ആ യാത്ര അവസാനിക്കുന്നിടത്ത് ഇത്തരത്തിലൊരു കണ്ടുമുട്ടല്‍ ഉണ്ടാകുമെന്ന് സ്വാമി ദത്താത്രയന്‍ കരുതിയതേയില്ല. കുടജാദ്രിയിലെ ചിത്രമൂലയില്‍ പന്ത്രണ്ടുകൊല്ലം തപസ്സിരുന്നു. പഞ്ചാക്ഷരിമാത്രം ഉരുവിട്ട് സര്‍വ്വേശ്വരന്‍റെ കാല്‍ക്കല്‍ സര്‍വ്വതും സമര്‍പ്പിച്ച് എല്ലാ ബന്ധങ്ങളും ത്യജിച്ച് നിര്‍വ്വികാരനായി.
ഒടുവില്‍ മുഷിഞ്ഞൊരു കൗപീനവുമായി ശുഷ്കിച്ച ശരീരത്തില്‍ യാത്ര തുടങ്ങുമ്പോള്‍ ഒന്നുമാത്രമേ അയാള്‍ മനസ്സിലവശേഷിപ്പിച്ചിരുന്നുള്ളു. കാശീനാഥന്‍റെ തിരുവുടലുകൊണ്ട് പവിത്രമായ കാശീതീര്‍ത്ഥത്തില്‍ ഒന്നു മുങ്ങിനിവര്‍ന്ന് ആ പാദാരവിന്ദങ്ങളില്‍ വിലയംപ്രാപിക്കണമെന്ന്.
മനസ്സറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഒരു നേരത്തെ ഭിക്ഷയില്‍ സംതൃപ്തനായി കാല്‍നടയായി കാശിയിലേക്കു തിരിക്കുമ്പോള്‍ തുണയായി കുടജാദ്രിയിലെ ഒരു കാട്ടുകമ്പും ഒരിക്കലും നീരുനിലയ്ക്കാത്ത കുറേവ്രണങ്ങളും അയാളോടൊപ്പം കൂടിയിരുന്നു.
നീണ്ടുവളര്‍ന്ന താടിരോമങ്ങളും മുഴുവനായും കഷണ്ടികയറിയ തലയും നീണ്ടുവളര്‍ന്ന നഖങ്ങളും അയാളെ ഒരു തരത്തിലും അസ്വസ്ഥനാക്കിയില്ല. വഴിയോരങ്ങളിലെ കാണാക്കാഴ്ചകളില്‍ അയാളുടെ മനസ്സ് ഒരിക്കല്‍പോലും ഉടക്കിനിന്നില്ല. ഒരാളോടുപോലും കൈനീട്ടാതെ തന്‍റെ ലക്ഷ്യത്തിലേക്കു നടന്നുപോകുന്നു അയാള്‍.
വിശപ്പും ദാഹവും അയാളറിഞ്ഞില്ല. തന്നെ കടന്നുപോകുന്ന ഒരാളെയും അയാള്‍ ശ്രദ്ധിച്ചില്ല. ലക്ഷ്യം ഒന്നു മാത്രം കാശി.
വിശ്വനാഥ ഗല്ലിയിലെ ഊടുവഴികളില്‍കൂടി അയാള്‍ ധൃതിയില്‍ നടന്നു. ചാണകവും മൂത്രവും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തൊരുക്കിയ സുഗന്ധത്തിനപ്പുറത്ത് ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗമായിരുന്നു അയാളുടെ മനസ്സുനിറയെ.
ശവങ്ങള്‍കൊണ്ട് സമൃദ്ധമായ ഗംഗാതീരത്ത് ക്ഷേത്രങ്ങളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. ഗംഗയിലൊന്നു മുങ്ങിനിവര്‍ന്ന് പഞ്ചാക്ഷരി ഉരുവിടുമ്പോള്‍ മനസ്സിനെന്തന്നില്ലാത്ത ആനന്ദമായിരുന്നു അയാള്‍ക്ക്. കല്പടവുകളില്‍ വലിഞ്ഞുപിടിച്ച് കയറി ഗല്ലിയിലെ ഊടുവഴികളിലേക്ക് തിരിഞ്ഞുനടക്കുമ്പോള്‍ അയാളുടെ കാല്‍ക്കലേക്ക് ആരോ നമസ്കരിച്ചുവീണു.
ശിവശങ്കരനെ മാത്രം ധ്യാനിച്ച് അദ്ദേഹത്തിന്‍റെ പാദാരവിന്ദങ്ങളില്‍ എത്തിച്ചേരുന്നതിനുമുന്‍പ് ആരാണിത്. സൗമ്യനായി അയാള്‍ തലമുണ്ഡനംചെയ്ത ആ ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു.
നിര്‍വ്വികാരനായി തിരിഞ്ഞുനടക്കുമ്പോള്‍ കൈകളില്‍ ബലമായൊരു പിടി. അതു വിടിച്ചുപോകാനയാള്‍ക്കു കഴിഞ്ഞില്ല. ഒരു തേങ്ങല്‍.
സ്വാമിന്‍.... ഇവിടെ.. ഈ ഗല്ലിയില്‍ മാനസ്സിയെ വിടിവിച്ചു പോകരുതേ..... ഒരു കൈത്തുണയായി.. ഈ ബലിയര്‍പ്പിക്കാന്‍ അങ്ങെന്നെ സഹായിച്ചാലും....
അമ്മേ.. എനിക്കു പോകേണ്ടതുണ്ട്. ശിവശങ്കരന്‍റെ സാന്നിദ്ധ്യം ഞാനാഗ്രഹിക്കുന്നു.
അങ്ങെന്നെ തിരിച്ചറിയില്ല എന്നെനിക്കറിയാം എങ്കിലും.... പിറക്കുംമുന്‍പേ കൊന്നുപോയ കുരുന്നിനെ ശങ്കരസമക്ഷത്തിലേക്ക് സമര്‍പ്പിക്കാന്‍.. ഒരു ബലിവറ്റ്... ഈ ഗംഗയിലേക്ക് തൂവാന്‍ തുണയായി അങ്ങെന്നോടൊപ്പം ഉണ്ടാകണമേയെന്ന് മനസ്സുരുകി പലവട്ടം കരഞ്ഞതാണ് ഞാന്‍. ഇന്ന് ഈ ഗല്ലിയില്‍ അങ്ങയെ കാണുമ്പോള്‍ ശങ്കരകൃപയാണതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. എന്നോടൊപ്പം വന്നാലും.
താനുരുവിട്ട പഞ്ചാക്ഷരിമന്ത്രത്തെ തകര്‍ത്തെറിഞ്ഞൊരു കൊള്ളിയാന്‍ ദത്താത്രയനെ കടന്നുപോയി. മനസ്സ് വര്‍ഷങ്ങളുടെ ഇടവപ്പാതികഴിഞ്ഞ് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു. താനുരുവിട്ടതും തപസ്സിരുന്നതും മായ്ച്ചുകളഞ്ഞ് ഒരു തുള്ളിയായ് കണ്ണുകളില്‍ പടര്‍ന്നിറങ്ങി. അയാള്‍ മാനസ്സിയെ ചേര്‍ത്തണച്ചു.
പടവുകളിലൊന്നില്‍ ഭൂമിയില്‍ നിഴലറിയാത്ത കുരുന്നിന് തര്‍പ്പണമൊരുക്കി ഗംഗയിലേക്കിറങ്ങുമ്പോള്‍ വിശ്വനാഥഗല്ലിയിലെ ഊടുവഴികളില്‍ അഘോരികള്‍ നൃത്തംചെയ്യുന്നുണ്ടായിരുന്നു.
No comments:
Post a Comment