Wednesday, 10 June 2015

ഹെലീന

സ്നേഹതാഴ്വാരത്തിലെ ധ്യാന മണ്ഡപത്തില്‍ ഹെലീന കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കി. വര്‍ണ്ണപ്പീലികള്‍ വിടര്‍ത്തിയ മയിലുകള്‍ ചുറ്റും നൃത്തം വയ്ക്കുന്നു. ചിലത് വെളുത്ത സുന്ദരന്മാരാണ്. ഏകാഗ്രമായ മനസ്സ് ആ വര്‍ണ്ണങ്ങളിലൂടെ ഇഴഞ്ഞ്  ബാല്യത്തിലെ പാടവരമ്പിലേക്കും മുള്ളിക്കായും മുക്കുറ്റിയും നിറഞ്ഞ പറമ്പിലേക്കും അലസ്സമായി നടന്നു. കൂമ്പാരംകൂട്ടിയ മണ്ണിന്‍ പാളികളിലൂടെ മുട്ടയുമായി വരിവച്ചുപോകുന്ന കട്ടുറുമ്പിനെ നോക്കി അവള്‍ ഇത്തിരിനേരം നിന്നു. പിന്നെ കുളത്തിലെ പളുങ്കുവെള്ളത്തില്‍ പാവാട പൊന്തിച്ച് കാല്പാദംകൊണ്ട് പതിയെത്തൊട്ടു. ചില്ലോളങ്ങള്‍ വളയങ്ങളായി അകന്നുപോകുന്നതിനെ നോക്കി അവള്‍ ചിരിച്ചു. ആ ചിരി നിശബ്ദതയിലെ വളകിലുക്കങ്ങളായി...  കുപ്പിവളകള്‍ വെറുതെ കിലുക്കിനോക്കി.... വീണ്ടും ചിരിച്ചു.. കൈതനാമ്പുവലിച്ചൂരി അതിന്‍റെ ചുവട് കടിച്ചുതിന്നു. അയണിപ്ലാവിന്‍ ചുവട്ടില്‍ നിന്ന് കുന്നോളം കുരുപെറുക്കി വട്ടയിലയില്‍ പൊതിഞ്ഞ് കുന്തിച്ചുചാടി തറവാട്ടിലേക്കോടി...

വലിയതറവാടിന്‍റെ ഉമ്മറക്കോലായില്‍ അമ്മായിയുടെ ഭര്‍ത്താവ് ഇരിക്കുന്നു. ഹെലീനയുടെ മനസ്സൊന്നു പിടഞ്ഞു... അവള്‍ അടുക്കളവരാന്തവഴി അകത്തേക്ക് കയറി... 'എടീ പെണ്ണേ......' അയാള്‍ അങ്ങനെയാണ് എപ്പോഴും... കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളേയും അയാള്‍ ഉപദ്രവിക്കും. പലപ്പോഴും പലരും വഴങ്ങിക്കൊടുക്കാറുണ്ട്... അവള്‍ ഉഴറി ഒളിക്കാറാണ് പതിവ്. തറവാട്ടിലാണേല്‍ ആരുമില്ല. അല്ലേലും ആരാണിവിടെ ഉള്ളത്.. വയസായ അപ്പൂപ്പനും അമ്മൂമ്മയും. ആ സാന്നിദ്ധ്യംപോലും അവള്‍ക്കൊരു ധൈര്യമാണ്. ഇന്നാണേല്‍ ആരുമില്ല. ഹെലീന പതിയ പുറത്തേക്കിറങ്ങാന്‍ ഭാവിച്ചു.

എടീ പെണ്ണേ ഒരു ചായയിട്... അവള്‍ കുടുങ്ങി.. അടുപ്പില്‍ തീകൂട്ടുമ്പോള്‍ അവിടെ നിന്നും എങ്ങനെ രക്ഷനേടാം എന്നതുമാത്രമായിരുന്നു ഹെലീനയുടെ ചിന്ത... ഒരുവിധം ചായ ശരിയാക്കി ഉമ്മറക്കൈവരിയില്‍ വച്ച് തിരിഞ്ഞോടുമ്പോഴേക്കും അയാള്‍ കൈയ്യില്‍ പിടുത്തമിട്ടിരുന്നു. വലിച്ചുപിടിച്ച് തട്ടുകൂടത്തിന്‍റെ മുകളിലേയ്ക്കയാളെത്തിച്ചു. ഉറക്കെ വിളിച്ചും പിച്ചിയും അവള്‍ പ്രതികരിച്ചുകൊണ്ടേയിരുന്നു. പിഞ്ചിത്തുടങ്ങിയ പുള്ളിപ്പാവാടയുടെ തുമ്പുതെറുത്തുകയറ്റി അയാള്‍ അക്രമണത്തിനു മുതിര്‍ന്നുകൊണ്ടേയിരുന്നു. ഹെലീന സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞൊരു തള്ളുകൊടുത്തു. അയാള്‍ മലര്‍ന്ന് പുറേക്ക് മറിഞ്ഞു ആ തക്കത്തിന് പുറത്തേക്കോടി.. ഓട്ടത്തില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളും അവിടെയും ഇവിടെയുമൊക്കെ മുട്ടി. ഒന്നും സാരമാക്കിയില്ല. പടിഞ്ഞാറെക്കോലായില്‍ കരീലയും ചവറും കൂട്ടിയുടുന്ന ഒരു വലിയ കുഴിയുണ്ട്. അവള്‍ അതിലേക്ക് ചാടി. കരിയിലകൊണ്ട് പുതച്ചു. ശ്വസമടക്കി.. കിതപ്പിനെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു.

അയാള്‍ തറവാടിനുചുറ്റും പേരുവിളിച്ച് കലികൊണ്ട് നടന്നു. ക്രമേണ ആ ശബ്ദം അകലേക്ക് അകലേക്ക് പോകുന്നത് അവളറിഞ്ഞു. ചിലരുടെ കുശലങ്ങള്‍ക്ക് മറുപടിപറയുന്നതിന്‍റെ ഏറ്റിറക്കങ്ങള്‍ വഴിയിലേക്കയാള്‍ പോയിക്കഴിഞ്ഞു എന്നതവള്‍ ഉറപ്പിച്ചു. പതിയെ എഴുന്നേറ്റ് കുഴിയില്‍ നിന്നും വലിഞ്ഞുകയറി അടുക്കളവരാന്തയില്‍  തൂണുചാരിയിരുന്നു. ശരീരത്തിന്‍റെ പലഭാഗത്തും വേദന തോന്നുന്നുണ്ട് .. തുടയില്‍ ഒരു നീറ്റല്‍. പാവാട പൊക്കി അവളത് പരിശോധിച്ചു. പാവാടയുടെ കുറേഭാഗം കീറിയിരിക്കുന്നു. നല്ലൊരുമുറിവ്.. ഓട്ടത്തില്‍ വാതിലിലെ ഓടാമ്പല്‍കൊളുത്ത് കൊണ്ടതാണ്.

തേങ്ങലുകള്‍ ഒറ്റപ്പെടല്‍.... ഹെലീന കണ്ണുതുറന്നു. ചുറ്റും ആരുമില്ല...  മുറിയിലെ ദിവാന്‍കോട്ടില്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന ആചാര്യന്‍റെ എണ്ണഛായാചിത്രം. ചമ്രം പടിഞ്ഞിരുന്ന കാലിളക്കി പിന്നോട്ട് മടക്കി അതിലേയ്ക്ക് ചാഞ്ഞിരുന്ന് അവള്‍ ആ ചിത്രത്തെ കൗതുകത്തോടെ നോക്കി. കൗപീന ധാരിയായി എല്ലാമറിയുന്നവനായി നിര്‍വ്വികാരഭാവത്തോടെ ഇരിക്കുന്ന ആ പുണ്യാത്മാവിനെ നമ്സ്കരിച്ച്. വീണ്ടുമവള്‍ കണ്ണുകളടച്ചു.

എന്തിനാണ്... യാത്രകളിലൂടെ താനിവിടെ എത്തിയത്.. സഞ്ചാരപഥങ്ങളിലൊക്കെയും താന്‍ തേടിയത് എന്തായിരുന്നു... പ്രണയത്തിന്‍റെ പൂക്കള്‍ വാരിയെടുത്ത് വിവേക് തന്നെ അണിയിക്കുമ്പോഴും മനസ്സ് കൊതിച്ചത് ഒരഭയമായിരുന്നു. അവന്‍റെ തോളോട് ചേര്‍ന്നിരുന്ന ട്രെയിന്‍യാത്രയില്‍ താന്‍ സ്വപ്നംകണ്ടതും അതുമാത്രമായിരുന്നു. ഒടുവിലതൊരു മഹാഭയമായി നിര്‍വ്വികാരതയായി ഉടല്‍ പങ്കുവയ്ക്കുമ്പോള്‍ മാറി മാറിഭോഗിക്കുന്ന ലിംഗങ്ങളുടെ പ്രായവ്യത്യസങ്ങളും കിതപ്പുമായി അതവശേഷിച്ചു.

മഹാപട്ടണത്തിന്‍റെ ഉള്ളുരുക്കങ്ങളെ ഉടലിലാവിഹിച്ച തുടക്കോണുകളിലൊരുവളായി തെരുവിലേയ്ക്കെറിയപ്പെട്ടപ്പോള്‍..ഭയമൊടുങ്ങി. പുതിയ യാത്രയ്ക്കായി അവള്‍ ഒരുങ്ങുകയായിരുന്നു. യാത്ര... വേശ്യാത്തെരുവിലെ ഹെലീനയെന്ന രാജ്ഞിയിലേക്കുള്ള...., മറുവാക്കുകളില്ലാതെ തെരുവുസന്തതികളെ വിലയ്ക്കുവാങ്ങി ഉടല്‍കണക്കുപറഞ്ഞ് വില്‍ക്കാന്‍ പഠിച്ച, ഹെലീനയിലേയ്ക്കുള്ള യാത്ര. പക്ഷെ അവിടെയും അവളെ ഭയപ്പെടുത്തിക്കൊണ്ട് സിതാര ചിരിച്ചു. സിതാര, പലവട്ടം കരുവറുത്തുകളഞ്ഞ ഗര്‍ഭച്ചുഴിയില്‍ ഉരുക്കിയെടുത്തതാണവളെ. ഹെലീനയുടെ ഹൃദയപൂങ്കാവനത്തിലെ മാലാഖ. പുറംലോകം കാണാതെ തന്‍റന്തപ്പുരത്തിലെ ഉള്ളറകളില്‍ ഹെലീന അവളെ വളര്‍ത്തി.

ഹോളിയുടെ പിറ്റേന്ന് ഇരുപത്തിയൊന്നാം തെരുവിന്‍റെ മുന്നില്‍ ഒരു ജീപ്പുവന്നുനിന്നു. ആരാണ് ഹെലീന....
അവള്‍ പുറത്തേയ്ക്കുവന്നു.... എന്താ...
ഞങ്ങളോടൊപ്പം വരണം.....
എന്തിന് ഒന്നൊരു മറുചോദ്യം അവള്‍ ചോദിച്ചില്ല...
ഇത് പതിവാണ്.. പുതിയ ഏമാന്മാര്‍ പട്ടണത്തിലെത്തുമ്പോള്‍.... തേടി ജീപ്പെത്തുക പതിവാണ്..

സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിക്കുമുന്നിലെത്തുമ്പോള്‍ ഹെലീന അമ്പരന്നു...
ഇവിടെ!.......?
ആ ചോദ്യത്തിന് മറുപടി ആരും പറഞ്ഞില്ല..
ചീഞ്ഞഴുകിയ ശരീരങ്ങളുടെ ഗന്ധം മൂക്കിലേക്കിരച്ചുകയറുന്നുണ്ട്. ഹെലീന വാതില്‍തുറന്ന് അകത്തേക്ക് നോക്കി. ഒന്നേ നോക്കിയുള്ളൂ... ഒരു ഭയം അതവളുടെ ശിരോമണ്ഡലത്തിലൂടെ അരിച്ചിറങ്ങി ഹൃദയത്തെ മരവിപ്പിച്ചു.... സിതാരാ....... ആ വിളിയില്‍ എല്ലാം നിശ്ചലമായതുപോലെ.... പിച്ചിചീന്തിയ ഉടലുമായി അവള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ...
ഇതു നിങ്ങളുടെ... മകള്‍..., പേര്... സിതാര..., വയസ്സ്.. പതിനാല്...,  ഹെലീന അലസമായി മറുപടി പറഞ്ഞു.
ആ വസ്ത്രങ്ങള്‍ ഒന്നഴിക്കൂ... ഹെലീന സിതാരയുടെ വസ്ത്രങ്ങള്‍ അഴിച്ചു. ഉടല്‍ മുഴുവന്‍ നീലിച്ചതും മുറിഞ്ഞതുമായ പാടുകള്‍. തുടകള്‍ക്കിടയില്‍ രക്തം വാര്‍ന്ന്..ചുണ്ടുപൊട്ടി... അവള്‍ക്ക് തന്നെത്തന്നെ അടക്കാനായില്ല.. ഉറക്കെ അലറി...  സിതാരയുടെ വസ്ത്രത്തില്‍ മുഖം ചേര്‍ത്ത് തേങ്ങി. പോലീസുകാര്‍ അവളുടെ ശരീരത്തിന്‍റെ അളവുകള്‍ കുറിച്ചു. മുടിയിഴകളുടെ നീളമെഴുതി. മഹസറിനുവേണ്ടി ക്യാമറ പലതവണ മിന്നി.

ഇനി പുറത്തുപോകൂ... ആ വസ്ത്രങ്ങള്‍ ഈ കവറിലേക്കിടൂ... ഫോട്ടോയ്ക്കും മറ്റുമുള്ള ഫീസ് അയാളെ ഏല്‍പിക്കൂ.. യാന്ത്രികമായെന്നോണം ഹെലീന എല്ലാം അനുസരിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞായിരുന്നിട്ടുകൂടി ചിതകൂട്ടി അതിലേയ്ക്ക് സിതാരയെക്കിടത്തി തീയുതിര്‍ക്കുമ്പോള്‍ അത് ഹെലീനയിലേക്ക് നിര്‍ഭയത്തിന്‍റെ നാളങ്ങള്‍ ഉയര്‍ത്തിവിടുകയായിരുന്നു.

ആചാര്യന്‍റെ മുന്നിലെ കെടാവിളക്കിലേക്ക് അവള്‍ കൈകള്‍നീട്ടി. ആ നാളത്തിലെ ചെറിയ ചൂട് ഹൃദയത്തിലേക്കാവാഹിച്ചപ്പോള്‍ ഒരു കനല്‍തുള്ളി കടഞ്ഞ് മിഴി ഉള്ളിലേക്കടഞ്ഞു.

ഹെലീന എഴുന്നേറ്റു. പുറത്ത് നല്ല തണുപ്പ്‍... മരങ്ങള്‍ നിറഞ്ഞ കുന്നിന്‍മുകളിലേക്കുള്ള ഊടുവഴിയിലേക്ക് മെല്ലെ നടന്നു. വെളുത്ത കോട്ടണ്‍ ടോപ്പിനെ കാറ്റ് പുറകേയ്ക്ക് വലിച്ചു. ഉടല്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കുളിര് അവളെ പൊതിഞ്ഞു. ബീമ നാനിയാണ് ഹെലീനയെ ഇവിടെ എത്തിച്ചത്. കാശിയുടെ തണുപ്പില്‍ തനിക്ക് കാപ്പി പകര്‍ന്നുതന്ന ബീമ നാനി.

മകളേ... നീ എന്തിനാണ് ഇവിടെ വന്നത്... അവളുടെ വേഷവും അപരിചിതത്വവുമാകാം അവരെക്കൊണ്ടത് ചോദിപ്പിച്ചത്... കഥ പറഞ്ഞു തീരുമ്പോള്‍ ആ മുഖത്തെ നിസംഗ്ഗഭാവം അവളെ വല്ലാതെ അതിശയിപ്പിച്ചു. ചിരിച്ചുകൊണ്ട് മാറോട് ചേര്‍ത്ത് തഴുകി നാനിയവളെ ആശ്വസിപ്പിച്ചു. ഇനിയെങ്ങോട്ടാണ് നിന്‍റെ യാത്ര.... അപ്പോഴാണ് അവളും അതോര്‍ത്തത്... ഇനി എങ്ങോട്ട്...

നാനിയുടെ കൂടെ ഇവിടെത്തുമ്പോള്‍ ഒരു പാട് ചോദ്യങ്ങളും ഉത്തരങ്ങളും വ്യാഖ്യാനങ്ങളും അവള്‍ കേട്ടു. ഇതിനിടയിലെപ്പോഴോ നാനിയുടെ ഒരു ചോദ്യം അവളെ വല്ലാതെ ഉലച്ചു. അതിന്‍റെ ഉത്തരം അത് വന്നവഴികളിലെവിടെയും അവളറിഞ്ഞിരുന്നില്ല. അതെന്താണ്... ആ ഉത്തരം.. അതിവിടെക്കിട്ടുമെന്ന് അവള്‍ക്കുതോന്നി... തുടര്‍ യാത്രയ്ക്കായി നാനി വിളിച്ചിട്ടും ഈ താഴ്വരയില്‍ അവള്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.

താന്‍ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. അതിന്‍റെ ഉറവതേടി അവള്‍ ഉള്‍ക്കാട്ടിലേക്ക് നടന്നു. ഉള്‍വനത്തില്‍ വന്യമൃഗങ്ങളുണ്ട് എന്നതിന്‍റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവള്‍ ശ്രദ്ധിച്ചില്ല. ആ ശബ്ദം,  ആ കൂകിവിളി അത് മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്നു. പ്രണയാതുരയായ ഒരു പെണ്‍മനസ്സായി  ആ ശബ്ദത്തിനു പിന്നാലെ ...... ഏതു കിളിയായിരിക്കും ഇങ്ങനെ ചിലയ്ക്കുക... ബാല്യത്തിലെ പാവടക്കാരിയായി അവള്‍ മറുകൂവല്‍ നല്‍കി....

ആ കൂകല്‍ കാട്ടരുവിയുടെ ഇരമ്പലില്‍ ഇഴുകിച്ചേരുന്നതുപോലെ... ദാ.. അവിടെ... പാറകള്‍ക്കിടയിലൂടെ ചിന്നിച്ചിതറി.. മുത്തുകള്‍പോലെ അരുവി... അതിലേക്കൊന്നിറങ്ങി നീന്താനവള്‍ക്കുതോന്നി... തോള്‍സഞ്ചി ഒരു പാറയിലേക്കുവച്ച് അവള്‍ പതിയെ അതിലേക്കിറങ്ങി.... അവളിതുവരെ അനുഭവിച്ചിട്ടില്ലാത്ത.... മാസ്മരികമായ ഒരു തലോടല്‍ തന്നിലനുഭവപ്പെടുന്നതുപോലെ... അവളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഓളങ്ങള്‍ നൃത്തമാടി. കുഞ്ഞുമീനുകള്‍ അവളെ ഇക്കിളിപ്പെടുത്തി... ആ തണുപ്പില്‍ മധുരമുള്ള സംഗീതത്തില്‍.. അവള്‍ ലയിച്ചു. എത്രനേരമെന്നറിയില്ല ആ നവ്യാനുരാഗത്തില്‍ അവള്‍ നീന്തിത്തുടിച്ചത്.

ഹെലീന കരയ്ക്കുകയറി.. വള്ളിപ്പടര്‍പ്പുകള്‍ കൂടൊരുക്കിയ അരുവിയോടുചേര്‍ന്ന പാറപ്പുറത്ത് അവള്‍ ധ്യാനനിരതയായി. മനസ്സ് പലയിടത്തും ചുറ്റിത്തിരിഞ്ഞ് ഒടുവിലവളിലേക്കുതന്നെ മടങ്ങി. മനസ്സ് ശൂന്യമായിരിക്കുന്നു. കാട്ടുവള്ളികളില്‍ക്കൂടി ഒരു പാമ്പിഴഞ്ഞ് അവളിലേക്കിറങ്ങി. നനവില്‍ ഉടലോടുചേര്‍ന്ന വസ്ത്രത്തിനുമുകളിലൂടെ അത് തലങ്ങും വിലങ്ങും ഇഴഞ്ഞുനീങ്ങി. ഹെലീന ഒന്നുമറിഞ്ഞില്ല. അവള്‍ ധ്യാനത്തിലാണ്.

ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന പ്രണയം അവളില്‍ പൂക്കുന്നതുപോലെ. മുഖമറിയൊത്തൊരു കാമുകന്‍ അവളോട് സംസാരിച്ചുകൊണ്ടേയിരുന്നു. നല്ലൊരു കേള്‍വിക്കാരനായി, മടിയിലേക്ക് തന്നെ കിടത്തി താലോലിച്ചുകൊണ്ട് അവന്‍ ചിരിച്ചു. അതവളുടെ കണ്ണുകളെ വിടര്‍ത്തി. മനസ്സിനെ പുളകം കൊള്ളിച്ചു. തേങ്ങലുകളില്‍ അടര്‍ന്നുവീണ കണ്ണീര്‍ക്കണങ്ങളെ അയാള്‍ ചുണ്ടുകൊണ്ടുമുത്തി. ഉയര്‍ന്നുപൊന്തിയ നിശ്വാസങ്ങളെ അവന്‍റെ കരവലയങ്ങള്‍ കോള്‍മയിര്‍കൊള്ളിച്ചു. പ്രണയം...., അതിന്‍റെ അനിര്‍വചനീയമായ രതിസങ്കല്പങ്ങളിലേക്ക്...... അവള്‍ പതിയെ  അതിലേക്ക് ഊര്‍ന്നുവീണുകൊണ്ടേയിരുന്നു. ചുണ്ടുകള്‍കൂമ്പി അവന്‍റെ അധരങ്ങള്‍ക്കായി വെമ്പല്‍കൊണ്ടു. മുഴിപൂട്ടി വ്രീളാവിവശയായി അവളവനെ ആസ്വദിച്ചു. ഇതുവരെയും ചൂടാന്‍കഴിയാത്ത സുഷ്പ്തിയിലേക്ക്...... മനസ്സും ശരീരവും പാകപ്പെടുത്തിയ രതിസങ്കല്പങ്ങളില്‍ അവളുറഞ്ഞാടി. സുഷുപ്തിയുടെ മൂര്‍ദ്ധന്യത്തില്‍ അവളൊന്നുപിടഞ്ഞു. ഇണയേയും ചുറ്റുപാടുകളേയും തിരിച്ചറിയാനാകാത്ത ആനിമിഷത്തില്‍.....  ആ പിടച്ചില്‍ നിശ്ചലമായിരുന്ന ഹെലീനയുടെ ബാഹ്യശരീരത്തെയുണര്‍ത്തി. ശരീരത്തിലിഴഞ്ഞുനീങ്ങിയ പാമ്പ് ഭയന്നു. അത് അവളുടെ മൂര്‍ദ്ധാവില്‍ ആഞ്ഞുകൊത്തി.

ഹെലീന ധ്യാനത്തിലാണ്. ഒന്നുമറിയാതെ.. നാനിയുടെ ചോദ്യത്തിനുത്തരമറിഞ്ഞ്.....  സുഷുപ്തിയുടെ അനിര്‍വചനീയ സുഖത്തില്‍... കാട്ടരുവി മുത്തുകള്‍ ചിന്നിച്ചിതറി താഴേയ്ക്കൊഴുകിക്കൊണ്ടിരുന്നു...  

No comments: