Sunday, 8 June 2014

മനസ്സിലേക്ക്

ഓരോ അടിയും ഹൃദയത്തിലേക്ക് ചേര്‍ത്തുവച്ചാണ് ഞാന്‍ നടന്നത്. തോളിലെ സഞ്ചി എനിക്കൊരു ഭാരമായിത്തോന്നി. അതില്‍ ഒന്നുമില്ലെങ്കില്‍ക്കൂടി. ഒരു പേനയും കുറച്ചു കടലാസും പിന്നൊരു സിഗരറ്റ് ലാമ്പും. മഴ നല്ലവണ്ണം പെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ സഞ്ചിയിലെ കടലാസ്സുകള്‍ നനഞ്ഞിരിക്കുന്നു. ഇതിവിടെ തൂക്കാം. മഴച്ചാലുകള്‍ ഒഴുകിയെത്തുന്ന തൂക്കായ ഇറക്കങ്ങള്‍. കണ്ണെത്താദൂരത്തേയ്ക്ക് പടര്‍ന്നുകയറുന്ന കാട്ടുവള്ളികള്‍. അവിടെ പൊട്ടുകള്‍പോലെ ആകാശക്കാഴ്ച. മഴയായതിനാല്‍ പകല്‍സമയത്തുപോലും കുരിരുള്‍ വ്യാപിച്ചിരിക്കുന്നു. ഇനിയും ഞാന്‍ നടക്കേണ്ടതുണ്ട് ഗുരുജിയുടെ അടുത്തെത്താന്‍.

അവന്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നുണ്ട്. ഇരുട്ടില്‍ രണ്ടു കണ്ണുകള്‍ മാത്രമേ എനിക്കു കാണാനാകൂ. അവന് വഴി നല്ല നിശ്ചയമാണ്. മുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തിന് നല്ല ശക്തിയുണ്ട്. ഇടയ്ക്ക് എന്തൊക്കൊയോ കാലില്‍ കുരുങ്ങി മറിയുന്നുണ്ട്. കുളയട്ടകള്‍ ഒഴുക്കായതിനാല്‍ വലിയ ശല്യം ചെയ്യുന്നില്ല . എങ്കിലും അങ്ങിങ്ങ് അവ കടിച്ചു തൂങ്ങിയിട്ടുണ്ടാകും. വള്ളികളില്‍ പിടിച്ച് മുകളിലേക്ക് കയറുമ്പോള്‍ കാലുകള്‍ തെന്നിപോകുന്നു. കയറിവരാനെന്നവണ്ണം പാണ്ടന്‍ ചെറുതായി മുരണ്ട് ശബ്ദമുണ്ടാക്കുന്നു. അവനങ്ങനെയാണ്. ഗുരുജിയുടെ മാനസപുത്രനാണവന്‍. ഞാന്‍ വന്നു തുടങ്ങിയതുമുതല്‍ കാണാന്‍ തുടങ്ങിയതാണവനെ. സസ്യാഹാരിയാണ്. ഒരു ജീവികളെപ്പോലും അവന്‍ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഗുരുവിന്‍റെ മടിയില്‍ തലചായച്ച് ഒരു കുഞ്ഞെന്നവണ്ണം ഉറങ്ങുന്ന അവനെക്കാണുമ്പോള്‍ പലപ്പോഴും എനിക്ക് അസൂയ തോന്നാറുണ്ട്..

മഴ ശമിച്ചിരിക്കുന്നു. ഇനിയീ പുഴകൂടി മുറിച്ചു കടന്നാല്‍ അദ്ദേഹത്തിനടുത്തെത്താം. പാണ്ടന്‍ അനായാസം നീന്തി അക്കരേയ്ക്കെത്തിയിരിക്കുന്നു. മനസ്സില്‍ നിന്ന് ഭയത്തിനെ തുടച്ചു കളയുക. പലപ്പോഴും ഞാന്‍ പരാജിതനാകുന്നത് അവിടെയാണ്. ശരീരത്തിനെ പലപ്പോഴും ഞാനറിയാതെ ശ്രദ്ധിച്ചുപോകുന്നു. നല്ലൊഴുക്കുണ്ട്. നല്ലോരുകുതിപ്പില്‍ ആഞ്ഞൊരു നീന്തല്‍ മറുകരയെത്തി. പുല്ലുമേഞ്ഞുകെട്ടിയ കുറേയേറെ കുടിലുകളുണ്ടിവിടെ. അതിലെല്ലാം കാട്ടുവാസികളായ കുറേ ജന്മങ്ങള്‍. ഗുരുജി വന്നതിനുശേഷമാണ് അവര്‍ പുറംലോകത്തിന്‍റെ ചതിയും വഞ്ചനയും മനസ്സിലാക്കിത്തുടങ്ങിയത്.

പൈക്കിടാവിനെ പുല്‍കിയിരിക്കുന്ന ഗുരുജിയുടെ മുഖത്ത് വാത്സല്യഭാവമാണ്. മുടിയും താടിയും നീണ്ടുവളര്‍ന്നിരിക്കുന്നു. അലസമായിക്കിടക്കുന്ന മുടിയിഴകള്‍ കാറ്റിന്‍റെ താളത്തിനൊത്ത് ചലിക്കുന്നുണ്ട്. മുറ്റത്ത് മഴത്തുള്ളികള്‍ കോറിയിട്ട ചില വെള്ളക്കെട്ടുകള്‍.

നീയെത്തിയോ? ഇന്നിവിടെ നീയെത്തുമെന്ന് എനിക്കറിയാമായിരുന്നു. പണ്ടന്‍ താഴേയ്ക്കോടിപ്പോയപ്പോഴേ എനിക്കുമനസ്സിലായി, നിന്‍റെ വരവ്
ഞാനൊന്നും മിണ്ടിയില്ല. കാരണം ഗുരുജിയോട് പറയാന്‍ കള്ളങ്ങള്‍ എന്‍റെ മനസ്സില്‍ കൂടുകൂട്ടില്ല.

എന്‍റെ കണ്ണുകള്‍ പരതുകയായിരുന്നു അവളെ, നിളയെ. ഗുരുജിയുടെ മാനസപുത്രിയാണവള്‍. ഞങ്ങളൊരുമിച്ചാണ് യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചത്. പലരോടും ഭക്ഷണപൊതികള്‍ ഇരന്നുവാങ്ങി തെരുവോരത്തെ അനാഥകുഞ്ഞുങ്ങള്‍ക്ക് യാതൊരു മടിയുമില്ലാതെ ഊട്ടുന്ന അവളെനിക്കത്ഭുതമായിരുന്നു. കാഴ്ചയില്‍ അത്ര ഭംഗിയൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും വശ്യമായ പുഞ്ചിരിയും വലിയകണ്ണുകളും മനസ്സിനെ കീഴ്പെടുത്തി. എല്ലാവരേയും അങ്ങോട്ടുപോയി പരിചയപ്പെടുന്ന സ്വഭാവം. അവളെ അറിയാത്തവരായി ആരുമില്ല. ഞാനും അവളുടെ ചങ്ങാതിയായി. ക്രമേണ അവളുടെ ചെയ്തികള്‍ മോഹമായി എന്‍റെ മനസ്സിലുറഞ്ഞു

അവളെത്തിരക്കിയാണ് ഞാനിവിടെ ഇന്നുവന്നത്. ഗുരുജിക്കതറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു നിളയിവിടില്ല, നാളെ വരും.

പെട്ടെന്നാണ് മുകളില്‍ നിന്നൊരു കരച്ചില്‍ക്കേട്ടത്. ഗുരുജീ.... ഗുരുജീ...... എന്ന് ആരോ അലമുറയിടുന്നുമുണ്ട്. ഗുരുജി മകളിലേക്കോടി. മറുതയുടെ കുടിലില്‍ നിന്നാണ്. ഞാനും പിന്നാലെയെത്തി. മറുതയുടെ  പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടി ചോരയില്‍ കുളിച്ചുകിടക്കുന്നു. ബാല്യം വിട്ടകലുന്നതിനുമുമ്പേ അമ്മയായതാണ്. ഗുരുജി അവളുടെ കവിളില്‍ ചെറുതായിത്തട്ടി. അനക്കമില്ല. നാഡി പരിശോധിച്ചു. ഇല്ല അവള്‍ പോയിരിക്കുന്നു. അവള്‍പെറ്റിട്ട കുഞ്ഞില്‍ ജീവന്‍ തുടിക്കുന്നുണ്ട്.

നാണി നീയീ കുഞ്ഞിനെയിങ്ങ് തുടച്ചെടുത്തോ...
ശരി ഗുരുജീ...
ഇവള്‍ പോയി...
പലരും മുഖത്തോടുമുഖം നോക്കുന്നത് കാണാമായിരുന്നു..... മറുത ഒന്നും മിണ്ടാതെ തൂണും ചാരിയിരുന്നു.
മൂപ്പന്‍ ആചാരപ്രകാരം ശവം മറവുചെയ്തു. ഒരനാഥ അവിടെ വീണ്ടും പിറവികൊണ്ടു.

കഴിഞ്ഞ ദിവസത്തെ മഴ പൂര്‍ണ്ണമായും ശമിച്ചിരിക്കുന്നു. നിഴല്‍വിരിച്ച് വൃക്ഷത്തലപ്പുകള്‍ ശാന്തമായിരിക്കുന്നു. ഗുരുജിയും നിശബ്ദനാണ്. ഞാന്‍ പതിയെ നദിക്കരയിലേക്കു നടന്നു. മനസ്സില്‍ പലവിധ ചിന്തകളും മാറിമറിഞ്ഞു. മരിച്ചുകിടക്കുന്ന ആ പെണ്‍കുട്ടി  മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. പതിയെ ചിന്ത നിളയിലേക്ക്. അവള്‍ ഇപ്പോള്‍ ഇവര്‍ക്കുവേണ്ടിയാണ് പോരാടുന്നത്. സര്‍ക്കാര്‍കുരുക്കുകളിലും ഇടനിലക്കാരിലും വന്നവസാനിക്കുന്ന അവരുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടമാണ് അവള്‍ നടത്തുന്നത്.

നിള, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എനിക്കവളെ കിട്ടുന്നതിനി എന്നാണ്. അവള്‍ക്കുമറിയാമായിരിക്കും എന്‍റെ മനസ്സിലെ മോഹം. ഗുരുജിക്കറിയാം.

എന്നെ കളിയാക്കിചിരിച്ച് പുഴയൊഴുകുന്നു. ചെറിയ കല്ലുകള്‍ പെറുക്കിയെറിഞ്ഞ് ഞാനാ ചിരിയെ വൃകൃതമാക്കി. അങ്ങു ദൂരെ നദിക്കക്കരെ പാണ്ടനെക്കണ്ടു. പിന്നാലെ അവളുമുണ്ടാകും. അതെ, നിള. കൂടെ മറ്റൊരു പെണ്‍കുട്ടി. മുന്‍പ് കണ്ടിട്ടില്ല. സാരിയാണ് വേഷം.

പാണ്ടന്‍ പതിയെ പുഴ നീന്തി, പെട്ടെന്നു തന്നെ തിരികെ കരയിലേക്കു കയറി താഴേയ്ക്കുപോയി. പുഴയ്ക്ക് ഇന്ന് വളരെ ഒഴുക്കു കുറവാണ് ഇടയ്ക്കിടയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന പാറ വ്യക്തമായിക്കാണാം. പാണ്ടന്‍ അടുത്തടുത്ത് പാറകളുള്ള സ്ഥലത്ത് മുറിച്ചു നീന്തി. പിന്നാലെ അവരും. പാറകള്‍ക്ക് വഴുക്കലുണ്ട്. സുപരിചിതയായതിനാല്‍ അവള്‍ നിഷ്പ്രയാസം ഇക്കരെയെത്തും.

ഏയ്, മഹേഷ് ഒന്നിങ്ങോട്ട് വന്നേ... ദാ ഇവളെയൊന്ന് പിടിച്ച് അക്കരെയ്ക്കാക്ക്.... എന്നെ നോക്കി നിള വിളിച്ചു പറഞ്ഞു.. ഞാനെഴുന്നേറ്റ് താഴേയ്ക്കെത്തി പുഴ മുറിച്ചു കടന്ന് അവളെ കൈക്കുപിടിച്ച് ഇക്കരെയെത്തിച്ചു. മുട്ടോളം വെള്ളമുണ്ടായതിനാല്‍ കുറേശ്ശേ എല്ലാവരും നനഞ്ഞു.

ഇന്നലെ നല്ലമഴയായിരുന്നു. അതാ വരാന്‍ വൈകിയത്.. ഗുരുജിയോടായി അവള്‍ പറഞ്ഞു.

വാ മോളേ ഇവിടെ നീ ഭയക്കണ്ട... നിനക്കിഷ്ടമുള്ളിടത്തോളം ഇവിടെ പാര്‍ക്കാം... ആ പെണ്‍കുട്ടിയോടായി ഗുരുജി പറഞ്ഞു..

കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ ഒരു മഴത്തുള്ളി ഇരുണ്ടുകൂടുന്നത് ഞാനറിഞ്ഞു.

ഞാനിതാ വരുന്നു മഹേഷ്. ഇച്ചിരി കഞ്ഞികുടിക്കട്ടേ, ‌

നിളയും അവളും അകത്തേയ്ക്കുപോയി. ഗുരുജി എന്നോട് ഒന്നും പറ‍ഞ്ഞില്ല. എനിക്കൊന്നും ചോദിക്കാനും കഴിഞ്ഞില്ല. ഞാന്‍ വീണ്ടും പുഴക്കരയിലേക്കുപോയി. എനിക്കൊപ്പം പാണ്ടനും.

പുഴയിലേക്ക് ഞാന്നിറങ്ങുന്ന പാറയില്‍ ഞാനിരുന്നു. പാണ്ടന്‍ മുന്‍കാലുകളില്‍ തലചായ്ച്ച് എന്നേച്ചേര്‍ന്നുകിടന്നു. അവന്‍റെ പുറത്തുതലോടുമ്പോള്‍ കണ്ണുകള്‍ പാതിയടച്ച് വാലുചലിപ്പിച്ച് എന്നോട് സ്നേഹം പ്രകടിപ്പിച്ചു.

എടാ ... നിന്‍റെ ചേച്ചിക്ക് എന്‍റെ ഇഷ്ടം അറിയാമോടാ.....

അറിയാം... പുറകില്‍ നിന്ന് നിളയുടെ ശബ്ദം.. ഞാനൊന്ന് ചമ്മി... അവള്‍ എന്‍റടുത്ത് വളരെ അകലെയല്ലാതെ ഇരുന്നു. കുറച്ചു നേരം ഞങ്ങളൊന്നും മിണ്ടിയില്ല

മഹേഷ്... ഞാനവളെ നോക്കി.
നിനക്ക് അറിയുമോ എന്നെ... നിനക്കറിയുമോ ഈ പുഴയെ.... ഇവള്‍ക്കിപ്പോള്‍ ചിരിയുണ്ട്.... കൊഞ്ചിക്കാന്‍ കാട്ടുവള്ളികളും കൈകോര്‍ത്തുപിടിച്ച് കൊഞ്ചിക്കാന്‍ പാറക്കൂട്ടങ്ങളുമുണ്ട്. ചിന്നിച്ചിതറി ചിരിച്ച് താഴേയ്ക്കു ചെല്ലുമ്പോള്‍ അവള്‍ മരിച്ചു തുടങ്ങുകയാണ്. ജീവന്‍ മുരടിച്ച് അഴുക്കുചാലായി..... ഇങ്ങനെ....

നീ എന്തിനാണ് എന്നെ സ്നേഹിക്കുന്നത്..... വിവാഹം കഴിക്കാനോ? ഒരു കുടുംബമുണ്ടാക്കാനോ?... അതിനൊന്നും എനിക്കാവില്ലെടാ.... നിന്‍റെ മനസ്സിലെ പ്രണയം ഞാനറിയുന്നു...

നിനക്കറിയുമോ.. ഇന്നെന്നോടൊപ്പം ഇവിടെത്തിയ ആ സുന്ദരി ആരാണെന്ന്.... അവളാണ് കഴിഞ്ഞ ദിനങ്ങളില്‍ മാധ്യമങ്ങള്‍കൊണ്ടാടിയ ഇര. പേരറിയാത്ത പലരാലും ഭോഗിക്കപ്പെട്ട്.... ഒടുവില്‍ ഒരു ഭോഗവസ്തുവായി കോടതിക്കുമുന്നിലെത്തിപ്പെട്ട ... നിള വിതുമ്പിപ്പോയി...

അവളുടെ ഭോഗാനുഭവങ്ങള്‍ എങ്ങനെയെന്നുവരെ ചോദിക്കാന്‍ മടിക്കാത്ത വര്‍ഗ്ഗങ്ങള്‍.... നിളയുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാനറിഞ്ഞു. കൈയ്യെത്തി അവളുടെ തോളില്‍തട്ടുമ്പോള്‍ എന്‍റെ കൈകൂട്ടിപ്പിടിച്ചവള്‍ തേങ്ങി.

നിളാ.... ഞാന്‍....

വേണ്ട മഹേഷേ...  എനിക്കാവില്ല ഒരു കുടുംബിനിയായൊതുങ്ങാന്‍... നിന്നെയെനിക്കിഷ്ടമാണ്.. കണ്ടനാള്‍മുതല്‍ ആ ഒരു മോഹം ഞാനും താലോലിച്ചതാണ്... പക്ഷേ എനിക്കാവില്ല.... ഒരു നിമിഷത്തെ ഇടവേള പോലും------ ഇവരുടെ ഇടയില്‍ എനിക്കെടുക്കാനാവില്ല. ഒരു പാട് ചെയ്തു തീര്‍ക്കാനുണ്ട്.....

എനിക്കായി നിനക്കൊരു കാത്തിരിപ്പുവേണ്ട... നീ എന്നെ പ്രണയിക്കുന്നുവെങ്കില്‍... എന്‍റെ മനസ്സറിയുന്നുവെങ്കില്‍.......നിനക്കിത് മനസ്സിലാകും.....

എങ്കിലും സ്നേഹം കൊതിക്കുന്ന ഒരു പെണ്ണ്, ലാളന ഇഷ്ടപ്പെടുന്ന ഒരു ശരീരം അതെല്ലാം എന്നിലും ഒളിഞ്ഞിരിപ്പുണ്ട്.... മഹേഷ്....

നിള എന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു. തോളില്‍ തലവച്ച് മെല്ലെ പറഞ്ഞു... പ്രണയം നീ എന്നെ അറിയിച്ച നാള്‍തന്നെ നമ്മള്‍ വേര്‍ പിരിയുന്നു..... ഈ സ്നേഹം മനസ്സില്‍ നിറച്ച് ആ ശക്തിയില്‍ ഞാനെന്‍റെ പോരാട്ടം തുടരുന്നു...... നന്ദി മഹേഷ്.... നീ എന്നെ ഇത്രമാത്രം ഇഷ്ടപ്പെട്ടതില്‍....

എനിക്കൊന്നും പറയാനായില്ല.... മനസ്സില്‍ എന്തോ ഒരു ശക്തി പകര്‍ന്നെടുത്തതുപോലെ.....

നിളയെ തോളില്‍ നിന്നകറ്റി ഞാനെഴുന്നേറ്റു..... ഒപ്പം അവളും.....

ഞാനവളെ വലതുകൈനീട്ടി അഭിവാദ്യം ചെയ്തു..... മനസ്സിലേക്ക് ആ പ്രണയവും സ്നേഹവും ആവാഹിച്ച്.....

No comments: