Saturday, 5 July 2014

നിഴലുകള്‍ മെനയുന്നിടത്ത്

ഓര്‍മ്മകളിലെ തെച്ചിപ്പൂ നിറമുള്ള നനുത്ത പ്രണയത്തിലേക്ക് വെറുതെയൊന്ന് പാദസരം കിലുക്കി കുളിരുകൊണ്ടൊരു പ്രണയമഴ മുറ്റത്തെ വേലിപ്പടര്‍പ്പില്‍ അലസമായി പെയ്തൊഴിയുന്നു. ഒരു ചെറുവെയില്‍ നനുത്ത നൊമ്പരമെന്നോണം മഴയ്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്നു. 

സ്റ്റെതസ്കോപ്പും കോട്ടുമായി മകള്‍ വന്നുകയറിയത് സീതയറിഞ്ഞില്ല. ഏതോ പകല്‍സ്വപ്നത്തിന്‍റെ നിഴലനക്കങ്ങളില്‍ എഴുത്തിന്‍റെ കനലു തേടുകയായിരുന്നു അവള്‍. മനസ്സിലുയിര്‍കൊണ്ട ബീജത്തിനെ സങ്കല്പങ്ങളുടെ തെളിനീരുകൊണ്ടവള്‍ കിളിര്‍പ്പിക്കുകയായിരുന്നു.

വല്ലാത്ത മഴ തന്നെ.. പെയ്യുകയുമില്ല... തോരുകയുമില്ല.. ഒരു പരിഭവമെന്നോണം ചിന്നു പിറുപിറുത്തപ്പോഴാണ് സീതയുണര്‍ന്നത്.

ങാ.. മോളെത്തിയോ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് സാരിത്തലപ്പുകൊണ്ട് അഞ്ജലിയുടെ തല തോര്‍ത്തിക്കൊണ്ട് അവള്‍ ചോദിച്ചു.

ഇല്ലമ്മേ... ഞാന്‍ നനഞ്ഞിട്ടില്ല...

നീ എന്താ കഴിച്ചെ, വാ... ഇച്ചിരി മാമ്പഴമിരിപ്പുണ്ട്... അവനു വച്ചിരുന്നതാ.. ഇയാഴ്ച വരില്ലാന്നവന്‍ വിളിച്ചിരുന്നു... അടുത്താഴ്ച വെക്കേഷന്‍ തുടങ്ങുവാ... പരീഷ തുടങ്ങാറായീലോ.. അച്ഛനു കൊടുക്കാന്നു പറഞ്ഞപ്പോ നിനക്കു തരാന്‍ പറഞ്ഞു.... നിന്‍റെ കൊതി അദ്ദേഹത്തിനറിയാലോ... രണ്ടുപേരും ചിരിച്ചു.

മുകുന്ദമേനോന്‍ നല്ലൊരു നേതാവാണ്, ഒപ്പമൊരെഴുത്തുകാരനും. തൊഴിലാളിപ്രസ്ഥാനത്തിന്‍റെ അമരക്കാരനായപ്പോള്‍ പല സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ സ്നേഹത്തോടെ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഒരു നല്ല നേതാവ് എങ്ങനെയായിരിക്കണം എന്നതിന് ഒരുത്തമ മാതൃകയാണദ്ദേഹം. അദ്ദേഹത്തിനോട് വ്യക്തിവൈരാഗ്യമുള്ള ഒരാളുപോലും തന്‍റെ കൂട്ടത്തിലോ മറുപാര്‍ട്ടിയില്‍പോലുമോ ഇല്ല. നല്ല സാത്വികന്‍. ഒരു നല്ല ഭര്‍ത്താവ്. അതിലുപരിയൊരു നല്ല സാമൂഹികപ്രവര്‍ത്തകന്‍.

നഗരത്തിനടുത്ത് പഴമചോര്‍ന്നുപോകാത്ത നാലുകെട്ടും തൊടിയും, പഴയതറവാടിന്‍റെ പ്രൗഢി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതുപോലെ.... സീത വെറുതെ ഡയറിതുറന്ന് എഴുതിത്തുടങ്ങി. മനസ്സില്‍ ഒരു കഥ ജനിക്കുന്നുണ്ട്. അവളിലെ എഴുത്ത് കണ്ടെത്തിയത് മേനോനാണ്.... തന്‍റെ മനസ്സില്‍ ഒരായിരം കഥകളുടെ കൂമ്പാരമുണ്ട്.. ചിരിച്ചുകൊണ്ട് മേനോന്‍ പറയുമ്പോള്‍ ഒരവാര്‍ഡുകിട്ടുമ്പോലെയാണ് സീതയ്ക്കു തോന്നാറ്. അദ്ദേഹം നല്ലൊരു വിമര്‍ശകനാണ്. യാത്രക്കുറിപ്പുകളും ലേഖനങ്ങളും സമകാലീനരാഷ്ട്രീയവിശകലനങ്ങളുമാണ് അദ്ദേഹത്തിന്‍റെ തട്ടകം. അതിലേക്കൊരു കടന്നുകയറ്റം മറ്റൊരാള്‍ക്കുമാവാത്തവിധം ഭാഷയുടെ നല്ലൊരു ചട്ടക്കൂട് അദ്ദേഹം തീര്‍ത്തിരുന്നു. വളരെ ഭദ്രമായി അദ്ദേഹം പ്രശ്നങ്ങളെ സമീപിച്ചു. നേരേമറിച്ച് സങ്കല്പങ്ങളുടേയും ജീവിതങ്ങളുടേയും പച്ചയായ പകര്‍ത്തെഴുത്തുകളുമായി സീതയും.

കഥകളുടെ ലോകത്തേക്ക് കടന്നപ്പോള്‍ യാത്രകള്‍ അനിവാര്യമാകുന്നു. സാഹിത്യ ചര്‍ച്ചകളിലും, കൂട്ടായ്മകളിലും സീതയ്ക്ക് വ്യക്തമായൊരിടം നേടാനായി. എങ്കിലും നല്ലൊരു വീട്ടമ്മയും രണ്ടുമക്കളുടെ അമ്മയുമെന്നതിലെ സുഖം അവള്‍ക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരുന്നു. യാത്രകള്‍ പലപ്പോഴും ഒറ്റക്കാണ്. വലിയതറവാടിന്‍റെ ഇരുള്‍ച്ചുഴികളില്‍ ഒതുങ്ങിക്കൂടേണ്ടതല്ല സ്ത്രീയുടെ ശബ്ദമെന്ന അദ്ദേഹത്തിന്‍റെ പിന്തുണ പലപ്പോഴും അവള്‍ക്കൊരു താങ്ങാകാറുണ്ട്.

കഴിഞ്ഞ യാത്രയില്‍ പ്രിയനെക്കാണുമ്പോള്‍ താനൊന്നു ഞെട്ടിയിരുന്നു. ആ കണ്ണട. ആ മീശ, അത് തന്‍റെ സാക്കിയല്ലേ.. മനസ്സിലൊരു ചെറു സംശയം ജനിപ്പിച്ച് ഒന്നുകൂടി ചോദിച്ചു.. പ്രിയന്‍ ഇതു തന്‍റെ തൂലികാനമമൊന്നുമല്ലല്ലോ.. അല്ലേ...

പ്രിയന്‍ ചിരിച്ചതേയുള്ളൂ... അയാളുടെ കൈയ്യിലിരുന്ന ദസ്തയോവിസ്കിയുടെ നോവല്‍ കടംവാങ്ങുമ്പോള്‍ ഒരു കൂടിക്കാഴ്ചയ്ക്കുകൂടി കളമൊരുക്കുകയായിരുന്നു അവള്‍.... ദൂരെയെവിടെയോ ഒരു കുയിലിന്‍റ കൂകല്‍... അപ്പോഴവളതു ശ്രദ്ധിച്ചില്ല... തന്‍റെ സെല്ലിലേക്കൊരു മിസ്കോളടിക്കാന്‍ പ്രിയനോടു ഫറയുമ്പോള്‍ മനസ്സ് എന്തിനോ ഒരുങ്ങുന്നതുപോലെ ഒരാവേശം അവള്‍ കരുതിവച്ചു.

നാട്ടിന്‍പുറത്തുകാരിയുടെ നിഷ്കളങ്കതയോടെ കോളേജിന്‍റെ പടിക്കെട്ടുകളില്‍ കൂട്ടുകാരികളോടൊത്ത് സംസാരിച്ചിരിക്കുന്ന തന്നെ പലപ്പോഴും ദൂരെനിന്ന് സക്കീര്‍ നോക്കാറുണ്ട്. താനും പലപ്പോഴും അവനെ തെരഞ്ഞിരുന്നു. നേരിയ കുശുകുശുപ്പുപോലും പുകയാത്തൊരവധിക്കാലത്ത്, കോളേജിലെ മുളകള്‍ വളര്‍ന്നുനില്‍ക്കുന്ന വളപ്പിനടുത്തുവച്ച് അവനോട് മുട്ടിയുരുമി വെറുതേ നടന്നു. ഒരിക്കല്‍പോലും പ്രണയമാണെന്നോ ഇഷ്ടമാണെന്നോ പറയാതെ. പറഞ്ഞത് രണ്ടുപേര്‍ക്കും ഒരാവശ്യവുമില്ലാത്ത കാര്യങ്ങളും. എങ്കിലും ആ സാമീപ്യം അവനും താനും ഏറെ ആസ്വദിച്ചിരുന്നു. പിന്നെ സാക്കിയും സീതയും കോളേജിലെ ഇടനാഴികളിലും മൂലകളിലും പ്രണയകുസുമങ്ങളായി.

അടുത്ത അവധിക്കാലത്തില്‍ സാക്കി കുഞ്ഞുമ്മാന്‍റെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞു. ഇനിയെന്നു കാണാം എന്നുള്ള ചോദ്യത്തിനു മറുപടിയായി.. പോ..പെണ്ണേ.. എന്നൊരു മറുപടിയാണ് അവന്‍ പറഞ്ഞത്. പല കത്തുകളും മേല്‍വിലാസമില്ലാതെ തിരികെയെത്തി. അവധിക്കാലം തീരാന്‍ ഒരാഴ്ച ബാക്കി നില്‍ക്കേ റാണിയേയും നിഖിലിനേയും കൂട്ടുപിടിച്ച് സാക്കിയുടെ നാട്ടിലേക്ക് പോയി. ഒരു വെള്ളിടിപോലെ സാക്കിയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലാന്നറിഞ്ഞപ്പോള്‍ താന്‍ മൗനമായതെന്തുകൊണ്ട്. ഒരു മറുപടിപോലും പറയാതെ ഒരു കണ്ണുനീര്‍ത്തുള്ളിപോലും വീഴ്ത്താതെ തിരിഞ്ഞുനടന്നതെന്തുകൊണ്ട്.. ഇപ്പോഴും ഉത്തരമില്ലാത്ത ആ ചോദ്യങ്ങളില്‍ സീത പതറിപ്പോകുന്നു.

വര്‍ഷങ്ങളുടെ മഴപ്പെയ്ത്തില്‍ മനസ്സിന്‍റെ ഏതോ കോണിലേക്ക് സാക്കിയെ ഒളിപ്പിച്ചു നിര്‍ത്തുമ്പോള്‍ മുകുന്ദമേനോന്‍ എന്ന ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തിലേക്കെത്തുകയായിരുന്നു. വെറും യാന്ത്രികമായി വീട്ടുകാര്‍ പറഞ്ഞതനുസരിക്കുകയായിരുന്നു. പക്ഷേ കണക്കുകളും കൂട്ടിക്കിഴിക്കലുകളും അദ്ദേഹം സമ്മാനിച്ച സ്നേഹത്തിനും താങ്ങിനും അടിയറവച്ചപ്പോള്‍ വ്യസനങ്ങളുടേയും സ്വപ്നങ്ങളുടേയും എഴുത്തുകാരിയായി സീത മാറുകയായിരുന്നു.

മഴപെയ്തിറങ്ങിയ ഒരു രാത്രിയില്‍ സീത എഴുതുകയായിരുന്നു. മനസ്സ് കണ്ടെത്തുന്ന നിഴലിടങ്ങളെക്കുറിച്ചൊരുകഥ. ഇടയ്ക്കെവിടെയോ.. വാക്കുകളുടെ ഇഴടേര്‍ക്കലിനായി ഒന്നു നിര്‍ത്തി.
എഴുതിക്കൊണ്ടിരുന്ന പേനയുടെ പിന്‍ഭാഗംകൊണ്ട് നെറ്റിയില്‍ വെറുതെ ചൊറിഞ്ഞ് ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി. ചെറുനിലാവ് തൊടിയിലേക്ക് പടര്‍ന്നിറങ്ങുന്നു. മിന്നാമിന്നികള്‍ പലചിത്രങ്ങള്‍ ആ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതുപോലെ. നാട്ടുമാവിനുമുകളില്‍ ചില്ലകള്‍ക്കിടയിലൂടെ ചന്ദ്രബിംബം. നാട്ടുമാവിന്‍ ചില്ലയുടെ ചെറുനിഴലുകള്‍ ജനലഴികളിലൂടെ അവളിലേക്ക് പടര്‍ന്നുകയറി. നിഴലുകളിലെ ചിത്രങ്ങളില്‍ പലരൂപങ്ങള്‍ അവള്‍ മെനഞ്ഞെടുത്തു. ചില്ലയിലൊരു പക്ഷി ചിറകു വിടര്‍ത്തിയിരിക്കുന്നതുപോലെ. ഏതാവണം ഈ പക്ഷി... കുയിലാകും.. എന്‍റെ കുയില്‍...

പലപ്പോഴും ആ കുയില്‍ അവളുടെ മനസ്സ് കീഴടക്കുന്നു. ഒരു നിഴല്‍ അതിനുപിന്നാലെ സഞ്ചരിക്കുന്നതുപോലെ. യൂണിവേഴ്സിറ്റി കോളേജിലെ ഇടനാഴികളില്‍ തോളോടുതോള്‍ചേര്‍ന്ന് തന്നോടൊപ്പം മുട്ടിയുരുമിനടന്ന ആ കണ്ണടക്കാരന്‍റെ നിഴല്‍ ഒപ്പമെത്തിക്കുന്നതുപോലെ. ആ നിഴല്‍ അവളെ അവളല്ലാതാകുന്നു. പ്രണയാതുരമായി കണ്ണുകള്‍കൂമ്പുന്നു. ഒരു വന്യമായ പ്രണയത്തിന്‍റെ തേങ്ങലുകള്‍ ഞരമ്പുകളില്‍ ത്രസിച്ചുകയറുന്നതുപോലെ. തിമിര്‍ത്തൊരുമഴ ആകാശത്ത് ബാക്കി നില്‍ക്കുന്നു. ഒന്നു പെയ്തിറങ്ങിയിരുന്നുവെങ്കില്‍.

അടുത്ത യാത്ര പാലക്കാട്ടേക്കാണ്. ലോക കഥാകാരന്മാര്‍ ഒത്തുകൂടുന്നു. എല്ലാവരേയും കാണാം എന്നതിലുപരി പ്രിയനെക്കാണാനാണ് സീത ആഗ്രഹിച്ചത്. സമകാലീന മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാകൃത്തും നോവലിസ്റ്റുമാണദ്ദേഹം. തന്‍റെ സാക്കിയുടെ ഒരു പകര്‍പ്പ്. തനിപകര്‍പ്പ് എന്നു പറഞ്ഞുകൂട, എങ്കിലും അയാളില്‍ സാക്കി ജീവിക്കുന്നു.

പതിവിലും നേരത്തേ സീത സമ്മേളന സ്ഥലത്തെത്തി. ഒന്നുരണ്ടുപേര്‍, സംഘാടനചുമതലയുള്ളവര്‍ മാത്രം.
ങാ.. സീതേച്ചി നേരത്തേ എത്തിയോ?.. പുതിയ കഥ ഞാന്‍ വായിച്ചൂട്ടോ... അസ്സലായി.. ഇപ്പോഴത്തെ അവാര്‍ഡ് തനിക്കാ സംശയമില്ല.. നല്ലൊഴുക്കാ തന്‍റെഴുത്തിന്.. പ്രഭാകരന്‍ പറഞ്ഞതിന് ഒരു ചിരി സമ്മാനിച്ച് അവളൊരു കസേര വലിച്ചിട്ടിരുന്നു.

എല്ലാരുമെത്തുമ്പോള്‍ പത്തുമണിയാകും, പലരും ടി.ബി.യിലെത്തിയിട്ടുണ്ട്... പിന്നെ നമ്മുടെ പ്രിയന്‍സാറിന്‍റെ നോവല്‍ സിനിമയാകുന്നു... ചക്രവാളപ്പക്ഷി...
അതേയോ... ഞാന്‍ വായിച്ചില്ലാട്ടോ.. വായിക്കാനെവിടാ നേരം.. ഒരു വീട്ടമ്മയല്ലേ.. അദ്ദേഹമെത്തിയിട്ടുണ്ടോ?
ഉണ്ടെന്നാണു തോന്നുന്നത്.. രാവിലെ എത്തുമെന്ന് ബഷീറിക്ക പറേണതുകേട്ടു... എറണാകുളത്താരുന്നു... ഇന്നലെ..

ബാഗില്‍ നിന്നും സീത പ്രിയനില്‍ നിന്നും വാങ്ങിയ പുസ്തകമെടുത്തു തുറന്നു, ഗാംബ്ളര്‍.. പലതവണ വായിക്കണമെന്നു കരുതിയ പുസ്തകമാണ്. ഇത് പ്രിയനില്‍ നിന്നുവാങ്ങിയിട്ടുതന്നെ ഒരു മാസമാകുന്നു. ഇപ്പോഴും വായിച്ചില്ല. അലസമായി പേജുകള്‍ മറിക്കുമ്പോഴും മനസ്സ് വാതിലില്‍ പ്രിയനെത്തേടിക്കൊണ്ടിരുന്നു... ഇടയ്ക്ക് പലരും വന്നു കുശലങ്ങള്‍ പറഞ്ഞു. അവരോടൊപ്പം ചിരിച്ചു.,. പക്ഷേ മനസ്സ് പ്രിയനെത്തേടിക്കൊണ്ടേയിരുന്നു.

സമ്മേളനത്തിന്‍റെ അദ്ധ്യക്ഷപ്രസംഗം നടന്നുകൊണ്ടിരുന്നപ്പോഴാണ് പ്രിയനെത്തിയത്. സംഘാടകരദ്ദേഹത്തെ നേരെ സദസ്സിലേക്കാനയിച്ചു. പിന്നെ ഒരു ടീ ബ്രേക്കിലേക്കുള്ള സൂചിയിഴയലില്‍ നോക്കി അവളസ്വസ്ഥയായി.

പ്രസംഗത്തിനിടയില്‍ അകലെയെവിടെയോ ഒരു കുയില്‍ നിര്‍ത്താതെ കൂകിക്കൊണ്ടിരുന്നു. പുറത്ത് നനത്തൊരു മഴയും. ബിസ്കറ്റ് കടിച്ചുകൊണ്ട് പ്രിയനടുത്തേക്കു ചെല്ലുമ്പോള്‍ അദ്ദേഹം ബഷീറിക്കയോട് സംസാരിക്കുകയായിരുന്നു.
ദാ.. എത്തിയല്ലോ നമ്മുടെ കഥാകാരി... മേനോനേട്ടന്‍റെ രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഒരു നിലാപക്ഷി.. ബഷീറിക്കയുടെ സ്വാഗതം അവള്‍ക്ക് നന്നേ രസിച്ചു. അവള്‍ ഒന്നു തുടുത്തു. ഒപ്പമൊന്ന് ചിരിച്ച് പ്രിയന് നമസ്കാരം പറഞ്ഞു.

നിങ്ങള് സംസാരിക്ക് എനിക്കൊത്തിരി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. പലരും അന്യദേശക്കാരാ.. അവരെ ബഹുമാനിച്ചില്ലേല്‍ ഇനി അതുമതി.. ഹ.ഹ.ഹ. ബഷീറിക്ക ചിരിച്ചുകൊണ്ട് പിന്‍വാങ്ങി.

സീത.. തന്‍റെ കഥ നന്നായിട്ടുണ്ട് കേട്ടോ...
താങ്ക്സ് .. ചക്രവാളപക്ഷി സിനിമയാകുന്നൂന്നു കേട്ടു... നമുക്കുകൂടി ഒരു ചാന്‍സ്...
മേനോത്തികളെ എടുക്കുന്നില്ല.. പ്രിയന്‍റെ തമാശ അവളെ ഏറെ രസിപ്പിച്ചു...
താനാ പുസ്തകം കൊണ്ടുവന്നോ...
ഉം.. പക്ഷേ ഞാനതുവായിച്ചില്ല...
പെട്ടെന്ന് പ്രിയന്‍റെ ഭാവം മാറി.. മുഖം തുടുത്തു... അയാള്‍‌ നീരസത്തോടെ പറഞ്ഞു.. ഒരു പുസ്തകം ചോദിച്ചു വാങ്ങീട്ട് അത് വായിച്ചില്ലെന്നോ.. ഞാന്‍ പോലും മുഴുമിക്കാതെയാ നിനക്കു തന്നത്... ഇതൊരുമാതിരി... ശ്ശെ...
സീത ഇങ്ങനോരു പ്രതികരണം പ്രിയനില്‍ നിന്ന് പ്രതീക്ഷിച്ചില്ല.. അവളാകെ വല്ലാണ്ടായി... ബാഗു തുറന്ന് പുസ്തകം വച്ചു നീട്ടുമ്പോള്‍ അയാള്‍ പറഞ്ഞു- വായിച്ചിട്ടു തന്നാല്‍മതി. പക്ഷേ ഇതിനി ആവര്‍ത്തിക്കരുത്..
ഒരിറക്കിന് ചൂടുചായ കുടിച്ച് പ്രിയന്‍ വാതിലിലൂടെ പുറത്തേക്കിറങ്ങി.. ബാല്‍ക്കണിയില്‍ താഴേക്കുനോക്കി ഒരു സിഗരറ്റിന് തീകൊടുത്തയാള്‍ പതിയെ ദേഷ്യം എരിച്ചു തീര്‍ത്തു. സീത അയാളുടെ അടുത്തേക്ക് ചെന്നു.
ക്ഷമിക്കണം.. വായിക്കാന്‍ തോന്നിയില്ല...
സാരമില്ല...
ഞാനിങ്ങനെയാ...
അകലെ കുയില്‍ നിര്‍ത്താതെ കൂകിക്കൊണ്ടിരുന്നു... സീത വെളിയിലേക്ക് കൈകള്‍നീട്ടി... നനുത്ത മഴത്തുള്ളിയെ തന്നിലേക്ക് പകര്‍ന്നു...
സീത ശ്രദ്ധിച്ചുവോ കഴിഞ്ഞ സമ്മേളനസ്ഥലത്തും ഇതുപോലെ കുയില്‍ കൂകിയിരുന്നു.
ഉം.. പ്രിയനില്‍നിന്നുള്ള പ്രതികരണത്തിന്‍റെ ഷോക്കില്‍നിന്നും അവള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നില്ല.
ശരിയാണ് അന്നും ഈ കുയില്‍ ഇതുപോലെ കൂകിയിരുന്നു. പക്ഷേ പ്രിയനെത്തുംവരെ അതു കേട്ടില്ലാലോ.. അവള്‍ അതോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം ഇന്നത്തെയോഗം പിരിയുകയാണ് ഇനി നാളെയെയുള്ളൂ...

എന്താ പരിപാടി... പ്രിയന്‍ സീതയോട് ചോദിച്ചു. റൂമിലേക്കുപോകണം അല്ലാതെന്താ... സറളേച്ചിയും വിഭുവുമൊക്കെ അടുത്തടുത്ത റൂമിലാ... വെറുതേ കത്തിവച്ചിരിക്കാം .. അത്രതന്നെ...
ഞാന്‍ ബീച്ചിലേക്കാ താന്‍ വരുന്നുണ്ടോ?
ഉം.. പെട്ടെന്നായിരുന്നു സീതയുടെ മറുപടി... അവള്‍പോലുമറിയാതെ മനസ്സതിനു സമ്മതിക്കുകയായിരുന്നു.

പ്രിയനോടൊപ്പം കാറില്‍ക്കയറുമ്പോള്‍ മനസ്സുനിറയെ സാക്കിയായിരുന്നു. തന്‍റെ സാക്കി.. കടല്‍ക്കരയിലെ തിരകള്‍ പലകഥകള്‍ മണല്‍ത്തരിയോട് പറയുന്നു. നഖചിത്രങ്ങളാല്‍ കടല്‍തക്കരയെ നോവിച്ച് ചില കുസൃതികള്‍ പ്രിയനോടൊപ്പം പലതും പറഞ്ഞുനടക്കുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ ഇടനാഴികളെന്നപോലെ അവളെക്കടന്ന് ആള്‍ക്കാര്‍ കടലിലേക്ക് ഇറങ്ങുകയും തിരകളെ പ്രകോപിപ്പിക്കുകയുംചെയ്തു. കടല്‍ക്കരയിലും അങ്ങു ദൂരെ എവിടെയോ ഒരു കുയില്‍ കൂകുന്നതുപോലെ അവള്‍ക്കുതോന്നി.

സാക്കി... ഇവിടെയും കുയിലുകാണുമോ? അവളുടെ സംബോധന പ്രിയനെ തെല്ലൊന്നമ്പരപ്പിച്ചു
എന്താ...
അല്ല.. തന്‍റെ മനസ്സുസൂക്ഷിച്ച പ്രതിബിംബം വായിലൂടെ പുറത്തായതിന്‍റെ ജാള്യതയില്‍... സീതയൊന്നു ചിരിച്ചു..
ആരാ ഈ സാക്കി...
സക്കീര്‍... ഞാന്‍ പ്രണയിച്ചിരുന്ന എന്‍റെ സക്കീര്‍.. നിങ്ങള്‍ക്ക് അവന്‍റെ ഛായയാണ്... നിങ്ങളുടെ സാമീപ്യം എനിക്ക് അവനെയെന്നോണം അനുഭവപ്പെടുന്നു.
സീത..നീ...
അതെ പ്രിയന്‍.. തന്‍റെ സാമീപ്യം പലപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നു... എന്‍റെ സാക്കിയായി... ദാ ആ കുയില്‍ നാദം കേട്ടില്ലേ... നീ പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്... നീ എന്‍റടുത്തെത്തുമ്പോഴാണ് ആ കുയില്‍ നിര്‍ത്താതെ കൂകുന്നത്... ഇണയുടെ മറുകൂകല്‍ കേള്‍ക്കാത്ത ആ പ്രണയ നൊമ്പരം...
സക്കീര്‍...പ്രിയനൊരു ഗദ്ഗദമെന്നോണം പറഞ്ഞു.. അപ്പോള്‍ ഞാന്‍ പ്രിയനെന്ന എഴുത്തുകാരന്‍...

റുമിനു മുന്നില്‍ സീതയെ ഇറക്കിവിടുമ്പോള്‍ ഏറ്റവും അടുത്തായിത്തന്നെ പ്രിയന്‍ ആ കുയിലിന്‍റെ കൂകല്‍ കേട്ടു. കാറിന്‍റെ മുന്‍ വിന്‍റോയില്‍ കുനിഞ്ഞുനിന്ന് അവള്‍ പറഞ്ഞു... ഈ കുയില്‍ നാദവും എന്‍റെ സാക്കിയുടെ സ്നേഹവും പകര്‍ന്നുതരാന്‍ വീണ്ടും നീയെത്തണം... പ്രിയനേ...

പ്രിയന്‍... പ്രണയാതുരമായ ഒരു വിളിക്കപ്പുറം അന്യമായിപ്പോകുന്ന തന്‍റെ അസ്തിത്വത്തിലേക്ക് നിഴലുകളുടെ മുഖംമൂടി ധരിച്ച് അയാള്‍ കാറോടിച്ചു. നിലാവു സൃഷ്ടിടിച്ച നനുത്ത നിഴലുകള്‍ അയാളെ കടന്നുപൊയ്ക്കൊണ്ടേയിരുന്നു.

2 comments:

ajith said...

കഥ വായിച്ചു.
എഴുത്ത് നന്നായിട്ടുണ്ട്, പക്ഷെ തീം പിടിച്ചില്ല!

grameenan said...

വായനയില്‍ സന്തോഷം പ്രിയനേ