഞ്ഞില്ല. ഒരു തേങ്ങല്‍.
സ്വാമിന്‍.... ഇവിടെ.. ഈ ഗല്ലിയില്‍ മാനസ്സിയെ വിടിവിച്ചു പോകരുതേ..... ഒരു കൈത്തുണയായി.. ഈ ബലിയര്‍പ്പിക്കാന്‍ അങ്ങെന്നെ സഹായിച്ചാലും....
അമ്മേ.. എനിക്കു പോകേണ്ടതുണ്ട്. ശിവശങ്കരന്‍റെ സാന്നിദ്ധ്യം ഞാനാഗ്രഹിക്കുന്നു.
അങ്ങെന്നെ തിരിച്ചറിയില്ല എന്നെനിക്കറിയാം എങ്കിലും.... പിറക്കുംമുന്‍പേ കൊന്നുപോയ കുരുന്നിനെ ശങ്കരസമക്ഷത്തിലേക്ക് സമര്‍പ്പിക്കാന്‍.. ഒരു ബലിവറ്റ്... ഈ ഗംഗയിലേക്ക് തൂവാന്‍ തുണയായി അങ്ങെന്നോടൊപ്പം ഉണ്ടാകണമേയെന്ന് മനസ്സുരുകി പലവട്ടം കരഞ്ഞതാണ് ഞാന്‍. ഇന്ന് ഈ ഗല്ലിയില്‍ അങ്ങയെ കാണുമ്പോള്‍ ശങ്കരകൃപയാണതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. എന്നോടൊപ്പം വന്നാലും.
താനുരുവിട്ട പഞ്ചാക്ഷരിമന്ത്രത്തെ തകര്‍ത്തെറിഞ്ഞൊരു കൊള്ളിയാന്‍ ദത്താത്രയനെ കടന്നുപോയി. മനസ്സ് വര്‍ഷങ്ങളുടെ ഇടവപ്പാതികഴിഞ്ഞ് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു. താനുരുവിട്ടതും തപസ്സിരുന്നതും മായ്ച്ചുകളഞ്ഞ് ഒരു തുള്ളിയായ് കണ്ണുകളില്‍ പടര്‍ന്നിറങ്ങി. അയാള്‍ മാനസ്സിയെ ചേര്‍ത്തണച്ചു.
പടവുകളിലൊന്നില്‍ ഭൂമിയില്‍ നിഴലറിയാത്ത കുരുന്നിന് തര്‍പ്പണമൊരുക്കി ഗംഗയിലേക്കിറങ്ങുമ്പോള്‍ വിശ്വനാഥഗല്ലിയിലെ ഊടുവഴികളില്‍ അഘോരികള്‍ നൃത്തംചെയ്യുന്നുണ്ടായിരുന്നു.

വിധി പറഞ്ഞപ്പോള്‍

കോടതിവരാന്തയില്‍ നിന്ന് അച്ഛനെ പിടിച്ചിറക്കിയത് അവളായിരുന്നു. വലതുകാലിലെ വാതം അച്ഛനെ ഏറെ തളര്‍ത്തിയിരിക്കുന്നു. മുടന്തിയുള്ള നടത്തത്തിലും തന്റെ പ്രതാപം വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്തതുപോലെയായിരുന്നു നടത്തം. ചിലപ്പോഴൊക്കെ അച്ഛനെ കാണുമ്പോള്‍ എനിക്ക് വിതുമ്പല്‍ വരും. എന്തിനാണ് അമ്മ അച്ഛനെ ഉപേക്ഷിച്ചുപോയതെന്നെനിക്കറിയില്ല. അമ്മാവന്‍ പറഞ്ഞിട്ടാണ് ഞാനിങ്ങനൊരു  കേസ്  കൊടുത്തത്. അച്ഛന്റെ സ്വത്തുക്കളില്‍ നിന്ന് ഒരു ഭാഗം എനിക്കുകിട്ടണമെന്ന വാശിയൊന്നും ഉണ്ടായിട്ടല്ല. അച്ഛനെതിരെ കേസുകൊടുത്ത് കോടതിവരാന്തകളില്‍ കയറിയിറങ്ങേണ്ടതിന്റെ കാര്യമുണ്ടോയെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കുന്നുണ്ട്.

കുഞ്ഞുനാളില്‍ അച്ഛന്റെ തറവാട്ടുവീട്ടിലായിരുന്നു ഞങ്ങള്‍. അതു പണ്ടേ അമ്മയുടെ പേരില്‍ അച്ഛന്‍ രജിസ്റ്ററാക്കി കൊടുത്തിട്ടുണ്ട്. പിന്നെയും കണ്ണെത്താത്ത തെങ്ങിന്‍ പുരയിടവും കാവും മുപ്പറ നിലവും ഒക്കെയായി ധാരാളം വേറെയുമുണ്ട്. അച്ഛന്‍ സ്വന്തമായി പണിയിച്ച ആറ്റുമണല്‍പ്പുറത്തെ വീട്ടിലായിരുന്നു താമസം. ഒരു കാര്യസ്ഥനും കൂട്ടായി കൂടെയുണ്ടായരുന്നു. പിന്നെപ്പോഴേ അതിലൊരു ഭാഗം അച്ഛന്‍ അയാള്‍ക്കെഴുതിക്കൊടുത്തു. ഇനി കാവിനടുത്തുള്ള പുരയിടവും ആ മുപ്പറ നിലവും താമസിക്കുന്ന വീടുമാണ് ബാക്കി. സിന്ധുവിനാണ് വീടുകൊടുക്കുക എന്നാണ് നാട്ടില്‍ സംസാരം. പരക്കെ എല്ലാരും ഫറയുന്നത് അത് അച്ഛന്റെ മകളാണെന്നാണ്.  കഴിഞ്ഞതുലാമഴയില്‍ കനത്തൊരിടി അവളുടെ കുടില് കത്തിച്ചപ്പോ ഒപ്പം അവളുടെ അമ്മയും പോയി. പാക്കരന് ഇപ്പോഴും കഞ്ചാവിന്റെ കച്ചവടമുണ്ടെന്നാണ് പോലീസ് ഭാഷ്യം. ആയതുകൊണ്ടുതന്നെ അയാളെ ഇടയ്ക്കിടയ്ക്ക് അവര്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോകും. കുഞ്ഞുനാളുമുതല്‍ സിന്ധുവിന്റെ സംരക്ഷണച്ചുമതല അച്ഛന്‍ ഏറ്റെടുത്തുകൊണ്ട് അവളുടെ കാര്യത്തില്‍ അയാള്‍ക്കൊരു ബാധ്യതയുമില്ലാതായി. പിന്നെ അയാളും വിശ്വസിക്കുന്നത് അച്ഛന്റെ ചോരയാണ് അവളെന്നാണ്.

ഇനിയീ ക്ഷേത്രത്തിന്റെ ഊരായ്മ തനിക്കു കിട്ടുമെന്നുതോന്നുന്നില്ല, ക്ഷേത്രം നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാനാ അദ്ദേഹത്തിന്റെ പ്ലാനെന്നാ തോന്നുന്നത്. അപ്പൊ അതിനോടു ചേര്‍ന്ന പുരയിടവും അവര്‍ക്കു വിട്ടുകൊടുക്കുമെന്നാ പറയണത് കേട്ടത്. സ്‌റ്റേ കൊടുത്താലും എത്ര നാളേയ്ക്ക്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ നിങ്ങള്‍ അച്ഛനും മോനും തമ്മിലുള്ള വാശി.

വക്കീല്‍ ഓഫീസിന്റെ പടിവാതില്‍ക്കല്‍ വച്ച് ഗുമസ്തന്‍ നാരായണന്‍ ഇതു പറയുമ്പോള്‍ ഞാന്‍ ആലോചിച്ചു എന്തിനാ ഇങ്ങനൊരു പിടിവാശി. വര്‍ഷങ്ങള്‍ക്കുമുമ്പ് ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ അമ്മയ്ക്ക് ജീവനാംശമായി ഒരു മണിയോഡര്‍ അച്ഛന്‍ അയയ്ക്കുമായിരുന്നു. അതിന്നും മുടങ്ങാതെ പോസ്റ്റുമാന്‍ അമ്മയ്‌ക്കെത്തിക്കും. അതില്‍ അമ്മയ്ക്ക് വേണ്ടതിലും അധികം പണമുണ്ടായിരിക്കും, അമ്മയ്ക്ക് വയസ്സ് എഴുപത്തിരണ്ടായി. എനിക്ക് അമ്പതും ചേച്ചിക്ക് അമ്പത്തിരണ്ടും. അച്ഛന് എണ്‍പതായിക്കാണുമെന്നാണ് അമ്മയുടെ കണക്ക്. തിരുവോണത്തിനു തലേദിവസമാണ് അച്ഛന്റെ പിറന്നാള്‍. അച്ഛമ്മയുണ്ടായിരുന്ന കാലത്ത് നല്ലവണ്ണം ആഘോഷിക്കുമെന്നായിരുന്നു നാണി എന്നോട് പറഞ്ഞത്. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും തമ്മില്‍ പിരിഞ്ഞത് എന്തിനാണെന്നൊന്നും അറിയില്ല. കവലയിലെ തുണിക്കടയ്ക്കു മുകളില്‍ ഒരു തട്ടിന്‍ പുറമുണ്ട്. അതിപ്പോള്‍ വായനശാലയാണ്. അവിടേയ്ക്ക് ഒരു ട്രങ്ക് പെട്ടിയുമെടുത്ത് കാലങ്കുട നിവര്‍ത്തി അദ്ദേഹം ഇറങ്ങിപ്പോയി. വഴിയില്‍ വച്ച് സ്‌കൂള്‍ വിട്ടുവന്ന എന്നോടും ചേച്ചിയോടും ഇത്രമാത്രം പറഞ്ഞു.

എന്നെ കാണണമെങ്കി തല്കാലം തട്ടിന്‍ പുറത്തേക്കു വാ, ബനാറസിന്റെ മോളില്.

വരമ്പിലുടെ നടന്നു നീങ്ങുന്ന അദ്ദേഹം ഒന്നുകൂടി തിരിഞ്ഞു നോക്കി എന്നു തോന്നുന്നു.

വീട്ടിലെത്തിയപ്പോള്‍ ഉടുമുണ്ടില്‍ സങ്കടത്തിന്റെ മൂക്കുതോര്‍ത്തി അമ്മയുണ്ട്. അടുത്ത് നാണിയും. നാണിക്ക് അന്ന് ഒരിരുപത് വയസ്സുകാണും. പാക്കരന്‍ അവളെ വിവാഹം കഴിച്ചെങ്കിലും പുറംപണിക്കും മറ്റുമായി അവളെപ്പോഴും ഇവിടെത്തന്നെയാണ്. അമ്മയുടെ പരാതിയും പരിഭവും മൂളിക്കേട്ട് അവളിങ്ങനെ പറന്നു നടക്കും. അമ്മയെ മുക്കുത്തിയമ്മ എന്നാണ് അവള് വിളിക്കാറ്. ചിലപ്പോഴൊക്കെ ഞാനും ചേച്ചിയും അതേറ്റുപാടി അമ്മയെ കളിയാക്കാറുണ്ട്. വൈകുന്നേരം വായനക്കിടയില്‍ അമ്മാവന്മാര്‍ വന്നു അവര്‍ എന്തൊക്കെയോ അമ്മയോട് ചോദിക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്തു. പിന്ന പിറ്റേന്ന് അമ്മമ്മ വന്നു. അവരും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ അച്ഛനെ വേണ്ടാന്നു പറഞ്ഞ് അമ്മ കേസ്സുകൊടുത്തു. കാരണം ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. അല്ല ഞാനതൊട്ട് ചോദിച്ചിട്ടില്ലാ എന്നതാണ് സത്യം. സ്‌കൂളിലേക്കു പോകുമ്പോ ഉച്ചയ്ക്ക് കഴിക്കാനായി നാരായണന്‍മാമന്റെ കടയില്‍ നിന്നും പൊതി വാങ്ങിച്ചോളാന്‍ അച്ഛന്‍ ഏര്‍പ്പാടാക്കിയിരുന്നു. അച്ഛന്‍ പോയതിനുശേഷവും അതിന് യാതൊരു മാറ്റവും വന്നില്ല. ഞാനും ചേച്ചിയും ഏതാണ്ട് കോളേജിലൊക്കെ ആയിട്ടും ആനില തന്നെ തുടര്‍ന്നു. നാരായണന്‍ മാമ മരിച്ച് പുതിയ ആളുകള്‍ കട പരിഷ്‌കരിച്ചിട്ടും ആ പൊതിക്ക് ഭംഗമുണ്ടായതുമില്ല. ഇപ്പോഴും ആ കൊതിയില്‍ അവിടെ ഞാന്‍ കയറാറുണ്ട്. പക്ഷേ വാങ്ങിവയ്ക്കുക എന്നതൊഴിച്ചാല്‍ തിന്നാന്‍ കഴിയാറില്ല.

ഇന്ന് കാവില്‍ പാട്ടു തുടങ്ങുകയാണ്. നാഗരുകാവിനോട് ചേര്‍ന്ന് ഒരു തമ്പുരാന്‍ പുരയുണ്ട്. അവിടെ ഉലകുടയപ്പെരുമാളിന്‍ കുടിയിരുത്തി ഉത്സവം ആരംഭിക്കും. അച്ഛന്‍ തന്നെയാണ് എല്ലാ ദിവസത്തേയും പാട്ടു നടത്തുക. ചിലപ്പോള്‍ ആരെങ്കിലും നേര്‍ച്ചയായി നടത്തുന്നൂന്ന് പറഞ്ഞാല്‍ അച്ഛന്‍ അതിനായി ഒഴിഞ്ഞുകൊടുക്കുകയും ചെയ്യും. അച്ഛനെ എല്ലാവര്‍ക്കും വലിയ ബഹുമാനമാണ്. മേലേപ്പുര രാഘവന്‍നായരെ കണ്ടാല്‍ ഇന്നും തൊഴുതുമാറുന്ന അള്‍ക്കാര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. രാമായണവും ഭാഗവതവുമൊക്കെ അച്ഛന് കാണാപ്പാടമാണ്. കഴിഞ്ഞ! ഉത്സവത്തിനുതന്നെ തമ്പുരാന്‍ പാട്ടുകാര്‍ പാട്ടു തെറ്റിച്ചപ്പോള്‍ അച്ഛന്‍ അതു കണ്ടുപിടിച്ചു. ഇന്നത്തെ കാലത്ത് ആര്‍ക്കാണ് അതിനൊക്കെ നേരം.

ഞാനും ഉണ്ണിയുംകൂടി കാവിലേക്ക് നടന്നു. വീട്ടില്‍ നിന്ന് കാവിലേക്ക് ഇപ്പോഴും നടവരമ്പേയുള്ളൂ. ഏഴരയ്ക്ക് കൊടിയേറുമെന്നാണ് പറഞ്ഞത്. അപ്പുണ്ണിയാശാനാണ് അവിടെ കൊടിമരം തയ്യാറാക്കുന്നത്. നേര്‍ച്ചയായി കിട്ടുന്ന അടയ്ക്കാമരം ഘോഷയാത്രയായികൊണ്ടുവന്ന് നിലംതൊടീക്കാതെ ഉയര്‍ത്തുകയാണ് പതിവ്. ഇപ്പോഴും അതൊരു നാട്ടാചാരമാണ്. ഞങ്ങളെത്തിയപ്പോഴേക്കും കൊടിമരം എത്തിയിരുന്നു. മൂത്താശ്ശാരി അതില്‍ വേണ്ട കര്‍മ്മങ്ങളഉം ഉളിപ്രയോഗങ്ങളുമൊക്കെ നടത്തി ജോറാക്കിയിരുന്നു. കൊടിയുയര്‍ത്താന്‍ സമയമായി. അച്ഛന്‍ ഇതുവരേയും എത്തിയിട്ടില്ല എന്റെ മനസ്സില്‍ ഉത്കണ്ട ഒരു ചെറു ശബ്ദമായി പുറത്തുവന്നോ?

എന്താ എന്തുപറ്റി എന്റച്ഛന്.

ഇല്ല അപ്പൂപ്പന്‍ ഇപ്പവരും കവലയില്‍ വച്ചു ഞാന്‍ കണ്ടിരുന്നു. ദാവരണു നീ പൊയ്‌ക്കോടാന്ന് എന്നോട് പറയുകയും ചെയ്തു. അവര്‍ അങ്ങനെയാണ് അപ്പൂപ്പനും മോനും തമ്മില്‍ ഒരു പിണക്കവുമില്ല. അല്ലെ ഞാന്‍ അച്ഛനും തമ്മിലുമില്ല. ഈ ഇടയായി അദ്ദേഹത്തിനു ഞാന്‍ മുഖംകൊടുക്കാറില്ല എന്നതാണ് സത്യം. മുകളില്‍ അച്ഛന്റെ കാറ് വന്നു നിന്നു. അചഛനിറങ്ങി ഒപ്പം സിന്ധുവുമുണ്ടായിരുന്നു. കൊടിയേറ്റിനു സമയമായി. ഈ ഉത്സവവും കെങ്കേമമായി ആരംഭിച്ചു. ആദ്യതാളം പാട്ടു കഴിഞ്ഞ് ഞാനും ഉണ്ണിയും നടക്കാനൊരുങ്ങുമ്പോള്‍ അച്ഛന്‍ ഉറക്കെ പറഞ്ഞു.

ഉണ്ണീ തന്റെ അച്ഛനോട് നിക്കാന്‍ പറ എനിക്കൊരു കാര്യം പറയാനുണ്ട്.

കാവിലെ ബഹളം പെട്ടെന്ന് നിശബ്ധമായി ഒരു സൂചിവീണാലുകൂടി കേള്‍ക്കാം എന്ന നിലയായി. ഞാനും ആകെ സ്തംഭിച്ചു തിരിഞ്ഞു നിന്നു.

വേറൊന്നുമില്ല, അടുത്ത ഉത്സവത്തിന് ഞാന്‍ കാണുമോന്നെനിക്കറിയില്ല. അതുകൊണ്ട് ഈ കാവും ഇതിനോട് ചേര്‍ന്ന പുരയിടവും ഇതിന്റെ നടത്തിപ്പിനായി പൊതുജനങ്ങളെ ഏല്പിക്കാന്‍ തീരുമാനിച്ചു. അതൊരു ട്രസ്റ്റായി രജിസ്റ്റാക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ.... ഉണ്ണീടെ അച്ഛന് താല്പര്യമുണ്ടാച്ചാല്‍ അതിലെ പ്രധാനിയാകാം. കേസുംകൂട്ടോമൊക്കെ ജനങ്ങളും അയാളും തമ്മില്‍ തീര്‍ത്തുകൊള്ളണം ഇത് തമ്പുരാന്റെ കാര്യമാ... എനിക്കിത്രയേ പറയാനുള്ളൂ. . മാത്രവുമല്ല. തീര്‍പ്പാക്കിയാലെ ഇതൊന്നു കൈമാറാനും പറ്റൂ. എന്താ...

ഞാനൊന്നും മിണ്ടിയില്ല അല്ലേലും അച്ഛനോടൊരെതിര്‍പ്പ് എനിക്കില്ലായിരുന്നു. പത്ത് പതിനഞ്ചുകൊല്ലമായി ഇങ്ങനെ നീണ്ടുപോകുന്നതാണ് കേസ്. അതില്‍ താല്പര്യമുണ്ടായിട്ടല്ല. അച്ഛനോളം വാശി ആ പ്രതാപം ഒന്നിനും താഴാത്ത മനസ്സ് അതൊക്കെയാകാം.

മാധവന്‍ പോകാന്‍ വരട്ടെ എനിക്കൊരുകൂട്ടംകൂടി പറയാനുണ്ട്. നാളെ കാലത്ത് സമയമുണ്ടാച്ചാല്‍ നീ ആറ്റുപുറം വരെ ഒന്നു വരണം ഒറ്റയ്ക്കു വന്നാല്‍ മതി. ആരേം കൂട്ടണ്ട.

എന്തിനായിരിക്കും അചച്ഛന്‍ എന്നെ അത്രടം ചെല്ലാന്‍ പറഞ്ഞത്. മനസ്സില്‍ പലപല ചിന്തകളും പാഞ്ഞുപോയി. എന്നിട്ടും ഒന്നും മനസ്സിലായില്ല. കേസ്സുതീര്‍ക്കാന്‍ പറയാനായിരിക്കും. പ്രകൃതംവച്ച് അതച്ഛന്‍ പറയില്ലാലോ. പിന്നെ..

രാത്രി കിടന്നിട്ടുറക്കം വന്നില്ല. പണ്ട് സാവിത്രിയെയുംകൊണ്ട് രണ്ടുമൂന്നുതവണ അവിടെ പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പിറ്റേന്നും, പിന്നെ മോന്റേയും മോള്‍ടേയും ആദ്യ പിറന്നാളിനും. രാവിലെതന്നെ അച്ചനടുത്തേക്ക് ചെല്ലാന്‍ എനിക്ക് തിടുക്കമായിരുന്നു. കുളിച്ച് കാവിലൊന്ന് തൊഴുതെന്നുവരുത്തി നേരെ ആറ്റിന്‍പുറത്തേക്കുപോയി. തെടിയില്‍ പാക്കരനുണ്ടായിരുന്നു.

അദ്ദേഹം അകത്തുണ്ട്. പാക്കരന്‍ എന്നെ നോക്കി പറഞ്ഞു

പടിയില്‍ നിന്നുതന്നെ അച്ഛാ എന്നുറക്കെ വിളിച്ചു പക്ഷേ ശബ്ദം പുറത്തുവന്നില്ല. എന്തോ തൊണ്ടയിടറുന്നു. ശരീരത്തിനൊരു വിറയല്‍

സിന്ധു വെളിയില്‍ വന്നു. കയറിയിരിക്കണം അദ്ദേഹം കുളിക്കുകയാണ്. ഞാന്‍ പറയാം.

നാണിയെപ്പോലെയാണ് സിന്ധുവും. പാക്കരനേക്കാള്‍ മുഖസാമ്യം അച്ഛന്റേതുപോലെ തന്നെ പക്ഷേ...

നീ എപ്പോഴെത്തി....

പൊട്ടിത്തെറിച്ചെഴുന്നേറ്റുപോയി ഞാന്‍...

എന്താ നീയവിടെയിരിക്ക്....

ഉം..

നീ പ്രാതല്‍ കഴിച്ചോ? എടുക്കട്ടെ

ഇല്ല.. ഇപ്പ വേണ്ട....

പലഹാരമോന്നുമല്ല.. ഇത്തിരി കഞ്ഞിയാ, മത്തന്‍ കറിയും... വാ അകത്തേക്ക്

അനുസരണയുള്ളകുട്ടിയെന്നപ്പോലെ തലകുനിച്ച് അച്ഛനുപിന്നാലെ ഞാന്‍ ചെന്നു. ആവിപറക്കുന്ന കഞ്ഞിയും കറിയും കുടിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാനന്ദം മനസ്സില്‍ അച്ഛനും ആസ്വദിച്ചു കഴിക്കുന്നുണ്ട്...

സിന്ധൂ........  അച്ഛന്‍ ഉറക്കെ വിളിച്ചു. അകത്തുനിന്ന് അവളെത്തി...

ഇനി മുഖവുരയില്ലാതെ പറയാം. ഈ വീട് ഞാനവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പിന്നയുള്ളത് മുപ്പറയാണ്. അതിന് കേസൊന്നും വേണ്ട. നീയും വേണേച്ചാ ശാന്തിനിക്കും കൂടെ കൊടുത്തോ. ഇതിനി ആര് എന്തു പറഞ്ഞാലും ഇവള്‍ക്കുതന്നെ. പിന്നെ ഒരു കാര്യം കൂടിയുണ്ട് ഈ പ്രമാണം നിന്റെ കൈകൊണ്ട് ഇവള്‍ക്കു കൊടുത്ത് അനുഗ്രഹിച്ചാല്‍ അത് നന്നായിരിക്കും എന്നെനിക്കു തോന്നുന്നു... എന്താ....

എന്താണെന്നറിയില്ല എന്റെ കണ്ണു നിറഞ്ഞിരുന്നു. ഒന്നും പറയാന്‍ എന്റെ നാവിന് ശക്തിയുമുണ്ടായിരുന്നില്ല.

അച്ചന്‍ തന്നെ മകള്‍ക്ക് ഭാഗം കൊടുക്കുന്നതല്ലേ അതിന്റെ ഒരു ശരി.... ഞാനൊന്ന് ഞെട്ടി... കഞ്ഞി തൊണ്ടയില്‍ കുരുങ്ങി... ചുമച്ചു. സിന്ധു ഓടിവന്ന്... തലയില്‍തട്ടി... അച്ഛാ...എന്നവള്‍ വിളിച്ചു. പിന്നെനിക്കൊന്നും ഓര്‍മ്മയുണ്ടായില്ല.. ഉണരുമ്പോള്‍ അച്ഛന്റെ കട്ടിലില്‍ കിടക്കുകയായിരുന്നു ഞാന്‍... അടുത്ത് സിന്ധുവുണ്ട്... നാണിയെപോലെ അവല്‍ ചിരിക്കുന്നു... എവിടെയൊക്കെയോ അരവ്യക്തത....

അതൊരു വെള്ളിയാഴ്ചയായിരുന്നു... സന്ധ്യക്ക് കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ആരുംകാണാതെ ഒളിച്ചിരുന്നു സിഗരറ്റ് വലിക്കുക എന്നത് എന്റെയൊരു സ്ഥിരം പരിപാടിയായിരുന്നു. വെള്ളിയാഴ്ചകളില്‍ നാണിയും പാക്കരനും കാവില്‍ വാറ്റു ചാരായവുമായി വരും കുഞ്ഞുങ്ങളുണ്ടാവാന്‍ തമ്പ്രാനു കാണിക്കവയ്ക്കാന്‍. കുറച്ചു നേരം തമ്പ്രാനെ പുലഭ്യം പറഞ്ഞും നീ വേണോങ്കി കഴിച്ചോ എന്നൊക്കെ വിളിച്ചു പറഞ്ഞ് തിരികെപ്പോവും പിന്നെ ഇരുട്ടുവീഴുമ്പോള്‍ അതുവന്നെടുത്ത് അവളും പാക്കരനും കുടിക്കും. അന്ന് പാക്കരനെ ഇതുവന്നെടുക്കുംമുമ്പ് പോലീസ് കൊണ്ടുപോയി.

സിഗരറ്റ് വലിച്ചു കഴിഞ്ഞപ്പോ വാറ്റു ചാരായത്തിന്റെ സ്വാദൊന്നറിയാമെന്ന് ഞാന്‍ തീരുമാനിച്ചു.  പതിയെ കുപ്പി തുറന്ന് ഒരു കവിള്‍ അകത്താക്കി... ഒരെരിച്ചില്‍ കരളറ്റുപോകുംപോലെ..  അതിന്റെ കത്തല്‍ തീര്‍ന്നപ്പോള്‍ വീണ്ടും വീണ്ടും മുത്തി.. ഇരുട്ടു വീണുതുടങ്ങി... കാഴ്ചയും പോയതുപോലെ അവ്യക്തമായ ചില നിഴലുകള്‍ മാത്രം കാലുകള്‍ കുഴയുന്നു... ആരോ തോളില്‍ പിടിച്ചു......

അങ്ങത്തെ... അത് നാണിയായിരുന്നു. ഞാന്‍ പിടിക്കാം. അങ്ങത്തെയന്താ യീ കാണിച്ചേ... നല്ല ശേലായിരിക്കണ്.... മുക്കുത്തിയമ്മ അറിഞ്ഞാല്‍ കോളായിരിക്കും ഇനിയിപ്പെം എന്തുചെയ്യുമെന്റെ തേവരേ.... പയ്യാരം പറഞ്ഞ് നാണി എന്നെയും താങ്ങി ചെമ്പകത്തറവരെ എത്തി. നല്ലയിരുട്ട്... നണിയെ ഞാന്‍ ചുറ്റിപിടിച്ചിട്ടുണ്ട്... അവളുടെ തണുത്ത ശരീരത്തിലെ ചെറിയചൂട് എന്നിലേക്കിരച്ചുകയറി... ചുറ്റുപാടുകള്‍ മറന്ന് അവളുടെ എതിര്‍പ്പ് കണക്കാക്കാതെ അവളിലേക്ക്......

എന്താ... പ്രശ്‌നമൊന്നുമില്ലാലോ നിനക്ക്...


ഞാന്‍ ചാടിയെഴുന്നേറ്റു... ഇല്ല...

ഉം വേണ്ട ഇച്ചിരിക്കൂടെ വിശ്രമിക്ക്.. ദാ.. ഇതാ ആധാരം ഇഷ്ടാച്ചാല് നീ കൊടുക്ക് ഇല്ലേ ....

ഞാന്‍ സിന്ധുവിനെ നോക്കി... അവളുടെ കണ്ണു നിറഞ്ഞിരിക്കുന്നു....
മോളേ.... അറിയാതൊരു ശബ്ദം എന്റെയുള്ളില്‍നിന്നടര്‍ന്നു.... തലയിലൊന്നു തലോടി അവളെ ചേര്‍ത്തു പിടിച്ചു....

അച്ഛാ.. അവള്‍ തേങ്ങുന്നുണ്ടായിരുന്നു.....

Thursday, 16 April 2015

ഇടവപാതിയില്‍

ഞാനെന്നും ആ വഴിക്കാണ് നടന്നുപോകാറ്. പട്ടണത്തിലായിട്ടും നടപ്പ് കുറച്ചിട്ടില്ല. രാവിലെ ഒരു ഫര്‍ലോംഗ് നടന്നില്ലെങ്കില്‍ ഒരസ്വസ്തതയാണ്. വിജനമായ പാതയോരത്ത് പലപ്പോഴും നാടോടികള്‍  ചെറു കുടിലുകള്‍ വലിച്ചുകെട്ടി പാര്‍ക്കുന്നുണ്ടാകും. എണ്ണതേയ്ക്കാതെ ചെമ്പിച്ച തലമുടിയും, മൂക്കള ഒലിപ്പിച്ച മുഖവുമായി ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ കരഞ്ഞു നില്‍ക്കുന്നതുകാണാം. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഞാന്‍ പലപ്പോഴും അത് കണ്ടില്ലെന്ന് നടിക്കും. ചിലപ്പോള്‍ പോക്കറ്റില്‍ നിന്നും ചില്ലറയെടുത്ത് നല്‍കും. ഒരാള്‍ക്കു കൊടുത്താല്‍ പിന്നെ ശേലായി. ഈച്ച പൊതിയുന്നതുപോലെ ചുറ്റും കൂടും.

ഇന്നലെ ആ വഴിയില്‍ ഞാനൊരു വൃദ്ധനെകണ്ടു. ഒരു ചാക്കുകഷണത്തില്‍ ചുരുണ്ട് കിടക്കുന്നു. യാദൃശ്ചികമായി ഒന്നു നോക്കുമ്പോഴേക്കും അയാളുടെ മുഖം ഉള്ളിലെവിടെയോ ഒരു പരിചയം ഉറപ്പിക്കുന്നു. അറിയാതെ ചുണ്ടു പരത്തിയ ഒരു പുഞ്ചിരി അയാളുടെ കണ്ണുകളെ ഒന്നു തിളക്കിയോ എന്നു മനസ്സ് പലപ്രാവശ്യം ചോദിച്ചു. ആ തിളക്കം അയാളുടെ അടുത്തേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.

'വഞ്ചിമ' മനസ്സ് ആമുഖത്തിനെ തിരിച്ചറിഞ്ഞു. അതെ വഞ്ചിമ അദ്ദേഹം തന്നെയാണ്. വൃദ്ധനടുത്തേക്ക് കുനിഞ്ഞ് 'എന്താ ഇവിടെ' എന്നു ചോദിക്കുമ്പോഴേക്കും അയാള്‍ വിതുമ്പികരഞ്ഞു.

'എന്തിനാ കരയണേ, വഞ്ചിമ്മാന് എന്താ പറ്റിയേ...'  ഉത്തരം കിട്ടാനായി ബാഗ് തറയില്‍ വച്ച് ഞാനയാളുടെ അടുത്ത് കുത്തിയിരുന്നു.

'സുമിത്ര, ഇന്നവള് ജയിലീന്നിറങ്ങും, പക്ഷേ വേണ്ടാര്‍ന്നു. ഇറങ്ങിയാലും തലചായ്ക്കാനൊരിടംമില്യാ.' വിങ്ങുന്ന സ്വരത്തില്‍ അദ്ദേഹമതു പറഞ്ഞു തീര്‍ക്കുമ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു.

'വഞ്ചിമാ എന്താ ഇതൊക്കെ എനിക്കൊന്നും മനസ്സിലായില്ല. ഞങ്ങളവിടുന്നു പോന്നിട്ട് ഇച്ചിരി നാളായില്ലേ, അമ്മയുംകൂടി മരിച്ചതിനുശേഷം അങ്ങോട്ടേക്കേ വരാറില്ല. അല്ല വന്നിട്ടും എന്തിനാ. ആരുമില്ലല്ലോ ഞങ്ങള്‍ക്കവിടെ. അവിടുണ്ടായിരുന്നതെല്ലാംകൂടി കൂട്ടിപെറുക്കീട്ടാ ഇവിടെ കഷ്ടി ഒരു വീടുണ്ടാക്കിയത്., ങാ.. അതൊക്കെപോട്ടെ.. അങ്ങു വല്ലതും കഴിച്ചോ?' ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം പറഞ്ഞില്ല. എങ്കിലും പതിയെ കൈപിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍  ഒരു കുഞ്ഞെന്നപോലെ അദ്ദേഹം അനുസരിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എന്നു ആലേഖനംചെയ്ത് പഴയ ഒരു എയര്‍ ബാഗില്‍ കുറച്ചു തുണികള്‍ ചുരുട്ടി വച്ചിരിക്കുന്നു. സിബ്ബ് അടര്‍ന്നുപോയ ഭാഗത്ത് പിന്നുകള്‍കൊണ്ട് തുന്നിവച്ചിരിക്കുന്നു. ചാക്ക് മടക്കി കൈയ്യിലെടുക്കുമ്പോള്‍ അരികത്തായി ചാരിവച്ചിരുന്ന ഒരു പങ്കായംകൂടി അദ്ദേഹം കൈയ്യിലെടുത്തു.

'ഇതെന്തിനാ...' അത്ഭുതത്തോടെയുള്ള എന്റെ ചോദ്യത്തിനും ഒരു കണ്ണീര്‍കണമായിരുന്നു മറുപടി. ഒരോട്ടോയ്ക്ക് കൈകാണിച്ചു ഞാനദ്ദേഹത്തെ അതിലേക്കു കൈപിടിച്ചുകയറ്റി.
ഗേറ്റുതുറന്ന് അകത്തേയ്ക്ക് പോകുന്നതിനുമുന്നേ പോര്‍ച്ചിനടുത്തുള്ള മുറി തുറന്ന് സാധനങ്ങള്‍ അവിടെവയ്ക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരം നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാനകത്തേയ്ക്കുപോയി, പിന്നാലെ കാലും മുഖവും കഴുകി വഞ്ചിമ്മാനും.
രാവിലത്തെ ഇടിയപ്പത്തില്‍ നാലഞ്ചെണ്ണം ബാക്കിയുണ്ട്. രമ കഴിച്ചു കാണില്ല. അവളിന്നിറങ്ങിയപ്പോള്‍ നേരം വൈകിയിട്ടുണ്ടാകണം. ഒരു ഗ്ലാസ്സ് കട്ടന്‍കാപ്പി തിളപ്പിച്ച് അത് അദ്ദേഹത്തിനു നല്കി. ആര്‍ത്തിയോടെ കഴിക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാനറിഞ്ഞു.

ഓഫീസിലേക്ക് വിളിച്ച് ഒരവധി പറഞ്ഞു. കൂട്ടത്തില്‍ രമയേയും വിളിച്ചു. അവള്‍ക്കറിയാം അദ്ദേഹത്തിനെ. കൂടുതലൊന്നും എനിക്കറിയാത്തതിനാല്‍ മറ്റൊന്നും പറഞ്ഞില്ല.
കട്ടന്‍കാപ്പി, മുത്തിക്കുടിയ്ക്കുന്ന വിറയ്ക്കുന്ന ചുണ്ടുകളെ ഞാന്‍ നോക്കിയിരുന്നു. രത്‌നാകരകൈമള്‍ എന്ന പ്രമാണിയെ നാട്ടിലെല്ലാവര്‍ക്കും അറിയാം. കാരണം ഇത്രയും സഹൃദയനും സ്‌നേഹ നിധിയുമായ ഒരു ധനികനെ ഒരു നാട്ടിലും കണ്ടു കിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നു ഒരു പുഴ കടന്നാലെ ഠൗണിലെത്താനാകൂ. അന്ന് ആ പുഴ മുറിച്ചു കടക്കാനൊരുപാധിയേയുള്ളൂ. കൈമളദ്ദേഹത്തിന്റെ വഞ്ചി. വഞ്ചിക്കാരനുണ്ടായിട്ടും മിക്കസമയങ്ങളിലും അദ്ദേഹം ഈ വഞ്ചിയില്‍ക്കാണും. പുഴയില്‍ തുഴഞ്ഞു രസിക്കുന്നത് അദ്ദേഹത്തിനൊരു ഹരമാണ്. ഒരു ചില്ലിക്കാശ്ശുപോലും വഞ്ചിക്കാശ്ശായി കൈപറ്റുകയില്ലയെന്നതിനപ്പുറം ഞങ്ങള്‍ക്ക് മിഠായിയും മധുരപലഹാരങ്ങളും വാങ്ങിത്തരുകയും ചെയ്യും. ഞങ്ങള്‍ കുട്ടികള്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ അന്ന് വഞ്ചിമാനെന്നു വിളിക്കും. പുതിയ തലമുറ വളര്‍ന്നപ്പോള്‍ കൈമളെ എല്ലാരും മറന്നു വഞ്ചിമാന്‍ മാത്രമായി.

സുമിത്ര സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഞാനവളെ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ വിവാഹമായിരുന്നു അവളുടേത്. അമ്മയില്ലാത്ത കുട്ടിയായിരുന്നതിനാല്‍ വഞ്ചിമാന്‍ ഏറെ കൊഞ്ചിച്ചാണ് അവളെ വളര്‍ത്തിയിരുന്നത്. ഏതോ ഒരിടവപാതിക്ക് പുഴ കവര്‍ന്നതാണ് അവളുടെ അമ്മയെ. തിരികെ കിട്ടിയിട്ടില്ല. അതാകണം കൈമളിനെ എപ്പോഴും പുഴയിലേക്കെത്തിച്ചതും.

പട്ടണത്തിലെ വലിയൊരു രാഷ്ട്രീയക്കാരനായിരുന്നു സുമിത്രയെ വിവാഹം ചെയ്തത്. സുമിത്ര ഗ്രാമത്തിലെത്തുമ്പോള്‍ അവിടൊരുത്സവമായിരുന്നു. പ്രമാണിത്തവും, രാഷ്ട്രീയ ബന്ധങ്ങളും കൈമളുടെ വീടിനെ അപ്പോള്‍ ഒരുത്സവപറമ്പാക്കും. അപ്പോഴും ആ വീടിനോട് എല്ലാവര്‍ക്കും ബഹുമാനവും സ്‌നേഹവുമായിരുന്നു. പിന്നെങ്ങിനെ ഇത് സംഭവിച്ചു.

'സുമിത്രയ്‌ക്കെന്തുപറ്റി' ആ ചോദ്യം ഞാന്‍ മനസ്സിനോട് ചോദിച്ചതായിരുന്നു. പക്ഷേ ഉച്ചത്തില്‍ അതു പുറത്തുവന്നു. വഞ്ചിമാന്റെ കൈയ്യില്‍ നിന്നും ഗ്ലാസ്സ് തറയില്‍വീണു ചിതറി. അദ്ദേഹം ചാടിയെഴുന്നേറ്റു.

സ്ഥലകാലബോധം തിരിച്ചു വന്ന ഞാന്‍ അദ്ദേഹത്തെ പിടിച്ചിരുത്തി.
'സാരമില്ല,  അറിയാതെ ഒരാകാംഷ മനസ്സില്‍ നിന്നും പുറത്തുവന്നതാണ്. അങ്ങ് വിഷമിക്കണ്ട'
'പറയാം മോനെ... നീ കിഴക്കേലെ ദിവാകരനല്ലേ...' ഞാന്‍ തലയാട്ടി സമ്മതിച്ചു.

'സുമിത്രയുടെ ഭര്‍ത്താവ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു. അറിയാല്ലോ അല്ലേ..., ഏതോ ചില കളികളില്‍ അവന്‍ അകപ്പെട്ടു. രാഷ്ട്രീയത്തിലെ വീഴ്ചകള്‍ മറക്കാന്‍ അയാള്‍ പലപ്പോഴും മദ്യത്തിനെ ആശ്രയിച്ചു. അതു മുതലാക്കാനും ആളുണ്ടായിരുന്നു കേട്ടോ. അയാളെ മുന്‍നിര്‍ത്തി പലകളികളും പലരും പ്ലാന്‍ ചെയ്തു. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതായപ്പോള്‍ പറമ്പുപണയപ്പെടുത്തി. ഇതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല.  പല ആവശ്യങ്ങള്‍ക്കായി കാശുകൊടുത്തവര്‍ വീട്ടില്‍ വന്നപ്പോള്‍ രക്ഷപ്പെടാനായി സുമിത്രയുടെ പേരിലുണ്ടായിരുന്ന ചെക്കുകള്‍ അവളെക്കൊണ്ട് നിര്‍ബന്ധിച്ച് കൊടുപ്പിച്ചു. അവളും ഒരു കാര്യവും എന്നെ അറിയിച്ചില്ല. കൊച്ചുമോള്‍ അനു ഇടയ്ക്ക് വീട്ടില്‍ വന്നപ്പോഴാണ് തീരെ വ്യക്തതയില്ലാത്ത ചില കാര്യങ്ങള്‍ ഞാനറിയുന്നത്. അവിടെയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരാക്‌സിഡെന്റാണ് എന്നാണ് പലരും പറഞ്ഞത്. പക്ഷേ കൂട്ടാളികള്‍ മനപൂര്‍വ്വം കൊന്നതാണെന്ന് പരസ്യമായ രഹസ്യം.'

ഒരു നെടുവീര്‍പ്പിട്ട് വഞ്ചിമാന്‍ തുടര്‍ന്നു
'സുമിത്രയേയും അനൂനേയും ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. അവരുടെ ഠൗണിലെ വീട് ജപ്തിയായി. മാസങ്ങള്‍ പലതു കഴിഞ്ഞു എല്ലാം ഒന്നു ശാന്തമായി എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷെ തുടങ്ങുകയായിരുന്നു. ചെക്കുകേസുകള്‍ തലങ്ങും വിലങ്ങും സുമിത്രയെ ആക്രമിച്ചു. ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി. കേസും കൂട്ടോം. ഒടുവില്‍ എല്ലാം നഷ്ടമായി. വാടകവീട്ടിലേക്ക് പോകുമ്പോള്‍ ഉടുക്കതുണികള്‍ മാത്രമേ ഞങ്ങള്‍ക്കു കൈവശമുണ്ടായിരുന്നുള്ളൂ. അനുവിനെ ഒരോര്‍ഫണേജില്‍ ചേര്‍ത്തു. ചെക്കു കേസിന്റെ വിധിയില്‍ സുമിത്രയ്ക്ക് തടവുശിഷയും.'
തോര്‍ത്തുമുണ്ടുകൊണ്ട് കണ്ണുതുടച്ച് ഒരു ദീര്‍ഘനിശ്വാസത്തിനെന്നോണം അദ്ദേഹം മൗനമായി.

'വാടക നല്കാന്‍ നിവൃത്തിയില്ലാതെ, പുഴവക്കത്തെ വഞ്ചിപ്പുരയിലേക്ക് ഞാന്‍ കുടിയേറി. അവിടെയാണിപ്പോള്‍. ആകെ സ്വന്തമായുള്ളത് ഈ പങ്കായം ഒന്നുമാത്രം. എന്റെ പപ്പകുട്ടീടെ മനസ്സു കടഞ്ഞ ഇതുമാത്രം.' ആ വിതുമ്പലിനെ ആശ്വസിപ്പിക്കാനെനിക്കായില്ല.
സമയം പിനൊന്നായി. സുമിത്രവരുന്നതുംകാത്ത് ജയിലിനുമുന്നില്‍ ഞങ്ങള്‍നിന്നു. വിറയ്ക്കുന്നകൈകള്‍കൊണ്ട് വഞ്ചിമാന്‍ എന്റെ തോളില്‍ പിടിച്ചു...
'മോനേ... അവളെ കാണുന്നില്ലല്ലോ....'
നരച്ച പുരികങ്ങള്‍ക്കുതാഴെ മകളെക്കാണാനുള്ള ആര്‍ത്തി എന്നെയും വേദനിപ്പിച്ചു. ജയിലിന്റെ പടികടന്ന് സുമിത്ര പുറത്തേക്ക് വന്നു. വഞ്ചിമാന്‍ എന്റെ ചുമലില്‍ മുഖമമര്‍ത്തി. അവളെന്നെ നോക്കി അലസമായി മന്ദഹസിച്ചു.

'ദിവാകരേട്ടന്‍ എന്താ ഇവിടെ?' ഒരു ചിരികൊണ്ട് അവള്‍ക്കുത്തരം നല്കി ഞാന്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്തു.
'എനിക്ക് മകളെ ഒന്നു കാണണം വിരോധമില്ലാച്ചാല്‍' വഞ്ചിമാന്‍ വഴി പറഞ്ഞുതന്നു. തനിക്കാറിയാവുന്ന ഓര്‍ഫണേജാണ്. താനും രമയും പലപ്പോഴും അവിടെ വരാറുണ്ട്. ഒരു കുട്ടിയെ ദത്തടുക്കുക എന്നത് പലപ്പോഴും ഞങ്ങള്‍ ചിന്തിച്ചു മടുത്തതാണ്.  ഒടുവില്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് ആര്‍ത്തി തോന്നുമ്പോള്‍ ഇവിടേയ്ക്കുവരും. കുറേനേരം ഇവിടെ ചെലവഴിച്ച് മടങ്ങും. പക്ഷെ അനു എന്നൊരു കുട്ടിയെ ഞങ്ങള്‍ കണ്ടിട്ടില്ല.

'സീതാലക്ഷ്മിയെ കാണണം'  സുമിത്ര മദറിനോടാവശ്യപ്പെടുമ്പോള്‍ ഞാന്‍ വീണ്ടും അതിശയച്ചു. സീതാലക്ഷ്മി, രമയ്ക്ക് ഏറെ ഇഷ്ടമാണ് അവളെ, വാതോരാതെ സംസാരിക്കുന്ന, തനിക്കുകിട്ടുന്നതെന്തും മറ്റുള്ളവര്‍ക്ക് നല്കാന്‍ ഒരു മടിയുമില്ലാത്ത മിടുക്കി. പലപ്പോഴും രമയും അവളും തമ്മില്‍ സംസാരിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
സീതാലക്ഷമി എത്തുമ്പോഴേക്കും സുമിത്ര വല്ലാത്തൊരു മാനസികാവസ്ഥയിലേക്കെത്തുന്നത് ഞാറിഞ്ഞു. ഉച്ചത്തിലൊരു നിലവിളി, അതു പ്രതീക്ഷിക്കാത്തതാണ്. മകളെ ചേര്‍ത്തുപിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ മോഹാലസ്യപ്പെട്ട് തറയിലേക്ക്..
മദര്‍ ഓടിയെത്തി, മുഖത്ത് വെള്ളം തളിച്ചിട്ടും അനക്കമുണ്ടായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും തികച്ചും അനു അനാഥയാവുകയായിരുന്നു.

'ഒന്നു നിര്‍ത്തൂ, ഇടവപ്പാതി കനത്തൂന്നാ തോന്നുന്നത്.' മുന്‍സീറ്റില്‍ ചുരുണ്ടിരുന്ന വഞ്ചിമാന്‍ എന്നോടു പറഞ്ഞു. ഞാനനുസരിച്ചു. പുതിയ പാലമെത്തുന്നതിനു മുന്നേതന്നെ കാറൊതുക്കിനിര്‍ത്തി.  കനത്തതുള്ളികള്‍ കാറിന്റെ ഗ്ലാസ്സില്‍ വീണു ചിതറുന്നു. തടയാനാകുന്നതിനുമുന്നേ വഞ്ചിമാന്‍ ഡോറു തുറന്നു പുറത്തിറങ്ങി. വിറയ്ക്കുന്ന ശരീരത്തിനെ ഒരിടവപ്പാതിക്കും തടയാനായികില്ലാന്നെനിക്കുതോന്നി. അദ്ദേഹത്തിനരികിലെത്തുമ്പോള്‍ പുതിയപാലത്തിനുതാഴെ പുഴയരികില്‍ അസ്ഥികള്‍മാത്രം അവശേഷിച്ച വഞ്ചിപ്പുര  അവ്യക്തമായി കാണാമായിരുന്നു. തുഴകള്‍ കുത്തിനോവിക്കാതെ ആ പുഴയും.

വഞ്ചിമാനെ ഞാനും, അനുവിനെ രമയും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഇടവപ്പാതിയുടെ നനുത്ത കൈവിരലുകളാല്‍ സുമിത്ര ഞങ്ങളെ നനയിച്ചുകൊണ്ടേയിരുന്നു.

Sunday, 15 February 2015

തോലുമാടന്‍


ആലോത്തൂഞ്ഞാലില്‍ ആകാശംമുട്ടെ ചവുട്ടിതൊന്നുകയായിരുന്നു മനസ്സ്‍‍. പറന്നുചെന്നു ചക്കരമാവിന്‍റെ തളിരയിലയൊന്നു കടിച്ചുമടങ്ങുമ്പോഴേക്കും ഫ്ലെയിറ്റ് തിരുവനന്തപുരത്ത് ലാന്‍റ്ചെയ്യാന്‍ പോകുന്നുവെന്നുള്ള അനൗണ്‍സ്മെന്‍റ് കേട്ടു. പിന്നെ ഒരു വെപ്രാളമായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്തുക. ഈ ഓണത്തിന് അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ. അതുകൊണ്ടുതന്നെ വരുന്നവിവരം അമ്മയോടു പറഞ്ഞതുമില്ല. പാറുവിനെയും മക്കളേയും കൊണ്ടുവരാത്തതില്‍ അമ്മ ശഠിക്കും എങ്കിലും.. തന്‍റെ വരവ് അവര്‍ക്കുത്സവമാകും. ഇടയ്ക്കൊക്കെ നാട്ടിലേക്ക് വരാറുണ്ടെങ്കിലും ഏകദേശം ഇരുപതു വര്‍ഷമെങ്കിലുമാകും ഒരോണം അമ്മയോടൊത്ത് ചിലവഴിച്ചിട്ട്.

അച്ഛനുണ്ടായിരുന്നപ്പോ തൊടിയില്‍ ഊഞ്ഞാലുകളിടുമായിരുന്നു. ഒരു വലിയ ആലോത്തൂഞ്ഞാലും, പിന്നെ ചക്കരമാവിന്‍റെ കൊമ്പില്‍ മറ്റൊരു ചെറുതും. വലിയവര്‍ ആടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സങ്കടം വരാണ്ടിരിക്കാനെന്നാണ് അച്ഛന്‍റെ ഭാഷ്യം. ഓണനാളുകളില്‍ അച്ഛന് കുഞ്ഞുങ്ങളേക്കാള്‍ ഉത്സാഹമാണ്. ഓലപന്തുമെടഞ്ഞ് കുട്ടികള്‍ക്കൊപ്പം കളിക്കുക, അത്തക്കളം ഒരുക്കുക, തോലുമാടന്‍ കെട്ടുക അങ്ങനെ. ഞാനും സുജേടത്തിയും വളര്‍ന്നിട്ടും അച്ഛന്‍ ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പോകപ്പോകെ സുജേടത്തിയുടെ മക്കള്‍ക്കൊപ്പമായി കളി. ഒരു പാട് വായിക്കുന്ന അച്ഛന്‍ കഥകള്‍ ഒരുപാട് പറഞ്ഞുതരും. അതിനാല്‍ത്തന്നെ അച്ഛനുകൂട്ടായി അകലത്തെകുട്ടികളും കൂടും. കളിയാക്കി പലപ്പോഴും വാനരമുഖ്യന്‍ എന്നാണ് അപ്പൂപ്പന്‍ അച്ഛനെ വിളിക്കാറ്. അച്ഛന്‍ അതിനും ചിരിക്കുകയേയുള്ളൂ.

അതൊക്കെ പഴയകാലം. പാറു വരാത്തതിനു കാരണം എന്തുപറയാനാ അമ്മയോട്. അമ്മയ്ക്കറിയാം അവള്‍ ഇവിടേയ്ക്കുവരില്ലെന്ന്. മാത്രമല്ല കുട്ടികളെ അയയ്ക്കുകയുമില്ല. അമ്മ മക്കളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അമ്മാമയും മറ്റും ചോദിക്കുമ്പോഴൊക്കെ മുഖംകുനിച്ച് നിക്കാനേ തനിക്കായിട്ടുള്ളൂ. അല്ലാതെന്തുപറയാന്‍, അതിനെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്.

ടാക്സി വീട്ടുപടികല്‍ നിര്‍ത്തി കാശുകൊടുക്കുമ്പോള്‍ അമ്മ ഉമ്മറത്തെത്തിയിരുന്നു.

ആ... ഉണ്ണിയല്ലേ അത്... എടാ നീ... അമ്മയ്ക്ക് സന്തോഷവും സങ്കടവും ഒക്കെ ... നിറഞ്ഞകണ്ണുകള്‍ തുടച്ച് നെഞ്ചിലേക്ക് ചേര്‍ത്തെടുക്കുമ്പോള്‍ പഴയ ഇള്ളക്കുട്ടിയായോയെന്ന് മനസ്സു സംശയിച്ചു. ലോകത്തിലെവിടെപ്പോയാലും ലഭിക്കാത്തൊരു സുരക്ഷിതത്വം മനസ്സിലനുഭവപ്പെട്ടു.

കൈയ്യ്പിടിച്ച് അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാറുവും മക്കളും എവിടെയെന്ന് അമ്മ പതിയെ ചോദിക്കുന്നത് ഒരു ദീര്‍ഘനിശ്വസത്തിന്‍റെ ചുരുളുകളില്‍ ഞാനറിഞ്ഞു.

അമ്മാ... അത്... മുഴുമിക്കേണ്ടിവന്നില്ല. രക്ഷിക്കാനെന്നോണം സുജേടത്തിയുടെ മക്കള്‍ ഓടിയെത്തി. കുഞ്ഞാമന്‍ എന്താ ഒരു മുന്നറിയിപ്പുമില്ലാണ്ട്.., ഓണത്തിനുകാണുമോ അതോ?..

കുഞ്ഞാമന്‍ എന്നാണ് അവര്‍ വിളിക്കാറ്. അവര്‍ ഏറെ വളര്‍ന്നിരിക്കുന്നു. മൂത്തവള്‍ ഡിഗ്രിക്കാണുപോലും. ഇളയവന്‍ എന്‍ട്രന്‍സെഴുതി നില്‍ക്കുന്നു. കാലം ഒരുപാട് കടന്നുപോയിരിക്കുന്നു. തന്‍റെ താടിരോമങ്ങളും അങ്ങിങ്ങ് നരച്ചുതുടങ്ങി.

ഹോ... കുഞ്ഞാമന്‍ വന്നോ.. ഇനി ഇവിടെ പൊടിപൂരംതന്നെ.. എത്രനാളായെടാ ഒരോണം ഒരുമിച്ചുണ്ടിട്ട്.. സുജേടത്തിയുടെ വാക്കുകളിലും പരിഭവം നിറയുന്നത് ഞാനറിഞ്ഞു. കുട്ടികളോട് വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. സന്ധ്യയായിത്തുടങ്ങി. കുളിച്ച് കാവിലൊന്ന് തൊഴണം. പിന്നെ പഴയ കൂട്ടുകാരെയൊക്കെ കാണാനാകുമെങ്കില്‍ അതും.

കുളിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ചന്ദ്രമാമ പടിപ്പുരകടന്നെത്തി.

അവള്‍ ഇപ്പഴും കൂടെകൂടീലല്ലേ... നീ എന്നെ ശപിക്കുന്നുണ്ടാകും. ഞാന്‍ നിര്‍ബന്ധിച്ചില്ലാച്ചാല്‍ അതു സംഭവിക്കില്ലായിരുന്നു. നാട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കാനൂടി അവള്‍ കൂട്ടാക്കണില്ലാലോ എന്‍റെ ഭഗോതീ... എന്‍റെ സ്വാര്‍ത്ഥത അല്ലാതെന്താ... നിന്‍റെ മനസമാധാനംകൂടി നഷ്ടമാക്കീന്നല്ലാതെ...

ഞാനൊന്നും പറഞ്ഞില്ല. ഭഗീരഥീന്ന് വിളിച്ച് അക്ഷമനായി അകത്തേക്കുപോകുന്ന ചന്ദ്ര‍മാമയെ നോക്കി ഒരു നെടുവീര്‍പ്പിട്ട് ഞാന്‍ കാവിലേക്ക് നടന്നു.

ആല്‍ത്തറയില്‍ ആരൊക്കെയൊ ഉണ്ട്. നടയിലൊന്ന് തൊഴുതുവരാം.. ദേവിയെതൊഴുത് മടങ്ങുമ്പോള്‍ മനസ്സിലൊരു നിര്‍വൃതി തോന്നി.

അമ്മേ മഹാമായേ ശര്‍വ്വശക്തിസ്വരൂപിണീ. കാത്തുരക്ഷിക്കണേ.... കാര്‍ത്യായനിയമ്മ മനസ്സറിഞ്ഞ് ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്.

സോമാ നീ എപ്പഴാ വന്നേ... പ്രാര്‍ത്ഥനയ്ക്കിടയിലും കുശലം തിരക്കിയ അവരോട് രാവിലെ എന്നൊരൊഴുക്കന്‍ മട്ടില്‍ പറഞ്ഞ് അല്‍ത്തറയിലേക്കു നടന്നു.
രവീന്ദ്രനും, ബൈജുവും, ലോലുവുമൊക്കെയുണ്ട്.

ങാ.. നീ എപ്പഴാടാ എത്തിയേ... രവീന്ദ്രന്‍ ചോദിച്ചു.

രാവിലെ എത്തി മച്ചാ.. ഈ ഓണം അമ്മയോടൊപ്പമാകാമെന്നു വിചാരിച്ചു. എടാ.. ഇപ്പോ ക്ലബ്ബൊന്നുമില്ലേ.. ഓണാഘോഷോം മറ്റും.. എല്ലാത്തിലും ഒന്നൊത്തുകൂടാന്‍ ഒരു കൊതിതോന്നണു..

ഓ..ആര്‍ക്കാ അതിനൊക്കെ സമയം... ഇവിടെ ഇത്തിരിനേരം ഇരിക്കണതിനുതന്നെ വീട്ടില്‍ പുകിലാ..

കൊച്ചുവര്‍ത്തമാനങ്ങളില്‍ ബാല്യത്തിലേക്ക് ഞങ്ങളൊന്നൂളിയിട്ടു... പലവഴിക്കായി പിരിയുമ്പോഴും മനസ്സ് അച്ഛനേയും ഓണക്കാലത്തേയും വിട്ടകന്നില്ല.

രാവിലെ അത്തക്കളമൊരുക്കുന്ന അനുവിനെകണ്ടപ്പോള്‍ സുജേടത്തിയാണെന്നു ഒരു നിമിഷം തോന്നിപ്പോയി. അവള്‍ സുജേടത്തിയുടെ തനിപകര്‍പ്പാ.. കുശുമ്പുകാട്ടി അവളോട് പൂവിനടികൂടുന്ന സോഹനെന്ന കുറുമ്പനാകാന്‍ തോന്നി. അനുവിനടുത്തെത്തി തെച്ചിയിതളുകള്‍ അടര്‍ന്നുപോകാതെ വാലു നുള്ളിക്കൊടുക്കുമ്പോള്‍ അവള്‍ ചോദിച്ചു.
ആഹാ.. കുഞ്ഞാമന്‍ എത്ര ഭംഗിയായി വാലു നുള്ളുന്നു. മുത്തശ്ശനുണ്ടായിരുന്നപ്പോള്‍ എനിക്കിതിനൊക്കെ ഒരു സഹായമായിരുന്നു. ഹോ-- എന്തു രസം തോലുമാടനൊക്കെകെട്ടി...
കുഞ്ഞാമാ.. നമുക്കിത്തവണ ഒന്നു കെട്ടിയാലോ...

മനസ്സ് അവളോടൊപ്പം കുഞ്ഞാവുകയായിരുന്നു. തലകുലുക്കി സമ്മതിച്ചു.
തോലും പാളയും തൊടിയിലുണ്ട്. പിന്നെന്താ കെട്ടിയാല്...
ആരാ ഇപ്പ കെട്ടുക...

ഞാന്‍ തന്നെ ആവാം എന്താ അനൂ.. അവള്‍ പൊട്ടിച്ചിരിച്ചു. അത ് ആ വീടാകെ പടര്‍ന്നു..

രാത്രി ഉറങ്ങുമ്പോള്‍ മനസ്സുനിറയെ തോലുമാടനായിരുന്നു. എല്ലാരും തമാശയായി ചിരിച്ചു തള്ളിയെങ്കിലും മറക്കാനാകുന്നില്ല. സ്വപ്നത്തിന്‍റെ പടവുകളില്‍ നിശാഗന്ധികള്‍ പൂത്തു നില്‍ക്കുന്നു. ആ സൗരഭ്യം ഓണനിലാവില്‍ ലയിപ്പിച്ച് നക്ഷത്രങ്ങളെ ഭൂമിയിലേക്ക് ഓണത്തുമ്പികളായി പറത്തിവിടുന്നു. തുമ്പകള്‍ എനിക്കായി പൂത്തു നില്‍ക്കുന്നു. തൊടിയില്‍ നിന്നൊരു പാള മുറിച്ചെടുക്കണം. ഉണര്‍ന്ന് തൊടിയിലേക്കു നടന്നു. നല്ല നിലാവുണ്ട്.

പാള മുറിച്ചെടുത്ത് ഒരു മുഖമൂടി തയ്യാറാക്കി. ഇനിവേണ്ടത് കുറച്ച് തോല്. തൊടികടന്ന് വാഴത്തോപ്പിലെ കരിയിലകള്‍ ഒന്നൊന്നായി മുറിച്ചെടുത്തു. തോലുമാടനാകാന്‍ മനസ്സുവെമ്പി. പുലര്‍ന്നിട്ടില്ല. തോലുകൊണ്ട് കാലുകള്‍ പൊതിഞ്ഞുകെട്ടി. കൈകള്‍ പൊതിയാനായി ശ്രമിക്കുമ്പോഴേക്കും പരാജയപ്പെട്ടുപോകുന്നു. ഒറ്റക്ക് കഴിയുന്നില്ല. പെട്ടെന്ന് ആരോ എന്നെ സഹായിക്കുന്നതുപോലെ തോന്നി. ഞാന്‍ തയ്യാറാക്കിവച്ചിരുന്ന മുഖമൂടി അണിഞ്ഞൊരാള്‍. എതാണെന്നോ എന്തിനാണെന്നോ ചോദിച്ചില്ല. എനിക്ക് എത്രയും പെട്ടെന്ന് മാടനാകണമായിരുന്നു. പുലരുമ്പോഴേക്കും അത്തക്കളത്തില്‍ അനുവെത്തുമ്പോള്‍ അവളുടെയടുത്ത്... കുഞ്ഞാമന്‍ തോലുമാടനായി...... അതു മാത്രമായിരുന്നു എന്‍റെ ചിന്ത. തളര്‍ന്നപ്പോള്‍ ഒരു വാഴയില്‍ ചാരിയിരുന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

ഒരു കുഞ്ഞിന്‍റെ കരച്ചില്‍, അതെന്നെയുണര്‍ത്തി. നേരം വെളുത്തുവരുന്നു. കണ്ണുതിരുമി, നിര്‍ത്താതെ ആ കരച്ചില്‍ തന്‍റെ അരികത്തു കേള്‍ക്കുന്നതു പോലെ.. അവശേഷിക്കുന്ന കരിയിലകളില്‍ ഒരു ചോരകുഞ്ഞ്.. ഞെട്ടിപോയി... ഇത്...

നിര്‍ത്താതെയുള്ള കരച്ചില്‍ അതെനിക്കുതാങ്ങാവുന്നതിലും അപ്പുറമാണ്. കുഞ്ഞിനെയെടുത്ത് മാറോട് ചേര്‍ത്തു. എന്തുചെയ്യണമെന്നറിയാതെ വീട്ടിലേക്കു നടക്കുമ്പോള്‍ മുഖംമൂടി മുഖത്തേക്കു വലിച്ചു താഴ്ത്തിവച്ചു.

പടിപ്പുരകടന്ന് മുറ്റത്തെത്തുമ്പോള്‍ അനു അത്ഭുതത്തോടെ വിളിച്ചു കൂവി....
കുഞ്ഞാമാ ഇതാ മാടന്‍.. നമ്മളിന്നലെ പറഞ്ഞതേയുള്ളൂ... ആകാംക്ഷയാല്‍ ഉമ്മറത്തേക്കെല്ലാവരും എത്തി..... അവള്‍ കുഞ്ഞാമനെ മാത്രം കണ്ടില്ല....
ഈ കുഞ്ഞാമന്‍ ഇതെവിടെപ്പോയി.... മുറിയിലും തൊടിയിലും അവള്‍ ഓടിനടന്നു....

എന്‍റെ കൈയ്യിലെ കുഞ്ഞ് .. അത് വീണ്ടും കരഞ്ഞു....

അപ്പോഴാണ് അതെല്ലാവരും ശ്രദ്ധിച്ചത്....

അയ്യോ ആരാ ഇപ്പം ഈ മാടന്‍റെ കൈയ്യില്‍ ഈ ചോരകുഞ്ഞിനെ ഏല്പിച്ചത്..... അമ്മയാണ് ചോദിച്ചത്....

ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. പടിക്കെട്ടിലേക്ക് കുഞ്ഞിനെ വച്ച് മുഖംമൂടി മാറ്റുമ്പോള്‍ എല്ലാവരും ഒരുമിച്ചു പറഞ്ഞു... കുഞ്ഞാമന്‍....

ഉറ്റവര്‍ ഉപേക്ഷിച്ചുപോകുംപോലെ..... ഒരു നീണ്ട മൗനം...
അത് തോലിനുള്ളിലെ പച്ചമനുഷ്യനെ ചുറ്റി തപസ്സുചെയ്തുകൊണ്ടേയിരുന്നു

Thursday, 12 February 2015

വീണ്ടും തിരകള്‍ പുനര്‍ജനിച്ചുകൊണ്ടേയിരുന്നു

മനസ്സറിയാതെ ആ കൈപിടിച്ച് കടല്‍പുറത്തേക്ക് നടക്കുമ്പോള്‍, എനിക്കൊന്നും മിണ്ടാനായില്ല. അവളുടെ അലസമായ മുടിയിഴകള്‍ എന്‍റെ കണ്ണടച്ചില്ലില്‍ വേരുകള്‍ പോലെ പലവട്ടം പറന്നെത്തി കാഴ്ചയെ പകുത്തുവച്ചു. തിരകള്‍ പറയുന്നുണ്ട് ഞങ്ങളുടെ സ്നേഹത്തിന്‍റെ ആഴം.  ഇടയ്ക്കെപ്പോഴേ കാല്‍ മുട്ടിലേക്ക് പടര്‍ന്നുകയറിയ തിരകള്‍ ചെരുപ്പിനടിയില്‍ മണല്‍ത്തരികളവശേഴിപ്പിച്ച് തിരിച്ചുപോയി. മനസ്സില്‍ നിന്നു തൂത്തുകളയാനാകാത്ത ചിന്തകള്‍ പോലെ നടത്തതില്‍ അവയുമെന്നെ അലോസരപ്പെടുത്തി.

കടപ്പുറത്തിനടുത്തുതന്നെയാണ് സ്മശാനം. ആ രാത്രിയില്‍ അവളോടൊപ്പം വന്നതാണ്. അവിടെയാണ് തോമസ് മാത്യുവിനെ അടക്കിയിരിക്കുന്നത്.
'ഇന്ന് ഫെബ്രുവരി പത്ത്. ഓര്‍മ്മദിനമാണ്. നീ എന്‍റൊപ്പം അത്രടം വരില്ലേ' - എന്നവള്‍ ചോദിക്കുമ്പോള്‍ ഏന്തോ ഒരധികാരം അവള്‍ എന്നില്‍ ചെലുത്തുന്നതുപോലെ.

കൈയ്യില്‍ കരുതിയിരുന്ന പനനീര്‍പൂവുകള്‍ ആ നെഞ്ചിന്‍കൂടില്‍ പകര്‍ന്നുവയ്ക്കുമ്പോള്‍ ആദ്യമായി അയാളെ കണ്ടതാണെനിക്കോര്‍മ്മവന്നത്. ആശുപത്രി വരാന്തയില്‍ ആരാലും സഹായിക്കാനില്ലാതെ നീര്‍മിഴികളുരുണ്ടുകൂടിയ കണ്ണുകളുമായി അവള്‍ കാത്തിരിക്കുകയായിരുന്നു. ഒരുമിസ്കോളില്‍ നിന്നും ഊരുത്തിരിഞ്ഞ സൗഹൃദത്തിന്‍റെ ബലത്തില്‍ 'എനിക്കൊരു ഹെല്‍പ് പ്ലീസ്' - എന്നവള്‍ വിതുമ്പാതെ വിതുമ്പി അറിയിക്കുമ്പോള്‍, ഞാനെത്തുമെന്ന ഉറപ്പില്ലെങ്കിലും അവള്‍ കാത്തിരിക്കുകയായിരുന്നു.

'എന്താ'- എന്നൊരു മറുചോദ്യമാവര്‍ത്തിക്കാതെ കാറുമെടുത്ത് ജനറല്‍ ഹോസ്പിറ്റലിന്‍റെ ഗേറ്റുകടക്കുമ്പോള്‍ ഒരു കോളുകൂടി ചെയ്യേണ്ടിവന്നു എനിക്ക്,  അവളെ കണ്ടെത്താന്‍. മരുന്നുമണക്കുന്ന മുറിക്കുള്ളില്‍ വെള്ള പുതപ്പിച്ച ശരീരത്തിലേക്കു ചൂണ്ടി അവള്‍ പറഞ്ഞു.
'ഹീ ഈസ് നോ മോര്‍.. എനിക്ക് ഇദ്ദേഹത്തെ ഒന്നു മറവുചെയ്യണം എന്നെ ഒന്നു സഹായിക്കാമോ? ലത്തീന്‍ കത്തോലിക്കാ ആചാരപ്രകാരംതന്നെ വേണമത്. ആരെങ്കിലും...'

ഓര്‍മകളില്‍ പരതിയെടുത്ത സൗഹൃദങ്ങളുടെ ബലത്തില്‍ ഞാനവള്‍ക്ക് തുണയായി. അവളുമായുള്ള ആദ്യ കൂടിക്കാഴ്ചയും അതുതന്നെയായിരുന്നു.

ചടങ്ങുമുഴുമിപ്പിക്കുന്നതിനു മുന്നെ തന്നെ മുത്തചdഛന്‍ മരിച്ചു എന്ന കോള്‍ നാട്ടിലേക്കു തിരിക്കാനെന്നെ പ്രേരിപ്പിച്ചു.
'അത്യാവശ്യമാണേച്ചാല്‍ വിളിക്കൂ... ഞാന്‍ വേണ്ടത് പറഞ്ഞേര്‍പ്പാടാക്കാം' എന്നു പറഞ്ഞ് അവിടെ നിന്നുവിടുമ്പോള്‍ അവളെക്കുറിച്ച് ഒന്നുമെനിക്കറിയില്ലായിരുന്നു. അവള്‍ പള്ളിയിലെ അച്ഛനോട് സംസാരിക്കുമ്പോള്‍ ആംബുലന്‍സിനടുത്തായിരുന്നതുകൊണ്ട് മറ്റൊന്നും എനിക്ക് ചോദിച്ചറിയാനുമായില്ല.

ജീവിത ഓട്ടത്തിനിടയില്‍ പിന്നെ അതെല്ലാം തിരയടിഞ്ഞകന്നിരുന്നു. ഇന്നലെ അപ്രതീക്ഷിതമായാണ് ഓ കോള്‍ വീണ്ടും തന്നെത്തേടിയെത്തിയത്.  ഇന്ന് ഫെബ്രുവരി പത്ത്. ഓര്‍മ്മദിനമാണ്. നീ എന്‍റൊപ്പം അത്രടം വരില്ലേ. ഉം എന്നൊന്നു മൂളാന്‍ മാത്രമേ എനിക്കായുള്ളൂ. പിന്നെ അവള്‍ പറഞ്ഞ‍തൊക്കെയും മൂളിക്കേട്ട് റയില്‍വേ സ്റ്റേഷനിലേക്ക് വണ്ടിയോടിക്കുമ്പോള്‍ അവള്‍ ആരാണ് എന്ന് വീണ്ടും വീണ്ടും മനസ്സെന്നോട് ചോദിക്കുകയായിരുന്നു.

കടപ്പുറത്തിനടുത്ത് മണലില്‍ വണ്ടിനിര്‍ത്തി നടന്നുതുടങ്ങുമ്പോള്‍ അവളുടെ കൈ ഞാനറിയാതെ കോര്‍ത്തുപിടിച്ചിരുന്നു. ഒരു ദീര്‍ഘമായ മൗനം ഞങ്ങളെ പിന്തുടര്‍ന്നിരുന്നു.

കടല്‍ക്കാറ്റു പകര്‍ന്നുവച്ച മണല്‍ത്തരികള്‍ കടപ്പാകല്ലിനു മുകളില്‍ നിന്നു കൈവെള്ളയാല്‍ തൂത്തുതുടച്ച് പനനീര്‍പൂക്കള്‍ അവള്‍ അര്‍പ്പിക്കുമ്പോള്‍ ഒപ്പം ഞാനും കുമ്പിട്ടുനിന്നിരുന്നു. കണ്ണീര്‍മുത്തുകള്‍ പതിച്ചുവച്ച് അവിടെനിന്ന് വീണ്ടും കടല്‍ക്കരയിലേക്ക്. കടലിന്‍റെ ആഴങ്ങലിലേക്ക് മൗനം അകന്നുപോകുന്നതുപോലെ അവള്‍ പറഞ്ഞു.
'ഈ കടല്‍ എത്ര മനോഹരമാണ്'.. ഞാനന്നും പറഞ്ഞില്ല. കൈള്‍ നെഞ്ചില്‍ ചേര്‍ത്തുപിണച്ച് തിരകളുണ്ടാകുന്നതും നോക്കി ഞാന്‍ നിന്നു.

അവള്‍ പറഞ്ഞു
'നിന്‍റെ സ്നേഹം കടലോളം ഞാനറിയിന്നു. അശുദ്ധമാക്കാത്ത ഒരു ചുംബനത്തിന്‍റെ ദീര്‍ഘനിശ്വാസംപോലെ....'

ഒരു തിര അത് മണല്‍ത്തരികളില്‍ നനവുപടര്‍ത്തി തിരിച്ചു കടലിലേക്കുതന്നെ മറഞ്ഞു. വീണ്ടും തിരകള്‍ പുനര്‍ജനിച്ചുകൊണ്ടേയിരുന്നു.