Sunday, 8 June 2014

ദേശാടനം

ഡോക്ടര്‍ പറഞ്ഞ അവധി തീരാന്‍ ഇനി രണ്ടു രാത്രികളും രണ്ടു പകലുകളുമുണ്ട്. ഇതെനിക്കും ഡോക്ടര്‍ക്കുമിടയില്‍ മാത്രമറിയുന്ന ഒരു സത്യമാണ്. രോഗചികിത്സയ്ക്കായി അദ്ദേഹത്തിനടുത്തെത്തുന്നത് ഒരു സൗഹൃദസന്ദര്‍ശനം എന്നതുപോലെയാണ്. ഇനിയതിന്‍റെ ആവശ്യമില്ല. ഒരു യാത്ര അവസാന പകലിന്‍റെ അറുതിവരെയുള്ള ഒരു യാത്ര. മരണം എന്നെ ഭയപ്പെട്ടു നില്‍ക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്. ഞാന്‍ കഴിഞ്ഞദിവസത്തേതിനേക്കാളും ഉന്മഷവാനാണ്.

വെള്ളമുണ്ടും കുറുകിയ വെള്ളജൂബയും എനിക്ക് വലിയ ഇഷ്ടമാണ്. ഈ യാത്രയില്‍ അതു മതി. തോള്‍സഞ്ചിയില്‍ ഒരു ജോഡികൂടി കരുതുമ്പോള്‍ പേനയും കടലായും എടുത്തുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തിരിനേരം അമ്മയുടെ അടുത്തിരിക്കണം. കഴിയുമെങ്കില്‍  ആ മടിയിലൊരിത്തിരി തലചായ്ക്കുകയും വേണം. മനസ്സില്‍ ആകെയുള്ള ഒരാഗ്രഹം അതുമാത്രമാണ്.

കറുത്ത വലിയ കണ്ണട, അതിലൂടെ അമ്മയുടെ കണ്ണിലേക്കുനോക്കുമ്പോള്‍ പുരികത്ത് നരച്ചരോമങ്ങള്‍ പൊതിഞ്ഞുവച്ചിരിക്ക്കുന്ന ആ കറുത്ത ഉണ്ണി എന്നോട് സംസാരിക്കാറുണ്ട്. കുഞ്ഞുനാളില്‍ മുലമുത്തി അമ്മയുടെ മടിയില്‍ക്കിടക്കുമ്പോള്‍ മുതല്‍ ഞാന്‍ അതിനെ കൗതുകത്തോടെ നോക്കാറുണ്ടായിരുന്നു. അമ്മ സംസാരിക്കുമ്പോള്‍ അവയുടെ താളം മുലഞെട്ടില്‍ നിന്ന പലപ്പോഴും എന്‍റെ ചുണ്ടുകളെ അമ്പരപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. അമ്മ, മനസ്സിലേക്കോടിയെത്തുന്ന ഒരു കുഞ്ഞുണ്ണി. മെലിഞ്ഞുനീണ്ട അമ്മയുടെ കൈകള്‍, തലമുടി മുക്കാലും പോയ എന്റെ തലയില്‍ പരതി നടന്നപ്പോള്‍ ഞാനറിയാതൊരുറക്കം എന്നിലേക്കു കടന്നുവന്നു. ആ രണ്ടാം നാളിന്‍റെ ഒടുക്കം ഇവിടയായിരുന്നുവെങ്കിലെന്ന് മനസ്സറിയാതെ മന്ത്രിച്ചു.

എവിടേക്കാ അടുത്തു നിന്‍റെ യാത്ര.... ഈ എഴുത്തും.... പുസ്തകപ്രേമോം എന്നാ തീരുക... മക്കളെയെങ്കിലും നിനക്കൊന്നുപോയി കണ്ടൂടെ...  അവള്‍ നീയെന്നു പറഞ്ഞാ ജീവിക്കുന്നത്... അവളെങ്കിലും പിള്ളാരെ കാര്യം നോക്കിയില്ലെങ്കില്‍.. ന്തായേനേ സ്ഥിതി...ഒരു ജോലിയുള്ളതുകൊണ്ട് ആ പാവം ഒന്നും അറിയണില്ല...   ദേശാന്തരിയായി നീ നടന്നോ?.... ഒടുവിലീ തള്ളയ്ക്കൊരു കൊള്ളിവയ്ക്കാനെങ്കിലും......

ഞാനമ്മയുടെ വായ പൊത്തി..... പിന്നേ.. ഒരമ്മാവിയും മരുമോളും... എന്തു പറഞ്ഞാലും അവളുടെ പഷത്താ... ഞാന്‍ വേറെ .. എനിക്കല്ലേലും ഒന്നിനും അവകാശമില്ലല്ലോ... എന്‍റെ വിധി... നശിക്കാനായുണ്ടായത്...ഞാന്‍ പോണു... ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല...

അമ്മയോടൊരിത്തിരി വഴക്കുണ്ടാക്കുക എന്നതു മാത്രമായിരുന്നു. എന്‍റെ ലക്ഷ്യം. തോള്‍സഞ്ചിയുമെടുത്ത് പതിയെ പടികളിറങ്ങി...

നീ എന്‍റൊപ്പം വരണുണ്ടോ? സാവിത്രിയോട് വിളിച്ചു ചോദിക്കുമ്പോഴേക്കും അവളെന്‍റൊപ്പം എത്തിയിരുന്നു.

നിങ്ങള്‍ക്കെന്താ ബൈക്കെടുത്തുകൂടെ.. എത്ര നാളായി അതിന്‍റെ പിന്നിലൊന്നിരുന്നിട്ട്... പോകുന്നവഴി മകന്‍റെ വീട്ടിലതു വച്ചിട്ടു പോയാലെന്താ...

ശരിയാണ്... അവള്‍ക്ക് അങ്ങനൊരാശയുണ്ടെങ്കില്‍ ഇനിയതു നിറവേറ്റാന്‍ എനിക്കായെന്നു വരില്ല. കുറേക്കാലമായി ഞാനതെടുത്തിട്ട്. കഴിഞ്ഞ‍യാഴ്ച മകന്‍ അതെടുത്തൊന്ന് കവലവരെ പോയെന്ന് അവളിന്നലെ പറയുന്നതുകേട്ടു.

ശരി. നില്‍ക്ക്....

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകഴിയുംമുമ്പേ അവള്‍ അതിലേക്ക് ചാടിക്കയറി.... പെന്‍ഷനാകാന്‍ ഇനി നാലോ അഞ്ചോ വര്‍ഷമേയുളളൂവെങ്കിലും അവള്‍ കൂടുതല്‍ ചെറുപ്പമായതുപോലെ. എന്നോട് പരമാവധി ചേര്‍ന്നിരുന്നു.

പണ്ടായിരുന്നുവെങ്കില്‍ ചേര്‍ന്നിരിക്കാമായിരുന്നു. ചുരിദാരല്ലേ അപ്പോ, തിരിഞ്ഞിരിക്കാം. ഇതിപ്പോ സാരി.... നിങ്ങള് വിട്ടോളൂട്ടോ... സാരി ഒതുക്കിപിടിച്ച് അവള്‍ പറഞ്ഞു.

അവളെ സ്റ്റാന്‍റില്‍ ഇറക്കി.

വാ.. ബസ്സുവന്നിട്ട് നിങ്ങള്‍ക്കുപോകാം... പ്രണയകാലത്തേതെന്നപോലെ അവളെന്നോട് കൊഞ്ചി... ഞാനനുസരിച്ചു. ബസില്‍കയറി കൈവീശിക്കാണിക്കുമ്പോള്‍ ഇതവസാന യാത്ര പറച്ചിലാണെന്ന് അവളറിഞ്ഞിരുന്നില്ല.

മകന്‍റെ വീട്ടിലെ പോര്‍ച്ചില്‍ ബൈക്ക് സ്റ്റാന്‍റില്‍ വച്ചു. മകന്‍ കതകു തുറന്നിറങ്ങി... അച്ഛനോ... ഇതെവിടെയാണച്ഛാ .. ഈ യാത്ര... ഇവിടെയോ അവിടെയോ.. എവിടേലും സ്വസ്ഥമായിട്ടച്ഛന് നിന്നൂടെ...

ഞാന്‍ ചിരിച്ചു.... അവനും... എനിക്കറിയാം അച്ചന്‍ എന്‍റെ കുട്ടിക്കാലം ഓര്‍ത്താണ് ചിരിച്ചതെന്ന്. ഞാനവനെ ചേര്‍ത്തുപിടിച്ചു..

കുട്ടാ..
എന്തച്ഛാ...

ഒന്നുമില്ലെടാ....

അമ്മ പോയോ... ഓ ഇന്നമ്മ എന്നെയൊന്ന് വിളിച്ചതുപോലുമില്ല.... തമ്പുരാന്‍ വന്നതല്ലേ... അമ്മ എല്ലാം മറന്നുകാണും... അവളെ വിളിച്ചോ ചേച്ചിയെ... അതെങ്ങനാ അച്ഛനിപ്പോള്‍ ഫോണുമുപേക്ഷിച്ചില്ലേ....

നിനക്കിന്നു പോണ്ടേ....
പോണം...

ശരി ഞാനിറങ്ങുവാ... അത്യാവശ്യമുണ്ട്...

അച്ഛന്‍ വല്ലതും കഴിച്ചോ?..... അതു ചേദിച്ചതുതന്നെ തെറ്റ് പ്രിയതമയോടൊപ്പമല്ലിയോ ഇന്നത്തെ പ്രഭാതം... അവന്‍ ചിരിച്ചു.

അവിടുന്നിറങ്ങുമ്പോള്‍ ചെരുപ്പെടുക്കാന്‍ മറന്നു. സാരമില്ല അതിന്‍റെ ആവശ്യം ഇനിയില്ല.

മനസ്സുറപ്പിച്ച വഴിയിലേക്കെത്താന്‍ ഇനി കാലിനൊരു സംരക്ഷണം ആവശ്യമില്ല. സ്റ്റാന്‍ഡില്‍ നിന്നും ബസ്സു കയറുമ്പോള്‍ തോള്‍സഞ്ചിയിലെ കുഞ്ഞനറയില്‍ നിന്ന് ഗുളികപ്പൊതി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ അമ്മയുടെ മടിത്തട്ടിലാണ്. ആ കൈകള്‍ തന്‍റെ നൊമ്പരങ്ങള്‍ മാറോടടുക്കി തീര്‍ത്തുകൊള്ളും.

ഇനി നടക്കാനുള്ള ദൂരമേയുള്ളൂ... പശ്ചിമഘട്ടത്തിന്‍റെ താഴ്വാരങ്ങളിലാണ് ഞാന്‍.... ഹൃദയത്തിലേക്ക് കുളിര്‍ തെന്നല്‍ കടന്നുവരുന്നുണ്ട്. കാടിന്‍റെ പ്രണയക്കുറിപ്പുപോലെ അവളെന്നെ ആവാഹിച്ച് ഉള്ളിലേക്കാനയിക്കുന്നു. ഞാന്‍ നടന്നു എല്ലാം മറന്ന്. ബിഥോവന്‍റെ സംഗീതംപോലെ കുണുങ്ങിയൊഴുകുന്ന കാട്ടരുവിയിലേക്ക് നഗ്നനായി ഞാനുല്ലസിച്ചു. മരങ്ങളെ നോക്കി കുരവയിട്ടു. എന്‍റെ ശബ്ദത്തിന്‍റെ പ്രതിധ്വനി എനിക്കായി ശ്രുതിചേര്‍ത്തു.

നദിയില്‍ നിന്ന് കൈക്കുമ്പിളില്‍ അമൃ‍തജലം കുടിച്ചു. ഇതുവരെ ലഭിക്കാത്ത ഒരു സുഖം.. മനസ്സിനും ശരീരത്തിനും.. പാറപ്പുറത്ത് മലര്‍ന്നു കിടന്നു... നീലാകാശം എന്‍റെ കണ്ണിലേക്ക് കുഞ്ഞുപുവുകള്‍ വിതറി. ഞാന്‍ കണ്ണുചിമ്മി. ഒരു കുഞ്ഞെന്നവണ്ണം മിഴികള്‍ അടച്ചു തുറന്നു രസിച്ചു. ഇതിനിടയ്ക്കെപ്പോഴോ ഒന്നു മയങ്ങി. കണ്ണുതുറന്നപ്പോള്‍ ചുറ്റും ഇരുട്ട് ആകാശത്ത് കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നു. യഥാര്‍ത്ഥത്തില്‍ അവ ഞെട്ടറ്റുപോയ ആത്മാക്കളായിരിക്കുമോ? എനിക്കു തന്നെ ചിരിവന്നു... പൊട്ടന്‍ ഇത്രയുമൊക്കെ ആയിട്ടും നക്ഷത്രങ്ങള്‍ എന്താണെന്നറിഞ്ഞ‍ിട്ടും....

ഹ....ഹ....ഹ...... ഞാനുറക്കെ ചിരിച്ചു..... വീണ്ടും വീണ്ടും..... ചീവീടുകളും... തവളയും മത്സരിച്ച് ചിരിച്ചു.... ഞാനും വിട്ടുകൊടുത്തില്ല ഉറക്കെയുറക്കെ.... ആകാശത്തെ നക്ഷത്രങ്ങള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു... കാട്ടുപക്ഷികള്‍ ഉണര്‍ന്നു ചിലയ്ക്കുന്നു. ചിറകടിയൊച്ച.... ഇണകളുടെ മറുകൂകലുകള്‍......

ചുറ്റുപാടുകള്‍ വ്യക്തമായിത്തുടങ്ങി.... ഒരു രാവു പുലര്‍ന്നിരിക്കുന്നു.  ഇനി ..... അരുവിയിലേക്കൊന്നിറങ്ങി മുഖം കഴുകി. ഒന്നു മുങ്ങി നിവര്‍ന്നു. നല്ല തണുപ്പുണ്ട് വെള്ളത്തിന്. പാറപ്പുറത്തുനിന്നും മുണ്ടെടുത്ത് ഉടുത്തു. കുപ്പായം തോള്‍സഞ്ചിയില്‍ തിരുകി... പതിയെ മലകയറി..... ഒരോ ഭാഗത്തും ഓരോ തരത്തിലുള്ള പക്ഷികളാണ്.. അവയുടെ ശ്ബ്ദവും വ്യത്യസ്തമാണ്... ഇതിനിടയിലെപ്പോഴോ വീട്ടിലേക്ക് മനസ്സൊന്ന് തിരിച്ചുപോയി.... അടുക്കളയിലെ തിക്കിത്തിരക്കില്‍.... അമ്മയുടെ കറുത്ത ഉണ്ണിയില്‍ മകന്‍റെ കൈത്തണ്ടയില്‍.... മകളുടെ സ്നേഹച്ചിരിയില്‍.... ഇങ്ങനെ.....

മനസ്സിനും ശരീരത്തിനും അല്പം വിശ്രമം വേണമെന്നെനിക്കു തോന്നി. പതിയെ ഒരു മരച്ചുവട്ടില്‍ ഞാനിരുന്നു. ചുറ്റും ചിതറിക്കിടക്കുന്ന മാമ്പഴത്തില്‍ നിന്നൊരെണ്ണം  ഞാന്‍ എടുത്തു ചപ്പി വലിച്ചു. നല്ല സ്വാദ് . കുട്ടിക്കാലത്ത് സ്കൂള്‍ വഴികളില്‍ തല്ലുപിടിച്ചു തിന്നുന്ന മാമ്പഴത്തിന്‍റെ സ്വാദ്. വഴിതെറ്റി മനസ്സ് കുഞ്ഞുനാളിലൂടെ ഒരോട്ട പ്രദക്ഷിണം. മാങ്ങയണ്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞു. ആ എറി മനസ്സിന്‍റെ കൗതുകമുണര്‍ത്തി. ഒന്നു കൂടി കുഞ്ഞായി, ചിതറിയ മാമ്പഴങ്ങള്‍ പെറുക്കി ആകാശത്തേക്ക് വലിച്ചെറിഞ്ഞു. വള്ളിപ്പടര്‍പ്പുകളിലും മരങ്ങളിലും തൂങ്ങിയും ചാഞ്ഞുറങ്ങിയും ഞാന്‍ മുകളിലെത്തി. താഴേക്ക് നോക്കി ഒന്നും കാണാനാകുന്നില്ല വെളുത്ത മേഘങ്ങള്‍ ചുരുളുകളായി എനിക്കു ചുറ്റും. അഗസ്ത്യപര്‍വ്വതത്തിന്‍റെ താഴ്വരകള്‍ അപ്പൂപ്പന്‍താടിപോലെ പറന്നിറങ്ങുന്നു. ഞാന്‍ തോള്‍ സഞ്ചി താഴേക്ക് വലിച്ചെറിഞ്ഞു. കമിഴ്ന്ന് സ്വശ്ചമായി കൂടത്തിന്‍റെ നെറുകയില്‍ ഞാന്‍കിടന്നു.

മഞ്ഞുപാളികള്‍ എന്നിലേക്ക് തണുവിറ്റിച്ചു. ഒന്നിനുമീതെ ഒന്നായി പുതപ്പിച്ച് അവരെന്നെ ഉറക്കി. ഞാന്‍ മയങ്ങിത്തുടങ്ങി മനസ്സാഗ്രഹിച്ച ഉറക്കത്തിലേക്ക്.. വഴുതിത്തുടങ്ങി. ആകാശത്ത് ചന്ദ്രബിംബം പൂര്‍ണ്ണസ്ഥിതിയിലായിരുന്നു. ചുറ്റും കാല്‍പെരുമാറ്റവും വെളിച്ചവും ഒന്നു നിവര്‍ന്നു നോക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. എന്നെ തൊട്ട വിരലുകള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ മകന്‍...

അച്ഛാ....

എന്‍റെ ശ്വാസഗതി... കുറഞ്ഞിരുന്നു..... അവനെന്നെ മടിയിലേക്കു കിടത്തി...

ആകാശത്ത് വട്ടക്കണ്ണട... അതിനിടയിലൂടെ നരച്ചരോമങ്ങള്‍ ചുറ്റിവളഞ്ഞ കറുത്തയുണ്ണി.... അവ്യക്തതയില്‍ അവയെന്നോട് സംസാരിക്കുന്നു...

നിന്‍റെയൊരു ദേശാടനം....

മുടികള്‍ കുറഞ്ഞ എന്‍റെ തലയില്‍ കൈവിരലുകള്‍ ഓടുന്നുണ്ടായിരുന്നു... ദൃഡമായ സ്നേഹത്തിന്‍റെ .... ഞാന്‍ പകര്‍ന്ന എന്‍റെ ജനിയുടെ.... ചെറിയ താളങ്ങള്‍.....

1 comment:

grameenan said...
This comment has been removed by the author.