Sunday, 6 July 2014

മോക്ഷം

ഇളയമ്മയുടെ ശ്രാദ്ധത്തിന് വന്നതായിരുന്നു മാധവന്‍ മാമ. വാതോരാതെ പുരാണകഥകള്‍ പറയുന്ന അദ്ദേഹത്തെ എന്‍റെ മക്കള്‍ക്ക് ഏറെ ഇഷ്ടായി. കഥപറച്ചലിന്‍റെ സുഖം മുഥുനിലും അക്ഷയയിലും വിവിധ ഭാവങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. പണ്ടേ മാധവന്‍മാമ ഇങ്ങനെയാണ്. എന്‍റെ കുട്ടിക്കാലത്ത് എന്തെല്ലാം കഥകളാണ് അദ്ദേഹം പറഞ്ഞു തന്നിട്ടുള്ളത്. പണ്ടൊക്കെ അദ്ദേഹത്തിന്‍റെ കഥകേട്ട് ആ മടിയില്‍ത്തന്നെ കിടന്നുറങ്ങിയിട്ടുണ്ട്. അച്ഛന് അദ്ദേഹത്തെ വലിയ ഇഷ്ടായിരുന്നു. അച്ഛനും അദ്ദേഹവും ചേര്‍ന്നാല്‍ പിന്നെ വീടൊരു സാഹിത്യ സദസ്സാണ്. അക്ഷരശ്ലോകവും, സംവാദവും. ചര്‍ച്ചയ്ക്കിടയില്‍ ചായ, മുറുക്ക് ഇവയ്ക്കൊക്കെയുള്ള വിളികള്‍ അടുക്കളയിലേക്കെത്തും. അമ്മയ്ക്കും ഇളയമ്മയ്ക്കും പലപ്പോഴും ദേഷ്യം വരും.

മനസ്സ് പിന്നിലേക്കൊന്നു പാഞ്ഞപ്പോഴേക്കും എന്‍റെ കണ്ണുനിറഞ്ഞു. സത്യത്തില്‍ അച്ഛന്‍ മരിച്ചതിനുശേഷം എന്നെയും പാറൂനേം അല്ലലില്ലാതെ വളര്‍ത്തിയത് എന്‍റെ ഇളയമ്മയാണ്. പെട്ടെന്നായിരുന്നു അച്ഛന്‍റെ മരണം. ഞാനന്ന് മൂന്നിലോ നാലിലോ ആണ്. അച്ഛന്‍റെ മരണം എന്‍റമ്മയെ ആകെ തളര്‍ത്തി.

"ഏടീ ചേച്ചീ നിനക്ക് ഞാനുണ്ട്..." അമ്മയുടെ കൈപിടിച്ച് ഇളയമ്മ ആശ്വസിപ്പിച്ചു. "പോയവരെ തിരിച്ചുകൊണ്ടുവരാനൊക്കുവോ?"

ഇളയമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കുവേണ്ടി ഇളയമ്മ വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചു.  പിന്നെ എല്ലാം അച്ഛന്‍റെ സ്ഥാനത്തുനിന്ന് നിറവേറ്റിത്തന്നത് ഇളയമ്മയാണ്. അച്ഛന്‍ മരിക്കുന്നതുവരെ മാധവന്‍മാമ ഞങ്ങളോടൊപ്പമായിരുന്നു. അതിനുശേഷം ദേശാന്തരിയായി അദ്ദേഹം പോയി. വല്ലപ്പോഴുമൊക്കെ വീട്ടില്‍ വരും ഒന്നോ രണ്ടാ ദിവസം അല്ലേ ഒരാഴ്ച അതില്‍ക്കൂടുതല്‍ തങ്ങാറില്ല. അദ്ദേഹം വരുമ്പോള്‍ വീട് ഭക്തി സാന്ദ്രമാകും ഭജനയും, കീര്‍ത്തനവും, വിവിധ ക്ഷേത്രങ്ങളിലെ പ്രസാധവും, പിന്നെ പുരാണകഥകളും. അതൊക്കെ ഒരു രസമായിരുന്നു.

എന്നാലും ഒടുവിലൊരു കരച്ചിലിലാണ് യോഗം പിരിയുക. അമ്മ അച്ഛന്‍റെ കാര്യം പറഞ്ഞ് ഒടുവില്‍ കരയും. മാധവന്‍മാമ ഒരു നിശ്വാസത്തോടെ മുറുക്കാന്‍ വായിലാക്കി ചവച്ച് ചാരുകസാരയില്‍ മിണ്ടാതെ കിടക്കും.

"സഞ്ജയാ... നാളെ രാവിലെ ഞാന്‍ പോവൂട്ടോ.. ഇനി ഉടനൊരു വരവുണ്ടാവില്ല. അവളുടെ കാര്യം ഓര്‍ക്കുമ്പോത്തന്നെ മനസ്സിനകത്തൊരു വേവാ... പിന്നെ സമയായീച്ചാ... ഭഗവാനേ.. സര്‍വ്വശക്താ..."

ഇളമ്മ മരിച്ചിട്ട് നാല്‍പ്പത്തൊന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. അസ്ഥിത്തറയില്‍ മുടങ്ങാതെ വിളക്കുവയ്ക്കാന്‍ മിഥുനിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ ശ്രാദ്ധത്തിന് കൃത്യമായി മാധവന്‍മാമ എത്തി. അമ്മയുടെ കണ്ണുനീര് ഇതുവരെ തോര്‍ന്നിട്ടില്ല. മിഥുനും എറെ വിഷമമുണ്ട് . കുഞ്ഞുനാള്‍ മുതല്‍ അവന്‍ പറ്റിച്ചേര്‍ന്നുറങ്ങുന്നത് ഇളയമ്മയുടെ അടുത്താണ്. ഇളമയുടെ വയറിനോട് ചേര്‍ന്ന് ഇടതുഭാഗത്ത് ഒരുണ്ണിയുണ്ട്. വലതുതള്ളവിരല്‍ വായിലും മറുകൈ ഇളയമ്മയുംട ഉണ്ണിയിലും തിരുപ്പിടിപ്പിച്ചാണ് അവന്‍റെ ഉറക്കം.

"മാധവന്‍മാമേ... ഇനിയെങ്ങോട്ടാ യാത്ര...?"

"അങ്ങനൊന്നുമില്ല ശുചീന്ദ്രത്തൊന്നുപോകണം.. കുഞ്ഞാത്ത അവിടെ പോകണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവളെകൊണ്ടുപോകാനൊത്തില്ല." (കുഞ്ഞാത്തയെന്നാണ് മാധവന്മാമ ഇളയമ്മയെ വിളിക്കാറ്) "ഇപ്പോഴാകുമ്പോ അവള്‍ക്കുവരാലോ എവിടെ വേണേലും.. വഴിച്ചിലവും മറ്റും കൊടുക്കണ്ടല്ലോ?" ചുണ്ടുകടിച്ചുപിടിച്ച് ഒരു നെടുവീര്‍പ്പിട്ടു മാധവന്‍മാമ.

"അല്ല മാമാ... ഈ യാത്രയില്‍ ഞാനുംകൂടെ കൂടട്ടെ... പിന്നെ ഇളയമ്മയുടെ ചിതാഭസ്മം ഗംഗയിലൊന്നൊഴുക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഒരു യാത്ര എനിക്കും ആവശ്യമാണ്."

"നിനക്ക് ലീവുണ്ടോ?.. യാത്ര നല്ലതാണ്.. ചിലക്ഷേത്രങ്ങലിലൊക്കെ ഒന്നു പോയിവരുമ്പോള്‍ മനസ്സൊന്നു ശാന്തമാകും. എനിക്കറിയാം നിനക്കവളോടുള്ള സ്നേഹം. എല്ലാം നിനക്കുവേണ്ടിയായിരുന്നല്ലോ അവള്‍ ചെലവഴിച്ചത്. നീ എന്തു ചെയ്താലും അതിനു പകരമാകില്ലെടാ... പക്ഷേ, ഇവിടെ കുട്യോളും, ശാലൂം നിന്‍റെമ്മയുമൊക്കെ തനിച്ചാവൂലേ... മുമ്പാരുന്നേല്‍ കുഞ്ഞാത്തയുണ്ടായിരുന്നു. ജാനുവേടത്തിക്കാണെങ്കില്‍ ഒരു ചിറകൊടിഞ്ഞമാതിരിയായി അവള്ടെ മരണം..."

"ഇല്ല മാമാ... എന്തായാലും ഈ യാത്രയില്‍ ഞാനുമുണ്ട്. ലീവ് എക്സ്ടെന്‍റ് ചെയ്യാം. സാരല്യ.. ഒന്നോ രണ്ടോ ആഴ്ച, അത്രല്ലേയുള്ളൂ... ശാലൂന്‍റനിയന്‍ സുകുവിനോട് ഇവിടെ വന്നു നില്‍ക്കാന്‍ പറയാം. അവന് ഇവിടെ നിന്നു പോകുന്നതും അവിടുന്നുപോകുന്നതുമൊക്കെ ഒരുപോലല്ലേ"

"ശരി.. അങ്ങനാണെങ്കില്‍ വാരണാസിയായിരിക്കും നല്ലത്. മനസ്സിലെ ദുഃഖങ്ങള്‍ കഴുകിക്കളഞ്ഞ് പുതുജീവന്‍ നല്കാന്‍ അതുപകരിക്കും..., ആട്ടെ, അവളോട് പറഞ്ഞോ നീയ്?"

"ഇതെന്‍റെ തീരുമാനമാണ്, അതിനി അരെതിര്‍ത്താലും എതിര്‍ത്തില്ലേലും...... എനിക്കീയാത്ര കൂടിയേ തീരു..."

രണ്ട് ടിക്കറ്റിനായി റയില്‍വേയിലെ മധുവിനെ വിളിച്ചു,  പെട്ടെന്നു പറഞ്ഞതിനാല്‍ ടിക്കറ്റ് കിട്ടുക പ്രയാസമായിരുന്നു. എങ്കിലും അടുത്ത തിങ്കാളാഴ്ചയില്‍ രണ്ടുടിക്കറ്റ് അവന്‍ സംഘടിപ്പിച്ചു തന്നു. മാധവന്‍മാമയെപ്പോലെ, ഒരു തുണിസഞ്ചിയില്‍ കൊള്ളുന്ന വസ്ത്രങ്ങളേ ഞാനും കരുതിയുള്ളൂ. ഒപ്പം ഇളയമ്മയുടെ ചിതാഭസ്മവും ഭദ്രമായി സൂക്ഷിച്ചു.

രണ്ടുപേര്‍ക്കുള്ള കൂപ്പയായതിനാല്‍ മറ്റുള്ളവരുടെ അലോസരം ഉണ്ടായില്ല. യാത്രയില്‍ ഒരോ ദിവസവും ഒരോ സംഭവകഥകളും ബുദ്ധചരിത്രവും എന്നുവേണ്ട മാധവന്മാമ നിരന്തരം കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

"വാരണാസി അടുക്കാറായി" മാധവന്മാമ പറഞ്ഞു. "സഞ്ജയാ.. വാരണാസിയെക്കുറിച്ച് നിനക്കറിയോ.. മഹാഭാരത്തില്‍പോലും ആ പുണ്യപുരാതന തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മോക്ഷപ്രാപ്തിതേടി അലഞ്ഞെത്തുന്ന ഭക്തരുടെ അഭയകേന്ദ്രമാണവിടം. കൈലാസത്തിലെ പരമശിവന്‍റെ ജടയില്‍ നിന്ന് നേരിട്ട് ഭൂമിയിലേക്ക് ഒഴുകിയിറങ്ങിയ നദിയായ ഗംഗയുടെ സംഗമസ്ഥാനം പവിത്രനദികളുടെ സംഗമംകൊണ്ട് കുലീനമാണ് വാരണാസി. കാശിവിശ്വനാഥന്‍റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുക എന്നുള്ളതില്‍പ്പരം ഒരു മോക്ഷദായകമായ ഒരു ചെയ്തിയുണ്ടോ... ഭഗവാനേ.. കൈലാസനാഥാ...."

മാധവന്മാമ പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മനസ്സു നിറയെ ഇളയമ്മയാണ് ആ മുഖം, ആ സ്നേഹം ... അതോര്‍ക്കുമ്പോള്‍ മനസ്സുവല്ലാതെ തളരുന്നു.

"സഞ്ജയാ.. നീ എന്താ ഇങ്ങനെ... അവള്‍ക്ക് ദൈവം ആയുസ്സു ഇത്രയേ കല്പിച്ചിട്ടുള്ളൂ... നീ കരയാതിരിക്ക്.."

മാധവന്‍മാമയുടെ കൈവിരല്‍ എന്‍റെ കണ്ണുതുടച്ചപ്പോഴാണ് അത് നിറഞ്ഞൊഴുകുന്നുണ്ടെന്ന് ഞാനറിഞ്ഞത്.

"മാമാ... ആയുസ്സുതീരാതെയാണ് എന്‍റിളയമ്മ മരിച്ചതെങ്കിലോ?.. അവരെ ആരേലും കൊന്നതാണെങ്കിലോ?...."

ഒന്നും മനസ്സിലാകാതെ എന്നെ മിഴിച്ചുനോക്കിയിരുന്ന മാധവന്മാമയെ നോക്കി ഞാന്‍ വീണ്ടും പറഞ്ഞു.

"അതെ ഇളയമ്മ മരിച്ചതല്ല കൊന്നതാണ്... വേറാരുമല്ല ഞാന്‍ എന്‍റെ ഈ കൈകള്‍കൊണ്ട്...."

"മോനേ... സഞ്ജയാ.... എന്താടാ നീ പറേണത്... മാമനൊന്നും മനസ്സിലാകുന്നില്ല."

"അതേ മാമാ.. ഞാനാ കൊന്നത്... ആരുമറിയാതെ... എനിക്കു വേറെ വഴിയില്ലായിരുന്നു..... ഞാന്‍ പകര്‍ന്നുകൊടുത്ത വിഷം യാതൊരുമടിയുമില്ലാതെ സന്തോഷത്തോടെ വാങ്ങി കുടിച്ചിട്ടാണ് എന്‍റിളയമ്മ മരിച്ചത്....... അറിഞ്ഞുകൊണ്ടുതന്നെ."

"മോനേ... നീ.. എന്തിന്."

"ഉം.." നീണ്ട ഒരു നിശ്വാസത്തിനുശേഷം ഞാന്‍ പറഞ്ഞുതുടങ്ങി.

"എന്‍റെ വിവാഹം, അതൊരു യാദൃശ്ചിക സംഭവമായിരുന്നെന്ന് മാമനറിയാലോ. എവിടെയോ ഒരിഷ്ടത്തില്‍നിന്നുള്ള തുടക്കം. അമ്മമാര്‍ എതിര്‍ത്തെങ്കിലും പിന്നീടാ സ്നേഹത്തിനുമുന്നില്‍ പകരം വയ്ക്കാനൊന്നുമില്ലാത്തവനെപ്പോലെ അടിയറവുപറഞ്ഞപ്പോള്‍ അവരെന്നെ സ്വീകരിക്കുകയായിരുന്നു. ആ തണലില്‍.... അമ്മയുടെ സ്നേഹം എത്രത്തോളം വിലപ്പെട്ടതാണെന്നു മനസ്സിലാക്കിതന്ന സംഭവമായിരുന്നു ആ സ്വീകരിക്കല്‍. അദ്യനാളുകളില്‍ ശാലൂനും അതൊരനുഗ്രഹമായിരുന്നു. പിന്നെ പതിയെ, പതിയെ എന്തുകൊണ്ടോ അവള്‍ ഇളയമ്മയെ വെറുത്തുതുടങ്ങി. എന്നോടുള്ള അമിത സ്നേഹമോ സ്വാര്‍ത്ഥതയോ എന്താണെന്നറിയില്ല. ക്രമേണ അവളതൊരു പകയാക്കി. ഇളയമ്മയുടെ ശാസനകള്‍ അവള്‍ക്ക് അരിശത്തിന്‍റെ തോത് കൂട്ടിയതേയുള്ളു. ഒടുവില്‍ പോര് നേര്‍ക്കു നേര്‍ക്കായി. വിദ്വേഷം മനസ്സില്‍ കാര്‍മുകിലാക്കി പലപ്പോഴും അവള്‍ പെയ്തിറങ്ങി. വീട്ടുകലഹവും കുടുംബകലഹവും സര്‍വ്വസാധാരണമായി. എന്നെ ഞാനാക്കിയ അമ്മയ്ക്ക് ഒരു നേരത്തെ സ്വസ്തത നല്കാനാകാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു വീട്ടില്‍ രണ്ടുചേരികളുടെ മധ്യത്ത് നിര്‍വികാരനായി നില്‍ക്കാനേ പലപ്പോഴും എനിക്കു കഴിഞ്ഞുള്ളൂ. എന്‍റെ മക്കള്‍ വലുതായി . വഴക്കുകളുടെ ആഴം പലപ്പോഴും അവരെ വ്യസനത്തിലേക്ക് തള്ളിവിട്ടു. ഇളയമ്മയെ വീട്ടില്‍നിന്നു പുറംതള്ളാന്‍ എനിക്കാവില്ല. ഒന്നുകില്‍ ഞാന്‍ ചത്തൊഴിയണം അല്ലേല്‍... ജീവിതത്തിന്‍റെ മുഴുവനും എനിക്കായി ചെലവഴിച്ച എന്‍റമ്മയെ അനാഥാലയത്തിന്‍റെ പടിപ്പുരയിലേക്ക് തള്ളിവിടണം...... അതിനേക്കാള്‍ ആ മാതൃത്വത്തെ .........,  എന്‍റിളയമ്മ അനാഥയല്ല.. ആ അമ്മ വളര്‍ത്തിയെടുത്ത ഈ കൈകൊണ്ടുതന്നെ അവരെ യാത്രയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രായത്തിന്‍റെ അസ്വാരസ്യങ്ങള്‍ പലചെറുരോഗങ്ങളും അമ്മയെത്തേടിയെത്തിയപ്പോള്‍ ഒരവസരത്തിനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ മിഥുന്‍ നേരത്തേ ഉറങ്ങിയ ഒരുദിവസം....  സാധാരണകുടിക്കാറുള്ള കഷായത്തില്‍ വിഷം പകര്‍ന്നുകൊടുത്ത് ഞാനവരെ..... അവസാനത്തെ തുള്ളി കുടിച്ചു തീര്‍ക്കുമ്പോള്‍ അമ്മയോടു ഞാനെല്ലാം ഏറ്റുപറഞ്ഞിരുന്നു. ഒന്നു ചിരിച്ച് എന്നെ പുണര്‍ന്ന് ഇളയമ്മ ഉറങ്ങാന്‍കിടന്നു. ആരുമറിഞ്ഞില്ല. ഉറക്കം വരാതെ പിറ്റേന്നു പുലര്‍ച്ചവരെ കംമ്പ്യൂട്ടറിനുമുന്നില്‍ വെറുതേ ഞാന്‍ കുത്തിയിരുന്നു. അമ്മയുടെ നിലവിളി.. അതാണ്.. അതാണ്..... ആ മരണത്തെ ഞാന്‍ ഉറപ്പിച്ചത്..."

കരണത്തേക്ക് ആഞ്ഞൊരടി... എനിക്കുകുറച്ചുനേരം ഒന്നും തിരിച്ചറിയാനായില്ല... എന്നെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് മാധവന്‍മാമ തേങ്ങി.. "സഞ്ജയാ.. മോനേ...."

ഗംഗയുടെ നെഞ്ചിലേക്ക് പതിയെ ഇറങ്ങുമ്പോള്‍ മധവന്‍മാമയും ഒപ്പം വന്നിരുന്നു. മുങ്ങിനിവരുമ്പോള്‍ മാധവന്‍മാമ ചെവിയില്‍ പറഞ്ഞു. "ഇതിവിടെ അവസാനിക്കുന്നു. എല്ലാപാപവും മനസ്സില്‍ നിന്ന് കഴുകിക്കളയുക.. കുഞ്ഞാത്തയോളം നിന്നെ അറിയുന്നവര്‍ ആരുമില്ല... അവള്‍ നിനക്കന്നേ മാപ്പുതന്നിരുന്നു...."

ഗംഗയുടെ മാറിലുടെ ഒഴുകിനീങ്ങിയ നാക്കിലയില്‍ ഇളയമ്മയുടെ ഉണ്ണിപോലെ ഒരു ചെറുപിണ്ഡം.. ഞാനൊന്നുകൂടി മുങ്ങി... "ഇളയമ്മാ ഞാനുംവരുന്നു..".

സഞ്ജയാ.. മോനേ..  ആ വിളി കേള്‍ക്കാതിരിക്കാന്‍ ഗംഗ എന്‍റെ ചെവിപൊത്തിപ്പിടിച്ച് ആഴത്തിലേക്ക് കൊണ്ടുപോയി.... ഒന്നു ചിരിച്ച്.. ഇളയമ്മയമ്മയെപ്പോലെ.. ചേര്‍ത്തു പിടിച്ചു.

Saturday, 5 July 2014

നിഴലുകള്‍ മെനയുന്നിടത്ത്

ഓര്‍മ്മകളിലെ തെച്ചിപ്പൂ നിറമുള്ള നനുത്ത പ്രണയത്തിലേക്ക് വെറുതെയൊന്ന് പാദസരം കിലുക്കി കുളിരുകൊണ്ടൊരു പ്രണയമഴ മുറ്റത്തെ വേലിപ്പടര്‍പ്പില്‍ അലസമായി പെയ്തൊഴിയുന്നു. ഒരു ചെറുവെയില്‍ നനുത്ത നൊമ്പരമെന്നോണം മഴയ്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്നു. 

സ്റ്റെതസ്കോപ്പും കോട്ടുമായി മകള്‍ വന്നുകയറിയത് സീതയറിഞ്ഞില്ല. ഏതോ പകല്‍സ്വപ്നത്തിന്‍റെ നിഴലനക്കങ്ങളില്‍ എഴുത്തിന്‍റെ കനലു തേടുകയായിരുന്നു അവള്‍. മനസ്സിലുയിര്‍കൊണ്ട ബീജത്തിനെ സങ്കല്പങ്ങളുടെ തെളിനീരുകൊണ്ടവള്‍ കിളിര്‍പ്പിക്കുകയായിരുന്നു.

വല്ലാത്ത മഴ തന്നെ.. പെയ്യുകയുമില്ല... തോരുകയുമില്ല.. ഒരു പരിഭവമെന്നോണം ചിന്നു പിറുപിറുത്തപ്പോഴാണ് സീതയുണര്‍ന്നത്.

ങാ.. മോളെത്തിയോ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് സാരിത്തലപ്പുകൊണ്ട് അഞ്ജലിയുടെ തല തോര്‍ത്തിക്കൊണ്ട് അവള്‍ ചോദിച്ചു.

ഇല്ലമ്മേ... ഞാന്‍ നനഞ്ഞിട്ടില്ല...

നീ എന്താ കഴിച്ചെ, വാ... ഇച്ചിരി മാമ്പഴമിരിപ്പുണ്ട്... അവനു വച്ചിരുന്നതാ.. ഇയാഴ്ച വരില്ലാന്നവന്‍ വിളിച്ചിരുന്നു... അടുത്താഴ്ച വെക്കേഷന്‍ തുടങ്ങുവാ... പരീഷ തുടങ്ങാറായീലോ.. അച്ഛനു കൊടുക്കാന്നു പറഞ്ഞപ്പോ നിനക്കു തരാന്‍ പറഞ്ഞു.... നിന്‍റെ കൊതി അദ്ദേഹത്തിനറിയാലോ... രണ്ടുപേരും ചിരിച്ചു.

മുകുന്ദമേനോന്‍ നല്ലൊരു നേതാവാണ്, ഒപ്പമൊരെഴുത്തുകാരനും. തൊഴിലാളിപ്രസ്ഥാനത്തിന്‍റെ അമരക്കാരനായപ്പോള്‍ പല സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ സ്നേഹത്തോടെ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഒരു നല്ല നേതാവ് എങ്ങനെയായിരിക്കണം എന്നതിന് ഒരുത്തമ മാതൃകയാണദ്ദേഹം. അദ്ദേഹത്തിനോട് വ്യക്തിവൈരാഗ്യമുള്ള ഒരാളുപോലും തന്‍റെ കൂട്ടത്തിലോ മറുപാര്‍ട്ടിയില്‍പോലുമോ ഇല്ല. നല്ല സാത്വികന്‍. ഒരു നല്ല ഭര്‍ത്താവ്. അതിലുപരിയൊരു നല്ല സാമൂഹികപ്രവര്‍ത്തകന്‍.

നഗരത്തിനടുത്ത് പഴമചോര്‍ന്നുപോകാത്ത നാലുകെട്ടും തൊടിയും, പഴയതറവാടിന്‍റെ പ്രൗഢി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതുപോലെ.... സീത വെറുതെ ഡയറിതുറന്ന് എഴുതിത്തുടങ്ങി. മനസ്സില്‍ ഒരു കഥ ജനിക്കുന്നുണ്ട്. അവളിലെ എഴുത്ത് കണ്ടെത്തിയത് മേനോനാണ്.... തന്‍റെ മനസ്സില്‍ ഒരായിരം കഥകളുടെ കൂമ്പാരമുണ്ട്.. ചിരിച്ചുകൊണ്ട് മേനോന്‍ പറയുമ്പോള്‍ ഒരവാര്‍ഡുകിട്ടുമ്പോലെയാണ് സീതയ്ക്കു തോന്നാറ്. അദ്ദേഹം നല്ലൊരു വിമര്‍ശകനാണ്. യാത്രക്കുറിപ്പുകളും ലേഖനങ്ങളും സമകാലീനരാഷ്ട്രീയവിശകലനങ്ങളുമാണ് അദ്ദേഹത്തിന്‍റെ തട്ടകം. അതിലേക്കൊരു കടന്നുകയറ്റം മറ്റൊരാള്‍ക്കുമാവാത്തവിധം ഭാഷയുടെ നല്ലൊരു ചട്ടക്കൂട് അദ്ദേഹം തീര്‍ത്തിരുന്നു. വളരെ ഭദ്രമായി അദ്ദേഹം പ്രശ്നങ്ങളെ സമീപിച്ചു. നേരേമറിച്ച് സങ്കല്പങ്ങളുടേയും ജീവിതങ്ങളുടേയും പച്ചയായ പകര്‍ത്തെഴുത്തുകളുമായി സീതയും.

കഥകളുടെ ലോകത്തേക്ക് കടന്നപ്പോള്‍ യാത്രകള്‍ അനിവാര്യമാകുന്നു. സാഹിത്യ ചര്‍ച്ചകളിലും, കൂട്ടായ്മകളിലും സീതയ്ക്ക് വ്യക്തമായൊരിടം നേടാനായി. എങ്കിലും നല്ലൊരു വീട്ടമ്മയും രണ്ടുമക്കളുടെ അമ്മയുമെന്നതിലെ സുഖം അവള്‍ക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരുന്നു. യാത്രകള്‍ പലപ്പോഴും ഒറ്റക്കാണ്. വലിയതറവാടിന്‍റെ ഇരുള്‍ച്ചുഴികളില്‍ ഒതുങ്ങിക്കൂടേണ്ടതല്ല സ്ത്രീയുടെ ശബ്ദമെന്ന അദ്ദേഹത്തിന്‍റെ പിന്തുണ പലപ്പോഴും അവള്‍ക്കൊരു താങ്ങാകാറുണ്ട്.

കഴിഞ്ഞ യാത്രയില്‍ പ്രിയനെക്കാണുമ്പോള്‍ താനൊന്നു ഞെട്ടിയിരുന്നു. ആ കണ്ണട. ആ മീശ, അത് തന്‍റെ സാക്കിയല്ലേ.. മനസ്സിലൊരു ചെറു സംശയം ജനിപ്പിച്ച് ഒന്നുകൂടി ചോദിച്ചു.. പ്രിയന്‍ ഇതു തന്‍റെ തൂലികാനമമൊന്നുമല്ലല്ലോ.. അല്ലേ...

പ്രിയന്‍ ചിരിച്ചതേയുള്ളൂ... അയാളുടെ കൈയ്യിലിരുന്ന ദസ്തയോവിസ്കിയുടെ നോവല്‍ കടംവാങ്ങുമ്പോള്‍ ഒരു കൂടിക്കാഴ്ചയ്ക്കുകൂടി കളമൊരുക്കുകയായിരുന്നു അവള്‍.... ദൂരെയെവിടെയോ ഒരു കുയിലിന്‍റ കൂകല്‍... അപ്പോഴവളതു ശ്രദ്ധിച്ചില്ല... തന്‍റെ സെല്ലിലേക്കൊരു മിസ്കോളടിക്കാന്‍ പ്രിയനോടു ഫറയുമ്പോള്‍ മനസ്സ് എന്തിനോ ഒരുങ്ങുന്നതുപോലെ ഒരാവേശം അവള്‍ കരുതിവച്ചു.

നാട്ടിന്‍പുറത്തുകാരിയുടെ നിഷ്കളങ്കതയോടെ കോളേജിന്‍റെ പടിക്കെട്ടുകളില്‍ കൂട്ടുകാരികളോടൊത്ത് സംസാരിച്ചിരിക്കുന്ന തന്നെ പലപ്പോഴും ദൂരെനിന്ന് സക്കീര്‍ നോക്കാറുണ്ട്. താനും പലപ്പോഴും അവനെ തെരഞ്ഞിരുന്നു. നേരിയ കുശുകുശുപ്പുപോലും പുകയാത്തൊരവധിക്കാലത്ത്, കോളേജിലെ മുളകള്‍ വളര്‍ന്നുനില്‍ക്കുന്ന വളപ്പിനടുത്തുവച്ച് അവനോട് മുട്ടിയുരുമി വെറുതേ നടന്നു. ഒരിക്കല്‍പോലും പ്രണയമാണെന്നോ ഇഷ്ടമാണെന്നോ പറയാതെ. പറഞ്ഞത് രണ്ടുപേര്‍ക്കും ഒരാവശ്യവുമില്ലാത്ത കാര്യങ്ങളും. എങ്കിലും ആ സാമീപ്യം അവനും താനും ഏറെ ആസ്വദിച്ചിരുന്നു. പിന്നെ സാക്കിയും സീതയും കോളേജിലെ ഇടനാഴികളിലും മൂലകളിലും പ്രണയകുസുമങ്ങളായി.

അടുത്ത അവധിക്കാലത്തില്‍ സാക്കി കുഞ്ഞുമ്മാന്‍റെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞു. ഇനിയെന്നു കാണാം എന്നുള്ള ചോദ്യത്തിനു മറുപടിയായി.. പോ..പെണ്ണേ.. എന്നൊരു മറുപടിയാണ് അവന്‍ പറഞ്ഞത്. പല കത്തുകളും മേല്‍വിലാസമില്ലാതെ തിരികെയെത്തി. അവധിക്കാലം തീരാന്‍ ഒരാഴ്ച ബാക്കി നില്‍ക്കേ റാണിയേയും നിഖിലിനേയും കൂട്ടുപിടിച്ച് സാക്കിയുടെ നാട്ടിലേക്ക് പോയി. ഒരു വെള്ളിടിപോലെ സാക്കിയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലാന്നറിഞ്ഞപ്പോള്‍ താന്‍ മൗനമായതെന്തുകൊണ്ട്. ഒരു മറുപടിപോലും പറയാതെ ഒരു കണ്ണുനീര്‍ത്തുള്ളിപോലും വീഴ്ത്താതെ തിരിഞ്ഞുനടന്നതെന്തുകൊണ്ട്.. ഇപ്പോഴും ഉത്തരമില്ലാത്ത ആ ചോദ്യങ്ങളില്‍ സീത പതറിപ്പോകുന്നു.

വര്‍ഷങ്ങളുടെ മഴപ്പെയ്ത്തില്‍ മനസ്സിന്‍റെ ഏതോ കോണിലേക്ക് സാക്കിയെ ഒളിപ്പിച്ചു നിര്‍ത്തുമ്പോള്‍ മുകുന്ദമേനോന്‍ എന്ന ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തിലേക്കെത്തുകയായിരുന്നു. വെറും യാന്ത്രികമായി വീട്ടുകാര്‍ പറഞ്ഞതനുസരിക്കുകയായിരുന്നു. പക്ഷേ കണക്കുകളും കൂട്ടിക്കിഴിക്കലുകളും അദ്ദേഹം സമ്മാനിച്ച സ്നേഹത്തിനും താങ്ങിനും അടിയറവച്ചപ്പോള്‍ വ്യസനങ്ങളുടേയും സ്വപ്നങ്ങളുടേയും എഴുത്തുകാരിയായി സീത മാറുകയായിരുന്നു.

മഴപെയ്തിറങ്ങിയ ഒരു രാത്രിയില്‍ സീത എഴുതുകയായിരുന്നു. മനസ്സ് കണ്ടെത്തുന്ന നിഴലിടങ്ങളെക്കുറിച്ചൊരുകഥ. ഇടയ്ക്കെവിടെയോ.. വാക്കുകളുടെ ഇഴടേര്‍ക്കലിനായി ഒന്നു നിര്‍ത്തി.
എഴുതിക്കൊണ്ടിരുന്ന പേനയുടെ പിന്‍ഭാഗംകൊണ്ട് നെറ്റിയില്‍ വെറുതെ ചൊറിഞ്ഞ് ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി. ചെറുനിലാവ് തൊടിയിലേക്ക് പടര്‍ന്നിറങ്ങുന്നു. മിന്നാമിന്നികള്‍ പലചിത്രങ്ങള്‍ ആ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതുപോലെ. നാട്ടുമാവിനുമുകളില്‍ ചില്ലകള്‍ക്കിടയിലൂടെ ചന്ദ്രബിംബം. നാട്ടുമാവിന്‍ ചില്ലയുടെ ചെറുനിഴലുകള്‍ ജനലഴികളിലൂടെ അവളിലേക്ക് പടര്‍ന്നുകയറി. നിഴലുകളിലെ ചിത്രങ്ങളില്‍ പലരൂപങ്ങള്‍ അവള്‍ മെനഞ്ഞെടുത്തു. ചില്ലയിലൊരു പക്ഷി ചിറകു വിടര്‍ത്തിയിരിക്കുന്നതുപോലെ. ഏതാവണം ഈ പക്ഷി... കുയിലാകും.. എന്‍റെ കുയില്‍...

പലപ്പോഴും ആ കുയില്‍ അവളുടെ മനസ്സ് കീഴടക്കുന്നു. ഒരു നിഴല്‍ അതിനുപിന്നാലെ സഞ്ചരിക്കുന്നതുപോലെ. യൂണിവേഴ്സിറ്റി കോളേജിലെ ഇടനാഴികളില്‍ തോളോടുതോള്‍ചേര്‍ന്ന് തന്നോടൊപ്പം മുട്ടിയുരുമിനടന്ന ആ കണ്ണടക്കാരന്‍റെ നിഴല്‍ ഒപ്പമെത്തിക്കുന്നതുപോലെ. ആ നിഴല്‍ അവളെ അവളല്ലാതാകുന്നു. പ്രണയാതുരമായി കണ്ണുകള്‍കൂമ്പുന്നു. ഒരു വന്യമായ പ്രണയത്തിന്‍റെ തേങ്ങലുകള്‍ ഞരമ്പുകളില്‍ ത്രസിച്ചുകയറുന്നതുപോലെ. തിമിര്‍ത്തൊരുമഴ ആകാശത്ത് ബാക്കി നില്‍ക്കുന്നു. ഒന്നു പെയ്തിറങ്ങിയിരുന്നുവെങ്കില്‍.

അടുത്ത യാത്ര പാലക്കാട്ടേക്കാണ്. ലോക കഥാകാരന്മാര്‍ ഒത്തുകൂടുന്നു. എല്ലാവരേയും കാണാം എന്നതിലുപരി പ്രിയനെക്കാണാനാണ് സീത ആഗ്രഹിച്ചത്. സമകാലീന മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാകൃത്തും നോവലിസ്റ്റുമാണദ്ദേഹം. തന്‍റെ സാക്കിയുടെ ഒരു പകര്‍പ്പ്. തനിപകര്‍പ്പ് എന്നു പറഞ്ഞുകൂട, എങ്കിലും അയാളില്‍ സാക്കി ജീവിക്കുന്നു.

പതിവിലും നേരത്തേ സീത സമ്മേളന സ്ഥലത്തെത്തി. ഒന്നുരണ്ടുപേര്‍, സംഘാടനചുമതലയുള്ളവര്‍ മാത്രം.
ങാ.. സീതേച്ചി നേരത്തേ എത്തിയോ?.. പുതിയ കഥ ഞാന്‍ വായിച്ചൂട്ടോ... അസ്സലായി.. ഇപ്പോഴത്തെ അവാര്‍ഡ് തനിക്കാ സംശയമില്ല.. നല്ലൊഴുക്കാ തന്‍റെഴുത്തിന്.. പ്രഭാകരന്‍ പറഞ്ഞതിന് ഒരു ചിരി സമ്മാനിച്ച് അവളൊരു കസേര വലിച്ചിട്ടിരുന്നു.

എല്ലാരുമെത്തുമ്പോള്‍ പത്തുമണിയാകും, പലരും ടി.ബി.യിലെത്തിയിട്ടുണ്ട്... പിന്നെ നമ്മുടെ പ്രിയന്‍സാറിന്‍റെ നോവല്‍ സിനിമയാകുന്നു... ചക്രവാളപ്പക്ഷി...
അതേയോ... ഞാന്‍ വായിച്ചില്ലാട്ടോ.. വായിക്കാനെവിടാ നേരം.. ഒരു വീട്ടമ്മയല്ലേ.. അദ്ദേഹമെത്തിയിട്ടുണ്ടോ?
ഉണ്ടെന്നാണു തോന്നുന്നത്.. രാവിലെ എത്തുമെന്ന് ബഷീറിക്ക പറേണതുകേട്ടു... എറണാകുളത്താരുന്നു... ഇന്നലെ..

ബാഗില്‍ നിന്നും സീത പ്രിയനില്‍ നിന്നും വാങ്ങിയ പുസ്തകമെടുത്തു തുറന്നു, ഗാംബ്ളര്‍.. പലതവണ വായിക്കണമെന്നു കരുതിയ പുസ്തകമാണ്. ഇത് പ്രിയനില്‍ നിന്നുവാങ്ങിയിട്ടുതന്നെ ഒരു മാസമാകുന്നു. ഇപ്പോഴും വായിച്ചില്ല. അലസമായി പേജുകള്‍ മറിക്കുമ്പോഴും മനസ്സ് വാതിലില്‍ പ്രിയനെത്തേടിക്കൊണ്ടിരുന്നു... ഇടയ്ക്ക് പലരും വന്നു കുശലങ്ങള്‍ പറഞ്ഞു. അവരോടൊപ്പം ചിരിച്ചു.,. പക്ഷേ മനസ്സ് പ്രിയനെത്തേടിക്കൊണ്ടേയിരുന്നു.

സമ്മേളനത്തിന്‍റെ അദ്ധ്യക്ഷപ്രസംഗം നടന്നുകൊണ്ടിരുന്നപ്പോഴാണ് പ്രിയനെത്തിയത്. സംഘാടകരദ്ദേഹത്തെ നേരെ സദസ്സിലേക്കാനയിച്ചു. പിന്നെ ഒരു ടീ ബ്രേക്കിലേക്കുള്ള സൂചിയിഴയലില്‍ നോക്കി അവളസ്വസ്ഥയായി.

പ്രസംഗത്തിനിടയില്‍ അകലെയെവിടെയോ ഒരു കുയില്‍ നിര്‍ത്താതെ കൂകിക്കൊണ്ടിരുന്നു. പുറത്ത് നനത്തൊരു മഴയും. ബിസ്കറ്റ് കടിച്ചുകൊണ്ട് പ്രിയനടുത്തേക്കു ചെല്ലുമ്പോള്‍ അദ്ദേഹം ബഷീറിക്കയോട് സംസാരിക്കുകയായിരുന്നു.
ദാ.. എത്തിയല്ലോ നമ്മുടെ കഥാകാരി... മേനോനേട്ടന്‍റെ രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഒരു നിലാപക്ഷി.. ബഷീറിക്കയുടെ സ്വാഗതം അവള്‍ക്ക് നന്നേ രസിച്ചു. അവള്‍ ഒന്നു തുടുത്തു. ഒപ്പമൊന്ന് ചിരിച്ച് പ്രിയന് നമസ്കാരം പറഞ്ഞു.

നിങ്ങള് സംസാരിക്ക് എനിക്കൊത്തിരി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. പലരും അന്യദേശക്കാരാ.. അവരെ ബഹുമാനിച്ചില്ലേല്‍ ഇനി അതുമതി.. ഹ.ഹ.ഹ. ബഷീറിക്ക ചിരിച്ചുകൊണ്ട് പിന്‍വാങ്ങി.

സീത.. തന്‍റെ കഥ നന്നായിട്ടുണ്ട് കേട്ടോ...
താങ്ക്സ് .. ചക്രവാളപക്ഷി സിനിമയാകുന്നൂന്നു കേട്ടു... നമുക്കുകൂടി ഒരു ചാന്‍സ്...
മേനോത്തികളെ എടുക്കുന്നില്ല.. പ്രിയന്‍റെ തമാശ അവളെ ഏറെ രസിപ്പിച്ചു...
താനാ പുസ്തകം കൊണ്ടുവന്നോ...
ഉം.. പക്ഷേ ഞാനതുവായിച്ചില്ല...
പെട്ടെന്ന് പ്രിയന്‍റെ ഭാവം മാറി.. മുഖം തുടുത്തു... അയാള്‍‌ നീരസത്തോടെ പറഞ്ഞു.. ഒരു പുസ്തകം ചോദിച്ചു വാങ്ങീട്ട് അത് വായിച്ചില്ലെന്നോ.. ഞാന്‍ പോലും മുഴുമിക്കാതെയാ നിനക്കു തന്നത്... ഇതൊരുമാതിരി... ശ്ശെ...
സീത ഇങ്ങനോരു പ്രതികരണം പ്രിയനില്‍ നിന്ന് പ്രതീക്ഷിച്ചില്ല.. അവളാകെ വല്ലാണ്ടായി... ബാഗു തുറന്ന് പുസ്തകം വച്ചു നീട്ടുമ്പോള്‍ അയാള്‍ പറഞ്ഞു- വായിച്ചിട്ടു തന്നാല്‍മതി. പക്ഷേ ഇതിനി ആവര്‍ത്തിക്കരുത്..
ഒരിറക്കിന് ചൂടുചായ കുടിച്ച് പ്രിയന്‍ വാതിലിലൂടെ പുറത്തേക്കിറങ്ങി.. ബാല്‍ക്കണിയില്‍ താഴേക്കുനോക്കി ഒരു സിഗരറ്റിന് തീകൊടുത്തയാള്‍ പതിയെ ദേഷ്യം എരിച്ചു തീര്‍ത്തു. സീത അയാളുടെ അടുത്തേക്ക് ചെന്നു.
ക്ഷമിക്കണം.. വായിക്കാന്‍ തോന്നിയില്ല...
സാരമില്ല...
ഞാനിങ്ങനെയാ...
അകലെ കുയില്‍ നിര്‍ത്താതെ കൂകിക്കൊണ്ടിരുന്നു... സീത വെളിയിലേക്ക് കൈകള്‍നീട്ടി... നനുത്ത മഴത്തുള്ളിയെ തന്നിലേക്ക് പകര്‍ന്നു...
സീത ശ്രദ്ധിച്ചുവോ കഴിഞ്ഞ സമ്മേളനസ്ഥലത്തും ഇതുപോലെ കുയില്‍ കൂകിയിരുന്നു.
ഉം.. പ്രിയനില്‍നിന്നുള്ള പ്രതികരണത്തിന്‍റെ ഷോക്കില്‍നിന്നും അവള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നില്ല.
ശരിയാണ് അന്നും ഈ കുയില്‍ ഇതുപോലെ കൂകിയിരുന്നു. പക്ഷേ പ്രിയനെത്തുംവരെ അതു കേട്ടില്ലാലോ.. അവള്‍ അതോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം ഇന്നത്തെയോഗം പിരിയുകയാണ് ഇനി നാളെയെയുള്ളൂ...

എന്താ പരിപാടി... പ്രിയന്‍ സീതയോട് ചോദിച്ചു. റൂമിലേക്കുപോകണം അല്ലാതെന്താ... സറളേച്ചിയും വിഭുവുമൊക്കെ അടുത്തടുത്ത റൂമിലാ... വെറുതേ കത്തിവച്ചിരിക്കാം .. അത്രതന്നെ...
ഞാന്‍ ബീച്ചിലേക്കാ താന്‍ വരുന്നുണ്ടോ?
ഉം.. പെട്ടെന്നായിരുന്നു സീതയുടെ മറുപടി... അവള്‍പോലുമറിയാതെ മനസ്സതിനു സമ്മതിക്കുകയായിരുന്നു.

പ്രിയനോടൊപ്പം കാറില്‍ക്കയറുമ്പോള്‍ മനസ്സുനിറയെ സാക്കിയായിരുന്നു. തന്‍റെ സാക്കി.. കടല്‍ക്കരയിലെ തിരകള്‍ പലകഥകള്‍ മണല്‍ത്തരിയോട് പറയുന്നു. നഖചിത്രങ്ങളാല്‍ കടല്‍തക്കരയെ നോവിച്ച് ചില കുസൃതികള്‍ പ്രിയനോടൊപ്പം പലതും പറഞ്ഞുനടക്കുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ ഇടനാഴികളെന്നപോലെ അവളെക്കടന്ന് ആള്‍ക്കാര്‍ കടലിലേക്ക് ഇറങ്ങുകയും തിരകളെ പ്രകോപിപ്പിക്കുകയുംചെയ്തു. കടല്‍ക്കരയിലും അങ്ങു ദൂരെ എവിടെയോ ഒരു കുയില്‍ കൂകുന്നതുപോലെ അവള്‍ക്കുതോന്നി.

സാക്കി... ഇവിടെയും കുയിലുകാണുമോ? അവളുടെ സംബോധന പ്രിയനെ തെല്ലൊന്നമ്പരപ്പിച്ചു
എന്താ...
അല്ല.. തന്‍റെ മനസ്സുസൂക്ഷിച്ച പ്രതിബിംബം വായിലൂടെ പുറത്തായതിന്‍റെ ജാള്യതയില്‍... സീതയൊന്നു ചിരിച്ചു..
ആരാ ഈ സാക്കി...
സക്കീര്‍... ഞാന്‍ പ്രണയിച്ചിരുന്ന എന്‍റെ സക്കീര്‍.. നിങ്ങള്‍ക്ക് അവന്‍റെ ഛായയാണ്... നിങ്ങളുടെ സാമീപ്യം എനിക്ക് അവനെയെന്നോണം അനുഭവപ്പെടുന്നു.
സീത..നീ...
അതെ പ്രിയന്‍.. തന്‍റെ സാമീപ്യം പലപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നു... എന്‍റെ സാക്കിയായി... ദാ ആ കുയില്‍ നാദം കേട്ടില്ലേ... നീ പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്... നീ എന്‍റടുത്തെത്തുമ്പോഴാണ് ആ കുയില്‍ നിര്‍ത്താതെ കൂകുന്നത്... ഇണയുടെ മറുകൂകല്‍ കേള്‍ക്കാത്ത ആ പ്രണയ നൊമ്പരം...
സക്കീര്‍...പ്രിയനൊരു ഗദ്ഗദമെന്നോണം പറഞ്ഞു.. അപ്പോള്‍ ഞാന്‍ പ്രിയനെന്ന എഴുത്തുകാരന്‍...

റുമിനു മുന്നില്‍ സീതയെ ഇറക്കിവിടുമ്പോള്‍ ഏറ്റവും അടുത്തായിത്തന്നെ പ്രിയന്‍ ആ കുയിലിന്‍റെ കൂകല്‍ കേട്ടു. കാറിന്‍റെ മുന്‍ വിന്‍റോയില്‍ കുനിഞ്ഞുനിന്ന് അവള്‍ പറഞ്ഞു... ഈ കുയില്‍ നാദവും എന്‍റെ സാക്കിയുടെ സ്നേഹവും പകര്‍ന്നുതരാന്‍ വീണ്ടും നീയെത്തണം... പ്രിയനേ...

പ്രിയന്‍... പ്രണയാതുരമായ ഒരു വിളിക്കപ്പുറം അന്യമായിപ്പോകുന്ന തന്‍റെ അസ്തിത്വത്തിലേക്ക് നിഴലുകളുടെ മുഖംമൂടി ധരിച്ച് അയാള്‍ കാറോടിച്ചു. നിലാവു സൃഷ്ടിടിച്ച നനുത്ത നിഴലുകള്‍ അയാളെ കടന്നുപൊയ്ക്കൊണ്ടേയിരുന്നു.