Thursday, 28 May 2015

മയില്‍പ്പീലിത്തുണ്ട്


വെളുത്ത വിരികളുള്ള കിടക്കയില്‍ പാദസരം മാത്രം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. ജനാലയിലെ കര്‍ട്ടന്‍ ഞൊറിവിലൂടെ ചെറു നിഴലനക്കങ്ങള്‍ അവളെ പരിഹസിക്കുന്നതുപോലെ. കവിള്‍ കനര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന നോവിന്‍റെ ലായനി ചുണ്ടുകളില്‍ തേങ്ങലിന്‍റെ വിങ്ങല്‍ തീര്‍ക്കുന്നുണ്ട്.

കണക്കുപുസ്തകത്തിന്‍റെ കള്ളികളില്‍ വരഞ്ഞുവയ്ക്കുന്ന അക്കങ്ങള്‍പോലെ കൂട്ടിക്കുറച്ച് മനസ്സിലേക്ക് വകഞ്ഞെടുക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊഞ്ഞനം കുത്തുന്നതുപോലെ.

അമ്മേ ദാ നോക്ക് ഞാന്‍ വരച്ചതാ.. കുഞ്ഞുവാവ... കൊള്ളാമോ?
ശ്വേതയ്ക്ക് സങ്കടം സഹിക്കാനായില്ല, അവള്‍ പാറുവിനെ നെഞ്ചോട്ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

അവളെവിടെ തന്‍റെ തോന്നലായിരുന്നോ? ഇല്ല അവളെന്‍റടുത്തുതന്നെയുണ്ടായിരുന്നു. നന്ദൂ... മോളേ....

ശ്വേത തലയിണയും കിടക്കവിരികളും വലിച്ചെറിഞ്ഞു. തെറിച്ചുവീണ തലയിണയിലൊന്ന് നന്ദുവാണെന്നവള്‍ക്കുതോന്നി. ഓടിച്ചെന്ന് വാരിയെടുക്കുമ്പോഴേക്കും ചെറിയ മയക്കത്തിലേക്കവള്‍ വഴുതിവീണു.

റോസ് നിറത്തിലുള്ള വെള്ള കിന്നരികള്‍ വച്ചുപിടിപ്പിച്ച ഒരു കുഞ്ഞുടുപ്പ്. അതില്‍ ഞാത്തിയിട്ടിരിക്കുന്ന സ്വര്‍ണ്ണനൂലുകള്‍. കുറേ വളപ്പൊട്ടുകള്‍ മഞ്ചാടി മണികള്‍... ശ്വേതയുടെ മനസ്സിലൂടെ പലചിത്രങ്ങളും കടന്നുവന്നു.

നിറയെ മയില്‍പ്പീലികള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു കാവ് അതിന്‍റെ കിഴക്കേ കോണില്‍ കുളമാവില്‍ നിന്നും ഞാന്നുകിടക്കുന്ന വള്ളിയില്‍ നന്ദു, ഒപ്പമൊരു കണ്ണനും...

മഴ ശക്തമാകുന്നുണ്ട് ഈശ്വരവാര്യര്‍ ശ്വേത കിടന്നിരുന്ന മുറിക്കുപുറത്തെ ബഞ്ചില്‍ കാല്‍ കയറ്റിവച്ചിരുന്നു.  അയാള്‍ വളരെ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം ഇന്നൊന്നും കഴിച്ചിട്ടില്ലായെന്ന്.

വാര്യരെ ഇങ്ങനിരുന്നാലെന്താ ചെയ്ക... വല്ലതും കഴിക്കൂ... കുട്ടി ഉറങ്ങുകയല്ലേ....
ഒരു വിളര്‍ത്ത ചിരിമാത്രം സമ്മാനിച്ചു വീണ്ടും തറയിലേക്ക് ദൃഷ്ടിപതിപ്പിച്ച് അയാളിരുന്നു.
കേശവേട്ടന്‍ അയാളുടെ അടുത്ത് ചെന്നിരുന്നു. കാവിലെ വെളിച്ചപ്പാടാണ് കേശവേട്ടന്‍. പ്രതാപമുണ്ടായിരുന്ന കാലത്ത് ദൈവത്തിനു സമം എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇന്ന് കാലം മാറി. കാവ് ഉത്സവത്തിനുമാത്രം ആളുകൂടുന്നിടമായി. അതും രാത്രി ഗാനമേളയോ മിമിക്രിയോ ഉണ്ടാച്ചാല്‍  മാത്രം.

കേശവേട്ടന്‍ വാര്യരുടെ തോളത്ത് തട്ടി സമാധാനിപ്പിച്ചു... എന്താ ചെയ്ക.. സുകൃതക്ഷയം.. കാവിലമ്മേ.....

വാര്യരുടെ കണ്ണുകളില്‍ നിന്നും ചിലതുള്ളികള്‍ ഉരുണ്ട് താഴേയ്ക്ക് പതിച്ചു.

നന്ദൂ...... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.

കൈകള്‍ തോര്‍ത്തുമുണ്ടുകൊണ്ട് ബന്ധിച്ചിരിക്കാ എന്‍റെ കുട്ടീടെ..... ആരാ സഹിക്ക അല്ലേ കേശവേട്ടാ.... ഉം...

കേശവേട്ടന്‍ ചുമരിലേക്ക് ചാരി മലര്‍ന്നിരുന്നു... ഓര്‍മ്മകള്‍ ദേവൂന്‍റെ കുടിലിനകത്തേയ്ക്ക് ഇഴഞ്ഞു നീങ്ങി. കാവിലെ വെളിച്ചപ്പാടാണു താനെങ്കിലും പലപ്പോഴും ദേവു തനിക്കൊരു ഹരമായിരുന്നു. അവളുടെ പിന്നാമ്പുറങ്ങലില്‍ നിന്ന് ദൃഷ്ടിയെടുക്കാതെ കോരന്‍റെ ചായപ്പീടികയിലെ തടിബഞ്ചില്‍ പലപ്പോഴും താനിരുന്നിട്ടുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദേവുവിന്‍റെ ഉടല്‍ മിടുക്ക്. അതൊട്ടനുഭവിക്കാന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അവള്‍....

വാര്യര്‍ കഴിഞ്ഞദിവസം പറയുന്നതുവരെ തനിക്കാ കഥ അറിയില്ലായിരുന്നു. പക്ഷേ അറിഞ്ഞപ്പോള്‍ മനസ്സേറെ വേദനിച്ചു. രക്ത്സ്രാവംമൂലം മരിച്ചതാണെന്നാണ് താനും നാട്ടുകാരും കരുതീത്. അവളുടെ വകയിലൊരമ്മാവന്‍ രത്നാകരനും അതങ്ങുറപ്പിച്ചുപറഞ്ഞു. കേള്‍പ്പോരും കേഴ്വിയുമില്ലാത്തതിനാല്‍ ദേവുവിന്‍റെ മരണത്തെ ആരും ചിക്കിചികഞ്ഞതുമില്ല.

അവള്‍ മരിച്ചിട്ട് ഈ കര്‍ക്കിടകത്തില്‍ അഞ്ചുകൊല്ലമാവുന്നു. ശ്വേതയും രവിയും വാര്യരുടെ വീട്ടില്‍ തിരിച്ചെത്തീട്ടുമായി അത്രേംകൊല്ലം. വരുമ്പോള്‍ നന്ദു കൈക്കുഞ്ഞായിരുന്നു. പെറ്റെണീറ്റ് നേരെ ഇങ്ങുപോന്നൂന്നാണ് വാര്യര് തന്നോട് പറഞ്ഞത്.

ദേവൂന്‍റെ ചാക്കാലച്ചിലവ് മുഴുവന്‍ കൊടുത്തത് രവിയായിരുന്നു. ഇപ്പോഴാണ് അതിന്‍റെയൊക്കെ അര്‍ത്ഥം തനിക്കു മനസ്സിലാകുന്നത്. സത്യത്തില്‍ ദേവു കത്തെഴുതിയിട്ടാണ് രവി എത്തിയത്. അവള്‍ ഗര്‍ഭിണിയായിരുന്നു. ശ്വേതയ്ക്കാണെങ്കില്‍ ഇതുവരെയും കുട്ടികളുമില്ല. ദേവുവും രവിയുമായി ഇത്തരത്തിലൊരു ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടിലാര്‍ക്കുമറിയില്ല. താന്‍പോലും വാര്യരിന്നലെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അങ്ങനൊന്നൂഹിക്കകൂടി ചെയ്യില്ല. വാര്യരുടെ വലിയമ്മാവന്‍ ദേവുവിന്‍റെ അമ്മൂമ്മയ്ക്കു കൊടുത്തതാണ് പടിഞ്ഞാറെക്കോലായിലെ പത്തുസെന്‍റ് തെങ്ങുംപണ.

ദേവൂന് വയറ്റിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. മരിക്കുന്നതിന് ഏറെക്കാലം മുമ്പുതന്നെ അങ്ങോട്ടേയ്ക്ക് ഒരു മനുഷ്യരേം ദേവു അടുപ്പിച്ചിരുന്നുമില്ല. താനാ തൊഴിലൊക്കെ നിര്‍ത്തീന്ന് അന്നത്തെ ഉത്സവത്തിന് അവളുതന്നോട് പറഞ്ഞതും കേശവേട്ടനോര്‍ത്തു.

ഒറ്റാന്തടിയായ എനിക്ക് എന്തോ വേണം. തട്ടിനുംമുട്ടിനുമൊക്കെ ആരേലും തരണുണ്ട്. പിന്നെ പറമ്പിലെ തേങ്ങേംകൂടിയാകുമ്പം കുശാല്‍.... കേശവേട്ടന്‍റെ മനസ്സില്‍ ആ വാചകം ഒന്നു വന്നു പോയി. സത്യത്തില്‍ രവിയുമായി അടുത്തതിനുശേഷം ദേവു മറ്റൊരാളിന് പാ വിരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാലും ഇതെങ്ങനെ ഇത്ര രഹസ്യമായി സാധിച്ചു.

നന്ദൂ.. നീ എവിടെയാ..... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.
കഴിഞ്ഞമാസം ആയില്യത്തിന്‍റന്ന് വൈകിട്ട് കാവിലെ വെളക്കു കൊളുത്താന്‍ പോയതായിരുന്നു രവി. താനും വരുന്നെന്ന് ശാഠ്യംപിടിച്ച് കൂടെപ്പോകുമ്പോള്‍ മരണത്തില്‍ അച്ഛനൊപ്പം കൂട്ടുപോകുകയായിരുന്നു അവളെന്നാരുമറിഞ്ഞിരുന്നില്ല. കാവിനടുത്തെത്തിയപ്പോള്‍ ഒരിടി.. രണ്ടു തീഗോളങ്ങളാക്കി അവരെ എരിച്ചുകളഞ്ഞു. തിരിച്ചറിയാനാകാത്ത രണ്ടു കരിക്കട്ട തുണ്ടുകളായി..... ആ കാഴ്ച താളംതെറ്റിച്ച ശ്വേതയുടെ മനസ്സിനെ ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ കൈകാലുകള്‍ ബന്ധിച്ച്...

വാര്യരുടെ മുതുകില്‍ ഒന്നു തലോടി കേശവേട്ടന്‍ എഴുന്നേറ്റു... ഇടനാഴിയിലെ അങ്ങേത്തലയ്ക്കല്‍ ചില്ലുവാതിലിലൂടെ പുറത്തേയ്ക്കു നോക്കി.. മഴ കനക്കുന്നുണ്ട്.... മഴത്തുള്ളികള്‍ കുത്തിവരയ്ക്കുന്ന ചിത്രങ്ങളില്‍ ദേവുവിന്‍റെ മുഖം അയാള്‍ കണ്ടു... അവള്‍ ചിരിച്ചു... കള്ളന്‍... എന്നെ പലപ്പോഴും നിങ്ങള് ഒളികണ്ണിട്ട് നോക്കീട്ടുണ്ടല്ലേ.... പക്ഷേ എന്‍റെ തമ്പ്രാനു ഈയുടല്‍ പകുത്തുവച്ചതിനുശേഷം ആര്‍ക്കും പായവിരിച്ചിട്ടില്ല ഈ ദേവു.... കണ്ടോ അവരിപ്പഴും എന്‍റൊപ്പമാ.... ഏന്‍റെ തമ്പ്രാനും മോളും.

ഒരു വെള്ളിടി ചില്ലു ജാലകത്തില്‍ പതിച്ചു. ആ പ്രകാശത്തില്‍ രവിയും ദേവുവും നന്ദുവിന്‍റെ കൈപിടിച്ച് അകലേയ്ക്കുപോയി...

എങ്ങും ഇരുട്ട് അയാള്‍ വിരല്‍ പരതിനോക്കി ഒരു നനവ് തനിക്കു ചുറ്റും അരിച്ചു കയറുന്നു. കൊഴുത്ത എന്തോ ഒരു ദ്രാവകം കൈയ്യില്‍ പറ്റി. മണത്തുനോക്കി.... രക്തം... ഒരു ഞരക്കം.. ഒപ്പമൊരു കുഞ്ഞിന്‍റെ കരച്ചില്‍... ആ ഇരുട്ടില്‍ അയാളതിനെ വാരിയെടുത്ത് പുറത്തേയ്ക്കോടി.... വാര്യത്തെ തിണ്ണയില്‍ ആച്ചലച്ച് നിലംപതിക്കുമ്പോള്‍ മഴ ഇടിച്ചുകുത്തി പെയ്യുകയായിരുന്നു.



No comments: