വൃക്ഷശിഖരങ്ങളില്‍ നീലക്കുലകളായി വിരിയുന്ന പൂക്കള്‍ ഒരുമാസം നിലനില്‍ക്കും അതിന്‍റെ ഭംഗി കുളിരുള്ള മഞ്ഞിറക്കങ്ങളില്‍ എനിക്ക് ഹരമാണ്. ഇടുക്കിയിലെ ഹൈറേഞ്ചുകളില്‍ പച്ചപ്പുപടര്‍ത്തി പടര്‍ന്നുകിടക്കുന്ന തേയിലത്തോട്ടത്തില്‍ ചിത്രപണികളെന്നോണം അവ മനോഹരങ്ങളായിരുന്നു. ആകാശത്തിലെ നീലമേഘങ്ങള്‍ ഹൃദയത്തില്‍ ചൂടിച്ചതായിരുന്നു ജക്രാന്തകള്‍.
എഴുതിയത് ഒന്നുകൂടി വായിച്ചു. റസിയയ്ക്ക് തൃപ്തി തോന്നിയില്ല. ഇടുക്കിയില്‍ എത്തിയിട്ട് രണ്ടാഴ്ചയായി ഒന്നും എഴുതാന്‍ കഴിയുന്നില്ല. ആദ്യ ആഴ്ച വെളിയിലൊക്കെ കറങ്ങി നടന്നു. ഒരാഴ്ചയായി അതുമില്ല വെറുതെ റൂമില്‍ ചടഞ്ഞിരിക്കുക തന്നെ.
എഴുതിയതിനുമുകളില്‍ റസിയ പേനകൊണ്ട് കുത്തിവരച്ചു. റൈറ്റിംഗ്പാഡ് സോഫയിലേക്കിട്ട് ബെഡ്ഡിലേക്കുപോയി. ലാപ് ഓണ്‍ചെയ്തു. ഫെയ്സ്ബുക്കിലേക്ക് കയറുമ്പോള്‍ മനസ്സ് എവിടെയോ സഞ്ചരിക്കുകയായിരുന്നു. മൗസ് മുകളിലേക്കും താഴേയ്ക്കുമുരുട്ടി. ഒന്നും മനസ്സില്‍ തങ്ങുന്നില്ല.
ജനി അവിളിപ്പോള്‍ എവിടെയായിരിക്കും.
മകന്‍റെ ബര്‍ത്തു സര്‍ട്ടിഫിക്കറ്റ് തിരഞ്ഞപ്പോഴാണ് പഴയ സ്കൂള്‍ ഫോട്ടോ കിട്ടിയത്. സ്കൂളിലെ റസിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു ജനി. അവളെപ്പോഴും സംസാരിച്ചിരുന്നത് പുനര്‍ജന്മത്തെക്കുറിച്ചായിരുന്നു. മരണവും പുനര്‍ജന്മവും. മരണം എന്നു പറയുമ്പോള്‍ത്തന്നെ റസിയയ്ക്ക് ഭയമായിരുന്നു.
ജനിയുടെ കുസൃതി നിറഞ്ഞ പെരുമാറ്റവും സ്നേഹവും റസിയയെ അവളിലേക്ക് എറെ അടുപ്പിച്ചിരുന്നു. അവള്‍ക്കെല്ലാം ഒരു തമാശയായിരുന്നു. എട്ടാം ക്ലാസ്സില്‍ നിന്ന് പിരിഞ്ഞുപോയ അവളെ പിന്നീട് റസിയ കണ്ടുമുട്ടുന്നത് കോളേജ് ഹോസ്റ്റലില്‍ വച്ചാണ്. തന്റെ മുറിയിലേക്ക് അവള്‍ വന്നു കയറുമ്പോള്‍ റസിയ അത്ഭുതപ്പെട്ടു. പ്രിയ തോഴിയെ തിരികെക്കിട്ടിയതില്‍ സന്തോഷം അടക്കാനായില്ല. അവളെ കെട്ടിപ്പുണര്‍ന്നു. ബലാത്സംഗം ചെയ്ത് കൊല്ലല്ലേടീ എന്നവള്‍ പറഞ്ഞപ്പോള്‍ അവളുടെ കവിളിലൊരു കടിവച്ചുകൊടുത്തു റസിയ.
ദിവസങ്ങള്‍ കടന്നുപോയി, ജനിക്ക് എന്തോ ഒരു ഭാവമാറ്റം. ഒന്നും മിണ്ടാതെ, പുസ്തകങ്ങളില്‍ മാത്രം ലയിച്ച് അങ്ങനെ. അവളുടെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്ന് റസിയ ചോദിച്ചു
എന്തുപറ്റി എന്‍റെ തങ്കത്തിന്
ഒന്നുമില്ല
അതല്ലല്ലോടാ മുത്തേ... നീ പറ.. വിഷ്ണു നിന്നോട് പിണങ്ങിയോ?
വിഷ്ണു അവരേക്കാള്‍ ഇളയതാണ്. എങ്കിലും ജനിയും അവനും തമ്മില്‍ ഇഷ്ടത്തിലാണ്. ഒരു സൗഹൃദം എപ്പോഴോ പ്രണയത്തിനു വഴിമാറി. അവനില്ലാതെ അവള്‍ക്കൊരു ദിനവുമില്ല. റസിയയ്ക്കുമാത്രമാണ് ആബന്ധത്തിന്‍റെ ആഴവും പരപ്പും അറിയാവുന്നത്.
റസിയ വീണ്ടും അവളോട് ചോദിച്ചു എന്താടാ.. നീ പറയ് വിഷ്ണുവുമായി....
ഇല്ല
പിന്നന്തേയ്... പറയാടാ ചക്കരേ...
അത് റസിയാ....
അവള്‍ കരയുന്നുണ്ടോ ഇല്ല. എങ്കിലും ആ തേങ്ങല്‍ റസിയയ്ക്ക് കേള്‍ക്കാമായിരുന്നു.
പുറത്ത് ആരോ കതകിനു മുട്ടുന്നു. മേട്രനാണ്.
ഏയ് ജനി തന്നെക്കാണാന്‍ ഒരു കുട്ടി വന്നിരിക്കുന്നു.
റസിയാ നീ കൂടി വാ... വിഷ്ണുവായിരിക്കും.. ജനി റസിയയുടെ കൈയ്യില്‍ ചേര്‍ത്തു പിടിച്ചു
ഗോവണി ഇറങ്ങുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല.
താഴെ വിഷ്ണുവുണ്ട്. അവന്‍റെ മുഖത്തൊരമ്പരപ്പ് റസിയ ശ്രദ്ധിച്ചു. വിഷ്ണു പുറത്തേക്കിറങ്ങി റസിയയും ജനിയും പിന്നാലെയും.
എന്താ നീ തീരുമാനിച്ചിരിക്കുന്നത് ജനീ..
അവളൊന്നും മിണ്ടിയില്ല... റസിയയ്ക്ക് ഒന്നും മനസ്സിലായില്ല...
നീ എന്തേലുമൊന്നു തെളിച്ചുപറ. ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്. ഞാനെന്‍റെ അമ്മ്യെ പറഞ്ഞ് സമ്മതിപ്പിച്ചോളാം എനിക്ക് അമ്മ മാത്രമേയുള്ളൂ. അതിനാല്‍....
ജനി തിരികെ റൂമിലേക്കോടി ... എന്തു ചെയ്യണമെന്നറിയാതെ റസിയ കുഴങ്ങി.
വിഷ്ണു എന്തായിത്..
റസീ.. നീ അങ്ങോട്ട് ചെല്ല്... അവള്‍... വിഷ്ണു നിര്‍ബന്ധിച്ചു...
റൂമില്‍ ചെല്ലുമ്പോള്‍ ജനി കമിഴ്ന്നു തേങ്ങുകയായിരുന്നു. എന്തോ പന്തികേടുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി...
എടീ എന്താ.. നീ എന്നോട് പറ....
റസീ... വിഷ്ണു.. ഞാന്‍....
എന്താടാ.....
അത്... ഞാന്‍ ....
എടാ... റസിയയ്ക്ക് ക്ഷമിക്കാനായില്ല. കരണത്തിന് ആഞ്ഞൊരു തല്ലുകൊടുത്ത് അവള്‍ ചുവരില്‍ മുഖം ചേര്‍ത്ത് കരഞ്ഞു...... സ്ഥലകാലബോധം തിരികെ വന്നപ്പോള്‍ റസിയ ജനിയെ തിരിഞ്ഞു നോക്കി... ബെഡ്ഡില്‍ ബോധമില്ലാതെ ജനി കിടക്കുന്നു. അവള്‍ ഭയന്നു.. ബാത്തുറൂമില്‍ നിന്ന് വെള്ളമെടുത്ത് മുഖത്തു കുടഞ്ഞ് കുലുക്കിവിളിച്ചൂ...
ജനീ... ജനീ... എടാ...എടാ....
ഉം.. - ജനികണ്ണുതുറന്നു...
ജനിയുടെ തുടുത്ത കവിളില്‍ റസിയയുടെ വിരല്‍പ്പോടുകള്‍ തുടുത്തു നില്‍ക്കുന്നു... രണ്ടുപേരും കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു... റസിയ ജനിയെ തന്‍റെ മടിയില്‍ക്കിടത്തി... കവിളുകളില്‍ തലോടി...
എടീ.. നീയിതെന്തു ഭാവിച്ചാ....
എനിക്ക് വിഷ്ണുവിന്‍റെ ഈ സമ്മാനം കളയാന്‍ വയ്യ... ഞാനേറെ കൊതിക്കുന്നു.. ഇവനെയൊന്നു നൊന്തു പ്രസവിക്കാന്‍...
എന്താടാ ഇത്... ഇത് കുട്ടിക്കളിയല്ല.. ജീവിതമാണ്....
അറിയാടാ...
പിന്നെ....
റസിയ തന്‍റെ ഇക്കായെ ഫോണ്‍ചെയ്തു. വിഷ്ണുവിനേയും.
രണ്ടുപേരും എത്തി. കാര്യങ്ങളുടെ നിജസ്ഥിതിയും ജനിയുടെ പിടിവാശിയും അവരെ ആകെ വിഷമത്തിലാക്കി. ഒടുവില്‍ വളരെ രഹസ്യമായി കാര്യങ്ങള്‍ സൂക്ഷിക്കാന്‍ റസിയയുടെ ഇക്ക പറഞ്ഞു. അദ്ദേഹമൊരു ഡോക്ടറാണ്. എത്രനാള്‍ മൂടിവയ്ക്കും. ജനിയുടെ അച്ഛന്‍ ഒരു എക്സ്പോട്ടറാണ്. വീടുമായി അത്ര രസത്തിലല്ല. എന്നാല്‍ മകളെ അദ്ദേഹത്തിന് ജീവനാണ്. തന്‍റെ സമ്പാദ്യത്തിന്‍റെ കൂടുതല്‍ ഭാഗവും മകളുടെ പേരിലാണ് അദ്ദേഹം എഴുതി വച്ചിരിക്കുന്നത്. ജനിക്ക് തന്‍റെ അച്ഛനെ ഇഷ്ടമല്ല എന്നുള്ളത് പകല്‍ വെളിച്ചപോലെ എവര്‍ക്കും അറിവുള്ളതുമാണ്. ജനിയുടെ അമ്മ ഒരു പാവം സ്ത്രീയാണ്. മകളെ ജീവനുതുല്യം സ്നേഹിക്കുന്നു. അടുക്കളയുടെ കോണില്‍ ആരോടും പരിഭവമില്ലാതെ... ഒരമ്മ.
ജനിയുടെ അമ്മയോട് എന്തു പറയണമെന്ന് റസിയ ആലോചിച്ചു. ഒടുവില്‍ ഒരു സ്കോളര്‍ഷിപ്പ് തനിക്കും ജനിക്കും കിട്ടിയെന്നും, അക്കാരണംകൊണ്ട് മദ്രാസിലേക്ക് പോകണമെന്നും റസിയ ഇക്കയെകൊണ്ട് കോളേജിലെ ഒരു പ്രൊഫസറെ ചാക്കിലാക്കി പറയിപ്പിച്ചു. അതിനൊരു നല്ല തുകതന്നെ ചിലവാക്കോണ്ടി വന്നു അയാള്‍ക്ക്.
റസിയയുടെ ഇക്ക ഹോസ്പിറ്റലിനടുത്ത് ഒരു കെട്ടിടം വാടകയ്ക്കെടുത്തു. ജനിയും റസിയയും ഹോസ്റ്റലില്‍ നിന്നും അവിടേയ്ക്കുമാറി. കുറേ നാള്‍ ജനി കോളേജിലെത്തി ക്രമേണ പുറത്തിറങ്ങാനാകാതെ വയര്‍ വലുതായിത്തുടങ്ങി.
ജനി അമ്മയായി മാറുകയായിരുന്നു. ഒരമ്മയുടെ എല്ലാ തയ്യാറെടുപ്പുകളുമായി. കുഞ്ഞുടുപ്പുകള്‍ തുന്നിയും. പുസ്തകങ്ങള്‍ വായിച്ചും. ആഹാരക്രമത്തില്‍ ശ്രദ്ധിച്ചും ഇങ്ങനെ. റസിയ നല്ലൊരു പരിചാരികയായി. തന്‍റെ മകളപ്പോലെ ജനിയെ അവള്‍ പരിചരിച്ചു. പലപ്പോഴും വിഷ്ണു അവിടെ എത്തിയിരുന്നു. ജീവിതം എന്തെന്നറിയാതെ ഇതെല്ലാം അത്ഭുതത്തോടെ കണ്ടും, കുറച്ചു കരഞ്ഞും..
ജനി ഓരോ ദിവസവും പൂര്‍വ്വാധികം സന്തോഷത്തോടെ കാര്യങ്ങളെ സമീപിച്ചു.
ഒരു ദിവസം അവള്‍ വിഷ്ണുവിനോടു പറഞ്ഞു. നിന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. പക്ഷേ.. ഇനി നീ ഇവിടെ വരരുത്... നീ പഠിക്കുക.. ഒരുപാട് ഉയരങ്ങളിലേക്ക്.... നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും... പക്ഷേ നീ എന്‍റെ ജീവിതത്തില്‍ ഒരാളാകുന്നത് എനിക്കിഷ്ടമല്ല....
വിഷ്ണുവും റസിയയും സ്തബ്ധരായി.. ഒന്നും പറയാന്‍ കഴിഞ്ഞില്ല... കാരണം ജനി അത്രയ്ക്ക് ഉറച്ച ഒരു തീരുമാനം പറഞ്ഞ് ഇതുവരെ അവര്‍ കേട്ടിട്ടില്ല. അതിനൊരു മറുവാക്കു പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
പ്രസവദിനം അടുത്തു. റസിയയുടെ ഇക്കയുടെ അടുത്ത സുഹൃത്താണ് ഡോക്ടര്‍. പ്രസവസമയത്ത് റസിയകൂടവേണമെന്ന് ജനി വാശി പിടിച്ചു. സ്വകാര്യ ആശുപത്രി ആയതുകൊണ്ട് ഡോക്ടര്‍ അതു സമ്മതിച്ചു.
പ്രസവറൂമില്‍ റസിയയുടെ ഒരു കൈയ്യില്‍ അമര്‍ത്തിപിടിച്ചാണ് ജനി കിടന്നത്. എടാ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമൊരു വേദന വന്നു പോകുന്നു. മൂത്രം നിറഞ്ഞു മുട്ടുന്നതുപോലെ...
റസിയ..... റസിയാ....... റസിയാ ......... റസിയെ അവളടുടെ കവിളില്‍ തലോടി... ഒന്നുല്ലെടാ...
ആ...... അമ്മേ........ റസീ...... വേദന കണ്ടു നില്‍ക്കാന്‍ റസിയ നന്നേ പാടുപെട്ടു. തന്‍റെ പ്രിയതോഴിയുടെ കൈവിടുവിച്ച് പുറത്തേക്കോടാന്‍ കഴിയാത്തതിനാലാണ്... ഇങ്ങനെ... കണ്ണുമടച്ച്... അവള്‍ നിന്നത്...
ആ... അമ്മേ... ആ... റസീ... റ..സീ.... ങാ...റ....സീ...
ഒന്നു ആഞ്ഞു മുക്കിക്കേ മോളേ..... ദാ.. കഴിഞ്ഞു... ഡോക്ടര്‍ കൈയ്യിലേക്ക് കുഞ്ഞിനെ പകര്‍ന്നടുക്കുമ്പോള്‍ റസിയയുടെ കൈത്തണ്ടയില്‍ മുറുക്കി നോവിച്ച് നിലവിളിക്കുകയായിരുന്നു ജനി..
പൊക്കിള്‍ക്കൊടി മുറിച്ച് തലകീഴായി കുഞ്ഞിനെപ്പിടിച്ച് മുക്കു പിഴിഞ്ഞ് തുടച്ച് ജനിക്കരികില്‍ കിടത്തുമ്പോള്‍ അവരുടെ സൗഹൃദത്തിനിടയില്‍ ഒരു മുത്തുകൂടി കോര്‍ത്തു വയ്ക്കുകയായിരുന്നു.
മുത്ത് അതു തന്നെ അവളുടെ പേരും.
മാസങ്ങള്‍ കടന്നു. മുലയിറ്റിച്ച് കുഞ്ഞിനെ പരിചരിക്കുമ്പോള്‍ റസിയയോടായി ജനി പറഞ്ഞു. ഞങ്ങള്‍ നാളെ പോകും. നിന്റിക്കായ്ക്ക് ചെലവായ മുഴുവന്‍ തുകയും ആ ചെക്കിലുണ്ട്. ഇനി നീ എന്നെ തിരക്കണ്ടാ.
റസിയ ഞെട്ടി...
എന്താടാ...
അറിയാതെ ജനിയുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറുകയായിരുന്നു റസിയ...
ജനി മറുപടി ഒന്നും പറഞ്ഞില്ല. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ഒരു കാറുവന്നു നിന്നു. ജനി അതിലേക്ക് തന്‍റെ പെട്ടികള്‍ എടുത്തുവച്ചു. റസിയയെക്കെട്ടിപ്പിടിച്ച് മുത്തം നല്കി.
റസിയ ഒരു പാവയെപ്പോലെ എല്ലാം നോക്കിനിന്നു.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു റസിയ വലിയ എഴുത്തുകാരിയായി. ഒരുപാട് പുരസ്കാരങ്ങള്‍ അവളെത്തേടിയെത്തി. പല പ്രസാദകരും മുന്നേ പണംകൊടുത്ത് അവളുടെ അടുത്ത പുസ്തകത്തിനായി കാത്തിരുന്നു. അങ്ങനെ ഒരു പുതിയ പുസ്തകത്തിന്‍റെ കഥതേടിയാണ് അവളീ ഹൈറേഞ്ചിലെത്തിയത്. പക്ഷേ കഴിഞ്ഞ ദിവസത്തെ ആ സ്കൂള്‍ ഫോട്ടോ ഇടക്കെവിടെയോ തന്നെ പിന്നിലേക്ക് വലിക്കുന്നു. റസിയയുടെ ചിന്ത ജനിയിലേക്ക് മാത്രം ഇഴഞ്ഞുപോകുന്നു.
റസിയ ലാപ് ഒാഫ് ചെയ്ത് പുറത്തയ്ക്കിറങ്ങി. മുന്നിലെ കോഫിക്കടയില്‍ നല്ല തിരക്ക്. തണുപ്പ് മാറിയിട്ടില്ല.
ഒരു കോഫി - റസിയ പറഞ്ഞു
അടുത്തുള്ള കസേര വലിച്ചിട്ടിരിക്കുമ്പോള്‍ മുന്നിലെ പത്രത്തില്‍ അവളുടെ കണ്ണുകളുടക്കി. ജനി... പിന്നൊന്നും ആലോചിച്ചില്ല പത്രം ഒന്നു ചോദിക്കുകപോലും ചെയ്യാതെ പിടിച്ചു വാങ്ങി...
അതെ ജനി... ജനി തന്നെ... ഇവള്‍....
കടയിലെ ആളുകളെല്ലാം റസിയയ്ക്കു ചുറ്റും കൂടി.... പത്രം വായിച്ചിരുന്നയാള്‍.. ചാടിഎണീറ്റു നില്‍ക്കുന്നു....
ജനി.. എന്‍റെ ജനി.... റസിയ ഉറക്കെ വിളിച്ചു......
ഇതോ... ഇത്... നമ്മുടെ പാരാസൈക്കോളജി തലയ്ക്കുപിടിച്ച സ്ത്രീയല്ലേ...... അവര്‍ പഴയ ബംഗ്ലാവിലാണ് താമസം വര്‍ഷങ്ങളായി ഇവിടെ.. ഈിടയ്ക്ക് എന്തോ പുസ്തകമോ.. പ്രതകഥയോ എന്തോ എഴുതിയിരുന്നു.... കുറേ ആള്‍ക്കാര്‍ അവരെ കാണാന്‍ വരും എല്ലാം വട്ടന്മാരാ.....
കടയിലെ ബോയി അതു പറഞ്ഞപ്പോള്‍ പലരും പത്രം വാങ്ങി മാറി മാറി നോക്കി....
പെട്ടെന്നായിരുന്ന റസിയയുടെ ഭാവം മാറിയത്... ബോയിയുടെ കോളറില്‍ത്തൂക്കി എവള്‍ ചോദിച്ചു....
ഭ്രാന്തിയോ... എന്‌റെ ജനി ഭ്രാന്തിയോ?.... എല്ലാവരും അമ്പരുന്നു. റസിയ വല്ലാത്തൊരവസഥയിലായിരുന്നു. ഒടുവില്‍ ആരോ അവളെ സമാധാനിപ്പിച്ചു.
കുന്നുകയറുമ്പോള്‍ വഴിയരുകില്‍ നിറയെ ജക്രാന്തകള്‍ പൂത്തുലഞ്ഞു നില്‍പുണ്ടായിരുന്നു. തേയിലത്തോട്ടത്തിനു നടുവില്‍ അങ്ങു ദൂരെ ഒരു ബംഗ്ലാവ്. റസിയ കാല്‍ വലിച്ച് നടന്നു. അവളെ കാണാനുള്ള തിടുക്കമായിരുന്നു മനസ്സു നിറയെ. അടുത്തെത്തുന്തോറും കൂടുതല്‍ കൂടുതല്‍ ഏകാന്തത സമ്മാനിക്കുന്ന ഒരന്തരീക്ഷം അവള്‍ക്കനുഭവപ്പെട്ടു. ഒരു വശ്യമായ തരംഗം അവളെ പൊതിയുന്നതുപോലെ. കോഫിക്കടയിലെ ബോയി പറഞ്ഞതുപോലെ ഒരു പ്രേതച്ചൂര് അവളുടെ ഉള്ളിലൂടെ കടന്നു പോകുന്നതുപോലെ.
ഉമ്മറത്തെ വലിയ മണിയില്‍ തൂങ്ങിക്കിടന്ന ചരടില്‍ റസിയ നിശബ്ദതയെ ഒന്നുണര്‍ത്തി... ആരോ ഗോവണികള്‍ ഇറങ്ങിവരുന്ന ശബ്ദം. കതകു തുറന്നു.. ജനി...
റസിയ..... ജനി തിരിച്ചറിഞ്ഞിരിക്കുന്നു...
പണ്ട് ഹോസ്റ്റലിലെന്നപോലെ അവള്‍ റസിയയെകെട്ടിപ്പിടിച്ചു.. അന്ന് റസിയയായിരുന്നുവെങ്കില്‍ ഇന്ന് ജനി അവളുടെ കവിളില്‍ ഒന്നു കടിച്ചു... കൊല്ലട്ടേടീ....
റസിയയുടെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല.
നീയാരെയാ ഈ തിരയുന്നത് മുത്തിനെയാണോ? ജനിയുടെ വാക്കുകള്‍ റസിയയുടെ തിരച്ചിലിന്‍റെ ഉത്തരമായിരുന്നു.
നീ കണ്ടില്ലേ അവളെ വഴിയരുകില്‍ പൂത്തുനില്‍ക്കുന്ന ആ ജക്രാന്തകള്‍ അതവളാണ് അവളുടെ ചിരിയാണ്. ജനിയും വല്ലാതെ ചിരിച്ചു.....
റസിയയുടെ കൈത്തണ്ടയില്‍ പ്രസവദിവസത്തേതെന്നപോലെ അമര്‍ത്തിപ്പിടിച്ച് അവള്‍ കരഞ്ഞു.... പിന്നെ വലിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി.... പൂത്ത ജക്രാന്തകളെ കാട്ടി.. തിരികെ അകത്തേയ്ക്ക് .. ഒരു വലിയ മുറി വലിച്ചു തുറന്നു... അവിടെ മുഴുവന്‍ ചിത്രങ്ങള്‍... മുത്തിന്‍റെ വിവിധ ഭാവത്തിലുള്ളവ..... പക്ഷേ ഏകദേശം മൂന്നു വയസ്സിനു ശേഷമുള്ള ഒരു ചിത്രം പോലും റസിയ അവിടെകണ്ടില്ല. ഒരു തൊട്ടില്‍ ഒരുക്കിവച്ചിരിക്കുന്നു. അതിപ്പോള്‍ ഒരുക്കിവച്ചതുപോലെ... കൊളുത്തുകള്‍ തൂക്കിയിരിക്കുന്ന പടികളില്‍ നീല നിറത്തിലുള്ള ജക്രാന്തപൂവുകള്‍ കോര്‍ത്തുവച്ചിരിക്കുന്നു.
ജനീ.....
എന്താടീ... അവള്‍ പുനര്‍ജനിക്കുമെടീ... ജനി വീണ്ടും ഉറക്കെ ചിരിച്ചു.....
അലമാര തുറന്ന് മുത്തുകള്‍ ഇളകിയ ഒരു സ്ലേറ്റെടുത്ത് ജനി റസിയയ്ക്കു നേരേ നീട്ടി...
റസിയ അത് വാങ്ങുമ്പോള്‍ ജനി പറഞ്ഞു... അതില്‍ ഒരു മുത്താണ് അവളുടെ തൊണ്ടയില്‍ കുരുങ്ങിയത്.....
നീ.. വാ... അവള്‍ ഉറങ്ങുന്നത് കാണണ്ടേ....... കൈത്തണ്ടയില്‍ പിടിച്ചുവലിച്ച് ജനി റസിയെ പുറത്തേയ്ക്കു കൊണ്ടുപോകുമ്പോള്‍ നീലപൂക്കള്‍ പൊഴിയുന്നുണ്ടായിരുന്നു.
No comments:
Post a Comment