രാമേട്ടനെ കാണുമ്പോള്‍ അമ്മയ്ക്ക് വല്ലാത്തൊരുത്സാഹമാണ്. കണങ്കാലിനുമേല് കയറ്റിക്കുത്തിയ ഒറ്റമുണ്ടിന്റെ ഒരു കോന്തലപിടിച്ച് രാമേട്ടന് കടന്നുവരുമ്പോള്‍ അമ്മ ഓടി ഉമ്മറത്തെത്തും. വലിയ ഇറക്കമില്ലാത്ത ഖദര്ജൂബയയുടെ പോക്കറ്റില്‍ ഗാന്ധിത്തലയുള്ള നോട്ട് തെളിഞ്ഞുകാണാം. മുന്നോട്ടാഞ്ഞ് ഞാനും ഒരിക്കല്‍ രാമേട്ടനെ നോക്കാനൊരുങ്ങി. പക്ഷേ അമ്മ ഇടതുകൈകൊണ്ട് പിന്നിലേക്കെന്നെ ഒളിപ്പിച്ചു. രാമേട്ടനെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ് ആ ഇഷ്ടം എന്നിലേക്കും കടന്നുകൂടിയ നാളില്‍ ഒരു ദിവസം എന്നെ ഉറക്കിക്കിടത്തിയിട്ട് അമ്മ പുറത്തേക്കിറങ്ങി. വാതിലിന്റെ ഞരക്കമോ സ്വപ്നമോ എന്തോ ഉറക്കത്തില്നിന്നെന്നെയുണര്ത്തി. കട്ടിലിന്റെ കാല് വശം ചേര്‍ന്ന് പതിയ ഞാനിഴഞ്ഞിറങ്ങി. ഞങ്ങളുടെ വീടിന്റെ തെക്കേ മുറിയില്‍ പ്രവര്‍ത്തിക്കുന്ന പാര്ട്ടിയാപ്പീസിലേയ്ക്ക് കതകു തള്ളിത്തുറന്ന് കയറുന്ന അമ്മയ്ക്കുപിന്നാലെ കരഞ്ഞുകൊണ്ട് ഞാനോടിച്ചെന്നു.
അയ്യയ്യാ... എന്നടാ ഇത്.. പിള്ള കേഴണല്ലാ ചെല്ലം....
എന്നെ വാരിയെടുത്ത് രാമേട്ടന് കൊഞ്ചിച്ചു... ഞാന്‍ രാമേട്ടന്റെ മുഖത്തേക്കു നോക്കി. മീശയിലും പറ്റെവെട്ടിയ താടിയിലും അങ്ങിങ്ങ് നരകയറിയ വെളുത്ത മുഖം. വാത്സല്യവും പുഞ്ചിരിയും ആവോളം നിറച്ചുവച്ചിരിക്കുന്ന ആ മുഖത്ത് ഞാനെന്റെ കുഞ്ഞുവിരലുകള്‍കൊണ്ട് തലോടി.
അയ്യാട ചെല്ലം..., കണ്ണട വീണുപോകുമേ...
എന്റെ കൈതട്ടി താഴേയ്ക്കിളകിത്തൂങ്ങിയ കണ്ണട പെട്ടന്ന് തോളുകാണ്ടു തടുത്ത് രാമേട്ടന് എന്നെ താഴെനിറുത്തി. എന്നിട്ട് പോക്കറ്റില്‍നിന്ന് ഒരു ചുവന്ന നോട്ടെടുത്ത് എനിക്കുനേരെ നീട്ടി.
ഞാന്‍ നോട്ടിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി... വാങ്ങിക്കോളാന്‍ കണ്ണുകൊണ്ട് ആംഗ്യംകാട്ടി അമ്മ ചിരിച്ചു...
ഒറ്റക്കാലില്‍ നാണംകുണുങ്ങി നോട്ടു വാങ്ങുമ്പോള്‍ അയാളെന്റെ കൈയ്യില്‍ ഒരു മുത്തം തരാനും മറന്നില്ല.
പിള്ളെയ്ക്കെന്താ പേരു വച്ചിരിക്കണത്...
അങ്ങനെയൊന്നുമില്ല... രാമേട്ടന് ശൊന്നാ പോതും.. ഐച്വര്യ ലച്മി എന്നാകും ഊരമ്പെട്ടും അവളെ വിളിക്കണത്..
എന്റെ മുഖം തുടുത്തു.. എനിക്ക് വളരെ ഇഷ്ടാണ് ആ പേര്... ഫ്രോക്കില്‍ ചന്തത്തിന് തൂക്കിയിട്ടിരുന്ന വള്ളിയില്‍ നോട്ട് മടക്കി കുരുക്കി ഞാന്‍ ചിരിച്ചു.
പിറ്റേന്ന് ഉണരുമ്പോള്‍ അമ്മയുടെ വെളുത്തകവിള്തടത്തില് ചുവന്നു നീലിച്ച വിരല്‍പ്പാടുകള്‍. എന്റെ കൈയില്‍ രാമേട്ടന് തന്ന നോട്ട് കണ്ണുനീര്‍വീണ് കുതിര്‍ന്നിരിക്കുന്നു.
രാമേട്ടനും അമ്മയും തമ്മിലുള്ള ബന്ധം ഞാനറിഞ്ഞുതുടങ്ങുമ്പോഴേക്കും ബറ്റിക്കോട്ട് ഇറുക്കിത്തച്ച് എന്റെ നെഞ്ചിന്കൂമ്പാരത്തെ അമ്മെ പിന്നിലെക്ക് മറച്ചുവയ്ക്കാന്‍ ഏറെ പ്രയാസപ്പെട്ടുതുടങ്ങിയിരുന്നു.
രാമേട്ടന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉരള്പ്പുരയിലോ, അപ്പൂപ്പന്റെ കിടക്കയ്ക്കരികിലോ എന്നെ ഒളിപ്പിച്ച് ഉച്ചത്തില്‍ നാമം ജപിച്ച് വിളക്ക്കൊളുത്തി അമ്മ ഉമ്മറത്തേയ്ക്ക് വരും. പിന്നെ എല്ലാരും പറേണതുപോലെ രാമേട്ടന് പാര്ട്ടിയാപ്പീസ്സീന്ന് പോകണവരെ..,
ഞാന്‍ വയസറിയിച്ച നാളില്‍ അമ്മ എന്നോട് പറഞ്ഞു... നീ ഇന്ന് ചത്തുപോയിരുന്നുവെങ്കില് ഞാനിതിലേറെ സന്തോഷിച്ചേനെ...
സ്കൂളില്‍ വയസ്സറിയിച്ച കൂട്ടുകാരികള്‍ പട്ടുപാവാടയും ജിമിക്കിയും മറ്റുമിട്ടു വരുമ്പോള്‍ ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ അമ്മ....
കവിള്‍ത്തടത്തിലൂടെ ഇഴഞ്ഞിറങ്ങിയ നീര്‍ത്തുള്ളികളുടെ വേഗം വര്‍ദ്ധിപ്പിച്ച് വയറിനുള്ളില്നിന്നൊരു കാന്തല്‍.. അമ്മ മടക്കി ഒതുക്കത്തില്‍ തിരുകിവച്ചുതന്ന തുണിപ്പാഡിനരികിലൂടെ കറുത്ത രക്തത്തുള്ളികള്‍ തുടയിലൊട്ടിപ്പിടിച്ചു. ഉരല്പുരയിലെ തണുത്തതറയില്‍ എന്നെ ചേര്‍ത്തുപിടിച്ച് അമ്മ തേങ്ങി.. ആ തേങ്ങലിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. എങ്കിലും ഇടറിയ സ്വരത്തില്‍ അമ്മ എന്റെ കാതില്‍ മന്ത്രിച്ചത് ഒരു വെള്ളിടിപോലെ എന്നെ നോവിച്ചുപോയി..
''രാമേട്ടന് നിന്റെ അച്ഛനാണ്. പക്ഷേ അയാളറിയരുത് നീ വയസറിയിച്ചുവെന്ന്... നീയറിയുന്ന സാമൂഹിക പ്രവര്‍ത്തകന്റെ മുഖത്തിനുമപ്പുറത്ത് നീയറിയാത്ത ഒരു മുഖമുണ്ടയാള്ക്ക് ...... അതറിയുന്നത് ..... ഞാന്‍.... ഞാന്‍.... മാത്രമാണ്."
സ്കൂളിലേയ്ക്കുള്ള വഴിയിടങ്ങളില്‍ ഞാന്‍ രാമേട്ടനെ പരതി. അമ്മ പറഞ്ഞ അച്ഛനെന്ന ആ മുഖത്തിനുവേണ്ടി....
എനിക്ക് അയാളോടുള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.. ഇത്രയുംനാള്‍ പലരും അടക്കംപറഞ്ഞിരുന്ന തന്റെ പിതൃത്വത്തെ അമ്മ വെളിപ്പെടുത്തിയപ്പോള്‍ അതംഗീകരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ഞാന്‍ ആശിച്ചു.
ചിലപ്പോള്‍ അമ്മ പറയുന്നതിനുമപ്പുറം അച്ഛന് എന്നെ സ്വീകരിച്ചാലോ... പലതുമാലോചിച്ച് വീടിന്റെ ഉമ്മറത്തേക്കുകയറുമ്പോള് പാര്ട്ടിയാപ്പീസിനുമുന്നില് അതാ രാമേട്ടന്.
പിള്ളേ... നിന്റെ അമ്മ എവിടെപ്പോയി, ഒരു നല്ല ചായ വേണമായിരുന്നു... നിനക്ക് ചമയ്ക്കാനറിയുമോ...
ഇല്ലെന്നാണോ അറിയുമെന്നാണോ തലകുലുക്കിയതെന്നറിയില്ല.
അടുക്കളയില്‍ കയറി ചായയുണ്ടാക്കി പാര്‍ട്ടിയാപ്പീസിലേക്ക് ചെല്ലുമ്പോള്‍ അച്ഛാ എന്നൊന്നു പതുക്കെ വിളിക്കണമെന്ന് ഞാനുറപ്പിച്ചിരുന്നു.
ചായ മേശപ്പുറത്തുവച്ച് തിരിഞ്ഞുനടക്കുന്നതിനിടയില്‍ ഞാനയാളെ നോക്കി പതിയ ചുണ്ടു ചലിപ്പിച്ചു....
അച്ഛാ...
പത്രത്താളില്‍ നിന്ന് മുഖമുയര്‍ത്തി അയാളെന്നെ രൂക്ഷമായൊന്നു നോക്കി. പിന്നെ ചിരിച്ചു...
ഒരോട്ടത്തില്‍ അപ്പൂപ്പന്റടുത്ത് ചെന്ന് കിതച്ചിരുന്നു. ഒരു ശ്വാസം മാത്രം അവശേഷിക്കുന്ന ആ ഉടലില്‍ ആകാംക്ഷയുടെ കണ്ണുകള്‍ തിളങ്ങുന്നത് എനിക്കു കാണാമായിരുന്നു.
പിറ്റേന്ന് സ്കൂളിലേക്ക് പോകാനിറങ്ങുമ്പോള്‍ ചോറ്റുപാത്രം നീട്ടിയ അമ്മയുടെ കവിളത്ത് നീലിച്ച വിരല്‍പ്പാടുകള്‍ പണ്ടത്തേതിന്റെ ഓര്‍മ്മപുതുക്കലായി വീണ്ടും തിണര്ത്തുപൊന്തിനില്ക്കുന്നത് ഞാനറിഞ്ഞു.
എന്റെ മിഴിയറിയാതെ ഒന്നോ രണ്ടോ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ട് നെഞ്ചിനെ പൊള്ളിച്ചു.
അവശേഷിച്ചിരുന്ന ശ്വാസഗതികൂടി ഉപേക്ഷിച്ച് അപ്പൂപ്പന് പോയി.. രാമേട്ടനായിരുന്നു എല്ലാ കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കിയത്... പിള്ളേ എന്നു വിളിക്കുമ്പോള്‍ ഒരച്ഛനില്‍ നിന്നുള്ള വിളിയായി ഞാനേറെ അതിനെ അസ്വദിച്ചു... ആ വിളിക്കെന്നോണം പല അവസരങ്ങളും ഞാന്‍തന്നെ സൃഷ്ടിച്ചുകൊണ്ടുമിരുന്നു.
അമ്മയില്ലാത്ത അവസരങ്ങളില്‍ ആവശ്യപ്പെടാതെതന്നെ ചായയുമായി പാര്ട്ടിയാപ്പീസിലേക്കു ഞാന്‍ പലതവണ കടന്നുചെന്നു. അപ്പോഴൊക്കെയും അച്ഛായെന്നു വിളിക്കാനും ഞാന്‍ മറന്നില്ല. അമ്മയുടെ കവിളില്‍ ഒരു തവണകൂടി ആ അടി പതിയുമോ എന്നെനിക്കറിയണമായിരുന്നു. പക്ഷേ ഒരിക്കല്‍പോലും അതാവര്‍ത്തിച്ചില്ല. പകരം കല്ലിടംപോലെയുള്ള ഉള്ളത്തില്‍ അല്പാല്പം വിള്ളല്‍ വീഴുന്നത് ഞാനറിഞ്ഞു.
പാര്‍ട്ടിയിലും എവിടെയൊക്കെയോ രാമേട്ടന് ശത്രുക്കള്‍ മുളച്ചുതുടങ്ങി. നരയ്ക്കൊപ്പം തിമിരവും കണ്ണുകളിലേക്ക് പടര്‍ന്നിറങ്ങി. പലപ്പോഴും വളരെ പ്രക്ഷുബ്ധനായി രാമേട്ടന് പാര്ട്ടീയാപ്പീസിനുള്ളില് തലങ്ങും വിലങ്ങും നടന്നു.
തുലാവര്‍ഷം പെയ്തിറങ്ങിയ ഒരു രാവില്‍ ജനലഴികളില്‍ പിടിച്ച് മഴകാണുകയായിരുന്നു ഞാന്‍. ആരോ രണ്ടുപേര്‍ പാര്‍ട്ടിയാപ്പീസിലേക്ക് ഓടിക്കയറി. പലതും മറിച്ചിടുന്ന ശബ്ദം. അമ്മയെയുണര്ത്തി ഞാനങ്ങോട്ടേയ്ക്കയയ്ച്ചു. അമ്മയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ഞാനോടിച്ചെന്നത്. തലങ്ങും വിലങ്ങും വെട്ടുകൊണ്ട് രാമേട്ടന് പിടയ്ക്കുന്നത് പാര്‍ട്ടിയാപ്പീസിന്റെ കോണില്‍ കത്തിക്കയറുന്ന പുസ്തകങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അമ്മയെവിടെയെന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഉടല്‍വേര്‍പെട്ട അമ്മയുടെ ശിരസ്സ്.... കണ്ണുകളില്‍ ഇരുട്ടുകയറി പിന്നെനിക്കൊന്നുമോര്മ്മയുണ്ടായില്ല.....
കണ്ണുതുറക്കുമ്പോള്‍ ചുറ്റുമാരൊക്കയോ നില്ക്കുന്നതായി ഒരു അവ്യക്തകാഴ്ച... ക്രമേണ അതൊരു ആശുപത്രിയാണെന്ന് എനിക്കു മനസ്സിലായി.
ഡോക്ടര്‍... ഈ കുട്ടി കണ്ണു തുറന്നു...
അതൊരശരീരിപോലെ.. പുറത്തേക്കൊഴുകിപ്പോകുന്നതും, ഒരിരമ്പല് തന്റടുത്തേക്ക് പാഞ്ഞുവരുന്നതും ഞാനറിഞ്ഞു... ഫ്ലാഷും ചോദ്യങ്ങളും പലവുരു എന്റെ മുഖത്തേയ്ക്ക് പതിഞ്ഞുകൊണ്ടിരുന്നു. ഞാനേറെ നിശബ്ദയായി പതിയെ കണ്ണുകളടച്ച് മയക്കത്തിലേക്കുവീണു.
പിന്നെ കണ്ണുതുറക്കുമ്പോള്‍ എനിക്കുചുറ്റും പോലീസുണ്ടായിരുന്നു. അവര്‍ എന്തൊക്കയോ ചോദിച്ചു. എനിക്കൊന്നുമോര്മ്മയുണ്ടായില്ല. മറുപടിപറയാനും കഴിഞ്ഞില്ല.
പെട്ടെന്നേതോ ചോദ്യത്തില്‍ അമ്മയെന്ന വാക്ക് എന്നിലേക്കു തറഞ്ഞു കയറി... വായിലൂടെ നുരവന്നു.. കണ്ണുകള്‍ ഇരുണ്ടു...
ആഴ്ചകള്‍ക്കുശേഷം ഓര്‍മ്മ കണ്ണുകളെയുണര്ത്തുമ്പോള് ചുറ്റും ശാന്തമായിരുന്നു. ദൂരെ വാതില്ക്കല് അവ്യക്തമായി ഒരു കാക്കി ഞാന്‍ തിരിച്ചറിഞ്ഞു. അടുത്തിരുന്ന് മയങ്ങുന്ന നേഴ്സ് എന്റെ കൈ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഞാനൊന്നു ഞരങ്ങിയപ്പോള്‍ അവളുണര്‍ന്നു. എന്റെ കണ്ണുകളിലേക്ക് നോക്കി അവള് വിളിച്ചു ,
കുഞ്ഞേ...
രാമേട്ടന് മരിച്ചിട്ടില്ലായെന്നും, അമ്മയുടെ അടക്കം കഴിഞ്ഞുവെന്നും ഞാനിവിടെ ഈ കിടക്കയിലെത്തീട്ട് മൂന്നുമാസംവരെയായീന്നും... പിന്നെ... പിന്നെ.. ഞാന്‍... അക്രമികളാല്‍ .. പലതവണ.... പിച്ചിയെറിപ്പെട്ടെന്നുമൊക്കെ
വയസ്സറിയിച്ചനാള് അമ്മ പറഞ്ഞത് ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നതുപോലെ....
നേരം വെളുത്തപ്പോള്‍ ചോദ്യങ്ങള്‍, വിരലൊപ്പുവാങ്ങല്, അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ക്യാമറകള്‍ പലതവണ എന്നെ കവര്‍ന്നെടുത്ത് വീണ്ടും വിറങ്ങലിപ്പിച്ചു. ആദ്യമായി എനിക്കെന്റെയുടലിനോട് പുച്ഛം തോന്നി.....
ഐശ്വര്യ ലക്ഷ്മി......
പത്രങ്ങളും സമൂഹവും പുതിയ വാര്ത്തകള്തേടിപ്പോയി, രാമേട്ടന് അപ്പൂപ്പന്റെ കിടക്കയില്‍ ഇടംതേടി... ഒറ്റയ്ക്ക് എഴുന്നേറ്റിരിക്കും... നടക്കാന്‍ ആരുടെയെങ്കിലും സഹായം വേണം... ഇടയ്ക്ക് പാര്‍ട്ടിക്കാരില്‍ ചിലരെത്തും... പാര്‍ട്ടി പിരിച്ചുതന്ന ഫണ്ട് രാമേട്ടന് എന്റെ കൈയ്യിലേല്പിച്ചു.
പിള്ളേ..., ഞാന്‍ തിരിഞ്ഞുനിന്നു. ദൈന്യതപേറുന്ന കണ്ണുകളില്‍ വാത്സല്യം തുളുമ്പുന്നത് എനിക്കു കാണാമായിരുന്നു.
ഞാനടുത്തേക്ക് നീങ്ങി നിന്നു. ഇടതുകൈകൊണ്ട് എന്നെ ചേര്‍ത്ത് അദ്യമായി രാമേട്ടന് വിളിച്ചു...
എന്റെ മോളേ....
അച്ഛാ.. ഞാന്‍ വിതുമ്പിപ്പോയി...
അടുക്കളയില്‍ അരിക്കലത്തില്‍ നോട്ടിന്റെ പൊതി വച്ച് തിരിയുമ്പോള്‍ ... വായില്‍ നുരനിറയുമ്പോലെ... പിന്നെ അതോരോക്കാനമായി.... പുറത്തേയ്ക്കോടി.... ഛര്‍ദ്ദിച്ചു.. തലചുറ്റുന്നു.. തൂണുപിടിച്ച് പതിയെ കൈവരിചാരിയിരുന്നു.
വിരലുകള്‍ അടിവയറിലേക്കിഴഞ്ഞിറങ്ങി... അവള്‍ക്കു മനസ്സിലായി...... ഉറക്കെ നിലവിളിച്ച് എഴുന്നേറ്റോടി... രാമേട്ടന്റെ കാല്ക്കലേയ്ക്ക് കുഴഞ്ഞുവീണു.
ഉണരുമ്പോള്‍ ചുണ്ടുകടിച്ചമര്ത്തിയിരിക്കുന്ന രാമേട്ടനെന്ന അച്ഛന്റെ നിസ്സഹായാവസ്ഥയില്‍ ഞാനുരുകിപ്പോയി.
കതകുതുറക്കാതെ വെളിയിലേക്കിറങ്ങാതെ അച്ഛന്റെ പാര്ട്ടിക്കാരെത്തിക്കുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റി ഉരല്‍പ്പുരയിലെ തണുത്തത്തറയില് തേങ്ങിയമര്ന്നു.
വീര്‍ത്ത വയറിലെ ഞരക്കങ്ങള്‍ വേദനയായി തുടയെല്ലുകളെ വരിഞ്ഞുമുറുക്കി.. പുറത്തേയ്ക്ക് തള്ളിവരാനൊരുങ്ങുന്ന വിധിയുടെ ഞരക്കങ്ങള്‍ ചുണ്ടുകളില്‍ പ്രാണവേദനയായി.... സകല അസ്ഥികളും തകരുമാറൊരുവേദന സമ്മാനിച്ച് അതു പുറത്തുവന്നു. അരയ്ക്കുമുകളിലേയ്ക്കു പടര്‍ന്നുകയറുന്ന രക്തനനവിലേയ്ക്ക് വിരലോടിച്ച് ഞാനതിനെ വാരിയെടുത്തു.
അവ്യക്തമായ കാഴ്ച സമ്മാനിക്കുന്ന ആ വേദനയിലും ഏറെ ഗൗരവമോടെ സൂക്ഷ്മതയോടെ കുഞ്ഞിനെ നോക്കി..
ഹൊ... പെണ്ണ്.. വീണ്ടുമൊരൈശ്വര്യ ലച്മി..... എന്റെ വിറയാര്‍ന്ന ശരീരത്തില്‍നിന്നൊരു മുരള്‍ച്ചപോലെ അത് ഉരല്പ്പുരയിലാകെ മുഴങ്ങി.
കുഞ്ഞ് കരയുന്നു.. വിരലറിയാതെ മുലഞെട്ടുപുറത്തെടുത്ത് കുഞ്ഞിനെ നെഞ്ചോരം ചേര്‍ത്തു......
പെട്ടെന്നെന്തോ ഓര്‍ത്തപോലെ കരഞ്ഞ കുഞ്ഞിന്റെ വായ്പൊത്തിപ്പിടിച്ച് ഒരു നിമിഷത്തേയ്ക്ക് മൗനമായി.
വേണ്ട..... വേണ്ട ... ത്രസിച്ച മുലഞെട്ടിലേക്കും കരയുന്ന കുഞ്ഞിലേക്കും മാറിമാറി നോക്കി...
കൈവിരലുകള്‍ ഉരല്പ്പുരയിലെവിടെയോ കിടന്ന വാക്കത്തി തേടിപ്പിടിച്ചു...
പാല്‍ത്തുള്ളികള്‍ വീര്‍പ്പുമുട്ടിയ മുലഞെട്ടിലൊന്നിനെ ഛേദിച്ചു..
പ്രാണനുരുകിയൊലിക്കുന്നതുപൊലെ അസഹനീയ വേദനയില്‍ കരയുന്ന കുഞ്ഞിനെ മുറിവായിലേയ്ക്ക് ചേര്‍ത്തുപിടിച്ചു.
കുഞ്ഞുവായ് നിറഞ്ഞ് രക്തം മടിയിലേക്കൊലിച്ചിറങ്ങി. ശ്വാസഗതിതെറ്റിയ കുഞ്ഞൊന്നു പിടഞ്ഞു....
നക്ഷത്രങ്ങളുടെ തിളക്കമാര്‍ന്ന കുഞ്ഞുകണ്ണുകളെ പതിയെ വിരല്‍കൊണ്ട് മൂടി ഞാനട്ടഹസിച്ചു... അതൊരു മുഴക്കമായി... ഞരക്കമായി തണുത്തുറങ്ങി....
ഉരല്പ്പുരനിറയെ ഞാനെന്ന ഐശ്വര്യ ലക്ഷ്മിയുടെ രക്തബീജങ്ങള്‍ കളമെഴുതിക്കൊണ്ടേയിരുന്നു.
No comments:
Post a Comment