Sunday, 8 June 2014

അക്ഷരത്തെറ്റ്

ബലിക്കാക്ക ഇലത്തുമ്പ് കൊത്തിവലിച്ച് കുറച്ചുദൂരം കൊണ്ടുപോയി. വറ്റുകള്‍ തറയില്‍ ചിതറി. അടര്‍ന്നുടഞ്ഞ പിണ്ഡത്തില്‍ നിന്ന് ഒരു ചുണ്ടുനിറയെകൊത്തിയെടുത്ത് പറന്നു. അഖിലും ലക്ഷ്മിയും നനഞ്ഞകൈ ഉടുതുണികളില്‍തുടച്ച് അകത്തേക്ക് പോയി.

എടാ നീയാ തോര്‍ത്തും പട്ടും ഇവിടെ ബലിപ്പുരേലോട്ട് ഇട്ടേരെ.
രാഘവേട്ടന്‍ എപ്പോഴും അങ്ങനെയാണ് ഓരോ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.

എന്നാലും ഇവന് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ? കണ്ടനസ്രാണിച്ചിയൊക്കെ നമ്മുടെ ആചാരപ്രകാരം അടക്കുക. പിള്ളാരെക്കൊണ്ട് അതുമിതും ചെയ്യിക്കുക. എന്താ രാഘവാ ഇതിന്‍റെയൊക്കെ അര്‍ത്ഥം.

രാഘവേട്ടന്‍ മുറുക്കാന്‍ നിറഞ്ഞ വായില്‍ ചെറിയൊരു കാറല്‍കാറി നീട്ടിത്തുപ്പി. അല്ല.. അതിപ്പോ ആ കൊച്ച് നമ്മുടെ മതത്തിലേക്ക് ആചാരപ്രകാരം മാറീതല്യോ? അപ്പോ.. അതിന്‍റെ ചടങ്ങ് ഇങ്ങനെ നടത്തണേനെന്താ ഒരു പോരായ്ക... കൊച്ചേടത്തീ...

അച്ചന്‍റെ പെങ്ങളാണ്. അരോരുമില്ല. അവിവാഹിതയാണ്. പണ്ടേ ഞങ്ങള്‍ക്കൊപ്പമാണ്. അച്ഛന്‍ മരിച്ചതില്‍പിന്നെ അവര്‍ മൂപ്പുമുറയുടെ ബലം വച്ച് അധികാരസ്വരത്തിലാണ് സംസാരിക്കുക. ശുദ്ധയാണ്. പക്ഷേ ചിലപ്പോള്‍ ചിലകാര്യങ്ങള്‍ പറയുന്നതുകേട്ടാല്‍ നല്ല ദേഷ്യമാണ് എനിക്കുണ്ടാവുക. അപ്പച്ചിയായതുകൊണ്ട് ഞാന്‍ പിന്നെ തറുക്കുത്തരത്തിനൊന്നും പോകാറില്ല. എന്‍റെ മക്കള്‍ക്ക് അവരെ വലിയ ഇഷ്ടാണ്. അവര്‍ക്കും.

അരീനയെക്കുറിച്ചാണ് അച്ഛന്‍പെങ്ങളുടെ സംസാരം. അവള്‍ ആരാണെന്ന് അവര്‍ക്കറിയില്ല. എനിക്കും അവള്‍ ആരാണെന്ന് മുഴുമിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

ശാരി പറഞ്ഞിട്ടാണ് അവളെ ഞാന്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. മൂന്നാഴ്ചമുന്‍പ് ഒരു ഫോണ്‍കോള്‍ ഞങ്ങളുടെ ശ്വാസം മുട്ടിച്ചു. അരീനയ്ക്ക് ആക്സിഡന്‍റാണ്. ലണ്ടനിലെ തിരക്കുപിടിച്ച റോഡില്‍ ജീവന്‍റെ മുക്കാലോളം നഷ്ടപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിലാണെന്നറിഞ്ഞപ്പോള്‍ എന്നെക്കാളും നൊന്തത് അവള്‍ക്കാണ് ശാരിക്ക്.

ശാരിയെ വിവാഹം കഴിക്കുമ്പോള്‍ ഞാനും അരീനയും തമ്മില്‍ നല്ല സ്നേഹമാണ്. സൗഹൃദത്തിന്‍റെ ഇടനാഴികളില്‍ നാം അറിയാതെ കോര്‍ത്തെടുത്ത പ്രണയം രണ്ടുപേരം പുറത്തു പറഞ്ഞില്ല. പരസ്പരം അറിയാത്ത ഒരു രഹസ്യവും ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. എന്നിട്ടും...

എന്‍റെ വിവാഹം പെട്ടെന്നാണ് തീരുമാനിച്ചത്. അതിന് അനുവാദം അറിയേണ്ടത് ഒരാളില്‍ നിന്നു മാത്രമായിരുന്നു. അരീനയില്‍ നിന്ന്. ഒന്നും സംഭവിക്കാത്തതുപോലെ എന്‍റെ വിവാഹത്തിനെ സന്തോഷത്തോടെ അവള്‍ അനുകൂലിച്ചു. ശാരി എന്‍റെ ഭാര്യയായി. ക്രമേണ അരീനയില്‍ നിന്ന് ഞാന്‍ അകന്നു. ഫോണ്‍കോളുകള്‍ ഇല്ലാതെയായി.

എനിക്കും ശാരിക്കും ആദ്യമകള്‍ പിറന്നപ്പോള്‍ അരീനയെ അറിയിക്കണമെന്ന് എനിക്കുതോന്നി. പക്ഷേ അവളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ആരുമറിയാതെ ആ തോന്നല്‍ ഞാന്‍ മനസ്സിലൊതുക്കി. പ്രണയത്തിനിപ്പുറം ഒരു നല്ല സുഹൃത്തായി മാത്രം പഴയ പുസ്തകെട്ടിനുള്ളില്‍ ഞാനവളെ ഒളിപ്പിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഞങ്ങള്‍ക്ക് മക്കള്‍ രണ്ടായി. അരീന എന്നൊരു നാമംപോലും എന്‍റെ മനസ്സിന്‍റെ അകലങ്ങളില്‍പോലും എത്തിപ്പെട്ടില്ലാ എന്നതാണ് സത്യം.

അച്ഛാ അമ്മ വിളിക്കുണു...
മകന്‍ തോണ്ടി വിളിച്ചു...
എന്തേയ്....
എബിയും പെണ്ണും ഇന്നു പോണൂന്ന്..... അവര്‍ക്ക് .. എന്തൊക്കെയോ.. ചെയ്തുതീര്‍ക്കാനുണ്ടെന്ന്..... മക്കളും വേലക്കാരടുത്ത് ഒറ്റക്കാണല്ലോ.. പൊയ്ക്കോട്ടെ .... അല്ലേ... ശാരി പറഞ്ഞുകൊണ്ടേയിരുന്നു.

എബിയും ഭാര്യയും മുറിയ്ക്കകത്താണ്. അവനെ ആശ്വസിപ്പിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. ഇവിടെ നില്‍ക്കുന്തോറും അവന്‍റെ സങ്കടം കൂടുകയേയുള്ളൂ. അരീനയെ അവന്‍റെ കുഞ്ഞുപെങ്ങളെ, അമ്മയും അച്ഛനും നഷ്ടപ്പെട്ടശേഷം അവര്‍ക്ക് അവര്‍ മാത്രമായിരുന്നു തുണ. ആ സ്നേഹം അതിനെ എങ്ങനെയാണാശ്വസിപ്പിക്കുക.

എബീ....
അവനെനന്നെ ചേര്‍ത്തുപിടിച്ചു
എന്നെക്കാളേറെ അവള്‍ സ്നേഹിച്ചിരുന്നത് നിങ്ങളെയാണ്.... അവളുടെ ഉത്കണ്ഠ നിങ്ങളെക്കുറിച്ചു മാത്രമായിരുന്നു... എന്തേ നമ്മളാരും അവളെ അറിഞ്ഞില്ല... ആ മനസ്സ് വായിച്ചില്ല.

എനിക്ക് മറുപടിയില്ലായിരുന്നു. മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. ഒന്നു പൊട്ടിക്കരയണമെന്ന് മനസ്സാഗ്രഹിച്ചെങ്കിലും അതിരുണ്ടുകൂടിയതേയുള്ളൂ....

ശാരിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു....

എബിയച്ചാ... നീ വരണം ഇനിയും ഇവിടേക്ക്...
ശരിയേച്ചി....

കാറില്‍ക്കയറി എബി പോകാനൊരുങ്ങുമ്പോള്‍ അഖില്‍ ഉമ്മറത്തെത്തി.....

ഓഹ്..... ഒരു കാര്യം മറന്നു.... അഖില്‍ ഇങ്ങുവാ..... ഇത് നിനക്കായി അരീന വാങ്ങിയതാണ്... സ്കോളര്‍ഷിപ്പിന് സമ്മാനമായി.....

വിലപിടിപ്പുള്ള പാര്‍ക്കര്‍പേന അഖിലിന് വച്ചുനീട്ടി.....

യാത്ര പറഞ്ഞ്.. അവര്‍ പോയി.. കാറ് കണ്ണില്‍ നിന്നകലുമ്പോള്‍ അരീന ഓര്‍മകളില്‍ ചിരിച്ചു നില്‍ക്കുകയായിരുന്നു.

യുണിവേഴ്സിറ്റികോളേജിന്‍റെ പടികളില്‍ എന്നെ കാത്തു നില്‍ക്കുന്ന അരീന. സൗഹൃദത്തിന്‍റെ, സ്നേഹത്തിന്‍റെ കളിചിരികളുമായി കുറേ വര്‍ഷങ്ങള്‍. മനസ്സ് എന്നിലേക്ക് മടങ്ങിവരുമ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലെ ഫെഡ് ലൈറ്റ് എന്നിലേക്ക് പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.

ഡോ.സാം ആണ് എന്നെ ഓപ്പറേഷന്‍ ചെയ്യുന്നത്. അവന്‍ എന്നെക്കാള്‍ സീനിയറാണ്. എന്‍റെ നല്ല സുഹൃത്തിലൊരാള്‍.. ഇപ്പോള്‍ അവന്‍ ലണ്ടനിലാണ്. എന്‍റെ ഓപ്പറേഷന്‍റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തിരിക്കുന്നത് അവനാണ്. എനിക്കുവേണ്ടിയാണ് ഇന്നലെ അവന്‍ നാട്ടിലെത്തിയതും. രക്തക്കുഴലുകളിലെ ബ്ലോക്ക് മാറ്റാനാണീ ശസ്ത്രക്രിയ. പ്രീഡിഗ്രി ക്ലാസ്സുകളിലെ  ഇടവേളകളില്‍ ഞാനും സാമും നീനയും എപ്പോഴും ഒരുമിച്ചായിരുന്നു. നീനയും അവനും അന്നേ ഇഷ്ടത്തിലായിരുന്നു. സാം മെഡിസിനു ചേര്‍ന്നു ഞാനും നീനയും പോളിയിലും.. ഇടയ്ക്കൊക്കെ സാം നീനയെ കാണാനെത്തും. ഞങ്ങളുടെ സൗഹൃദം ഒരിക്കലും പിരിഞ്ഞിട്ടില്ല. ഇന്നും അതു തുടരുന്നു. മലയാളം ബിരുദപഠനത്തിന് നീനയും ഞാനും വീണ്ടും യുണിവേഴ്സിറ്റിയില്‍ ഒന്നിച്ചെത്തി, അവിടെ വച്ചാണ് എനിക്ക് അരീനയെ സുഹൃത്തായിക്കിട്ടിയത്. രണ്ടാവര്‍ഷം ബിരുദക്ലാസ്സിലെത്തിയെപ്പിയപ്പോള്‍ നീനയെ സാം വിവാഹം കഴിച്ചു. ഞാനും അരീനയും ഒറ്റക്കായി. കലാലയജീവിതത്തിനുശേഷവും അരീന എന്നെക്കാണാന്‍ വരുമായിരുന്നു. സാമും നീനയും വല്ലപ്പോഴും വിളിക്കും. ഇടയ്ക്കെപ്പോഴോ അവര്‍ ലണ്ടനിലേക്ക് പോയി. സാം ഇപ്പോള്‍ അറിയപ്പെടുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്.

ഏയ് എന്താടാ... ഓര്‍മ്മയൊന്നും വിട്ടു പോയിട്ടില്ലല്ലോ അല്ലേ... സാമിന്‍റെ ചോദ്യമാണ് ഓപ്പറേഷന്‍ റൂമിലാണ് ഞാനെന്ന ചിന്ത തിരിച്ചുകൊണ്ടുവന്നത്. ഞാന്‍ ചിരിച്ചു...
സാരമില്ലെടാ... ഞാനില്ലേ നിന്‍റൊപ്പം...
ഞാന്‍ വീണ്ടും ചിരിച്ചു.....

ശരിയാണ് അവന്‍റെ ഉറപ്പിലാണ് ഞാന്‍ എറണാകുളത്തേക്ക് വണ്ടി കയറിയത്. വീട്ടില്‍ ആരോടും പറഞ്ഞില്ല. ശാരിയോടു പറഞ്ഞു എനിക്ക് കുറച്ചു ദിവസത്തെ ടൂറൊണ്ട്. മാറ്റിവയ്ക്കാനാവില്ല.

അവളുടെ അനുവാദത്തിന് കാത്തുനിന്നില്ല. വീട്ടില്‍ നിന്നിറങ്ങി. ഓപ്പറേഷനുവേണ്ടി വലിയൊരു തുക വേണം എന്‍റെ കൈയ്യില്‍ ആകെ ഉള്ളത് അയ്യായിരം രൂപയാണ്. സാമിനെ വഴിയിലെ ബൂത്തില്‍ നിന്നും വിളിച്ചു. ട്രങ്ക് കാളാണ്... രണ്ടുമൂന്നുതവണ ശ്രമിച്ചിട്ടാണ് കിട്ടിയത്.

നീ വിഷമിക്കണ്ട നിന്ക്ക് എറണാകുളത്ത് എത്താനുള്ള കാശ്ശുണ്ടല്ലോ? അല്ലേ..
സാമിന്‍റെ മറുപടി എനിക്കാശ്വാസമായി.

ആശുപത്രിയില്‍ റിസപ്ഷനില്‍ പേര് പറഞ്ഞപ്പോഴേ.. ഓ.. സാം സാറ് പരഞ്ഞ കേസാ അല്ലേ... ഇരിക്കൂ.. വിളിക്കാട്ടോ... എന്ന മറുപടിയാണ്. കിട്ടിയത്.

ഇതിനിടയില്‍ ഒരു പെണ്‍കുട്ടി എന്‍റെ കൈയ്യിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വാങ്ങി പരിശോധിച്ചു. റിസപ്ഷന്‍ ഹാളിലെ കസേരയില്‍ ഞാന്‍ ചാഞ്ഞിരുന്നു.

അല്പനേരം കഴിഞ്ഞ് ചെക്കപ്പുകള്‍ക്കായി എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  സാം എപ്പൊ വരുമെന്ന് ഞാന്‍ ചോദിച്ചു.
അദ്ദേഹം മറ്റന്നാള്‍ എത്തും അതിനു മുമ്പ് മാഷിന്‍റെ എല്ലാ ചെക്കപ്പുകളും തീര്‍ത്തുവയക്കാനാ നിര്‍ദ്ദേശം.
ഞാന്‍ ചിരിച്ചു....

ചിരിച്ചുണര്‍ന്നപ്പോള്‍ സാം പറഞ്ഞു ... കഴിഞ്ഞളിയാ...... വീണ്ടും മയക്കത്തിലേക്ക്.....

ഓര്‍മ്മവരുമ്പോള്‍ വാര്‍ഡിലായിരുന്നു... സാം അടുത്തുതന്നെയുണ്ട്... ഡോക്ടറും കൂട്ടിരിപ്പുകാരനും എല്ലാം അവന്‍ തന്നെ... അതിനും വേണം ഒരു ഭാഗ്യം...  അവന്‍ എന്നെ നോക്കി ചിരിച്ചു....
നീ ഒരാഴ്ചകൂടി ഇവിടെ തങ്ങേണ്ടിവരും.. പേടിക്കണ്ട... ഞാനിവിടെയുണ്ട്....
നീന...
അവളെയും കൊണ്ടു വന്നിട്ടുണ്ട്.... നീ മോളെ കണ്ടിട്ടില്ലല്ലോ?.... അല്ലേ...

ഇല്ല.....

ഉച്ചയാവട്ടെ... അവര്‍ രണ്ടുപേരും വരും...

ട്രിപ്പ് മാറ്റി വേറൊന്ന് നഴ്സ് കൈത്തണ്ടയിലേക്ക് തിരുകി.... വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു.

ടാ... നീ നോക്കെന്‍റെ മോളെ.... ഞാന്‍ കണ്ണുതുറന്നു.... സാം എന്നെ പതിയെ പിടിച്ചു നിവര്‍ത്തി ചാരിയിരുത്തി... മോളേ.. നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.... നീന... ഒരു വീല്‍ചെയറില്‍ കുഞ്ഞുമായി ഇരിക്കുന്നു....

എന്താ.... എന്തുപറ്റി....

അല്ലാ അവള്‍ക്ക് നടക്കാന്‍ സ്വല്പം പ്രയാസം.... പ്രസവത്തിനുശേഷമാ.... സാരമില്ല.... പ്രസവത്തില്‍ അവളെ എനിക്കു തിരികെ കിട്ടിയതുതന്നെ എന്‍റെ ഭാഗ്യം. അല്യോടി.....
നീനയുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍കണങ്ങള്‍ ഉരുണ്ടുവീണു.

നിന്നെ കാണണമെന്നു പറഞ്ഞു.... അതാ ഞാനിവളേയും കൂട്ടിയെ അല്ലേ.. കൊണ്ടുവരില്ലായിരുന്നു.....

അതു മാത്രമല്ല.. ഒരു ഷോക്ക്.. നിന്നെ എത്ര ബാധിക്കുമെന്നും എനിക്കു മനസ്സിലാക്കാമല്ലോ?... ഇതൊക്കെ ഒരു ദൈവീകമായ ചരടല്ലേ... അല്ലേടാ....

ഞാനൊന്നു മൂളുക മാത്രമേ.. ചെയ്തുള്ളൂ....

ഞങ്ങള്‍ ഒരുമിച്ചാണ് തിരികെ എന്‍റെ വീട്ടിലേക്ക് വന്നത്. വീടിനടുത്തുവരെ അവന്‍ എന്നെ കൊണ്ടാക്കി. ഗുളികകളും നിര്‍ദ്ദേശങ്ങളും ചെക്കപ്പുകളുടെ ദിനങ്ങളും എല്ലാം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു.

വീട്ടിലെത്തിയപ്പോള്‍.. അമ്മ ശകാരത്തോടെ പുറത്തുവന്നു....

അമ്മയ്ക്കിന്നവധിയായിരുന്നോ?

അരോടും പറയാതെ നിന്‍റെയൊരു ദേശാടനം....... പടികടന്നപ്പോള്‍ ഫോണ്‍ ബല്ല് ശബ്ദിച്ചു...

അമ്മേ അതെടുക്ക്....... ഫോണിലെ ശബ്ദം അമ്മയക്ക് സുപരിചിതമായിരുന്നു... കേള്‍ക്കുന്നതല്ലാതെ ഒന്നും അമ്മ പറഞ്ഞില്ല.... കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു.....

ഫോണ്‍ വച്ച് ... എന്‍റടുത്ത് ചേര്‍ന്നിരുന്ന് അമ്മ തലയില്‍ തലോടി.. പിന്നെ ഒറ്റ കരച്ചിലായിരുന്നു. ഞാനും ....

അമ്മ അവള്‍ക്ക് ഫോണ്‍ചെയ്തു.. ജോലിസ്ഥലത്തായിരുന്നു അവള്‍..... മക്കള്‍ ഉറങ്ങുന്നു.... ഞാന്‍ ആരേയും ഉണര്‍ത്തിയില്ല.....

ഇത്തിരി കഞ്ഞി തരണമമ്മേ...
ദാ.. വന്നു.....

കഞ്ഞികുടിച്ചു കഴിഞ്ഞ‍പ്പോള്‍ മുറ്റത്തൊരോട്ടോ വന്നു നിന്നു. അവളാണ്.. ശാരി...

എന്തായിത്... തോന്യാസം ഇത്തിരികൂടുന്നുണ്ട്... അനാഥനൊന്നും അല്ലല്ലോ?...
കുറേ പരിഭവങ്ങള്‍.. കരച്ചില്‍.... അങ്ങനെ....

അമ്മ പെന്‍ഷനായതിന്‍റെ പിറ്റേന്ന്. കുറേ കാശ്ശ് അമ്മ എനിക്കു തന്നു. നീ ഈ പണം അവനു കൊടുക്കണം... സാമിന്... അന്നവന്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍.....

എനിക്കും അതു ശരിയാണെന്നു തോന്നി... ഞാന്‍ ട്രങ്ക് ബുക്കുചെയ്ത് ശ്യാമിനെ വിളിച്ചു...

എടാ... ആ .. കാശ് എനിക്കുള്ളതല്ല... അതിന്‍റെ അവകാശി വേറെയാ... ഞാനൊന്നു ചോദിക്കട്ടെ....

ആരാ.. അത്...
പിന്നീടു പറയാം... ഞാനൊന്നു ചോദിക്കട്ട....

മഴ വരുന്നുണ്ട്..... കൊച്ചേടത്തീ.. ഇങ്ങകത്തുകയറിയിരിക്ക്.. വീണ്ടും രാഘവേട്ടന്‍റെ നിര്‍ദ്ദേശം.

നീയെന്താടാ ഇങ്ങനെ എപ്പോഴും ചാരുകസേരയില്‍ക്കിടന്നൊരാലോചന... അവളെ നിനക്ക് വിധിച്ചിട്ടില്ല.. അല്ലാരുന്നേല്‍ നീ തന്നെ അവളെ കെട്ടുമായിരുന്നില്ലേ... നിങ്ങടെ മനസ്സ് അന്ന് തുറന്നു പറയാന്‍ തമ്പുരാനനുവധിച്ചില്ല അത്രതന്നെ...

ഇനീപ്പം വിഷമിച്ചോണ്ടൊന്നും ഒരു കാര്യോം ഇല്ല.. അച്ഛന്‍പെങ്ങള്‍.. ആശ്വസിപ്പിച്ചു...

ശരിയാണ് ഇനി അതാലോചിച്ചിട്ട് എന്തുകാര്യം.

സാമിന്‍റെ കത്ത് അന്ന് കൈയ്യില്‍ കിട്ടുമ്പോഴാണ് ഞാനെല്ലാം അറിയുന്നത്... അരീനയാണ് എന്‍റെ ഓപ്പറേഷന് പണം മുടക്കിയത്. അവള്‍ എന്നെ സ്നേഹിക്കുകയായിരുന്നു ഞാനറിയാതെ. നാട്ടിലെ തന്‍റെ കണ്ണെത്താത്ത സ്വത്തുക്കള്‍ അനാഥാലയങ്ങള്‍ക്കെഴുതിവച്ച് അവള്‍ പറക്കുകയായിരുന്നു. എന്‍റെ കണ്ണില്‍ നിന്ന് അകലേക്ക്. ഫ്രാന്‍സിലെ ഏതോ ഒരു സ്ഥാപനത്തിലെ ലീഗല്‍ അഡ്വൈസറായി. അപ്പോഴും അവള്‍ മനസ്സില്‍ സ്നേഹിച്ചത് എന്നെ മാത്രം. എന്‍റെ ഓരോ ചലനങ്ങളും അവള്‍ അറിയുകയായിരുന്നു സാമിലൂടെ. നീനപോലും എന്നെ പല തവണ കണ്ടതാണ്. അവളും പറഞ്ഞില്ല ഒരു വാക്ക്. മാസംതോറും മരുന്നും ചെക്കപ്പുകളും എനിക്ക് കൃത്യമായി ലഭിക്കാന്‍ സാമിനെ അവള്‍ ഏല്പിക്കുകയായിരുന്നു. എനിക്കു വേണ്ടി മാത്രമായിരുന്നു. അവളുടെ ജീവിതം....

ഓപ്പറേഷനില്‍ മരിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആലോചിച്ചുപോയി. സൗഹൃദത്തിനപ്പുറത്ത്, പ്രണയം മനസ്സില്‍ ഒളിപ്പിക്കുകയായിരുന്നു അവള്‍. ഞാന്‍ നിസഹായനായിരുന്നു. ജീവനേക്കാളേറെ എന്നെ സ്നേഹിക്കുന്ന ശാരിയും മക്കളും.. മറുതലയ്ക്കല്‍ അരീന....

എനിക്കായി മതം മാറി... എന്‍റെ മക്കളെ മനസ്സില്‍ താലോലിച്ച് അവള്‍ ജീവിക്കുകയായിരുന്നു. കണ്ണെത്താത്ത അകലത്തില്‍. ഒരു ഫോണ്‍.. ഒരു കത്ത്... ഒന്നുകൊണ്ടും അവള്‍ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല.

ജീവിത്തിലെ വിഷമഘട്ടങ്ങള്‍ പലതും ഞാനഭിമുഖീകരിക്കുമ്പോഴും, എന്‍റെ കുടുംബം എന്ന ചിന്തയിലേക്ക് മനപൂര്‍വ്വം ഞാനൂളിയിടുകയായിരുന്നു. അരീനയെ മനസ്സിലേക്ക് ഒരു നിമിഷത്തെ ചിന്തയിലേക്കുപോലും എത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.. ശാരിയും മക്കളും മാത്രമാണ് എന്‍റെ ലോകം എന്നു ഞാന്‍ തീര്‍പ്പുകല്പിച്ചു.

അപ്പോഴാണ് ആ ഫോണ്‍... ലണ്ടനില്‍ സാമിനെ കാണാനെത്തിയതായിരുന്നു അവള്‍

എന്‍റെ മക്കളെ മനസ്സില്‍ താലോലിച്ച എനിക്കായി ജീവിച്ച അവള്‍ക്കൊരു തര്‍പ്പണം അത്രയേ ഞാനും ശാരിയും കരുതിയുള്ളൂ.. ബന്ധുക്കളും നാട്ടുകാരും ഒന്നും .. അതിനനുകൂലിച്ചില്ല.... എങ്കിലും എന്‍റെ മക്കള്‍... അവള്‍ക്കായി .... എള്ളു വിതച്ചു..... എന്‍റെ അരീനയെന്ന നസ്രാണിച്ചിക്ക്.....
മനസ്സിലിടം നല്കാത്തവള്‍ക്ക് ഞങ്ങളുടെ തെക്കേത്തറയിലൊരിടം....

അച്ഛാ... ആരാ.. ഈ അരീനാന്‍റി....... തലയ്ക്കല്‍ മകന്‍റെ ചോദ്യം വീണ്ടുമെന്നെ ഉണര്‍ത്തി.....

അതൊരക്ഷരത്തെറ്റ്....
മറുപടി പറഞ്ഞത്.. ശാരിയാണ്.




No comments: