ആലോത്തൂഞ്ഞാലില്‍ ആകാശംമുട്ടെ ചവുട്ടിതൊന്നുകയായിരുന്നു മനസ്സ്‍. പറന്നുചെന്നു ചക്കരമാവിന്‍റെ തളിരയിലയൊന്നു കടിച്ചുമടങ്ങുമ്പോഴേക്കും ഫ്ലെയിറ്റ് തിരുവനന്തപുരത്ത് ലാന്‍റ്ചെയ്യാന്‍ പോകുന്നുവെന്നുള്ള അനൗണ്‍സ്മെന്‍റ് കേട്ടു. പിന്നെ ഒരു വെപ്രാളമായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്തുക. ഈ ഓണത്തിന് അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ. അതുകൊണ്ടുതന്നെ വരുന്നവിവരം അമ്മയോടു പറഞ്ഞതുമില്ല. പാറുവിനെയും മക്കളേയും കൊണ്ടുവരാത്തതില്‍ അമ്മ ശഠിക്കും എങ്കിലും.. തന്‍റെ വരവ് അവര്‍ക്കുത്സവമാകും. ഇടയ്ക്കൊക്കെ നാട്ടിലേക്ക് വരാറുണ്ടെങ്കിലും ഏകദേശം ഇരുപതു വര്‍ഷമെങ്കിലുമാകും ഒരോണം അമ്മയോടൊത്ത് ചിലവഴിച്ചിട്ട്.
അച്ഛനുണ്ടായിരുന്നപ്പോ തൊടിയില്‍ ഊഞ്ഞാലുകളിടുമായിരുന്നു. ഒരു വലിയ ആലോത്തൂഞ്ഞാലും, പിന്നെ ചക്കരമാവിന്‍റെ കൊമ്പില്‍ മറ്റൊരു ചെറുതും. വലിയവര്‍ ആടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സങ്കടം വരാണ്ടിരിക്കാനെന്നാണ് അച്ഛന്‍റെ ഭാഷ്യം. ഓണനാളുകളില്‍ അച്ഛന് കുഞ്ഞുങ്ങളേക്കാള്‍ ഉത്സാഹമാണ്. ഓലപന്തുമെടഞ്ഞ് കുട്ടികള്‍ക്കൊപ്പം കളിക്കുക, അത്തക്കളം ഒരുക്കുക, തോലുമാടന്‍ കെട്ടുക അങ്ങനെ. ഞാനും സുജേടത്തിയും വളര്‍ന്നിട്ടും അച്ഛന്‍ ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പോകപ്പോകെ സുജേടത്തിയുടെ മക്കള്‍ക്കൊപ്പമായി കളി. ഒരു പാട് വായിക്കുന്ന അച്ഛന്‍ കഥകള്‍ ഒരുപാട് പറഞ്ഞുതരും. അതിനാല്‍ത്തന്നെ അച്ഛനുകൂട്ടായി അകലത്തെകുട്ടികളും കൂടും. കളിയാക്കി പലപ്പോഴും വാനരമുഖ്യന്‍ എന്നാണ് അപ്പൂപ്പന്‍ അച്ഛനെ വിളിക്കാറ്. അച്ഛന്‍ അതിനും ചിരിക്കുകയേയുള്ളൂ.
അതൊക്കെ പഴയകാലം. പാറു വരാത്തതിനു കാരണം എന്തുപറയാനാ അമ്മയോട്. അമ്മയ്ക്കറിയാം അവള്‍ ഇവിടേയ്ക്കുവരില്ലെന്ന്. മാത്രമല്ല കുട്ടികളെ അയയ്ക്കുകയുമില്ല. അമ്മ മക്കളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അമ്മാമയും മറ്റും ചോദിക്കുമ്പോഴൊക്കെ മുഖംകുനിച്ച് നിക്കാനേ തനിക്കായിട്ടുള്ളൂ. അല്ലാതെന്തുപറയാന്‍, അതിനെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്.
ടാക്സി വീട്ടുപടികല്‍ നിര്‍ത്തി കാശുകൊടുക്കുമ്പോള്‍ അമ്മ ഉമ്മറത്തെത്തിയിരുന്നു.
ആ... ഉണ്ണിയല്ലേ അത്... എടാ നീ... അമ്മയ്ക്ക് സന്തോഷവും സങ്കടവും ഒക്കെ ... നിറഞ്ഞകണ്ണുകള്‍ തുടച്ച് നെഞ്ചിലേക്ക് ചേര്‍ത്തെടുക്കുമ്പോള്‍ പഴയ ഇള്ളക്കുട്ടിയായോയെന്ന് മനസ്സു സംശയിച്ചു. ലോകത്തിലെവിടെപ്പോയാലും ലഭിക്കാത്തൊരു സുരക്ഷിതത്വം മനസ്സിലനുഭവപ്പെട്ടു.
കൈയ്യ്പിടിച്ച് അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാറുവും മക്കളും എവിടെയെന്ന് അമ്മ പതിയെ ചോദിക്കുന്നത് ഒരു ദീര്‍ഘനിശ്വസത്തിന്‍റെ ചുരുളുകളില്‍ ഞാനറിഞ്ഞു.
അമ്മാ... അത്... മുഴുമിക്കേണ്ടിവന്നില്ല. രക്ഷിക്കാനെന്നോണം സുജേടത്തിയുടെ മക്കള്‍ ഓടിയെത്തി. കുഞ്ഞാമന്‍ എന്താ ഒരു മുന്നറിയിപ്പുമില്ലാണ്ട്.., ഓണത്തിനുകാണുമോ അതോ?..
കുഞ്ഞാമന്‍ എന്നാണ് അവര്‍ വിളിക്കാറ്. അവര്‍ ഏറെ വളര്‍ന്നിരിക്കുന്നു. മൂത്തവള്‍ ഡിഗ്രിക്കാണുപോലും. ഇളയവന്‍ എന്‍ട്രന്‍സെഴുതി നില്‍ക്കുന്നു. കാലം ഒരുപാട് കടന്നുപോയിരിക്കുന്നു. തന്‍റെ താടിരോമങ്ങളും അങ്ങിങ്ങ് നരച്ചുതുടങ്ങി.
ഹോ... കുഞ്ഞാമന്‍ വന്നോ.. ഇനി ഇവിടെ പൊടിപൂരംതന്നെ.. എത്രനാളായെടാ ഒരോണം ഒരുമിച്ചുണ്ടിട്ട്.. സുജേടത്തിയുടെ വാക്കുകളിലും പരിഭവം നിറയുന്നത് ഞാനറിഞ്ഞു. കുട്ടികളോട് വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. സന്ധ്യയായിത്തുടങ്ങി. കുളിച്ച് കാവിലൊന്ന് തൊഴണം. പിന്നെ പഴയ കൂട്ടുകാരെയൊക്കെ കാണാനാകുമെങ്കില്‍ അതും.
കുളിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ചന്ദ്രമാമ പടിപ്പുരകടന്നെത്തി.
അവള്‍ ഇപ്പഴും കൂടെകൂടീലല്ലേ... നീ എന്നെ ശപിക്കുന്നുണ്ടാകും. ഞാന്‍ നിര്‍ബന്ധിച്ചില്ലാച്ചാല്‍ അതു സംഭവിക്കില്ലായിരുന്നു. നാട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കാനൂടി അവള്‍ കൂട്ടാക്കണില്ലാലോ എന്‍റെ ഭഗോതീ... എന്‍റെ സ്വാര്‍ത്ഥത അല്ലാതെന്താ... നിന്‍റെ മനസമാധാനംകൂടി നഷ്ടമാക്കീന്നല്ലാതെ...
ഞാനൊന്നും പറഞ്ഞില്ല. ഭഗീരഥീന്ന് വിളിച്ച് അക്ഷമനായി അകത്തേക്കുപോകുന്ന ചന്ദ്രമാമയെ നോക്കി ഒരു നെടുവീര്‍പ്പിട്ട് ഞാന്‍ കാവിലേക്ക് നടന്നു.
ആല്‍ത്തറയില്‍ ആരൊക്കെയൊ ഉണ്ട്. നടയിലൊന്ന് തൊഴുതുവരാം.. ദേവിയെതൊഴുത് മടങ്ങുമ്പോള്‍ മനസ്സിലൊരു നിര്‍വൃതി തോന്നി.
അമ്മേ മഹാമായേ ശര്‍വ്വശക്തിസ്വരൂപിണീ. കാത്തുരക്ഷിക്കണേ.... കാര്‍ത്യായനിയമ്മ മനസ്സറിഞ്ഞ് ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്.
സോമാ നീ എപ്പഴാ വന്നേ... പ്രാര്‍ത്ഥനയ്ക്കിടയിലും കുശലം തിരക്കിയ അവരോട് രാവിലെ എന്നൊരൊഴുക്കന്‍ മട്ടില്‍ പറഞ്ഞ് അല്‍ത്തറയിലേക്കു നടന്നു.
രവീന്ദ്രനും, ബൈജുവും, ലോലുവുമൊക്കെയുണ്ട്.
ങാ.. നീ എപ്പഴാടാ എത്തിയേ... രവീന്ദ്രന്‍ ചോദിച്ചു.
രാവിലെ എത്തി മച്ചാ.. ഈ ഓണം അമ്മയോടൊപ്പമാകാമെന്നു വിചാരിച്ചു. എടാ.. ഇപ്പോ ക്ലബ്ബൊന്നുമില്ലേ.. ഓണാഘോഷോം മറ്റും.. എല്ലാത്തിലും ഒന്നൊത്തുകൂടാന്‍ ഒരു കൊതിതോന്നണു..
ഓ..ആര്‍ക്കാ അതിനൊക്കെ സമയം... ഇവിടെ ഇത്തിരിനേരം ഇരിക്കണതിനുതന്നെ വീട്ടില്‍ പുകിലാ..
കൊച്ചുവര്‍ത്തമാനങ്ങളില്‍ ബാല്യത്തിലേക്ക് ഞങ്ങളൊന്നൂളിയിട്ടു... പലവഴിക്കായി പിരിയുമ്പോഴും മനസ്സ് അച്ഛനേയും ഓണക്കാലത്തേയും വിട്ടകന്നില്ല.
രാവിലെ അത്തക്കളമൊരുക്കുന്ന അനുവിനെകണ്ടപ്പോള്‍ സുജേടത്തിയാണെന്നു ഒരു നിമിഷം തോന്നിപ്പോയി. അവള്‍ സുജേടത്തിയുടെ തനിപകര്‍പ്പാ.. കുശുമ്പുകാട്ടി അവളോട് പൂവിനടികൂടുന്ന സോഹനെന്ന കുറുമ്പനാകാന്‍ തോന്നി. അനുവിനടുത്തെത്തി തെച്ചിയിതളുകള്‍ അടര്‍ന്നുപോകാതെ വാലു നുള്ളിക്കൊടുക്കുമ്പോള്‍ അവള്‍ ചോദിച്ചു.
ആഹാ.. കുഞ്ഞാമന്‍ എത്ര ഭംഗിയായി വാലു നുള്ളുന്നു. മുത്തശ്ശനുണ്ടായിരുന്നപ്പോള്‍ എനിക്കിതിനൊക്കെ ഒരു സഹായമായിരുന്നു. ഹോ-- എന്തു രസം തോലുമാടനൊക്കെകെട്ടി...
കുഞ്ഞാമാ.. നമുക്കിത്തവണ ഒന്നു കെട്ടിയാലോ...
മനസ്സ് അവളോടൊപ്പം കുഞ്ഞാവുകയായിരുന്നു. തലകുലുക്കി സമ്മതിച്ചു.
തോലും പാളയും തൊടിയിലുണ്ട്. പിന്നെന്താ കെട്ടിയാല്...
ആരാ ഇപ്പ കെട്ടുക...
ഞാന്‍ തന്നെ ആവാം എന്താ അനൂ.. അവള്‍ പൊട്ടിച്ചിരിച്ചു. അത ് ആ വീടാകെ പടര്‍ന്നു..
രാത്രി ഉറങ്ങുമ്പോള്‍ മനസ്സുനിറയെ തോലുമാടനായിരുന്നു. എല്ലാരും തമാശയായി ചിരിച്ചു തള്ളിയെങ്കിലും മറക്കാനാകുന്നില്ല. സ്വപ്നത്തിന്‍റെ പടവുകളില്‍ നിശാഗന്ധികള്‍ പൂത്തു നില്‍ക്കുന്നു. ആ സൗരഭ്യം ഓണനിലാവില്‍ ലയിപ്പിച്ച് നക്ഷത്രങ്ങളെ ഭൂമിയിലേക്ക് ഓണത്തുമ്പികളായി പറത്തിവിടുന്നു. തുമ്പകള്‍ എനിക്കായി പൂത്തു നില്‍ക്കുന്നു. തൊടിയില്‍ നിന്നൊരു പാള മുറിച്ചെടുക്കണം. ഉണര്‍ന്ന് തൊടിയിലേക്കു നടന്നു. നല്ല നിലാവുണ്ട്.
പാള മുറിച്ചെടുത്ത് ഒരു മുഖമൂടി തയ്യാറാക്കി. ഇനിവേണ്ടത് കുറച്ച് തോല്. തൊടികടന്ന് വാഴത്തോപ്പിലെ കരിയിലകള്‍ ഒന്നൊന്നായി മുറിച്ചെടുത്തു. തോലുമാടനാകാന്‍ മനസ്സുവെമ്പി. പുലര്‍ന്നിട്ടില്ല. തോലുകൊണ്ട് കാലുകള്‍ പൊതിഞ്ഞുകെട്ടി. കൈകള്‍ പൊതിയാനായി ശ്രമിക്കുമ്പോഴേക്കും പരാജയപ്പെട്ടുപോകുന്നു. ഒറ്റക്ക് കഴിയുന്നില്ല. പെട്ടെന്ന് ആരോ എന്നെ സഹായിക്കുന്നതുപോലെ തോന്നി. ഞാന്‍ തയ്യാറാക്കിവച്ചിരുന്ന മുഖമൂടി അണിഞ്ഞൊരാള്‍. എതാണെന്നോ എന്തിനാണെന്നോ ചോദിച്ചില്ല. എനിക്ക് എത്രയും പെട്ടെന്ന് മാടനാകണമായിരുന്നു. പുലരുമ്പോഴേക്കും അത്തക്കളത്തില്‍ അനുവെത്തുമ്പോള്‍ അവളുടെയടുത്ത്... കുഞ്ഞാമന്‍ തോലുമാടനായി...... അതു മാത്രമായിരുന്നു എന്‍റെ ചിന്ത. തളര്‍ന്നപ്പോള്‍ ഒരു വാഴയില്‍ ചാരിയിരുന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
ഒരു കുഞ്ഞിന്‍റെ കരച്ചില്‍, അതെന്നെയുണര്‍ത്തി. നേരം വെളുത്തുവരുന്നു. കണ്ണുതിരുമി, നിര്‍ത്താതെ ആ കരച്ചില്‍ തന്‍റെ അരികത്തു കേള്‍ക്കുന്നതു പോലെ.. അവശേഷിക്കുന്ന കരിയിലകളില്‍ ഒരു ചോരകുഞ്ഞ്.. ഞെട്ടിപോയി... ഇത്...
നിര്‍ത്താതെയുള്ള കരച്ചില്‍ അതെനിക്കുതാങ്ങാവുന്നതിലും അപ്പുറമാണ്. കുഞ്ഞിനെയെടുത്ത് മാറോട് ചേര്‍ത്തു. എന്തുചെയ്യണമെന്നറിയാതെ വീട്ടിലേക്കു നടക്കുമ്പോള്‍ മുഖംമൂടി മുഖത്തേക്കു വലിച്ചു താഴ്ത്തിവച്ചു.
പടിപ്പുരകടന്ന് മുറ്റത്തെത്തുമ്പോള്‍ അനു അത്ഭുതത്തോടെ വിളിച്ചു കൂവി....
കുഞ്ഞാമാ ഇതാ മാടന്‍.. നമ്മളിന്നലെ പറഞ്ഞതേയുള്ളൂ... ആകാംക്ഷയാല്‍ ഉമ്മറത്തേക്കെല്ലാവരും എത്തി..... അവള്‍ കുഞ്ഞാമനെ മാത്രം കണ്ടില്ല....
ഈ കുഞ്ഞാമന്‍ ഇതെവിടെപ്പോയി.... മുറിയിലും തൊടിയിലും അവള്‍ ഓടിനടന്നു....
എന്‍റെ കൈയ്യിലെ കുഞ്ഞ് .. അത് വീണ്ടും കരഞ്ഞു....
അപ്പോഴാണ് അതെല്ലാവരും ശ്രദ്ധിച്ചത്....
അയ്യോ ആരാ ഇപ്പം ഈ മാടന്‍റെ കൈയ്യില്‍ ഈ ചോരകുഞ്ഞിനെ ഏല്പിച്ചത്..... അമ്മയാണ് ചോദിച്ചത്....
ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. പടിക്കെട്ടിലേക്ക് കുഞ്ഞിനെ വച്ച് മുഖംമൂടി മാറ്റുമ്പോള്‍ എല്ലാവരും ഒരുമിച്ചു പറഞ്ഞു... കുഞ്ഞാമന്‍....
ഉറ്റവര്‍ ഉപേക്ഷിച്ചുപോകുംപോലെ..... ഒരു നീണ്ട മൗനം...
അത് തോലിനുള്ളിലെ പച്ചമനുഷ്യനെ ചുറ്റി തപസ്സുചെയ്തുകൊണ്ടേയിരുന്നു
No comments:
Post a Comment