Sunday, 8 June 2014

കനലൊഴിയും മുമ്പേ

ഇനി കുറച്ചുകൂടി നടക്കണമെന്നാണ് തോന്നുന്നത്. മുത്തശ്ശന്‍ പറഞ്ഞുതന്ന അടയാളങ്ങളൊക്കെ ആ കാവില്‍ നിന്ന് അകന്നു പോയിരിക്കുന്നു. അരയാലും ആല്‍ത്തറയും ഒന്നുമവിടില്ല. പകരം ഒരു പടുകൂറ്റന്‍ ഗോപുരവും അതിനുപിന്നിലായ് അലുമിനിയം ഷീറ്റിന്‍റെ വലിയ ആഡിറ്റോറിയവും കാണാം. വഴിയിതുതന്നെയാവണം. അപ്പൂപ്പന്‍ പറഞ്ഞ പേരുതന്നെയാണ് പക്ഷേ മഹാദേവക്ഷേത്രമെന്നാണ് എഴുതിവച്ചിരിക്കുന്നത്. ആരോടെങ്കിലും തിരക്കാം.

"താഴത്തുവീട് ഇതുവഴി തന്നല്ലേ" - എതിരെ നടന്നുവന്ന സ്ത്രീയോട് ഞാന്‍ ചോദിച്ചു.

"മരണവീടല്ലേ ദാ അതുവഴി ശ്ശി അങ്ങോട്ട് പോണം."

ഞാനൊന്ന് ഞെട്ടി. ഇപ്പൊ ആരാ അവിടെ മരിക്കാനുള്ളത്. മനസ്സിലൂടെ പലതും കടന്നുപോയി. അദ്ദേഹം തന്നെ ആയിരിക്കുമോ?

അവ്യക്തമായ ഒരു ചിത്രം മാത്രമേ ആ മുഖത്തെക്കുറിച്ച് തന്‍റുള്ളിലുള്ളൂ. ആവില്ല, ആവരുതേ... എന്‍റെ ദേഷ്യവും വാശിയും ഒക്കെ തീര്‍ക്കാനുള്ളതാണ്. അതില്ലാതായാല്‍

ദൂരെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. മുത്തശ്ശന്‍ പറഞ്ഞതുപോലെ തന്നെ പടിക്കെട്ടുള്ള ഒരു പഴയവീട്. മച്ചിന്‍ പുറത്ത് തടിയില്‍ തീര്‍ത്ത രണ്ടാം നില ദൂരെ നിന്നു നോക്കുമ്പോഴേ കാണാം.
ഇനി ഒരു ചെറിയ പാലം കടന്നു കയറിയാല്‍ അവിടേക്കെത്താം.

ഞാന്‍ പാലം കടന്ന് ഒതുക്കുകല്ലുകള്‍ ചവിട്ടി കാല്‍ വലിച്ച് മുട്ടോളം പൊക്കമുള്ള പടി കടന്നു. പലരും എന്നെ ശ്രദ്ധിക്കുന്നുണ്ടോ. ഹേയ് അതെന്‍റെ സംശയമായിരിക്കും. അല്ല ശരിക്കും ശ്രദ്ധിക്കുന്നുണ്ട്. മുറ്റത്തുനിന്ന് കോലായിലേക്ക് കയറുമ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എന്നെപ്പോലെ പ്രായത്തിന്‍റെ മാത്രം വ്യത്യാസം തോന്നുന്ന ഒരു മുഖം. തലയ്ക്കലെരിയുന്ന നാളം എന്‍റെ കണ്ണുകളെ കബളിപ്പിക്കുകയാണോ? അല്ല ശരിക്കും ഞാന്‍ തന്നെ.

ഞാന്‍ സംഭരിച്ചു വച്ചിരുന്ന സകലവാശികളും എന്നില്‍ നിന്നൂര്‍ന്നുപോകുന്നതുപോലെ, യാന്ത്രികമായ ഒരു തള്ളിവിടല്‍ ആ കാല്‍പാദങ്ങളിലേക്കെന്നെ കുമ്പിടീപ്പിച്ചു. മനസ്സ് സ്ഥലകാലങ്ങളെ എന്നില്‍ നിന്ന് പായിച്ചു. എത്രനേരമെന്നറിയില്ല. ആരോ രണ്ടുപേര്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അടുത്തുകിടന്ന ചാരുകസേരയില്‍ ഇരുത്തി.

കസാലയില്‍ ചാഞ്ഞിരിക്കുമ്പോള്‍ എന്‍റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മിഴികള്‍ അടച്ചിട്ടും ഒഴുക്ക് തടയാനായില്ല.

"അതുതന്നെ വരച്ചുവച്ച മാതിരി." നേരത്തെ വഴിചോദിച്ച സ്ത്രീയുടെ വീണ്ടുംവീണ്ടുമുള്ള തിരിഞ്ഞുനോട്ടത്തിന്‍റെ പൊരുള്‍ സ്ത്രീകളുടെ കുശുകുശുപ്പിലൂടെ എനിക്കു മനസ്സിലായി.

"ഇനി ആരേയും കാക്കേണ്ടതില്ല. എടുക്കാമല്ലേ". അദ്ദേഹത്തോട് ചോദിക്കൂ" ഞാനറിയാതെ പ്രമാണിമാര്‍അവസാനവാക്ക് എന്‍റേതാക്കിയിരിക്കുന്നു.

"മോനെ എടുക്കട്ടെ," ആരോ അടുത്തെത്തി ചോദിച്ചു. യാന്ത്രികമായൊരു മൂളലില്‍ ഉത്തരം നല്കി ഞാന്‍ പിന്നോട്ട് ചാഞ്ഞു.

"ഉടുപ്പഴിച്ചു വരൂ" ഞാനെഴുന്നേറ്റു. എല്ലാ കണ്ണുകളും എന്നിലാണ്. തലഭാഗത്ത് നിന്ന് ജഢം തോളിലേറ്റുമ്പോള്‍ മനസ്സിലൊരു മരവിപ്പ്. കണ്ണുകളുടെ ഒഴുക്കപ്പോഴും എനിക്ക് തടയാവുന്നതിനേക്കാളേറെയായിരുന്നു. അകത്തുനിന്നൊരു കൂട്ടക്കരച്ചില്‍ അതവരായിരിക്കണം.

വായ്ക്കരിയിട്ട് ചിതയ്ക്ക് വലംവച്ച്, കൊള്ളിയുഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ആരോ കൈക്കുപിടിച്ച് കിണറ്റിന്‍ കരയിലേക്ക് കൊണ്ടുപോയി. ഒരു തൊട്ടി വെള്ളം തലയിലേക്കൊഴിച്ചു. നിറഞ്ഞകുടം തലയിലേറ്റി പിന്നെയും കുഴിക്കരയിലേക്ക്. വെട്ടിപ്പൊട്ടിച്ച കുടത്തില്‍ നിന്നിറ്റുവീണ ജലം കാല്‍ നനച്ചു.

"പട്ടഴിച്ച് ഉമ്മറത്തൂണില്‍ കെട്ടിക്കോളു..."

ചിത കത്തുന്നുണ്ട്. ഇവിടിരുന്നാല്‍ നല്ലവണ്ണം എനിക്കതു കാണാം.

"വാരസ്സിയാരേം കുട്ടിയേം കാണുന്നില്ലേ.. " ആ ചോദ്യം ആവര്‍ത്തിക്കുന്നതിനുമുമ്പ് ഞാന്‍ ഇല്ല എന്നു മറുപടി പറഞ്ഞു.

ചിത കത്തിത്തീരും മുമ്പ് മടങ്ങണം. ഇനി എനിക്ക് ആരോടും വാശിതീര്‍ക്കാനില്ല. ഒന്നാം ക്ലാസ്സില്‍ ബഞ്ചിലിരുന്നു അച്ചനെക്കാണാന്‍ കരഞ്ഞ നിഷ്കളങ്കനായ കുട്ടിയെപ്പോലെ ഞാന്‍ എഴുന്നേറ്റു നടന്നു. ഈറനുടുത്ത്. അമ്മയുടെ അടുത്തേയക്ക്. മുത്തശ്ശന്‍ തിരിയൊഴിയാതെ കാത്തു വച്ചിരിക്കുന്ന ചെമ്പകത്തറയിലേക്ക് അച്ഛനെക്കൂട്ടാതെ.

No comments: